Ads 468x60px

Sunday, August 26, 2012

കരിങ്കല്ല് കൊണ്ട് പായസം

ഴിഞ്ഞ ദിവസം ടൌണില്‍ ഇറങ്ങിയപ്പോള്‍ പുതിയ കുറെ ബൂത്തുകളും ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും പലയിടത്തും കാണാനിടയായി. എല്ലാം തിരുവോണം പ്രമാണിച്ചുകൊണ്ടുള്ള പായസ വിതരണത്തിനെ സംബന്ധിച്ച് തന്നെ. ചില ബൂത്തുകളില്‍ പായസവിതരണം തുടങ്ങിയിട്ട് ദിവസങ്ങളായി എങ്കില്‍ മറ്റ് ചിലതില്‍ തിരുവോണ ദിവസം വിതരണം ചെയ്യാനായി മുന്‍‌കൂര്‍ ബുക്കിംഗ് നടക്കുകയാണ്. ബൂത്തുകള്‍ കൂടാതെ ഹോട്ടലുകളിലും ബുക്കിംഗ് ഉണ്ട്. വിതരണം നടന്നുകൊണ്ടിരിക്കുന്ന ബൂത്തുകളില്‍ അവിടെ തന്നെ കുടിക്കുന്നവരും പാര്‍സല്‍ ആയി വീടുകളിലേക്ക് കൊണ്ട് പോകുന്നവരും തിരക്ക് കൂട്ടുന്നത്‌ കണ്ടു. പുറത്ത്  പ്രദര്‍ശിപ്പിച്ച നീണ്ട വിലവിവര പട്ടികയില്‍ അടപ്രഥമന്‍ , പരിപ്പ് പായസം, പഴം പായസം, അവില്‍ പായസം, മിക്സഡ്‌ പായസം, കാരറ്റ് പായസം, പൈനാപ്പിള്‍ പായസം എന്നിങ്ങനെ ധാരാളം ഇനങ്ങളുണ്ട്. 


മുമ്പൊരു വിഷുവിനു ഞങ്ങളുടെ സ്ഥലത്തെ ഒരു സാമൂഹ്യ സംഘടന എന്തോ കാരുണ്യ പ്രവര്‍ത്തനത്തിനായുള്ള ധന ശേഖരണം കൂടെ മുന്‍നിര്‍ത്തി പായസവിതരണം നടത്തിയിരുന്നു. അതിനായി വിഷുവിന്‍റെ  കുറെ ദിവസങ്ങള്‍ക്കു മുമ്പേ, സംഘാടകര്‍  വീടുകളില്‍ കയറി പണം വാങ്ങുകയും വിഷുദിവസം പ്രത്യേകം സജ്ജമാക്കുന്ന കേന്ദ്രത്തില്‍ ചെന്ന്‍ പായസം എടുക്കുവാനായി കൂപ്പണുകള്‍ നല്‍കുകയും ചെയ്തു. വിഷു കഴിഞ്ഞ്‌ രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് കൂപ്പണിന്റെ കാര്യം എനിക്ക് ഓര്‍മ്മ വന്നത്. പായസം കഴിക്കുന്നതിലുപരിയായി ആ പരിപാടിയുടെ ഉദ്ദേശമായിരുന്നു എനിക്ക് കൂടുതല്‍ അഭികാമ്യമായി തോന്നിയത്. 

തിരക്ക് പിടിച്ച ജീവിത ശൈലിയും മറ്റ് വിനോദങ്ങളിലും ജോലികളിലും ചെലവാകുന്ന സമയനഷ്ടവും കണക്കിലെടുക്കുമ്പോള്‍ ഈ പൊതുവിതരണം ഒരു അനുഗ്രഹമായി വീട്ടമ്മമാര്‍ക്കെങ്കിലും തോന്നാവുന്നതെയുള്ളൂ. വീടുകളില്‍ നിന്നകന്ന് ജീവിക്കുന്നവര്‍ക്ക് നിമിഷങ്ങള്‍ നേരത്തേക്ക് ഗൃഹാതുരത്വം മറക്കാന്‍ ഒരവസരവും. പായസ മേളകളിലോ വീടുകളിലോ ഇനിയും കാണാത്ത ഒരു പായസത്തെ പറ്റി പറയട്ടെ.

                          *              *                 *                   *

ഒരു ഉത്സവദിവസമാണ്  ദേശാടനത്തിനിറങ്ങിയ വൃദ്ധന്‍ പാവപ്പെട്ട കുറെ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഗ്രാമത്തിലെ ഒരു കവലയിലെത്തിയത്. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞിരുന്ന അയാള്‍ തോളിലിരുന്ന ഭാണ്ഡം താഴെ ഇറക്കിവെക്കുന്നത് കണ്ട്, അവിടെ കൂരകള്‍ക്ക് മുമ്പിലും വഴിയിലും അലസരായി നിന്നിരുന്ന പട്ടിണിക്കോലങ്ങള്‍ അടുത്തു കൂടി. വൃദ്ധന്‍ അവരോടായി ഭക്ഷണം വല്ലതും കിട്ടുമോയെന്ന് ആരാഞ്ഞു. കൂരകളില്‍ ഒന്നും ഇരിപ്പില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. 

"എങ്കില്‍ വിഷമിക്കേണ്ട, വിശേഷദിവസമല്ലേ, നമുക്ക് പായസമുണ്ടാക്കാം. ഒരു പാത്രവും കുറച്ച് വെള്ളവും ഒരു തവിയും കൊണ്ട് വരൂ." വൃദ്ധന്‍റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, സന്തോഷത്തോടെ ചിലര്‍ ഓടിപ്പോയി ആവശ്യപ്പെട്ട സാധനങ്ങളുമായി തിരിച്ചു വന്നു. സാമാന്യം വലുപ്പമുള്ള പാത്രം തന്നെ തെരഞ്ഞു കൊണ്ടുവരാന്‍ അവര്‍ ശ്രദ്ധിക്കാതെയല്ല. 

വൃദ്ധന്‍ ഒരു അടുപ്പ് കൂട്ടി പാത്രത്തില്‍ വെള്ളം വെച്ച് ചൂടാക്കാന്‍ തുടങ്ങി. വെള്ളം തിളച്ചപ്പോള്‍ ഭാണ്ഡം അഴിച്ചു അതില്‍ നിന്ന് ഒരു കരിങ്കല്ല് പുറത്തെടുത്തു തിളയ്ക്കുന്ന വെള്ളത്തില്‍ ഇറക്കി വെച്ചു. നന്നായി തീ കത്തിക്കുന്നതോടൊപ്പം തവി കൊണ്ട് വെള്ളം ഇളക്കി കൊണ്ടേയിരുന്നു. ഇടക്ക് പാത്രത്തില്‍ നിന്ന് കുറേശ്ശെയെടുത്ത് രുചിച്ച് കൊണ്ട് ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്നവരുടെ മുഖത്തു നോക്കി കൊതിപ്പിച്ചു. അല്‍പം ശര്‍ക്കര കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ഇതിലും ഏറെ രുചിയുണ്ടാകുമെന്നു വൃദ്ധന്‍ പറഞ്ഞപ്പോള്‍ കുറെ പേര്‍ എവിടെ നിന്നൊക്കെയോ  ശര്‍ക്കര കൊണ്ട് വന്നു. വീണ്ടും രുചി ആസ്വദിച്ച് വൃദ്ധന്‍ പറഞ്ഞു, " ഗംഭീരം ! അല്‍പം പരിപ്പ് ചേര്‍ത്താല്‍ ഇനിയും നന്നാവും." മടിക്കാതെ ചിലര്‍ ഓടി, പരിപ്പുമായെത്തി. 

വൃദ്ധന്‍ രുചിച്ചുനോക്കിയും രുചിയുടെ മാഹാല്‍മ്യം വിവരിച്ചും "ചെറിയ, ചെറിയ" പോരായ്മകള്‍ നോക്കി നിന്നവര്‍ പരിഹരിച്ചും എല്ലാ ചേരുവകള്‍ ഒത്ത പായസം തയാറായി.  മുഴുവന്‍ പേര്‍ക്കും പായസം വിളമ്പി വൃദ്ധനും കഴിച്ചു. കരിങ്കല്ല് പായസം കഴിച്ച് തൃപ്തരായ ഗ്രാമീണര്‍ വൃദ്ധനു ഏറെ നന്ദി പറഞ്ഞും, ആയുരാരോഗ്യം നേര്‍ന്നും ആഹ്ളാദത്തോടെ പിരിഞ്ഞു പോയി. കരിങ്കല്ല് ഭാണ്ഡത്തില്‍ തന്നെ വെച്ചു അതുമായി വൃദ്ധനും യാത്ര തുടര്‍ന്നു.

                                *              *             *               *

കരിങ്കല്ല് പായസത്തിന്റെ പാചകവിധി പലരും നേരത്തെ പഠിച്ചുകാണും. അല്ലാത്തവര്‍ക്ക് ഇതായിരിക്കട്ടെ അടുത്ത വിശേഷ ദിവസത്തെ സ്പെഷല്‍ പായസം.
 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text