Ads 468x60px

Wednesday, July 6, 2016

വാർദ്ധക്യം, ഒരു പ്രശ്നമോ ?

നിച്ച നിമിഷം മുതൽ നാം വാർദ്ധക്യത്തിലേക്ക് അടുക്കുകയാണെന്ന് ചിന്തിക്കുന്നത് ഏറെ  കൗതുകകരമായിരിക്കും. ഭൂരിപക്ഷം പേരും വാർദ്ധക്യത്തിലേക്ക് കടക്കുന്നത് അതിനെ പറ്റിയുള്ള തിരിച്ചറിവില്ലാതെയാണ്. പൊതുവെ, ജനസംഖ്യാ പരമായി അറുപത് വയസ്സ് കഴിഞ്ഞവരെ വൃദ്ധജനങ്ങളായി എണ്ണുമെങ്കിലും വാർദ്ധക്യത്തിന് അങ്ങനെയൊരു ക്ലിപ്തമായ സമയം കണക്കാക്കാൻ കഴിയില്ല. ശാരീരികമായും പ്രവർത്തനപരമായും "വൃദ്ധനാ" യി എന്നു തോന്നാൻ തുടങ്ങുന്ന ഒരു ദിശാമാറ്റം ഏവരുടേയും ജീവിതത്തിൽ അനുഭവപ്പെടുന്നു. ഇത് അറുപതിന് മുമ്പോ പിമ്പോ ആകാം. കൂടുതൽ തിരക്ക് പിടിച്ച ജീവിത രീതി അവലംഭിച്ചവർ വരാനിരിക്കുന്ന വാർദ്ധക്യത്തെപ്പറ്റി ഏറെ ബോധവാന്മാരല്ല. വാർദ്ധക്യം  അത് വരെയുണ്ടായിരുന്ന ജീവിതത്തിൽ നിന്നും പലവിധത്തിലും വളരെ വ്യത്യസ്ഥമാണ്. പൊതുവെ ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതുമായിരിക്കും.

വാർദ്ധക്യവും ആരോഗ്യശോശിപ്പും രോഗവും  കൂട്ടുകാരെ പോലെ ഒപ്പത്തിനൊപ്പമാണ്. മേന്മയേറിയ പരിചരണവും നൂതന ചികിത്സാവിവരവും ലഭിക്കാതെ വരുന്നിടത്ത് വാർദ്ധക്യ രോഗങ്ങൾ സങ്കീർണ്ണമാവുന്നു. രോഗങ്ങളും അവയോട് അനുബന്ധിച്ചുണ്ടാവുന്ന വേദനയും ബുദ്ധിമുട്ടുകളും തന്നെയാണ്, വാർദ്ധക്യത്തിൽ ഏവരും അനുഭവിക്കേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം.

സാമ്പത്തിക സുരക്ഷയില്ലായ്മ വാർദ്ധക്യകാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ്. സാമാന്യം ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുകളുള്ള കുടുംബങ്ങളിൽ കഴിഞ്ഞവർ പോലും, സ്വന്തം സന്താനങ്ങളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സ്വാർത്ഥ താൽപര്യങ്ങളും ധനമോഹങ്ങളും കാരണം ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. വൃദ്ധജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഏറെ ശ്രദ്ധയർഹിക്കേണ്ട ഒന്നാണ്. വിഷമഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ വേണ്ട മുൻകരുതലുകളും നീക്കിയിരിപ്പും അവരവർ തന്നെ ചെയ്യേണ്ടിയിരിക്കുന്നു. ഇതിന് കഴിയാത്തവർക്ക് വേണ്ടി സമൂഹവും സർക്കാരും കാര്യം ഏറ്റെടുത്തേ മതിയാവൂ.

ഇന്ന് നല്ലൊരു ശതമാനം വൃദ്ധരും ഏകാന്തരാണ്. ഏകാന്തത സ്വയം വരിക്കുന്നവരും കുടുംബാംഗങ്ങളും മറ്റു സാഹചര്യങ്ങളും അടിച്ചേൽപിക്കുന്ന ഏകാന്തത ഏറ്റെടുക്കേണ്ടി വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. വൃദ്ധജനങ്ങളും, കുടുംബങ്ങളിലേയും സമൂഹത്തിലേയും ദൈനം ദിനമായ എല്ലാ കാര്യങ്ങളിലും കഴിവനുസരിച്ച് ഭാഗഭാക്കാകേണ്ടവരാണ്. അതിനാൽ അത്തരം സാഹചര്യം ഉറപ്പ് വരുത്തേണ്ടിയിരിക്കുന്നു.

മാറി വരുന്ന ജീവിതരീതികളും പരിഷ്കാരങ്ങളും നൂതന ജീവിതോപാധികളും കാരണം കുടുംബങ്ങളിൽ അവഗണനയും അകൽച്ചയും നേരിടുന്ന വൃദ്ധർ ഇന്ന് ധാരാളമാണ്. കാരണക്കാരായവർക്ക് വേണ്ടത്ര നിർദ്ദേശങ്ങളും പരിശീലനങ്ങളും ലഭ്യമാക്കുകയാണ് ഇവിടെ ചെയ്യാനുള്ളത്. ഒരു വേള വേണ്ടിവന്നാൽ അധികാരികളിൽ നിന്നുള്ള ശിക്ഷാ നടപടികളും ആകാം.

കുടുംബാംഗങ്ങളിൽ നിന്നും ചുറ്റുപാടിലുള്ളവരിൽ നിന്നും മാനസികമായും ശാരീരികമായും ചെറുതും വലുതുമായ പീഡനങ്ങൾ അനുഭവിക്കുന്ന വൃദ്ധജനങ്ങളെയും നമുക്ക് കാണാൻ കഴിയും. കാരണങ്ങൾ കണ്ടെത്തി പ്രതിസ്ഥാനത്ത് നിൽക്കുന്നവർക്ക് അർഹമായ ബോധവൽക്കരണം നൽകേണ്ടിയിരിക്കുന്നു. മേൽ സൂചിപ്പിച്ച പരിഹാരമാർഗങ്ങളും തേടാം.

നല്ലൊരു ശതമാനം വൃദ്ധജനങ്ങൾ സ്വയം വിവരിക്കാൻ വയ്യാത്ത വിധം ഭീതിതരാണ്. കാരണങ്ങൾ വളരെ വിചിത്രമായിരിക്കാം. അവരെ പഠിക്കുകയും കാരണങ്ങൾ മനസ്സിലാക്കുകയും ചെയ്ത് അവർ അർഹിക്കുന്ന സാന്ത്വനങ്ങളും സുരക്ഷാ ഉറപ്പും നൽകുകയാണ് വേണ്ടത്.

ആയ കാലത്ത് വിവിധ തുറകളിൽ ഏറെ പ്രവർത്തിക്കുകയും പ്രശംസയും പ്രശസ്തിയും ഏറ്റ് വാങ്ങിയവർ, ഒന്നും ചെയ്യാനില്ലാതെയും ചെയ്യാൻ കഴിയാതെയും വെറുതെയിരിക്കേണ്ടി വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വിരസതയും മാനസിക സംഘർഷങ്ങളും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നേരത്തെയുണ്ടായിരുന്ന അവരുടെ കഴിവുകൾ മനസ്സിലാക്കി, അവർക്ക് കൂടി ഇഷ്ടവും ആനന്ദകരവുമായ ചെറിയ ചെറിയ ഉപകാരപ്രദമായ പ്രവൃത്തികളിൽ ഇടപെടാൻ സൗകര്യമുണ്ടാക്കുകയാണെങ്കിൽ വിരസതയിൽ നിന്നും അവരെ മോചിപ്പിക്കാൻ കഴിയും. കൂടാതെ അവരെ കൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിനോദപരിപാടികളും സങ്കടിപ്പിക്കാം.

മേൽ പറഞ്ഞ അകൽച്ചയും അവഗണനയും ഒന്നിനും കെള്ളായ്മയും കാരണമായുണ്ടാകുന്ന മാനസികമായ അപകർഷതാബോധവും വൃദ്ധജനങ്ങൾ അനുഭവിക്കുന്ന മറ്റൊരു ബുദ്ധിമുട്ടാണ്. കാരണങ്ങൾ കണ്ടെത്തി, അവരിനിയും സമൂഹത്തിൽ വേണ്ടപ്പെട്ടവരും ഊർജ്ജസ്വലരും ആണെന്ന് ധരിപ്പിച്ച്, അവർക്ക് വേണ്ട മനോധൈര്യം തിരിച്ചു പിടിക്കാൻ അവരെ സഹായിക്കേണ്ടതാണ്.

ശാരീരിക കഴിവ്, ആന്തരിക പ്രവർത്തനങ്ങൾ, സാമ്പത്തിക സാമൂഹിക സ്ഥിതി എന്നിവയുടെ നിയന്ത്രണം നഷ്ടമാവുന്ന അവസ്ഥയിൽ വൃദ്ധജനങ്ങൾക്ക് വേണ്ടത്ര നിർദ്ദേശങ്ങളും മറ്റു പരിഹാരങ്ങളും നൽകേണ്ടതാണ്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സീയെസ്കൊ സീനിയർ
 സിറ്റിസൺസ് ഫോറം മെമ്പർമാർ വിനോദയാത്രയിൽ

പ്രത്യക്ഷത്തിൽ വൃദ്ധജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഇനിയും ധാരാളമുണ്ടെങ്കിലും സ്വയം അവലംഭിക്കാൻ കഴിയുന്ന മുൻകരുതലുകൾ മുഖേനയും മറ്റുള്ളവരുടെ സാന്ദർഭികമായ ഇടപെടലുകൾ മുഖേനയും ഇത്തരം പ്രശ്നങ്ങൾ ഒരു പരിധി വരെയെങ്കിലും പരിഹരിക്കാനും അവരുടെ അവസാനകാല ജീവിതം ആയാസരഹിതമാക്കുവാനും കഴിയുമെന്നത് ഒരു വാസ്തവമാണ്.

വൃദ്ധജനങ്ങളുടെ അവകാശങ്ങളെ പറ്റിയും അവർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും നമ്മുടെ സാമാന്യജനത അജ്ഞരാണെന്നത് ഒരു വലിയ സങ്കടമാണ്. ഇത് തന്നെയാണ്, വൃദ്ധർ ഏതെങ്കിലും വിധത്തിൽ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കപ്പെടുന്നതിന്റെ കാരണവും.

3 comments:

  1. കാലികപ്രസക്തിയുള്ള വിഷയം...

    ReplyDelete
    Replies
    1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെയധികം നന്ദി.

      Delete
  2. വേണ്ടപ്പെട്ട ഇടങ്ങളില്‍നിന്നുപ്പോലും പരിഗണന കിട്ടാതെവരുമ്പോള്‍ത്തന്നെ മാനസികസംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നു!
    ആശംസകള്‍ സാര്‍

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text