Ads 468x60px

Saturday, March 7, 2015

ഖരാപുരിയിലെ കളിവണ്ടി

  • أَفَلَمْ يَسِيرُوا فِي الأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا فَإِنَّهَا لا تَعْمَى الأَبْصَارُ وَلَكِن تَعْمَى الْقُلُوبُ الَّتِي فِي الصُّدُورِ
  • ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച്‌ മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ്‌ അന്ധത ബാധിക്കുന്നത്‌.                                                                           -- വി. ഖുര്‍ആന്‍  22:46

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ്, കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന CIESCO SENIOR CITIZENS' FORUM ത്തിന്റെ ആഭിമുഖ്യത്തില്‍ ഞാനുള്‍പ്പെടുന്ന ഇരുപതില്‍ പരം മുതിര്‍ന്ന പൌരന്മാരുടെ ഒരു സംഘം മുംബൈയില്‍ നാലു ദിവസത്തെ വിനോദ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു. എവിടെയൊക്കെ പോകണമെന്നും സമയം എങ്ങനെയൊക്കെ ചെലവഴിക്കണമെന്നും വ്യക്തമാക്കുന്ന ഒരുറച്ച പദ്ധതി നേരത്തെ ഞങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. ആദ്യദിവസം ചില മാര്‍ക്കെറ്റുകളിലും  പുതിയ കടല്‍ പാലത്തില്‍ (2009 ല്‍ ഗതാഗതത്തിന്  തുറന്നു കൊടുത്ത Bandra - Worli Sea Link) കൂടെയുള്ള യാത്രയിലും ചെലവഴിച്ചു. കൂടെയുണ്ടായിരുന്ന ട്രാവല്‍ എജെന്‍സി ഗൈഡിന്റെ നിര്‍ദ്ദേശമനുസരിച്ച് രണ്ടാം ദിവസം ഞങ്ങള്‍ എലഫന്റ ഗുഹകള്‍ കാണാന്‍ പുറപ്പെട്ടു.


മുംബൈ ഏറെ പ്രാവശ്യം സന്ദര്‍ശിച്ചവരും  മുംബൈയുമായി നല്ല ബന്ധമുള്ളവരുമായ നമ്മില്‍ അധികപേരും ഈ ഗുഹകള്‍ പോയി കാണാന്‍ മെനക്കെട്ടു കാണില്ല. എനിക്കും കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുംബൈ ഫോര്‍ട്ടിനു കിഴക്കായി കരയില്‍ നിന്ന് ഏകദേശം 11 കി. മീ. അകലെയായി സ്ഥിതി ചെയ്യുന്ന  2500 ഏക്കര്‍ വിസ്തീര്‍ണമുള്ള ഖരാപുരി എന്നറിയപ്പെടുന്ന ഒരു ചെറിയ ദ്വീപിലാണ് എലെഫന്റ ഗുഹകള്‍. 





ഹോട്ടലില്‍ നിന്ന് ഞങ്ങള്‍ രാവിലെ തന്നെ പുറപ്പെട്ടുവെങ്കിലും മുംബൈ റോഡിലെ തിരക്ക് കടന്ന്, പ്രസിദ്ധമായ താജുമഹല്‍ ഹോട്ടലിന്റെയും ഇന്ത്യാ ഗെറ്റിന്റെയും സമീപമുള്ള ജെട്ടിയില്‍ എത്തുമ്പോള്‍ പന്ത്രണ്ട് മണി ആയിരുന്നു. ദ്വീപില്‍ പോകാനുള്ള ടിക്കെറ്റുകള്‍ വാങ്ങി, സ്ഥിരം സര്‍വീസ് നടത്തുന്ന യാത്രാബോട്ടുകളില്‍ ഒന്നില്‍ ഞങ്ങള്‍ സീറ്റ്പിടിച്ചു. വിനോദസഞ്ചാരികള്‍ ധാരാളമുള്ള സമയമായതിനാല്‍ പെട്ടന്ന് തന്നെ ബോട്ട് നിറഞ്ഞു. ഏകദേശം നൂറോളം യാത്രക്കാരുമായി ബോട്ട് പുറപ്പെട്ടു. ടാജുമഹല്‍ ഹോട്ടലും ഇന്ത്യാ ഗേറ്റും പിന്നില്‍ അപ്രത്യക്ഷമായി.




മുന്നോട്ടു നീങ്ങുന്ന ബോട്ടിന്റെ ഇടതു വശത്തായി സമുദ്രതലത്തില്‍ കപ്പലിലേക്കും തിരിച്ചും എണ്ണ കൊണ്ടുപോകുന്ന വലിയ പൈപ്പുകള്‍ ഏറെ നീളത്തില്‍ കാണാം. അതവസാനിക്കുന്നിടത്തായി റിഫൈനറിയും. ആ ദിശയില്‍ തന്നെ ദൂരെ കാണുന്നത് ബാബാ ആറ്റമിക് റിസേര്‍ച് സെന്റര്‍ ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു.




ഞങ്ങളുടെ ലക്ഷ്യമായ ദ്വീപ്‌ ഒരു വലിയ മലയായി ദൂരെ കണ്ടു തുടങ്ങി. പച്ച പിടിച്ച മലയുടെ ഓരങ്ങളില്‍ തീരെ ചെറിയ വീടുകള്‍ ആയിരിക്കാം കുറെ എണ്ണം അങ്ങുമിങ്ങുമായുണ്ട്. യാത്ര തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞാണ്, കടലിലേക്ക് നീട്ടിയ ഒരു വാല് പോലെ തോന്നിക്കുന്ന കരയുടെ അഗ്രത്തുള്ള ജെട്ടിയില്‍ ഞങ്ങളുടെ ബോട്ട് അടുത്തത്‌.  ബോട്ടില്‍ നിന്ന്  ഞങ്ങള്‍ ഇറങ്ങുമ്പോഴേക്കും നിറയെ സഞ്ചാരികളുമായി അടുത്ത ബോട്ട് എത്തിയിരുന്നു.





തീരെ വീതി കുറഞ്ഞ ഒരു റയില്‍ പാളവും  വഴിയോര കച്ചവടക്കാര്‍ നിരന്നിരിക്കുന്ന നടപ്പാതയും മാത്രം ആയിരുന്നു സുമാര്‍ 700 മീറ്റര്‍ നീളമുള്ള ആ "വാലില്‍". കുട്ടികളുടെ പാര്‍ക്കിലൊക്കെ സാധാരണ കാണാറുള്ളത് പോലെയുള്ള ഒരു ട്രെയിന്‍ (കളിവണ്ടി എന്ന് പറയുന്നതാവും ഉചിതം.) ശബ്ദമുണ്ടാക്കിക്കൊണ്ട് അപ്പോഴേക്കും അവിടെ വന്നു നിന്നു. പുറത്തെ കൌണ്ടറില്‍ നിന്ന്  ടിക്കെറ്റെടുത്ത്  പലരും വണ്ടിയില്‍ കയറിയിരിക്കാന്‍ തുടങ്ങി. ഞങ്ങളും മടിച്ചു നിന്നില്ല. പെട്ടന്ന് നിറഞ്ഞ വണ്ടി ചൂളം വിളിച്ച്  ഒരു പ്രത്യേക ശബ്ദത്തോടെ മുന്നോട്ടു നീങ്ങി. തികച്ചും ഒരു കളിവണ്ടിയില്‍ കയറിയ അനുഭൂദിയാണ് അപ്പോള്‍ അനുഭവപ്പെട്ടത്. സമാന്തരമായി നടപ്പാതയില്‍ കൂടെ ധാരാളം പേര്‍ കച്ചവടക്കാരെ ബന്ധപ്പെട്ടും അല്ലാതെയും നടക്കുന്നുണ്ടായിരുന്നു.  ജെട്ടി കരയുമായി ബന്ധിപ്പിക്കുന്ന ഈ പാത അവസാനിക്കുന്നിടത്ത് ആണ്  ഈ ദ്വീപിലെ ഏക വാഹനമായ ട്രെയിന്‍ നിര്‍ത്തിയത്. ഞങ്ങള്‍ കൊച്ചുകുട്ടികളുടെ കൌതുകത്തോടെ പുറത്തിറങ്ങി. യാത്രക്കാര്‍ ഇറങ്ങുന്നതിനനുസരിച്ച്  തിരിച്ചു പോകാനുള്ളവര്‍ കയറിയ  വണ്ടി മടക്കയാത്ര തുടങ്ങി.


മഹാരാഷ്ട്ര സര്‍ക്കാര്‍ ഞങ്ങളെ  എലഫന്റയിലേക്ക്  ഹൃദ്യമായി സ്വാഗതം ചെയ്തു.


നല്ല വെയിലുള്ള ഉച്ചസമയമായിരുന്നിട്ടും തീരെ ചൂടോ വിയര്‍പ്പോ അനുഭവപ്പെടുന്നില്ലായിരുന്നു. കൂടാതെ സുഖപ്രദമായ നേരിയ തണുപ്പുള്ള കാറ്റും. കുറച്ചു ചെറിയ ഹോട്ടലുകളും മറ്റ് കടകളും ടോയിലെറ്റ്  സൌകര്യങ്ങളും മാത്രമേ മലയുടെ അടിഭാഗമായ ഇവിടെ കാര്യമായി കണ്ടുള്ളൂ. 

ഇനി മുകളിലേക്ക് കയറുന്ന കരിങ്കല്ല്  പടുത്തുണ്ടാക്കിയ പടവുകളാണ്. കുറച്ചു പടവുകള്‍ക്ക്  ശേഷം ഇടക്കിടെയായി സമതലം ഉണ്ട്. ഏകദേശം രണ്ടു മീറ്റര്‍ വീതിയിലുള്ള വഴിയാണ് ഈ പടവുകള്‍. ഇരുവശങ്ങളിലും  മുഴുനീളം വഴിക്കച്ചവടം തന്നെ. ഇടയ്ക്കു ചെറിയ ഹോട്ടലുകളും. വെജ്, നോണ്‍വെജ് , ഫാസ്റ്റ്, കഫെ - അങ്ങനെ പോകുന്നു.


















പ്രായം കൊണ്ടും മറ്റും സ്വയം മുകളിലേക്ക്  കേറാന്‍ ബുദ്ധിമുട്ട് ഉള്ളവര്‍ക്കായി  നാലുപേര്‍ ചുമലില്‍ വഹിക്കുന്ന കസേര ഘടിപ്പിച്ച പല്ലക്ക് ധാരാളം നിരത്തി വെച്ചതും ഇടയ്ക്കു ചിലരെ പല്ലക്കില്‍ ഏറ്റികൊണ്ടുപോകുന്നതും കാണാനുണ്ടായിരുന്നു. ഒരാളെ മുകളിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ ആയിരം രൂപയാണത്രേ ചാര്‍ജ്.




പടവുകള്‍ കയറിയും ഇടയ്ക്കു വിശ്രമിച്ചും ഭക്ഷണം കഴിച്ചും (കുറച്ചുപേര്‍ ഇടയ്ക്കു നിര്‍ത്തിയും) ഞങ്ങള്‍ മലയുടെ ഏകദേശം പകുതി ഉയരത്തിലുള്ള സമതലത്തില്‍ എത്തി. 


ഇവിടെ ഇടതു ഭാഗമായാണ് പ്രധാന ഗുഹകള്‍ സ്ഥിതി ചെയ്യുന്നത്. പ്രവേശന ഫീസ്‌  കൊടുത്ത്  ഗേറ്റ് കടന്നാല്‍ ഏറ്റവും വലുതായ ഒന്നാമത്തെ ഗുഹയാണ്. കരിങ്കല്‍ മലയുടെ ഉള്ളിലേക്കായി കവാടങ്ങളും വലിയ കൊത്തുപണികളുള്ള തൂണുകളും കടന്നു വ്യത്യസ്ത മുറികളിലേക്ക് നാം നടക്കുമ്പോള്‍ ഒരു വലിയ കെട്ടിടത്തിന്റെ ഉള്ളില്‍ കേറിയ പോലെ തോന്നും. ഏറെ അറകളുള്ള ഗുഹയുടെ അകത്തു ധാരാളം വലിയ ശില്പങ്ങളും ചുമരിലൊക്കെ ആശ്ചര്യപ്പെടുത്തുന്ന  കൊത്തുപണികളും ഉണ്ട്. പണ്ടെന്നോ ഇവ പെയിന്റ് ചെയ്തതായിരിക്കാം, മങ്ങിയ ചാര നിറമാണ്‌ പൊതുവെ എല്ലായിടത്തും കാണുന്നത്. 


ഹിന്ദു പുരാണത്തിലെ ശിവന്‍റെ ത്രിമൂര്‍ത്തി അവതാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇവിടത്തെ ശില്പങ്ങളും മറ്റ് കൊത്തുപണികളും ചരിത്ര പരമായി ഇനിയും കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടില്ല എന്നാണ് അറിയുന്നത്. മാനുഷിക നിര്‍മിതമല്ല എന്നുപോലും അഭിപ്രായമുണ്ട്.  


മലയുടെ പാര്‍ശ്വ ഭാഗത്തെ സമതലങ്ങളില്‍ കൂടെ ഇനിയും മുന്നോട്ടു നടന്നാല്‍ അടുത്ത നാല് ഗുഹകള്‍  കൂടെ  കാണാം. ഇടയ്ക്കു ഇരുന്നു വിശ്രമിക്കാന്‍ പറ്റിയ മേല്കൂരയുള്ള  ഇരിപ്പിടങ്ങളുണ്ട്. 



മലയുടെ ഏകദേശം പിന്‍ ഭാഗമായാല്‍  കുറച്ചു താഴെയായി പാറയില്‍ തന്നെയുള്ള ഒരു വലിയ തടാകം മുകളില്‍ നിന്ന് കാണാം. വേനല്‍ക്കാലമായതിനാല്‍  നിറയെ  വെള്ളം  ഉണ്ടായിരുന്നില്ല. അപ്പുറം ദൂരെ കടല്‍ കാണുന്നുണ്ട്. ഇനിയും മുന്നോട്ട് ഇറങ്ങിപോകുവാനുള്ള പടവുകള്‍ ആണ്. ക്ഷീണിതരായതിനാല്‍ ഞങ്ങള്‍ അവിടെ ഇറങ്ങാതെ പോയ വഴിയെ  തിരിച്ചു നടന്നു. മുന്‍ ഭാഗത്ത് എത്തിയപ്പോള്‍ മുകളില്‍ നിന്ന്  താഴോട്ട് നോക്കിയാല്‍  റയില്‍ പാതയും ജെട്ടിയും കാണാമായിരുന്നു.



സമയം നാല് മണി കഴിഞ്ഞുവെങ്കിലും ഞങ്ങള്‍  പടവുകള്‍  ഇറങ്ങി വരുമ്പോള്‍ ധാരാളം പേര്‍ മുകളിലേക്ക് കേറുന്നുണ്ടായിരുന്നു. ഇടയ്ക്കു പലയിടത്തുമായി വിശ്രമിക്കുകയായിരുന്ന ഞങ്ങളുടെ സംഘത്തിലെ ചിലര്‍ കൂടെ ചേര്‍ന്ന് ഞങ്ങള്‍ താഴെയെത്തി.  

ടോയിലെറ്റിലൊക്കെ പോയ ശേഷം ലഘു ഭക്ഷണവും കഴിച്ചു  അധികം കാത്തുനില്‍ക്കാതെ തന്നെ ഞങ്ങള്‍ ട്രെയിനില്‍  കയറി ജെട്ടിയില്‍ എത്തി. അപ്പോള്‍ തന്നെ പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന ബോട്ടുമുണ്ടായിരുന്നു. 


കാറ്റില്‍ ആടിയുലഞ്ഞു കൊണ്ടിരുന്ന ബോട്ടില്‍ തിരമാലകള്‍ അടിച്ചുള്ള വെള്ളം വീഴുന്നത് രസമായി തോന്നി. ഇടക്കൊക്കെ വലിയ ഒച്ചയില്‍ സംസാരിച്ചു കൊണ്ടിരുന്ന ഞങ്ങളുടെ ഡ്രസ്സും നനയുന്നുണ്ട്. അകലെ ചുവന്ന സൂര്യന്‍ താഴോട്ടു ഇറങ്ങിപ്പോകുന്നതും ഒരു സുന്ദര ദൃശ്യമായി. ഏതായാലും വൈകുന്നേരത്തെ ആ ബോട്ടുയാത്ര വളരെയധികം ആനന്ദകരമായിരുന്നു. ഗേറ്റ് വേക്കടുത്ത് ഞങ്ങള്‍ ബോട്ടിറങ്ങുമ്പോള്‍  അസ്തമയം കഴിഞ്ഞിരിക്കുന്നു.



 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text