Ads 468x60px

Wednesday, November 20, 2013

"ബലീപ്പാ, ഹ്ക്കൂള്‍, നാള പോകാ.."

"ബലീപ്പാ, ഹ്ക്കൂള്‍,  നാള  പോകാ.." 

ഇതാണ് ദിവസവും രാവിലെ എഴുന്നേറ്റ ഉടനെ മൂന്നര വയസ്സുകാരന്‍  അസിം ഖയാല്‍ എന്നോട്  വന്നു പറയുന്നതു . കളിക്കാനുള്ള  സൌകര്യങ്ങളും സാമഗ്രികളും കൂടുതലില്ലാത്ത പ്ലേ സ്കൂള്‍ ആയതു കൊണ്ടായിരിക്കാം ഒരു പക്ഷെ സ്കൂളില്‍ പോകുന്നതിന്നു പ്രത്യക്ഷത്തിലുള്ള അവന്റെ മടിയും അടുത്ത ദിവസത്തേക്കുള്ള നീട്ടിവെപ്പും അല്ലെങ്കില്‍ വീട്ടിലെ കളികളായിരിക്കും അവന്ന്‍ കൂടുതലിഷ്ടം ആര്‍ഭാടങ്ങള്‍ കുറവാണെങ്കിലും വീട്ടിനടുത്ത് തന്നെയായത് കാരണമാണ് ആ സ്കൂള്‍ തന്നെ മതിയെന്ന് ഞങ്ങള്‍ കരുതിയത്. 

ഞാന്‍ സമ്മതം മൂളിയാലോ മറ്റു വിധത്തില്‍ താല്‍കാലികമായി സമ്മതിച്ചാലോ തുടര്‍ന്ന് കൊണ്ടേയുള്ള അവന്റെ നീട്ടിവെപ്പ് പ്രഖ്യാപനം അവന്‍ നിര്‍ത്തില്ല, അന്തിമമായി ഞാന്‍ അതേറ്റു പറയുന്നത് വരെ. 

"ങാ.  സ്കൂളില്‍ നാളെ പോകാം". 

തിരിച്ചു വരുമ്പോള്‍ ചോക്കി (ചോക്ലറ്റ്) വാങ്ങി തരാമെന്നോ ളുളു (ലു ലു) വില്‍ പോകാമെന്നോ അല്ലെങ്കില്‍ അവനിഷ്ടമുള്ള  മറ്റു വല്ലതും നല്‍കാം എന്നോ പറഞ്ഞു ഫലിപ്പിച്ച് പത്ത് മണിയാവുമ്പോള്‍ മിക്ക ദിവസവും അവനെ കുളിപ്പിച്ച് ഡ്രസ്സ്‌ മാറ്റി ഒരു വിധത്തില്‍  പുറത്തിറക്കാന്‍ കഴിയുന്നുണ്ട്.  ഇതിനിടെ അവന്‍ എത്രയോ തവണ നീട്ടിവെപ്പ് പ്രഖ്യാപന പരമ്പര ആവര്‍ത്തിച്ചു കാണും. എന്റെ  ഏറ്റുപറച്ചിലും. 

"ബലീപ്പാ, ഹ്ക്കൂള്‍, നാള  പോകാ.." 
" ങാ. സ്കൂളില്‍ നാളെ പോകാം". 


ഒന്നാലോചിക്കുമ്പോള്‍ അവന്റെ നീട്ടിവെപ്പ്  സാരമാക്കാനില്ല. എങ്കിലും ഈ ചെറുപ്രായത്തില്‍ തന്നെ മനസ്സില്‍ നീട്ടിവെപ്പിന്റെ വിത്ത്  മുളച്ചതായി അറിയുമ്പോള്‍ അത്ഭുതത്തിന്  വകയുണ്ട്.

        *             *             *             *             *           * 

നമ്മളില്‍ ഭൂരിപക്ഷവും പൊതുവില്‍ സമാന സ്വഭാവങ്ങളുടെ തീക്ഷണ ദശയില്‍ ഉള്ളവരാണ്. ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ സ്വയം പല കാരണങ്ങള്‍ ഉന്നയിച്ചു അടുത്ത ദിവസങ്ങളിലേക്ക് മാറ്റി വെക്കുകയും അടുത്ത ദിവസങ്ങളില്‍ വീണ്ടും വീണ്ടും മാറ്റിവെക്കുകയും ചെയ്യുന്ന നമ്മുടെ മാനസിക അവസ്ഥയാണ്‌ സൂചിപ്പിക്കുന്നത്. അവസാനം ജോലികള്‍ ചെയ്തു തീര്‍ക്കേണ്ട അന്തിമ സമയം ആവുമ്പോള്‍ ധൃതി കൂട്ടി എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുകയാണ്  നമ്മുടെ പതിവ്.  

ഉത്തരവാദപ്പെട്ട സാധാരണ ജോലികള്‍ മാറ്റിവെച്ചു ആനന്ദകരവും എളുപ്പവുമായ കാര്യങ്ങള്‍ ചെയ്യുന്നതും, ഒരു ജോലി ചെയ്യാന്‍ നിശ്ചയിച്ച സമയവും അത്  പ്രായോഗികമായി ചെയ്യുന്ന സമയവും തമ്മില്‍ പറയത്തക്ക വലിയ കാലാന്തരം ഉണ്ടാവുന്നതും നീട്ടിവെപ്പിന്റെ ലക്ഷണങ്ങള്‍ ആണ്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും ഔദ്യോഗിക ജീവിതത്തെയും വളരെയധികം പ്രതികൂലമായി ബാധിക്കുന്ന ഈ സ്വഭാവം ഒരു അസുഖമായി മാനസിക ശാസ്ത്ര ഗവേഷകര്‍ കണക്കാക്കുന്നു. സാമൂഹികവും രാഷ്ട്രീയവുമായ പുരോഗതിയുടെയും  ഉത്‌പാദന ശേഷിയുടെയും തളര്‍ച്ചയുടെ ഒരു പ്രധാന കാരണം ഈ അസുഖമാണ്. പ്രത്യക്ഷത്തില്‍ ഇത് പലര്‍ക്കും അംഗീകരിക്കാന്‍ പ്രയാസമാണെങ്കിലും എതു ജോലിയും കൃത്യ സമയത്ത് തുടങ്ങുകയും ശരിയായ പദ്ധതി അനുസരിച്ച് ചെയ്ത് തീര്‍ക്കുകയും ചെയ്യുമ്പോള്‍ ഉത്പാദന ശേഷി വളരെയധികം മെച്ചപ്പെടുമെന്നു എല്ലാവരും സമ്മതിക്കുന്നു.

പലര്‍ക്കും ജോലികള്‍ മാറ്റി വെക്കുകയെന്നത് അവരുടെ ഇംഗിതങ്ങള്‍ ആണെങ്കിലും  ഉപരി ഒരു സ്വഭാവ വിശേഷമാണ്. ജോലികള്‍ ക്ലിപ്ത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കുന്നതിന്നു പ്രാധാന്യവും മുന്‍ ഗണനയും നല്‍കുകയെന്നത് വളരെയധികം പ്രയാസമുള്ള കാര്യമാണവര്‍ക്ക്.  എന്ത് ജോലിക്കും നല്ല മൂഡും (mood) മുഹൂര്‍ത്തവും വന്നു ചേരാന്‍ കാത്തിരിക്കുകയാണ് എപ്പോഴും. 

ചെയ്യാനുള്ള ജോലി എന്തോ വലിയ നിലയില്‍ ചെയ്യേണ്ടതാണെന്നും തങ്ങള്‍ക്കു അപ്രകാരം ചെയ്യാനുള്ള ശാരീരികവും സാങ്കേതികവുമായ  കഴിവ് ഉണ്ടോയെന്നും വേണ്ടത്ര സമയം ലഭിക്കുമോയെന്നും അവര്‍ ഭയക്കുകയും സംശയിക്കുകയും ചെയ്യുന്നു. അസൌകര്യവും ആകുലതയും ഉളവാക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ മടിക്കുന്നു. പക്ഷെ ചെയ്യാതിരുന്നാല്‍ ജോലി തനിയെ ഇല്ലാതാവുന്നില്ല, മറ്റൊരാള്‍ അത് ചെയ്യുന്നുമില്ല  എന്നതിനാല്‍ അവര്‍ക്ക് സംഘര്‍ഷം കൂടുന്നു. ജോലിയില്‍ വന്ന അനാസ്ഥയില്‍ കുറ്റബോധം തോന്നുകയും അതു പരിഹരിക്കുന്നതിന് ശ്രമിക്കാതെ കുറ്റബോധത്തില്‍ നിന്ന്  സ്വയം അകന്നു നീട്ടിവെപ്പ്  തുടരുകയും ചെയ്യുന്നു. നീട്ടിവെപ്പ് പതിവാക്കിയവര്‍ അവരെന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നുവെന്നു ചിന്തിക്കുന്നില്ല. ഇങ്ങനെ ഒക്കെ മതി എന്നൊരു ധാരണ മാത്രമാണവര്‍ക്ക്. ചിലപ്പോള്‍  ജോലി നിസ്സാരവല്‍ക്കരിച്ചാണ്  നീട്ടിവെക്കുന്നത്.

ദിനേന വ്യത്യസ്തങ്ങളായ ധാരാളം ജോലികള്‍ ചെയ്തു തീര്‍ക്കാനുള്ളവര്‍ക്ക് ഈ നീട്ടിവെപ്പ് സ്വഭാവം ദൂരീകരിച്ച്‌ കൂടുതല്‍ വിശ്വാസ്യതയും ഉത്പാദന ക്ഷമതയുമുള്ള വ്യക്തികളാകാന്‍ തോന്നുന്നുവെങ്കില്‍ ഇനി പറയുന്ന ചില പൊടിക്കൈകള്‍ പരീക്ഷിക്കാവുന്നതാണ്.  

ചെയ്യാനുള്ള ജോലികളുടെ മുന്‍ഗണന അടിസ്ഥാനമാക്കി  ഒരു ദൈനംദിന സമയക്രമ പട്ടിക  ഉണ്ടാക്കുകയാണ് ഏറ്റവും പ്രധാനമായത്. കൂടുതല്‍ കാലയളവ് വേണ്ടുന്ന ജോലികള്‍ പറ്റുമെങ്കില്‍  സൌകര്യപ്രദമായി വിഭജിച്ച്  ചേര്ക്കാവുന്നതാണ്‌. ജോലികള്‍ക്ക് വേണ്ട സമയം ക്ലിപ്തപ്പെടുത്താന്‍ ഇത് സഹായമാവും. മൊബൈലില്‍ ഇപ്പോള്‍ ലഭ്യമായ ധാരാളം വിവരണങ്ങളും പദ്ധതികളും അടങ്ങിയ അപ്ലിക്കേഷന്‍ അല്ലെങ്കില്‍ കലണ്ടര്‍ ആവശ്യകത അനുസരിച്ച് തെരഞ്ഞെടുത്ത്  ഉപയോഗിക്കാനും  പറ്റും.

ഓരോ ദിവസവും അതാതുദിവസത്തെ പട്ടിക പരിശോധിച്ചു ജോലികള്‍ ചെയ്തു തുടങ്ങാം. സമയോചിതമായി പട്ടികയിലെ ഏറ്റവും വലിയ കാര്യം ആദ്യം ചെയ്തു തീര്‍ക്കുകയാണെങ്കില്‍ കൂടുതല്‍  ഉത്പാദന ക്ഷമതയും ബാക്കി കാര്യങ്ങള്‍  ചെയ്യാനുള്ള മാനസികമായ തിടുക്കവും കൂടും എല്ലാം ചെയ്തു തീര്‍ക്കണമല്ലോ എന്ന ഭീതി കലര്‍ന്ന  ചിന്ത ഒഴിവാക്കി ഒരേ സമയം ഒന്ന്  മാത്രമായി ജോലി ചെയ്യുക. 

വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും മറ്റു വിശ്രമങ്ങളില്‍ മുഴുകുന്നതും ജോലിക്ക് ശേഷമായിരിക്കുക സമയം ആവശ്യത്തില്‍ കൂടുതല്‍ ലഭ്യമാണെങ്കിലും ഈ രീതി തന്നെ പാലിക്കുക. അങ്ങനെയാവുമ്പോള്‍ ജോലി ചെയ്തു കഴിഞ്ഞ മാനസികമായ ആശ്വാസവും സംതൃപ്തിയും കാരണം  വിനോദവും വിശ്രമവും കൂടുതല്‍  ആസ്വാദ്യകരമാവും.

ചെയ്യുന്ന ജോലികളെ ഒരിക്കലും തരം താഴ്ത്തി കാണാതിരിക്കുക. ഓരോ ജോലിക്കും  ആവശ്യമായ തയാറെടുപ്പും ബുദ്ധിമുട്ടും കാലയളവും വേണ്ട വിധത്തില്‍  തിട്ടപ്പെടുത്തുകയും അതിനനുസരിച്ച് സമയവും സൌകര്യവും കണ്ടെത്തുകയും ചെയ്യുക. ചെയ്യുന്ന എല്ലാ ജോലിയിലും അതീവ വൈദഗ്ധ്യം അനിവാര്യമാണെന്ന ചിന്ത ഉപേക്ഷിക്കുകയും സ്വന്തം കഴിവ് മനസ്സിലാക്കുകയും ചെയ്യുക.

ഒന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുവാന്‍ സ്വയം അനുവദിക്കാതിരിക്കുക.  മനസ്സില്‍  ഇങ്ങനെ ഒരു മുന്‍ കരുതല്‍ ഉണ്ടായിരുന്നാല്‍ , വെറുതെയിരിക്കുമ്പോള്‍ ഉപബോധ മനസ്സില്‍ ഒരു അലാറം ഓര്‍മ്മപ്പെടുത്താന്‍ ഉണ്ടാകും. (ഇതെന്റെ അനുഭവത്തില്‍ നിന്ന് തന്നെയാണ്). എങ്കിലും അനിവാര്യമായ വിശ്രമത്തിന് പ്രത്യേകം സമയം കണക്കിലെടുക്കണം. വിശ്രമവും വെറുതെ ഇരിക്കലും  ഒരു പോലെയല്ല. 

ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെടുകയും താല്പര്യമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ സൌകര്യപൂര്‍വ്വം  ചെറിയ ഇടവേള ആകാം ഒന്ന്‍ മയങ്ങാനോ അഭിരുചിയുള്ള എന്തെങ്കിലും വായിക്കാനോ കൂട്ടുകാരുമായി സല്ലപിക്കാനോ ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാനോ ഈ സമയം ഉപയോഗപ്പെടുത്താം. തിരിച്ചു വീണ്ടും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇത് മൂലം കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും കൂടുതല്‍ ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു.

സ്വന്തം ഉത്തരവാദിത്വങ്ങളെ പറ്റി ബോധവാന്മാരായിരിക്കുക. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മാത്രം ജോലി ചെയ്യുന്ന രീതി ഒഴിവാക്കുക. കാലപരിധിയില്ലാത്ത ജോലികള്‍ക്ക് സ്വയം പരിധി നിശ്ചയിക്കുക. ജോലി ചെയ്ത് തീര്‍ക്കുന്നതിനു സമ്മാനവും അലസതക്ക് ശിക്ഷയും സ്വയം ഏര്‍പ്പെടുത്തുന്നത് തമാശയായി തോന്നുമെങ്കിലും കാര്യമായി എടുക്കാം. നീട്ടിവെപ്പ് കാരണമായുണ്ടാകുന്ന പ്രയാസങ്ങളും നഷ്ടങ്ങളും മനസ്സില്‍ കാണുക. ജോലി യഥാസമയം  ചെയ്തു തീര്‍ത്താല്‍ ലഭ്യമാവുന്ന ഒഴിവു സമയം, മാനസിക സ്വസ്ഥത, പണം, മറ്റു നേട്ടങ്ങള്‍ എന്നിവ മനസ്സില്‍ കണ്ടുകൊണ്ട് ജോലി തുടരുകയാണെങ്കില്‍ ലക്ഷ്യപ്രാപ്തി എളുപ്പമായിരിക്കും. 

ജോലികള്‍ സ്വയം ചെയ്ത് തീര്‍ക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ പ്രാപ്തരായ കൂട്ടുകാരുടെയോ കുടുംബാംഗങ്ങളുടെയോ സഹായം തേടാം. അവരെ മേല്‍നോട്ടത്തിനായി ഏര്‍പ്പാട് ചെയ്യാം. എങ്കിലും അവര്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് നീട്ടിവെപ്പ് തന്നെ.  

നീട്ടിവെപ്പ് സ്വഭാവം തനിക്കുണ്ടെന്ന് സ്വയം തിരിച്ചറിയുന്നതും അതിന്നുള്ള കാരണങ്ങള്‍ കണ്ടെത്തുന്നതും ഒരു പരിഹാര മാര്‍ഗമാണ്. കാര്യങ്ങളില്‍ എളുപ്പവും വേഗത്തിലും തീരുമാനങ്ങള്‍ എടുക്കുന്ന ശീലം ആര്‍ജ്ജിക്കുകയാണ് മറ്റൊന്ന്.

     *             *             *             *             *            *             *             *

അനുബന്ധം (അഥവാ ഒരു കുറ്റസമ്മതം) : ഈ പോസ്റ്റ്‌ എഴുതാന്‍ തീരുമാനിച്ചിട്ട് ദിവസങ്ങള്‍ കുറെയായി. പക്ഷെ പട്ടികയില്‍ നിന്ന് പട്ടികയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.


50 comments:

  1. ജോലി ചെയ്യാനുള്ള മടിയാണ്- നീട്ടിവെപ്പിന്ന് പ്രധാന കാരണം. അഞ്ചു മിനുട്ടുകൊണ്ട് ചെയ്യാവുന്നത് ആഴ്ചകളോളം ചെയ്യാതിരിക്കുന്നത് നാളെ ചെയ്യാം എന്ന മാറ്റിവെപ്പു കാരണമാണ്.

    ReplyDelete
  2. നാളെ നാളെയ്ക്ക് നീട്ടിവെക്കുന്ന സ്വഭാവമാണ് മിക്കവരുടെയും.
    അവസാനം എല്ലാംകൂടി കൂമ്പാരമാകുമ്പോള്‍ ചക്രശ്വാസം വലിക്കേണ്ട
    ഗതികേടും.അപ്പോഴാണ്‌ ആലോചിക്കുക ഇതൊക്കെ അപ്പപ്പോഴൊ
    ചെയ്തിരുന്നെങ്കിലെന്ന്........
    കുറിപ്പ് നന്നായിരിക്കുന്നു സാര്‍
    ആശംസകള്‍

    ReplyDelete
    Replies
    1. സമാന ചിന്തകള്‍ക്ക് നന്ദി.

      Delete
  3. നാളെ നാളെ, നീളെ നീളേ...

    പിന്നെ പ്രോടക്ടിവിറ്റി കൂട്ടാനുള്ള ഒരു എളുപ്പവഴി, ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടെങ്കില്‍ ഏറ്റവും എളുപ്പമുള്ളവ ആദ്യം ചെയ്തു തീര്‍ക്കുക. അപ്പോള്‍ ഏറെക്കുറെ ചെയ്തു തീര്‍ന്നല്ലോ എന്നൊരു ബോധ്യവും ആത്മവിശ്വാസവും മനസിനുണ്ടാകും.

    ReplyDelete
    Replies
    1. അതെ, എളുപ്പമുള്ളവയാണ് കൂടുതല്‍ ഉള്ളതെങ്കില്‍ നല്ലത് .

      Delete
  4. നീട്ടി വെപ്പ് മടിയുടെ കൂടപ്പിറപ്പാണ്.. മിക്കവര്‍ക്കും ഉണ്ടാകും അത്..വളരെ കാര്യപ്രസക്തമായി അവതരിപ്പിച്ചു..

    ReplyDelete
    Replies
    1. മടിയന്മാര്‍ മല ചുമക്കട്ടെ.

      Delete
  5. സുഖം കൂടുതല്‍ വേണം എന്ന ചിന്തയായിരിക്കുമോ ഇപ്പോള്‍ കുട്ടികളില്‍ എല്ലാരിലും കാണുന്ന ഈ രീതി എന്ന് സംശയം തോന്നുന്നു. എന്ത് പറഞ്ഞാലും പിന്നെ എന്ന ഉത്തരവും എന്നിട്ട് പകരം വേരുതെയിരിക്കലും.
    നന്നായി അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. സുഖിക്കാനായി ജനിച്ചവര്‍ നമ്മള്‍

      Delete
  6. നാളെ വായിക്കാം!!!!

    ReplyDelete
  7. ജോലിയില്‍ ഏകാഗ്രത നഷ്ടപ്പെടുകയും താല്പര്യമില്ലായ്മ അനുഭവപ്പെടുകയും ചെയ്യുമ്പോള്‍ സൌകര്യപൂര്‍വ്വം ചെറിയ ഇടവേള ആകാം ഒന്ന്‍ മയങ്ങാനോ അഭിരുചിയുള്ള എന്തെങ്കിലും ‘വായിക്കാനോ കൂട്ടുകാരുമായി സല്ലപിക്കാനോ ഇഷ്ടമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാനോ ഈ സമയം ഉപയോഗപ്പെടുത്താം. തിരിച്ചു വീണ്ടും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഇത് മൂലം കൂടുതല്‍ ഉന്മേഷം അനുഭവപ്പെടുകയും കൂടുതല്‍ ജോലി ചെയ്തു തീര്‍ക്കാന്‍ കഴിയുകയും ചെയ്യുന്നു.‘
    ഇതിലുള്ളതെല്ലാം നല്ല സജഷനുകൾ തന്നേയാണ് കേട്ടൊ ഭായ്

    ReplyDelete
  8. "ഒന്നും ചെയ്യാതെ സ്വസ്ഥമായിരിക്കുവാന്‍ സ്വയം അനുവദിക്കാതിരിക്കുക",
    അങ്ങനെ ഇരുന്നാൽ രോഗം വരുമെന്ന്, അനുഭവങ്ങളിൽ നിന്നുള്ള അറിവാണ്.

    ReplyDelete
    Replies
    1. സ്വയം ഉപയോഗ ശൂന്യരാവുകയാണ്.

      Delete
  9. പണ്ടു സമയത്തെ പറ്റിയും ക്ലോക്കിന്റെ എണ്ണത്തെപ്പറ്റിയും നമ്മള്‍ ചര്‍ച്ച ചെയ്തതോര്‍മ്മ വന്നു. ഒരിക്കല്‍ കോട്ടുവായിടുന്നതിനെ പറ്റി ഒരു ലേഖനം വായിച്ചു.,അതവസാനിച്ചതിങ്ങനെയായിരുന്നു. ഇതു വായിച്ചു തീരുമ്പോഴേക്കും നിങ്ങള്‍ കൊട്ടുവാ ഇട്ടിട്ടുണ്ടായിരിക്കും. അതു പോലെ. നല്ല നിരീക്ഷണങ്ങള്‍.

    ReplyDelete
    Replies
    1. ഞാനും ഓര്‍ക്കുന്നു.......പ്രായോഗിക ചിന്താ സൃഷ്ടികള്‍

      Delete
  10. ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കുവാന്‍ എന്നത്‌ ഇനി മാറ്റി പിടിക്കാം .എല്ലാത്തിനും ഒരു ഇടവേള നല്ലതാണു അല്ലെ

    ReplyDelete
    Replies
    1. ഇങ്ങനെയും ഒരു ഇടവേള ........

      Delete
  11. നാളെ വായിച്ചാലോ എന്ന് നീട്ടി വെക്കാൻ വിചാരിച്ചതാണ്..എല്ലാവാരുടെയും കാര്യങ്ങൾ ഇങ്ങിനെ തന്നെ ആണല്ലേ..

    ReplyDelete
    Replies
    1. ഒരു മാറ്റം സംഭവിച്ചതില്‍ ചാരിതാര്‍ത്ഥ്യം ഉണ്ടല്ലേ....

      Delete
  12. നല്ല ചിന്തകൾ വി.പി. ഞാനും ഒരു മടിയനാണ്...പക്ഷേ എന്റെ മടികൾ ഇന്നലെ ഉണ്ടായതാണ്. അസുഖം മടിക്ക് ഒരു കാരണമാണ്.പക്ഷേ ജീവിതത്തിൽ ചെയ്തു തീർക്കാനുള്ള പലതും ചെയ്തു തീർന്നു എന്നുള്ള അവസ്ഥയിലായതു കൊണ്ടൂമാകാം.പക്ഷേ...... എല്ലാവരും വായിക്കേണ്ട ഒരു ലേഖനം..ആശംസകൾ

    ReplyDelete
    Replies
    1. മനസ്സില്‍ മടി തോന്നാതിരുന്നാല്‍ മതി, അസുഖം കാരണമാല്ലാതാകും.

      Delete
  13. നല്ല ലേഖനം. എല്ലാവരിലും മടിയുണ്ട്. പണ്ട് അമ്മുമ്മ പറയുമായിരുന്നു, മടി കുടികെടുത്തും എന്ന്. കുടി എന്നുവെച്ചാല്‍ വീട്എന്നര്‍ത്ഥം.

    ReplyDelete
    Replies
    1. കുടി വേറെയും ഉണ്ട്. നന്ദി.

      Delete
  14. "ചെയ്യുന്ന ജോലികളെ ഒരിക്കലും തരം താഴ്ത്തി കാണാതിരിക്കുക." -
    സത്യം ! വളരെ നല്ലൊരു പോസ്റ്റ് ! നീട്ടി വയ്ക്കുന്നതു ഒരു അസുഖം തന്നെ! വളരെ ഉപയോഗപ്രതമായ നല്ല ചിന്തകൾ ഇവിടെ പങ്കു വച്ചതിനു നന്ദി! 

    ReplyDelete
  15. ആസ്വദിച്ചു വായിച്ചു..നാളത്തേക്ക് വെയ്ക്കണ്ട

    എന്ന് തീരുമാനിച്ചു..

    ഇനി ഞാനും നന്നാവുമായിരിക്കും ..

    എവിടെ ...??!!!!

    ReplyDelete
    Replies
    1. ശുഭാപ്തി വിശ്വാസം ഉണ്ടാവട്ടെ.

      Delete
  16. മാഷെ നീട്ടി വെപ്പിന്റെ
    മറ്റൊരു പതിപ്പല്ലേ ഞാനും
    എന്ന ഞെട്ടിപ്പിക്കുന്ന സത്യം
    എന്നെ വീണ്ടും ഒര്മ്മപ്പെടുത്തി
    ഈ കുറിപ്പ്, ഒരു നല്ല വിഷയം
    നന്നായി അവതരിപ്പിച്ചു
    ആശംസകൾ
    പുതിയ പോസ്റ്റുകൾ ഇനിയെങ്കിലും
    നീട്ടി വെക്കാതിരിക്കാം അല്ലേ മാഷേ !

    ReplyDelete
    Replies
    1. പോസ്റ്റുകള്‍ പിന്നേക്ക് വെച്ചാല്‍ അതൊരിക്കലും വെളിച്ചം കാണില്ല.

      Delete
  17. നാളെ വായിക്കാം..നല്ല ലേഖനം ....

    ReplyDelete
    Replies
    1. നാളേക്ക് വെച്ചില്ലല്ലോ..............

      Delete
  18. ഞാൻ മടിയനൊന്നുമല്ല. പക്ഷേ,ചെയ്തുകൊണ്ടിരിക്കെ ബോറടിക്കും. അന്നേരം മറ്റൊന്നിലേക്ക് തിരിയും. അതിൽ ബോറടിച്ച് തിരിച്ചു വരുമ്പോഴേക്കും ഇന്നത്തെ ജോലി സമയം കഴിഞ്ഞിരിക്കും. പിന്നെ നാളെയല്ലെ പറ്റൂ....! അതെന്റെ കുഴപ്പമല്ലല്ലൊ...!
    നല്ല ലേഖനം. ചിന്തനീയം..
    ആശംസകൾ...

    ReplyDelete
    Replies
    1. നമ്മള്‍ ചെയ്യേണ്ടത് ചെയ്യുക, അത് മതി.

      Delete
  19. എന്നെപ്പോലുള്ള മടിയന്മാരെ ഒരുപാടിവിടെ കാണാനായതിലാണെന്റെ സന്തോഷം....

    ReplyDelete
  20. ഞാനും നല്ലൊരു അലസനാ..... കാരണങ്ങൾ ഇതൊക്കെ തന്നെ....

    ReplyDelete
    Replies
    1. ഇനിയെങ്കിലും .............

      Delete
  21. ചിലപ്പോഴെങ്കിലും ജോലി ചെയ്തു തീർക്കേണ്ട സമയത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും പ്രശ്നങ്ങൾ ഉണ്ടാക്കാം. പല ജോലികളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വരും..

    ReplyDelete
    Replies
    1. ശരിയാണ്, അങ്ങനെയും സംഭവിക്കാറുണ്ട്.

      Delete
  22. അവസാനം ജോലികള്‍ ചെയ്തു തീര്‍ക്കേണ്ട അന്തിമ സമയം ആവുമ്പോള്‍ ധൃതി കൂട്ടി എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കുകയാണ് നമ്മുടെ പതിവ്.
    വളരെ ശരി.

    ReplyDelete
  23. പോസിറ്റീവ് ചിന്തകള്‍ നല്‍കുന്ന നല്ല കുറിപ്പ് പതിവ് പോലെ നന്നായി അവതരിപ്പിച്ചു, അസിം വാവക്ക് ഒരു ചക്കര ഉമ്മ ,,, ഇവന്‍ തന്നെയായിരുന്നോ പണ്ടെങ്ങോ വായിച്ച ആന്ഗ്രി ബേര്‍ഡ് പോസ്റ്റിലെ നായകന്‍ ? ....

    ReplyDelete
    Replies
    1. നന്ദി, ഫൈസല്‍ .
      ഇത് അവനല്ല.

      Delete
  24. Everything in our minds' eyes only.

    ReplyDelete
  25. വായിക്കാനുള്ളത് എന്ന ഫോൾഡറിലേക്ക് മാറ്റി വെച്ചിട്ട് ഒരു മാസമായിതുടങ്ങി. എന്നാലും ഇന്ന് വായിച്ചു, കളിയിൽ തുടങ്ങി കാര്യത്തിൽ അവസാനിച്ചപ്പോൾ .നന്നായി ഈ ലേഖനം

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text