Ads 468x60px

Featured Posts

بسم الله الرحمن الرحيم:

Tuesday, August 15, 2017

ശകലപ്പാടി

"ശകലപ്പാടി " - കല്യാണത്തിനു ശേഷം എനിക്ക് കിട്ടിയ ഓമനപ്പേരാണ്. പ്രണയവും ശൃംഗാരവും സമ്മിശ്രമാക്കി കൊഞ്ചിക്കുഴഞ്ഞുള്ള പ്രേമഭാജനത്തിന്റെ സ്വകാര്യ വിളിയായി ധരിക്കരുത്.

ആദ്യമൊക്കെ കേൾക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും, തുറന്ന മനസ്സും വിശാലമായ സ്നേഹവും ഗാഢമായ സാഹോദര്യ ബന്ധവും നിഷ്ക്കളങ്കമായ വാത്സല്യവും നിറഞ്ഞ ആ വിളി പിന്നീട് എന്റെ ഹൃദയത്തിൽ ആഗീകരണം ചെയ്യപ്പെടുകയും ഇഷ്ടപ്പെടുകയുമായിരുന്നു.


മണ്ണാർക്കാടിന്റെ തമിഴ് പശ്ചാത്തലത്തിൽ അർത്ഥവത്തായ ഈ ഓമനപ്പേര് എനിക്ക് സമ്മാനിച്ച മന്നയത്ത് യൂസുഫ്ക്ക എനിക്ക്, ഭാര്യാസഹോദരീ ഭർത്താവ് മാത്രമായിരുന്നില്ല. പ്രായ വ്യത്യാസം മറന്ന നല്ലൊരു സുഹൃത്തും വഴികാട്ടിയും രക്ഷാധികാരിയും ഉപദേശകനും, എന്തിനേറെ, വീട്ടിലെ കാരണവരുമായിരുന്നു. അതെ, ഭാര്യാപിതാവി (സ്വാതന്ത്ര്യ സമര പോരാളിയായി താമ്രപത്രം വാങ്ങിയ എടയൂർ വി.കെ.മുഹമ്മദ്) ന്റെ മരണശേഷം എല്ലാം കൊണ്ടും ഭാര്യവീട്ടിൽ എല്ലാവരും അംഗീകരിച്ച കാരണവർ. തികഞ്ഞ ഉത്തരവാദിത്വത്തോടെ തീരുമാനങ്ങളെടുക്കുവാനും കാര്യങ്ങൾ ഉചിതമായ വിധത്തിൽ കൈകാര്യം ചെയ്യുവാനുമുള്ള അസാമാന്യ പാടവമായിരുന്നു ഈ അംഗീകാരത്തിന്റെ അടിസ്ഥാനം.

പെരുന്നാൾ ദിവസം നമസ്കാരത്തിന് അര മണിക്കൂർ മുമ്പ് പള്ളിയിലിരുന്ന് തക്ബീർ ധ്വനികൾ ആവർത്തിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ മൊബൈലിൽ പ്രത്യക്ഷപ്പെട്ട സന്ദേശം, ആ വിളി ഇനി കേൾക്കില്ലെന്ന്‌ മാത്രമല്ല സൂചിപ്പിച്ചത്, സ്നേഹ സാഹോദര്യത്തിന്റെ ഒരു വലിയ സാമ്രാജ്യം തന്നെ ഇല്ലാതായി എന്ന് കൂടെയാണ്.

സാമൂഹ്യ പ്രവർത്തനങ്ങളുടെയും സ്വകാര്യ സംരംഭങ്ങളുടെയും തെരക്കിനിടയിൽ, മകന്റെ അകാല വിയോഗം അദ്ദേഹത്തിന് ഏൽപിച്ച ഷോക്ക് ആലോചിക്കുമ്പോൾ, പള്ളിയിൽ എനിക്കനുഭവപ്പെട്ട ഷോക്ക് നിസ്സാരമാണെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരു വിറയൽ ഇപ്പോഴുമുണ്ട്. ഈ കുറിപ്പ് അതിനൊരു സാന്ത്വനമാകട്ടെ. കൂടെ, കൊതിച്ചു പോകുന്നു, ഇനിയും ആ വിളി കേൾക്കാൻ, വെറുതെ ....

Thursday, August 25, 2016

വിജയനഗര സാമ്രാജ്യത്തിലൂടെ വിജയപൂരിലേക്ക് - 3

രാവിലെ നേരത്തെ തന്നെ ഹോട്ടലിൽ നിന്ന് പ്രാതലിനു ശേഷം ഞങ്ങൾ പുറത്തിറങ്ങി. വളരെ അടുത്തുള്ള ഗോൾ ഗുംബസ് നടന്നു പോയിക്കാണുക എന്നായിരുന്നു ഉദ്ദേശം. ഞങ്ങൾ സന്ദർശകരാണെന്ന് മനസ്സിലാക്കിയ ഒരു ഓട്ടോ ഡ്രൈവർ മുന്നിൽ വന്നു നിർത്തി മുഴുവൻ സ്ഥലങ്ങളും കൊണ്ടുപോയി കാണിക്കാമെന്നു പറഞ്ഞപ്പോൾ അതായിരിക്കും ഏറ്റവും ഉചിതമെന്ന് ഞങ്ങൾക്കും തോന്നി. മറ്റൊരു ബക് ഷ് ആകുമോയെന്ന് മോഹിച്ചു പോയി. 600 രൂപയാണ് ചാർജ് ആവശ്യപ്പെട്ടതെങ്കിലും 550 രൂപയിൽ ഞങ്ങളതങ്ങ് ഉറപ്പിച്ചു.

ബീജാപൂരിലെ ഏറ്റവും വലിയ ആകർഷണമായ ഗോൾ ഗുംബസ് അവസാനം സന്ദർശിക്കുന്നതായിരിക്കും കൂടുതൽ സൗകര്യപ്രദമെന്ന ബാദുഷായുടെ നിർദ്ദേശം ഞങ്ങൾ മാനിച്ചു ഓട്ടോ പുറപ്പെട്ടു. ഒരു പഴയ കൊട്ടാരത്തിന്റെ ചുറ്റുമതിലിനു പുറത്ത് ഗേറ്റിനടുത്താണ് ഓട്ടോ ആദ്യമായി നിർത്തിയത്. ജീർണിച്ച കൊട്ടാരത്തിന്റെ മരപ്പലകയിൽ കൊത്ത് പണികളോടെ തീർത്ത വലിയ വാതിൽ കടന്ന് ഞങ്ങൾ അകത്ത് കയറി. ഉള്ളിൽ കൽപടവുകളുള്ള ചതുരാകൃതിയിൽ ഒരു വലിയ കുളവും അതിന് സമീപത്തായി കേടുപാടുകൾ അധികം സംഭവിക്കാത്ത മറ്റൊരു കെട്ടിടവും. അസർ മഹൽ എന്നറിയപ്പെടുന്ന ഈ സുന്ദര കൊട്ടാരം പതിനേഴാം നൂറ്റാണ്ടിൽ മുഹമ്മദ് ആദൽ ഷാ പണിതതാണ്. തുടക്കത്തിൽ നീതിന്യായ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ കൊട്ടാരത്തിൽ പിന്നീട് പ്രവാചകന്റെ രണ്ട് താടിമുടികൾ സൂക്ഷിച്ചിരുന്നുവത്രെ.




 അസർ മഹൽ

അടുത്തതായി ഞങ്ങൾ സന്ദർശിച്ചത് ബാരാ കമാൻ ആണ്. ആദിൽ ഷാഹി രാജ വംശത്തിലെ അവസാന രാജാവായിരുന്ന അലി ആദിൽഷാ രണ്ടാമന്റെ ശവകുടീരമാണിത്. കല്ലറക്ക് ചുറ്റുമായി പന്ത്രണ്ട് കമാനങ്ങളോടെ പണി തുടങ്ങിയ ഈ സൗധം മുഴുമിപ്പിക്കാൻ കഴിയാതെ വരികയാണുണ്ടായത്.

 ബാരാ കമാൻ


പിന്നീട് ഞങ്ങൾ സന്ദർശിച്ച ഇടങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബീജാപൂർ ഫോർട്ട്, പീരങ്കി, ഇബ്രാഹിം റോസ, ബീബി ദർഗ, ജമാ മസ്ജിദ്. രണ്ട് ശതാബ്ദങ്ങൾ കന്നഡയും അതിനു ചുറ്റുമുള്ള ചില പ്രദേശങ്ങളും വാണിരുന്ന ആദിൽഷാഹി ഭരണകൂടത്തിന്റെ സ്മാരകങ്ങളും സംസ്കാരങ്ങളും കൊണ്ട് ധന്യമായ ബീജാപൂർ ദക്ഷിണേന്ത്യയിലെ ആഗ്രയാണ്. ചരിത്ര സ്മാരകങ്ങളിൽ സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ് ബീജാപൂർ കോട്ട .
ബീജാപൂർ ഫോർട്ട്

ഇബ്രാഹിം ആദിൽഷാ രണ്ടാമൻ മാലിക് എ മൈദാനി (മൈതാനങ്ങളുടെ ചക്രവർത്തി) ലെ ഗോപുരമുകളിൽ സ്ഥാപിച്ച പീരങ്കി ഇന്ത്യയിലെ ഏറ്റവും വലുതാണ്. 55 ടൺ ഭാരമുണ്ട് ഇതിന്. യാതൊരു പോറലോ തുരുമ്പോ ഇല്ലാതെ ഇന്നും നിലകൊള്ളുന്ന ഈ പീരങ്കി അതിനു മുകളിൽ കാണുന്ന ലിഖിതങ്ങൾ അനുസരിച്ച് 1549 ൽ അഹമ്മദ് നഗറിൽ വാർത്തതാണെന്ന് മനസ്സിലാക്കാം.




അലി റൌസ എന്നും അറിയപ്പെടുന്ന ഇബ്രാഹിം റൗസ ഒരു വാസ്തുശിൽപ വിസ്മയമാണ്. ഇബ്രാഹിം ആദിൽഷായുടേയും രാജ്ഞി താജ് സുൽത്താനയുടേയും ശവകുടീരങ്ങൾക്ക് വേണ്ടിയായിരുന്നു ഇബ്രാഹിം റൌസ പണി തുടങ്ങിയതെങ്കിലും പിന്നീട് രാജാവിന്റെ രണ്ടു പുത്രന്മാരുടെയും മാതാവിന്റെയും ശവകുടീരങ്ങളും ഇതിനുള്ളിൽ ആക്കുകയായിരുന്നു. ഷാജഹാൻ ചക്രവർത്തിക്ക് താജ് മഹൽ പണിയാനുള്ള പ്രചോദനം കിട്ടിയത് ഇബ്രാഹിം റൗസയിൽ നിന്നാണെന്ന് കേൾക്കുന്നു.


 ഇബ്രാഹിം റോസ



ബീജാപൂരിലെ ജുമാ മസ്ജിദ് വലുപ്പം കൊണ്ടും പഴക്കം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. പ്രധാന ഹാളിൽ ഒരു വരിയിൽ ഇരുന്നൂറ്റി അമ്പതോളം പേർക്ക് നമസ്കരിക്കാൻ വേണ്ടി അണി നിൽക്കാൻ കഴിയുമത്രെ. പ്രധാന പ്രവേശന കെട്ടിടത്തിന്റെയും പള്ളിയുടെയും ഇടയിലായി വലിയ കുളവും വളരെ വിശാലമായ പാർക്കും ധാരാളം പേർക്ക് ഒരേ സമയം വുളു ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്.
ജുമാ മസ്ജിദിന്റെ പ്രധാന കവാടം




ജുമാ മസ്ജിദ്


ഏകദേശം 12 മണിയായി കാണും ഞങ്ങൾ ഹോട്ടലിനടുത്തുള്ള ഗോൾ ഗുംബസിൽ എത്തിയപ്പോൾ. ആദിൽ ശാഹി രാജവംശം അതിലെ മുഹമ്മദ് ആദിൽഷാ രാജാവിന്റെ ശവകുടീരമായി 1656 ൽ പണി പൂർത്തിയാക്കിയ കെട്ടിടമാണ് ഇന്ന് ഏറെ പ്രശസ്തമായ ദക്ഷിണേന്ത്യയിലെ താജ് എന്നറിയപ്പെടുന്ന ഗോൾ ഗുംബസ്. വലിയ താഴികക്കുടങ്ങളുള്ള രണ്ടു കെട്ടിടങ്ങളുണ്ട് ഇതിനുള്ളിൽ. അഫ്സൽ ഖാൻ രാജാവിന്റെയും പരിവാരങ്ങളുടേയും ശവകുടീരങ്ങൾ തന്നെയാണ് ഇവിടെയുള്ളത്. പടികൾ കയറി മുകളിലെക്ക് ഏഴ് നിലകളിലായി പുറത്ത് നടക്കാനുള്ള സൗകര്യമുണ്ട്. ഏററവും മുകളിൽ (തറയിൽ നിന്ന് ഏകദേശം 110 അടി ഉയരത്തിൽ) താഴികക്കുടത്തിന് ഉള്ളിലായി ഗാലറിയാണ്. ഇവിടെ നിന്ന് ഉണ്ടാക്കുന്ന ശബ്ദം ഏകദേശം 20 തവണ പ്രതിദ്ധ്വനിയായി തിരിച്ചു കേൾക്കാം. അത് ആസ്വദിക്കാനായി ആളുകൾ കൂടി നിന്ന് ശബ്ദമുണ്ടാക്കുന്ന കാഴ്ച രസാവഹമാണ്.




ഗോൾ ഗും ബസ്



രണ്ട് മണിക്കൂറിലധികം വേണ്ടി വന്നു, മ്യൂസിയമടക്കം അവിടെ ചുറ്റിക്കാണാൻ. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഹോട്ടലിൽ അൽപം വിശ്രമിച്ചു. 

രാത്രി 8 മണിക്കാണ് തിരിച്ചു പോരാനുള്ള ബസ്. ഇടക്കുള്ള സമയം ടൗൺ കാണാനായി ഞങ്ങൾ ഇറങ്ങി. പ്രധാനമായും ഒരു മെയിൻ റോഡാണ്. അത് തന്നെ പൊടിയും മാലിന്യങ്ങളും നിറഞ്ഞും ഇരുവശങ്ങളിൽ ചെളി കെട്ടിക്കിടന്നും വൃത്തിഹീനമായി കിടക്കുന്നു. മറ്റു റോഡുകൾ പൊട്ടി പൊളിഞ്ഞും നേരാംവണ്ണം ടാറിടാതെയും ചെളി നിറഞ്ഞിരിക്കുന്നു. എവിടെയും പന്നിക്കൂട്ടങ്ങൾ ചെളിയിൽ മേയുന്നത് കാണാനുണ്ട്. സൈക്കിൾ റിക്ഷയും കുതിരവണ്ടിയും അടക്കം വാഹനങ്ങളുടെ സാഹസങ്ങൾ.  വഴിയിലൊക്കെ നിർത്തി കൂടുതൽ പേരെ കേറ്റുന്ന ഓട്ടോറിക്ഷയും ഇവിടെ കാണാം. ഞങ്ങൾ അൽപം ദൂരെയുള്ള ഒരു ഷോപ്പിംഗ് മാളിൽ പോയെങ്കിലും കൗതുകകരമായി ഒന്നും കണ്ടില്ല.




നേരത്തെ തന്നെ ഹോട്ടൽ വിട്ട് ഞങ്ങൾ ബസ് സ്റ്റാൻറിൽ എത്തി. മംഗലാപുരത്തേക്കുള്ള ഞങ്ങളുടെ ബസ്സ് 8 മണിക്ക് തന്നെ പുറപ്പെട്ടു. വഴിയിൽ രാത്രി ഭക്ഷണത്തിന് ശേഷം  സുഖമായി ഉറങ്ങാൻ കഴിഞ്ഞു. രാവിലെ 8 മണിക്ക് മംഗലാപുരത്ത് എത്തിയപ്പോൾ ശക്തിയായ മഴയായിരുന്നു. പ്രാതലിനു ശേഷം ഞങ്ങൾ കങ്കനാടി സ്റ്റേഷനിൽ നിന്ന് 10 മണിയുടെ വണ്ടിയിൽ കോഴിക്കോടേക്ക് പോന്നു. 2 മണി അടുത്തിരുന്നു വീട്ടിലെത്തുമ്പോൾ.

ഇനി അടുത്ത യാത്രക്കുള്ള പദ്ധതി തയാറാക്കാനായി ഒന്ന് വിശ്രമിക്കട്ടെ !

Sunday, August 14, 2016

വിജയനഗര സാമ്രാജ്യത്തിലൂടെ വിജയപൂരിലേക്ക് - 2

ഹോട്ടലിലെ വൈവിധ്യവും വിഭവ സമൃദ്ധവുമായ ഉപചാര പ്രാതലിന് ശേഷം മുറി ഒഴിഞ്ഞ് പെട്ടികൾ ഹോട്ടലിൽ തന്നെ വെച്ച് ഞങ്ങൾ ബക് ഷിനെ കാത്ത് ലോഞ്ചിലിരുന്നു. സമയം 10 മണിയായിട്ടും കാണാതായപ്പോൾ തലേ ദിവസം കുറിച്ചു തന്ന ഫോൺ നമ്പറിൽ വിളിച്ചു നോക്കി. വേറെ ആരോ ഫോണെടുത്തെങ്കിലും വ്യക്തമായ മറുപടിയൊന്നും കിട്ടിയില്ല. ഫോൺ കൈയ്യിൽ കൊണ്ടു നടക്കാറില്ലെന്നു ബക് ഷ് തന്നെ പറഞ്ഞിരുന്നത് അപ്പോൾ ഓർത്തു. സമയം നഷ്ടപ്പെടുത്താതെ വേറെ വണ്ടി വിളിക്കാനായി ഞങ്ങൾ റോഡിലേക്കിറങ്ങി നിന്നു. ഒരു ഓട്ടോക്ക് കൈകാണിച്ചെങ്കിലും നിർത്താതെ പോയി. പിന്നാലെ വന്ന ഓട്ടോ മുന്നിൽ നിർത്തിയതും ബക് ഷ് ചാടിയിറങ്ങിയതും ഒന്നിച്ചായിരുന്നു. ഓഫീസർ ലീവിലാണെങ്കിലും ഡ്രൈവർ രാവിലെ ഓഫീസിൽ ഹാജർ രേഖപ്പെടുത്തേണ്ടതു നിർബന്ധമായതിനാൽ അവിടെ പോയി വരികയാണ് ബക് ഷ്. പിന്നെ കുറെ ക്ഷമാപണവും.

ഞങ്ങൾ കേറിയ ഉടനെ ഓട്ടോ പുറപ്പെട്ടു. ഹോസ്പെറ്റിൽ നിന്ന് 13 കിലോമീറ്ററുണ്ട് ഹംപിയിലേക്ക്. എങ്കിലും വളരെ വിശാലമായി കിടക്കുന്ന ഈ പ്രദേശത്തേക്കുള്ള ഒരു ഏകദേശ ദൂരമാണിത്. വഴിയിൽ നേരിയ വെയിലും തണുത്ത ഇളം കാറ്റുമായി അന്തരീക്ഷം വളരെ സുഖകരമായിരുന്നു. മഴക്കാറും ഇല്ലാതെയല്ല. ഇടക്കൊരു ചെറിയ മഴയും ആസ്വദിച്ചു.

ഹോസ്പെറ്റ് വിട്ട് കുറച്ചു സഞ്ചരിക്കുമ്പോഴേക്കും പുരാതനങ്ങളായ ക്ഷേത്രങ്ങളും  സ്തൂപങ്ങളും മറ്റ് ചരിത്ര സ്മാരകങ്ങളും അവശിഷ്ടങ്ങളും കണ്ട് തുടങ്ങിയിരുന്നു. ഒരു പ്രത്യേക ഭൂപ്രകൃതിയാണ് ഇവിടങ്ങളിൽ കാണാൻ കഴിഞ്ഞത്. പൊതുവെ പച്ചപിടിച്ച സ്ഥലം. വലിയ മരങ്ങൾ കുറവാണെങ്കിലും തെങ്ങുകൾ കാണാനുണ്ട്. ചെറുതും വലുതുമായ കുന്നുകൾ, എല്ലാം വലിയ പാറക്കെട്ടുകളും ഉരുളൻ കല്ലുകൾ നിറഞ്ഞതും. വലിയ ഉരുളൻ പാറക്കല്ലുകൾ ചില പ്രത്യേക അനുപാതങ്ങളിലും സങ്കലനങ്ങളിലുമായി ഉയരങ്ങളിൽ അടുക്കി വെച്ചതായി തോന്നും ചില പാറക്കൂട്ടങ്ങൾ കണ്ടാൽ. സമതലങ്ങളും പാറക്കല്ലുകൾ നിറഞ്ഞത് തന്നെ. പച്ചക്കറി തോട്ടങ്ങളും കരിമ്പു കൃഷിയും അങ്ങിങ്ങായി കാണാനുണ്ട്. ആടുവളർത്തൽ ഇവിടെ വലിയ വ്യവസായമാണെന്ന് തോന്നുന്നു. ചെങ്കുത്തായ കുന്നുകൾ കേറിയിറങ്ങുന്ന ഇടയന്മാർ കൂടെയില്ലാത്ത ആട്ടിൻ പറ്റങ്ങളെ എങ്ങും കാണാം.




Queens' Bath


Saraswathi Temple







ഇടക്ക് കമലാപൂർ എന്നറിയപ്പെടുന്ന ഒരു ചെറിയ പട്ടണമുണ്ട്. ഇവിടെയാണ് ആർക്കിയോളജിക്കൽ മ്യൂസിയം ഉള്ളത്. വെളളിയാഴ്ച ഒഴിവ് ദിനം ആയതിനാൽ സന്ദർശിക്കാൻ കഴിഞ്ഞില്ല. ടൂറിസം വകുപ്പിന്റെതായി ഇവിടെയുള്ള ഹോട്ടലിൽ നിന്നാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത്. ഹോസ് പെറ്റിൽ നിന്ന് ദിവസവും രാവിലെ 9.30ന് പുറപ്പെട്ട് വഴിയിലും ഹംപിയിലുമുള്ള പ്രധാന കേന്ദ്രങ്ങളും വൈകുന്നേരം തുംഗഭദ്ര ഡാമും സന്ദർശിച്ച് 7 മണിക്ക് ഹോസ്പെറ്റിൽ തിരിച്ചെത്തുന്ന ടൂറിസം വകുപ്പിന്റെ ബസ്സും അവിടെയെത്തിയിരുന്നു. 350 രൂപയാണ് അതിൽ ഒരാളുടെ ചാർജ് എന്ന് നെറ്റിൽ കണ്ടിരുന്നു. ഞങ്ങളുടെ സമയ ക്രമീകരണത്തിന് ഈ ബസ്സ് യോജിച്ചതായിരുന്നില്ല.

കഴിയുന്നതും കൂടുതൽ ഇടങ്ങൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഭക്ഷണശേഷം വിശ്രമമൊന്നുമില്ലാതെ യാത്ര തുടർന്നു. എവിടെയും ചില ക്ഷേത്രങ്ങളും സ്തൂപങ്ങളും അത് പോലെയുള്ള അനുബന്ധ കെട്ടിടങ്ങളും അല്ലെങ്കിൽ അവശിഷ്ടങ്ങൾ, തറകൾ മുതലായവയും കാണാനുണ്ട്. ചില കുന്നുകളുടെ ഉച്ചിയിലാണ് ക്ഷേത്രങ്ങൾ. അടുക്കുകളോ വ്യക്തമായ പടികളോ ഇല്ലാതെ പാറക്കെട്ടുകളും ഇടുക്കുകളും താണ്ടി വേണം മുകളിലെത്താൻ. 

പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏറെ പ്രശസ്ഥമായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ വിജയ നഗരത്തിന്റെ നഷ്ട ശിഷ്ടാവശിഷ്ഠങ്ങളാണ് ഇന്നു എണ്ണമറ്റ പ്രദർശന ഇടങ്ങളുള്ള ഒരു  തുറന്ന  പുരാവസ്തു ശേഖരമായ ഹംപിയിൽ കാണുന്നത് മുഴുവനും. അപ്പോൾ അന്നത്തെ നഗരം എങ്ങനെയിരുന്നുവെന്ന് ഭാവനയിൽ പോലും കാണാൻ കഴിയുന്നില്ല. ഏകദേശം അഞ്ച് ലക്ഷം താമസക്കാർ  ഉണ്ടായിരുന്നു അന്നിവിടെ. പ്രകൃത്യായും മറ്റു പല വിധേനയും നശിപ്പിക്കപ്പെടുകയോ ഭൂമിക്കടിയിൽ അകപ്പെടുകയോ ആയിരുന്ന ഒരു മഹാ ചരിത്ര സംസ്കാരത്തിന്റെ ബാക്കിപത്രമായ ഹംപിയുടെ ഇന്നത്തെ ജനസംഖ്യ മൂവായിരത്തിന് താഴെയാണ്. ഇപ്പോഴും ഉൽഖനനം നടക്കുന്നുണ്ട് ഇവിടെ.

Entrance to Underground Temple

Underground Temple

ഹോസ്പെറ്റിൽ നിന്ന് യാത്ര തിരിച്ചത് മുതൽ ഞങ്ങൾക്ക് സന്ദർശിക്കാൻ കഴിഞ്ഞ മുഴുവൻ ഇടങ്ങൾക്കും നീണ്ട ചരിത്രങ്ങളും മറ്റു കഥകളൂം വിവരിക്കാനുണ്ട്. ഗണേഷ വിഗ്രഹം, കൃഷ്ണക്ഷേത്രം, ബദാവിലിംഗ, വിരുപക്ഷ ക്ഷേത്രം, സഹോദര ശിലകൾ, ഭൂഗർഭ ക്ഷേത്രം, മിൻറ് ഹൗസ്, ലോട്ടസ് മഹൽ, രാമക്ഷേത്രം, രാജകൊട്ടാരം, രാജ്ഞി സ്നാനം, പുരന്ദര മണ്ഡപം, കൽത്തൂണുകൾ മുതലായവ അവയിൽ ചിലതു മാത്രം. പല സ്ഥലങ്ങളിലും ചൂണ്ടുപലകകളും വിവരണ കുറിപ്പുകളും സ്ഥാപിച്ചത് സന്ദർശകർക്ക് ഉപയോഗപ്പെടുന്നുണ്ട്‌.


King Palace Basement

ഹംപിയുടെ ഒരു ഭാഗം തുംഗഭദ്ര നദിയാണ്. ഒരിടത്ത് നദിയിലേക്കിറങ്ങാനായി നീളത്തിലുള്ള പടവുകളും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും പണിതിട്ടുണ്ട്. നദിയുടെ ഭാഗത്ത് തന്നെയായി സാധാരണ നിത്യോപയോഗ സാധനങ്ങൾ മാത്രമുള്ള ചെറിയ കടകളുള്ള ഒരു നാടൻ ബാസാർ - ഇവിടെയും വിരുപക്ഷ ക്ഷേത്ര പരിസരത്തും  മാത്രമെ തദ്ദേശീയരെ കണ്ടുള്ളൂ. 

Inside Hazararama Temple
Chandikeshwar Temple

Krishna Temple



ഹംപിയുടെ ഭാഗമായി തന്നെ മറ്റൊരു ദിശയിൽ കുറച്ചകലെയായി വിത്തല ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നു. വലിയ ഒരു പ്രദേശം തന്നെയാണിത്. അതിർത്തി വരെ മാത്രമേ വാഹനങ്ങൾക്ക് അനുമതിയുള്ളൂ. ഒരു കിലോമീറ്റർ ഉള്ളിലായുള്ള ക്ഷേത്ര പരിസരത്ത് എത്താൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പ്രത്യേക കാറുകൾ ഉണ്ട്. 20 രൂപയാണ് ഇരു ഭാഗത്തേക്കുമായി ടിക്കറ്റ് നിരക്ക്. 

തിരക്കില്ലാതിരുന്നതിനാൽ ഉടനെ കാറിൽ കയറിയിരുന്നു. ടാർ ചെയ്യാത്ത ചെമ്മണ്ണ് റോഡിൽ കൂടെ, നടന്നുപോകുന്ന സ്പീഡിലാണ് യാത്ര. വിത്തല ക്ഷേത്രത്തിലേക്ക് കടക്കാൻ വേറെ തന്നെ ടിക്കറ്റെടുക്കണം. ഇതിനുള്ളിലാണ് പ്രശസ്ഥമായ ശിലാ രഥം (Stone Chariot) ഉളളത്. ക്ഷേത്രത്തിന്റെ ശിൽപ കല വളരെ അതിശയിപ്പിക്കുന്നതാണ്. സംഗീതത്തിലെ സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന കൽത്തൂണുകൾ ഇതിന്റെ ഭാഗമാണ്. നിർഭാഗ്യവശാൽ ക്ഷേത്രത്തിൽ ജീർണ്ണോദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സംഗീതം ആസ്വദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വിത്തല ക്ഷേത്രം കൂടാതെ വേറെയും ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഉണ്ട് ഇതിനുള്ളിൽ. 
Virupaksha Temple


Thunga Bhadra River at Hampi

മറ്റൊരു വണ്ടിയിൽ തിരിച്ചു പുറത്തെത്തിയപ്പോൾ സമയം നാലു മണി അടുത്തിരുന്നു. ഏറെ നടന്നും കുന്നുകൾ കേറിയും ഇറങ്ങിയും ഞങ്ങൾ വളരെയധികം ക്ഷീണിച്ചിരുന്നു. (തീരെ ചൂട് അനുഭവപ്പെടാതെ നേരിയ തണുത്ത കാറ്റോട് കൂടിയ കാലാവസ്ഥയാണ് ഇത്രയും നടന്നു കാണാൻ ഞങ്ങളെ സഹായിച്ചത്). മാത്രമല്ല, 5 മണിക്ക് ഹോസ്പെറ്റിൽ നിന്നുള്ള ബസ്സിൽ ബീജാപൂരിലേക്ക് പോവുകയാണ് ഞങ്ങളുടെ യാത്രാ പദ്ധതി. ബസ്സ് റിസർവേഷൻ ചെയ്തതാണ്. അതിനാൽ ഹംപി സന്ദർശനം ഇവിടെ അവസാനിപ്പിച്ച് ഞങ്ങൾ ഓട്ടോയിൽ കയറി. ഹംപിയിൽ ഇനിയും ഒരു ദിവസം കൂടെ ചെലവഴിച്ചാലും മുഴുവൻ കണ്ടു തീർക്കാൻ കഴിയില്ലെന്ന് ബക് ഷ് പറഞ്ഞപ്പോൾ ഞങ്ങൾക്കത് അപ്പടി ബോദ്ധ്യമായി.



Entrance  of Vithala Temple

VithalaTemple


Stone Chariot



വഴിയിൽ ഒരു ചെറിയ പള്ളിയിൽ നമസ്കാരം നിർവഹിച്ചതിനു ശേഷം ഒരു നാടൻ ചായക്കടയിൽ കയറി. 20-25 മില്ലിയെ കാണൂ ഇവിടെ ഒരു ചായ.  വലിയ ഗ്ലാസ്സിൽ ഡബിൾ ആവശ്യപ്പെട്ടതിനാൽ 50 മില്ലിയോളം കിട്ടി. നല്ല കട്ടിയുള്ള ചായ. റോഡിൽ രണ്ട് ജോലിക്കാർ കുഴിയെടുക്കുന്നുണ്ടായിരുന്നു. ഇവിടെ ദിവസക്കൂലി 300 രൂപയാണത്രെ. കേരളത്തിൽ 700 മുതൽ 800 വരെയാണെന്ന് ഞാൻ പറഞ്ഞപ്പോൾ നമ്മുടെ അവസ്ഥ അറിയുന്ന ബക് ഷിന് അതൊരു അത്ഭുതമായി തോന്നിയില്ല. 

ഹോട്ടലിൽ നിന്ന് പെട്ടികളുമെടുത്ത് ഞങ്ങൾ ഹോസ്പെറ്റ് ബസ് സ്റ്റേഷന് മുമ്പിൽ ഇറങ്ങിയപ്പോൾ സമയം അഞ്ചിനടുത്തിരുന്നു. ബക് ഷിന് ഞങ്ങളെ ഏറെ ഇഷ്ടമായെന്നും ആദ്യമായാണ് ഇത്രയും നല്ല യാത്രക്കാരെ കണ്ടുമുട്ടുന്നതെന്നും വളരെ ഉപചാരപൂർവം അറിയിച്ചപ്പോൾ ഞങ്ങളും വികാരഭരിതരായി. ചാർജ് പറയാൻ മടിച്ചതിനാൽ ഞങ്ങൾക്ക് ഉചിതമെന്ന് തോന്നിയ സംഖ്യ കൊടുത്തു യാത്ര പറഞ്ഞു. അര മണിക്കുർ വൈകിയാണ് ബീജാപൂരിലേക്കുള്ള ഞങ്ങളുടെ ബസ്സ് പുറപ്പെട്ടത്. അതിനിടെ ബക് ഷ് പരിസരത്ത് തന്നെ തങ്ങി നിൽപ്പുണ്ടായിരുന്നു.

ബക് ഷ്  അബ്ദുൽ ഗഫൂറിന്റെ കൂടെ

തുംഗഭദ്ര ഡാമിന്റെ താഴെ നദിക്ക് കുറുകെയുള്ള പാലം കടന്നു പോകുമ്പോൾ ബസ്സിൽ നിന്നുള്ള ഡാമിന്റെ കാഴ്ച ഏറെ മനോഹരമാണ്, പ്രത്യേകിച്ച് അസ്തമയ സമയത്ത്. ഈ നാഷണൽ ഹൈവേ (50) യിൽ കൂടെയുള്ള ബസ്സ് യാത്ര വളരെ സുഖപ്രദമായിരുന്നു. പണം നൽകാതെ ബുക്ക് ചെയ്തിരുന്ന ബീജാപൂരിലെ ഹോട്ടലിലേക്ക് വിളിച്ചു താമസ സൗകര്യം ഉറപ്പിക്കുവാൻ മറന്നില്ല. മഴ തുടങ്ങിയിരുന്നു. ഇടക്ക് അൽമാട്ടി എന്ന സ്ഥലത്ത് നിർത്തി ഭക്ഷണം കഴിച്ചു രാത്രി പത്തര മണിക്ക് ഞങ്ങൾ ബീജാപൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി. 

മഴ നിന്നിരുന്നുവെങ്കിലും ബസ് സ്റ്റേഷനും പുറത്ത് റോഡുകളും ചെളിയും വെള്ളവും കെട്ടിക്കിടന്ന് ആകെ വൃത്തി ഹീനമായിരുന്നു. അൽപം അകലെയുള്ള പേൾ ഹോട്ടലിലേക്ക് ഓട്ടോയിലാണ് പോയത്. വലിയ സ്റ്റാർ ഹോട്ടലല്ലെങ്കിലും തരക്കേടില്ല. സ്റ്റാർ ഹോട്ടലുകളിൽ സാധാരണ ലഭിക്കാത്ത  24 മണിക്കുർ താമസ സൗകര്യം ഉള്ളതിനാലാണ് ഇവിടെ ബുക്ക് ചെയ്തത്. അടുത്ത ദിവസം രാത്രി വരെ ഇവിടെ തങ്ങാനുള്ളതാണ്. 

ഇനിയൊന്നുറങ്ങട്ടെ !

( ..... തുടരും) 

Wednesday, August 10, 2016

വിജയനഗര സാമ്രാജ്യത്തിലൂടെ വിജയപൂരിലേക്ക് - 1

ഴിഞ്ഞ വർഷം ഷിമോഗ സന്ദർശിച്ചപ്പോഴാണ് പണ്ട് പ്രൈമറി ക്ലാസ്സിൽ പഠിച്ചിരുന്ന ഇന്ത്യയിലെ വൻകിട അണക്കെട്ടുകളിൽ ഒന്നായ തുംഗഭദ്ര കാണാനുള്ള ആഗ്രഹം മനസ്സിലുദിച്ചത്. ഷിമോഗയിൽ നിന്ന്, ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഹോസ്പെററിലേക്ക് നേരിട്ട് ബസ്സ് കണ്ടുവെങ്കിലും അന്നതിന് സൗകര്യപ്പെട്ടിരുന്നില്ല.

ഏറെ നാളുകളിലെ നെറ്റ് (മാത്രം) പരതലിന് ശേഷം ഹോസ്പെറ്റും അതിനടുത്ത് തന്നെയുള്ള പുരാതന സാംസ്കാരിക നഗരമായ ഹംപിയും സന്ദർശിക്കാനുള്ള യാത്രക്ക് ഒരു ഏകദേശ രൂപമുണ്ടാക്കി സ്നേഹിതനെ അറിയിച്ചപ്പോൾ കൂടെ വരാൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചു. യാത്രയിൽ വെറുതെ സമയം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി, മുഴുവൻ യാത്രാ ടിക്കറ്റുകളും താമസ സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യുകയായി അടുത്ത പടി. അപ്പോഴാണ് ഒരു ദിവസം കൂടി നീട്ടിയാൽ മറ്റൊരു ചരിത്ര പ്രസിദ്ധ നഗരമായ ബീജാപൂർ കൂടെ യാത്രയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് മനസ്സിലായത്. അങ്ങനെ നാല് ദിവസങ്ങളിലായുള്ള ഒരു യാത്രക്ക് അന്തിമരൂപമായി.

ഇക്കഴിഞ്ഞ ജൂലായ് 20ന് രാത്രി ഏഴ് മണിക്ക് കോഴിക്കോട് നിന്ന് ഞാനും സ്നേഹിതൻ അബ്ദുൽ ഗഫൂറും നേത്രാവതി എക്സ്പ്രസിൽ യാത്ര തുടങ്ങി. റിസർവേഷൻ കമ്പാർട്ട്മെന്റ് തിങ്ങി നിറഞ്ഞിരുന്നു. അടുത്ത സ്റ്റേഷനുകളിൽ ഇറങ്ങാനുള്ള പതിവ് യാത്രക്കാരായിരുന്നു മിക്കപേരും. കണ്ണൂർ എത്തിയപ്പോഴേക്കും സ്ലീപ്പർ അനുസരിച്ചുള്ള ആളുകൾ മാത്രമായി വണ്ടിയിൽ. രാവിലെ 5.50 ന് മാർഗോവയിൽ ആണ് ഞങ്ങൾക്ക് ഇറങ്ങേണ്ടത്. അതിനാൽ മൊബൈലിൽ അഞ്ച് മണിക്ക് അലാറം സെറ്റ് ചെയ്ത് ഞങ്ങൾ കിടന്നു. 

നിശ്ചിത സമയത്ത് തന്നെ ഞങ്ങൾ മാർഗോവയിൽ ഇറങ്ങി. അത്യാവശ്യ പ്രഭാത കാര്യങ്ങളും നമസ്കാരവും ഇറങ്ങുന്നതിനു മുമ്പായി വണ്ടിയിൽ തന്നെ നടത്തിയിരുന്നു.  7.50 ന് ആണ് ഹോസ്പെറ്റ് പോകാനുള്ള ഹൗറ എക്സ്പ്രസ് ഇവിടെയെത്തുന്നത്. നേരിയ ചാറ്റൽ മഴയുണ്ട്.  വലിയ തിരക്കൊന്നുമില്ല, ഇപ്പോഴും ഒരു ഫ്രഞ്ച് മണമുള്ള ഈ സ്റ്റേഷനിൽ. ഒരു പാസഞ്ചർ വണ്ടി വന്നപ്പോഴാണ് സ്റ്റേഷനിൽ ഒരു അനക്കം അനുഭവപ്പെട്ടത്. പ്ലാറ്റ്ഫോമിലെ സ്റ്റാളിൽ നിന്ന് ചായയും പലഹാരവും കഴിച്ച് കുറച്ച് വിശ്രമിക്കുമ്പോഴേക്കും വൈകാതെ എത്തിയ വണ്ടിയിൽ ഞങ്ങൾ യാത്ര തുടർന്നു. 



മാർഗോവ വിട്ട് കുറച്ചു കഴിഞ്ഞതു മുതൽ വണ്ടി സഞ്ചരിക്കുന്നത് സാമാന്യം ഇടതിങ്ങിയ വനത്തിൽ കൂടെയാണ്. പുറത്ത് നോക്കിയിരിക്കാൻ ഏറെ കൗതുകകരം. മൂടൽമഞ്ഞും ഇടക്കിടെയുള്ള നേരിയ ചാറ്റൽ മഴയും. ആകാശം മേഘാവൃതമായതിനാൽ വെളിച്ചം കുറവായിരുന്നു. നെറ്റിൽ കണ്ടിരുന്ന അതേ കാലാവസ്ഥ. കാട്ടിൽ വളഞ്ഞുപുളഞ്ഞ താഴ്വാരങ്ങളിൽ കൂടെയുള്ള യാത്ര ഒരു വയനാടൻ അനുഭൂതിയുളവാക്കി. ഏകദേശം 11 മണി ആയി, വണ്ടി വനത്തിൽ നിന്ന് പുറത്ത് കടന്നപ്പോൾ. മഴ നിന്നെങ്കിലും നേരിയ വെയിലെ ഉണ്ടായിരുന്നുള്ളൂ തുടർന്നുള്ള യാത്രയിൽ മുഴുവൻ. ലോണ്ട, ഹുബ്ളി തുടങ്ങിയ സ്റ്റേഷനുകൾ പിന്നിട്ട് വണ്ടി ഉച്ചക്ക് ശേഷം 3 മണിക്ക് (അര മണിക്കൂർ ലേറ്റായി) ഹോസ്പ്പെറ്റ് സ്റ്റേഷനിൽ എത്തി. 


1520 ൽ വിജയനഗര രാജാവായ കൃഷ്ണദേവ രായയാണ് നാഗലപുര എന്ന പേരിൽ ഈ നഗരം സ്ഥാപിച്ചത്. പിന്നീടത് പുതിയ നഗരം എന്നർത്ഥം വരുന്ന ഹോസ പേട്ട് ആവുകയായിരുന്നു.

വലുതല്ലെങ്കിലും സാമാന്യം വൃത്തിയുള്ള സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തലങ്ങും വിലങ്ങുമായി ഓട്ടോക്കാരുടെ ബഹളം. തല നിവർത്തി നേരെ നോക്കിയാൽ, ഏകദേശം 200 മീറ്റർ അകലെ കാണുന്ന വലിയ കെട്ടിടമാണ് ഞങ്ങൾ താമസത്തിന് ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ എന്നറിയാമായിരുന്നിട്ടും ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ വെറും 70 രൂപയാണ് ചാർജ് ആവശ്യപ്പെട്ടത്. ഞങ്ങൾ ചിരിച്ചു കൊണ്ട് ബേഗുകൾ തൂക്കിയും റോഡിൽ കൂടെ ഉരുട്ടിയും ഹോട്ടലിലേക്ക് നടന്നു.

റോയൽ ഓർക്കിഡ് സെൻട്രൽ, ഹോസ്പെറ്റിലെ ഏറ്റവും വലിയ ഹോട്ടലാണെന്ന് തോന്നുന്നു. ഭംഗിയുള്ള ചുറ്റുപാടുകളും വാസ്തുശിൽപ ചാതുര്യവുമുള്ള കെട്ടിടം. വിശാലമായ ലോഞ്ച്. രാജകീയ സ്വീകരണം. ഒട്ടും വൈകാതെ എല്ലാ നൂതന സൗകര്യങ്ങളുമുള്ള മുറിയിലെത്തി. ശാരീരിക ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കുന്ന സ്നേഹിതൻ സ്പാ യിൽ ഒരു ഫുൾ ബോഡി മാസേജ് തരപ്പെടുത്തി. കളിച്ചു വസ്ത്രം മാറി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അഞ്ച് മണി കഴിഞ്ഞിരുന്നു. ഇനിയും വൈകാതെ ഇരുട്ടാകുന്നതിനു മുമ്പായി തുംഗഭദ്ര ഡാം കാണുകയെന്നതാണ് അടുത്ത പരിപാടി. 


ആദ്യം കണ്ട ഓട്ടോയിൽ ചാർജ് ചോദിച്ചു കയറി. ആറ് കിലോമീറ്റർ ദൂരെയുള്ള ഡാം സൈറ്റിൽ കൊണ്ടുപോയി വിടാൻ, 65 ന് മേൽ പ്രായമുള്ള വൃദ്ധനായ ഡ്രൈവർ ആവശ്യപ്പെട്ട നൂറ് രൂപ മിതമായിരുന്നു. അധികം ഓടിയില്ല, മഴ പെയ്യാൻ തുടങ്ങി. ഞങ്ങളുടെ മനസ്സിൽ നിരാശയും നിറഞ്ഞു..... സമയ പരിമിതമായ യാത്രയിൽ അണക്കെട്ട് നേരാംവണ്ണം കാണാൻ കഴിയാതെ തിരിക്കേണ്ടി വരുമോ ! ഞങ്ങളുടെ പ്രാർത്ഥന കൊണ്ടാകാം, മഴ അധികം നീണ്ടുനിന്നില്ല.

കുശലത്തിലേർപ്പെട്ട അല്ലാ ബക് ഷ് (ഡ്രൈവർ) സംസാരത്തിനിടെ ഞങ്ങളുമായി വളരെ അടുത്തു. ഹോസ്പെറ്റിൽ കട നടത്തിയിരുന്ന കണ്ണൂർ കാരൻ മുഹമ്മദുമായി തനിക്ക് ഏറെ കാലം ഉണ്ടായിരുന്ന ബന്ധവും വീട്ടിലെ കല്യാണത്തിന് സംബന്ധിക്കാൻ കണ്ണൂർ സന്ദർശിച്ചതും ഒക്കെ കുറഞ്ഞ സമയത്തിനുള്ളിൽ അയാൾ വിശദീകരിച്ചു പറഞ്ഞു. വാടകക്ക് നൽകുന്ന വാഹനം സ്വന്തമായുള്ള ബക് ഷ്  ഓട്ടോ ഓടിക്കുന്നത് സർക്കാർ ഓഫീസ് ഡ്രൈവർ ജോലിക്ക് ശേഷമുള്ള 'ടൈം പാസ് ' ആണത്രെ. നല്ല ജോലികളിലേർപ്പെട്ട അഭ്യസ്ഥ വിദ്യരായ മക്കളും ഉണ്ട്. കാരുണ്യ പ്രവർത്തനങ്ങളായി വർഷം തോറും പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്തി ക്കൊടുക്കുന്ന കാര്യം അയാൾ പറഞ്ഞത് സത്യമായിരിക്കട്ടെ എന്ന് ഞാൻ ഇപ്പോഴും കൊതിക്കുകയാണ്. 

ഡാമിന്റെ പ്രവേശന പരിസരത്ത് എത്തിയപ്പോൾ അവിടെ മഴയുടെ ലക്ഷണങ്ങളൊന്നും കണ്ടില്ല. നേരിയ വെയിലും ഉണ്ടായിരുന്നു. സന്തോഷമായി. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇറങ്ങുമ്പോൾ ഞങ്ങളെ തിരിച്ചു കൊണ്ടു പോകാനായി കാത്തിരിക്കാമെന്നു ബക് ഷ് പറഞ്ഞു. ട്രാൻസ്പോർട്ട് ബസ്സായിരുന്നു നേരത്തെ ഞങ്ങൾ തിരിച്ചു പോകാൻ ഉദ്ദേശിച്ചത്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലുമുള്ള കാത്തിരിപ്പിന് ഓട്ടോക്ക് നല്ലൊരു സംഖ്യയാകില്ലെയെന്ന് ഞങ്ങൾ സംശയിച്ചപ്പോൾ, ഇഷ്ടമുള്ളത് തന്നാൽ മതിയെന്നായി ബക് ഷ്. 'ടൈം പാസ് ' ആവർത്തിക്കാൻ മറന്നുമില്ല.

ഡാം പരിസരം തുടങ്ങുന്ന ഇവിടെ നിന്ന് ഉള്ളിലേക്ക് പോകാനായി പ്രത്യേക ബസ്സുകളാണ്. ഇരുപത് രൂപ വീതം ടിക്കറ്റ് എടുത്ത് അടുത്ത ബസ്സിനായി ഞങ്ങൾ കാത്തു നിന്നു. പത്ത് മിനുട്ടിനുള്ളിൽ ബസ്സ് വന്നു. പതിവ് പോലെ ബസ്സ് നിറഞ്ഞാണ് പുറപ്പെടുന്നത്. അധികം കാത്തിരിക്കേണ്ടി വന്നില്ല, ബസ്സ് നീങ്ങി. കുറച്ചു ഓടിയപ്പോൾ ദൂരെ അണക്കെട്ട് കാണാനായി. അതിന്റെ ഒരു വശത്തുള്ള കുന്നിന്റെ അടിവാരത്തിൽ കൂടി വളഞ്ഞും തിരിഞ്ഞും ബസ്സ് കുന്നിന്റെ മുകളിലേക്കാണ് പോകുന്നത്. ഏററവും മുകളിലാണ് ബസ്സ് നിർത്തിയത്. ഒരു ചെറിയ അമ്പലവും റിസോർട്ട് ഹോട്ടലും ഉണ്ടിവിടെ. പുറത്തിറങ്ങിയ ഞങ്ങൾ ഒരു വിസ്മയ ലോകത്തിലായിരുന്നു. കൈവരികൾ പണിത് സുരക്ഷിതമാക്കിയ നിലത്ത് ടൈൽ വിരിച്ച ഒരു വ്യൂ പോയിൻറാണിത്. ഇവിടെ നിന്ന് താഴേക്ക് നോക്കിയാൽ ഡാമും ഓളങ്ങൾ താളമിടുന്ന വിശാലമായ തടാകവും ഡാമിനു മുകളിലൂടെയുള്ള റോഡും പൂന്തോട്ടങ്ങളും എല്ലാറ്റിനും പിൻ ചുമരായി അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനും കണ്ണിന് കുളിർമ്മയായി കാണാം. ഡാമിൽ നിന്ന് പ്രത്യേകമായി പുറത്തേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലും വീതിയേറിയ തുംഗഭദ്ര നദിയും വളഞ്ഞു പുളഞ്ഞു ഹോസ്പെററിന്റെ ഹൃദയഭാഗങ്ങളിൽ ലയിക്കുന്നതും ഹോസ്പെറ്റ് പ്രദേശത്തിന്റെ മൊത്തമായ വിഹഗവീക്ഷണവും മറ്റൊരു ദൃശ്യം.


കുന്നിൻ മുകളിലെ റിസോർട്ട് ഹോട്ടൽ 

ഡാം - വ്യൂ പോയിൻറിൽ നിന്നുള്ള ദൃശ്യം

വ്യൂ പോയിന്റിൽ നിന്നുളള ഹോസ്പെറ്റ് ദൃശ്യം

നേരത്തെ അറിയിച്ചിരുന്ന സമയമായപ്പോൾ സന്ദർശകരേയും കേറ്റി ബസ്സ് തിരിച്ചിറങ്ങി. (അതേ ബസ്സിൽ തന്നെ കേറണമെന്ന നിബന്ധനയില്ല). വിശാലമായ ഒരു സമതലത്ത് ബസ്സ് വീണ്ടും നിർത്തി ,എല്ലാവരും പുറത്തിറങ്ങി. അവിടെ ഉണ്ടായിരുന്ന കുറെ പേർ കയറി ആ ബസ്സ് അപ്പോൾ തന്നെ താഴേക്ക് തിരിച്ചു. ഡാമിന്റെ മുകളിൽ കൂടെയുള്ള റോഡിന്റെ തലത്തിൽ തടാകത്തിന്റെ കരയിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. ഈ റോഡിലേക്കുള്ള പ്രവേശന കവാടം പൂട്ടിയിരിക്കുകയാണ്. ഏതാനും അടികൾ മാത്രം താഴെയാണ് തടാകത്തിലെ ജലവിതാനം. ചില സെക്യൂരിറ്റി ഓഫീസുകൾ, പ്രാഥമിക സൗകര്യങ്ങൾ, കാന്റീൻ, സ്നാക്ക് ബാറുകൾ, പൂന്തോട്ടം, ഇരിപ്പിടങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.



കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം, അടുത്ത ബസ്സിന് കാത്ത് നിൽക്കാതെ ഞങ്ങൾ സ്റ്റെപ്പുകൾ ഇറങ്ങി നേരെ താഴെ ഡാമിനു താഴെയുള്ള വിശാലമായ ഉദ്യാനത്തിലെത്തി. ഇവിടെ പ്രവേശനത്തിന് പതിനഞ്ച് രൂപയാണ് ചാർജ്. ഇതിനുള്ളിൽ അരുവികൾ, മൃഗശാല, മാൻ സങ്കേതം, അക്വേരിയം, കാന്റീൻ  തുടങ്ങി പലതുമുണ്ട്. ഏഴര മണിക്ക് തുടങ്ങുന്ന മ്യൂസിക്ക് ഫൗണ്ടൻ കാണാനായി കൂടിയിരിക്കുകയാണ് സന്ദർശകർ അധികവും. ഏറെ ക്ഷീണിതരായ ഞങ്ങളും ഒരു ഭാഗത്തിരുന്നു. പലയിടത്തും കണ്ടതിൽ നിന്നും വ്യത്യസ്ഥമായി ഫൌണ്ടനിൽ ഒന്നുമുണ്ടായില്ലെങ്കിലും വിശ്രമമായിരുന്നു പ്രധാനം. 8 മണിക്ക് മ്യൂസിക്ക് കഴിയുന്നതിന് അൽപം മുമ്പായി പുറത്തിറങ്ങിയതിനാൽ തിരക്കൊഴിഞ്ഞ് അടുത്ത ബസ്സിൽ തിരിച്ച് പോരാൻ കഴിഞ്ഞു. 

കുന്നിന്റെ ഏറ്റവും മുകളിലായി വ്യൂ പോയിൻറ്



പുറത്തെ വാഹന പാർക്കിലെത്തിയപ്പോൾ ബക് ഷ് ചിരിച്ചു കൊണ്ട് കാത്ത് നിൽപുണ്ട്. നല്ല വിഷപ്പുണ്ടായിരുന്നു. കാര്യം മനസ്സിലാക്കിയ ബക് ഷ് ടൗണിലെ പരിചയമുള്ള ഹോട്ടലിലേക്ക് കൊണ്ടു പോകാമെന്നായി. റോഡുകൾ മോശമാണെങ്കിലും തീരെ ചെറുതല്ല ഹോസ്പെറ്റ് ടൗൺ. ഉൾഭാഗം വാസ്തു കലാ ഭംഗിയിൽ നന്നായി അലങ്കരിച്ച ഒരു ഹോട്ടലിന്റെ മുകളിലിരുന്ന് രുചിയുള്ള ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങൾ അടുത്ത ദിവസത്തെ ഹംപി സന്ദർശനത്തെ പറ്റി ചർച്ച ചെയ്തു. ഒരു സ്വന്തം ആളായിക്കഴിഞ്ഞ ബക് ഷ് ഓട്ടോയിൽ  കൊണ്ടു പോയി ഹംപി മുഴുവൻ കാണിക്കാമെന്നു പറഞ്ഞു. ഞങ്ങൾക്കും സന്തോഷമായി. ബസ്സിനും മറ്റും പോയി സമയം നഷ്ടപ്പെടുത്തേണ്ടല്ലൊ. 

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ ഞാൻ കൈയ്യിൽ വെച്ച് കൊടുത്ത 250 രൂപ എണ്ണി നോക്കാതെ, രാവിലെ 10 മണിക്ക് മുമ്പായി യാത്രക്ക് തയാറായി നിൽക്കാൻ മാത്രം നിർദ്ദേശിച്ച് അയാൾ ഓടിച്ചു പോയി. 

( ....... തുടരും)
 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text