Ads 468x60px

Saturday, May 28, 2011

"അയ്യോ... , എനിക്ക് പേടിയാവുന്നു....."


വാച്ച്‌ നോക്കിയപ്പോളാണ് മനസ്സിലായത്‌ പതിവിലും നേരത്തെയാണ് ഉണര്‍ന്നതെന്ന്. അലാറം അടിച്ചിരുന്നില്ല. നേരത്തെയാണെങ്കിലും ഉറക്കില്‍നിന്ന് പൂര്‍ണമായി വിരമിച്ചിരുന്നു. എങ്ങനെ ഉണര്‍ന്നു എന്നറിയില്ല, ഇടക്ക്‌ കാണാറുള്ള പ്രഭാത സ്വപ്നങ്ങളൊന്നും കണ്ടതായി ഓര്‍മ്മയില്ല. മനസ്സ്‌ നിറയെ എന്തൊക്കെയോ ഉണ്ട്‌. അസ്വസ്ഥത ഉണ്ടാക്കുന്ന പേടി തോന്നിക്കുന്ന സുഖപ്രദങ്ങളല്ലാത്ത ധാരാളം കാര്യങ്ങള്‍ . എന്തിനാണ്  പേടിച്ചത്‌ ? മനസ്സിന്ന് പലതും പറയാനുണ്ട്‌, ഒന്നും വ്യക്തവും   സുദൃഢവും   അല്ലെങ്കിലും. അവിടെ അങ്ങനെ സംഭവിക്കുന്നു, ഇവിടെ ഇങ്ങനെ സംഭവിക്കുന്നു............., അവര്‍ അത്‌ പറയുന്നു, ഇവര്‍ ഇത്‌ പറയുന്നു......... നീളുന്ന വിവരണങ്ങള്‍ . വാസ്തവമോ അവാസ്തവമോ ആയ എന്തൊക്കെയോ കാര്യങ്ങള്‍ , ആരൊക്കെയോ ആളുകള്‍, മനസ്സില്‍ പേടിയുടെ ശാന്തമാകാത്ത അലകള്‍ രൂപപ്പെടുത്തുകയാണ്‍. 

ഞാന്‍ മാത്രമല്ല, പൊതുവെ എല്ലാവരും പേടിയോടെയാണ്  ദിനങ്ങള്‍ തള്ളിനീക്കുന്നത്‌. ഒരു പക്ഷെ എല്ലാ നിമിഷവും നമ്മുടെ കൂടെയുള്ള വികാരവും പേടി തന്നെയായിരിക്കും. അസ്വസ്ഥതയാണ്  പേടി ജനിപ്പിക്കുന്നത്‌. പേടിക്കാന്‍ നമുക്ക്‌ തക്കതായ കാരണങ്ങള്‍ വേണമെന്നില്ല. നാമറിയാതെ നമ്മുടെ മനസ്സില്‍ ക്ഷണിക്കാതെ വലിഞ്ഞുകേറി വരുന്ന അതിഥിയാണ്  പേടി. എല്ലാ സ്വാതന്ത്ര്യത്തോടും കൂടെ ആതിഥേയനെ ഒരു  വശത്താക്കുന്ന അതിഥി. 

ജീവിതത്തില്‍ കഴിഞ്ഞുപോയ സുഖകരങ്ങളല്ലാത്ത കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നോ അല്ലെങ്കില്‍ അതിന്റെ  മറ്റെന്തെങ്കിലും പരിണിത ഫലങ്ങള്‍ ഇനിയും ഉണ്ടാകുമെന്നോ   ചിന്തിച്ച്‌  നാം വ്യാകുലപ്പെടുന്നു. അതുമല്ലെങ്കില്‍ നേരത്തെ ശരിയാക്കിയ കാര്യങ്ങള്‍ ഇനി തെറ്റായി പരിണമിക്കുമോ എന്നാകാം നമ്മുടെ ചിന്ത. അറിഞ്ഞും അറിയാതെയും ചെയ്തതും ചെയ്തുപോയതുമായ  തെറ്റുകളെകുറിച്ച്‌   ചിന്തിച്ച്‌ നാം അസ്വസ്ഥരാകുന്നു.


ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ടോ, ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയായ വിധത്തിലാണോ ചെയ്യുന്നത്‌, നമ്മുടെ വ്യാപാരങ്ങളും ഇടപാടുകളും ലാഭകരമായാണോ നടക്കുന്നത്‌, അല്ലെങ്കില്‍ നമ്മുടെ സമ്പര്‍ക്കങ്ങള്‍ നല്ലതാണോ എന്നു നാം സംശയിക്കുന്നു. 

ഇപ്പോള്‍ നാം ചെയ്യുന്നതും ചെയ്തുകഴിഞ്ഞതുമായ കാര്യങ്ങള്‍ ഭാവിയില്‍ നമുക്ക്‌ വിനയാകുമോ ? ഇപ്പോഴത്തെ സമ്പര്‍ക്കങ്ങള്‍ പിന്നീട്‌ നമുക്ക്‌ കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ ? നാം സമ്പാദിച്ചതും സമ്പാദിച്ചുകൊണ്ടിരിക്കുന്നതുമായ സമ്പത്തുകളും മറ്റ്‌ മൂല്യങ്ങളും നമുക്ക്‌ നഷ്ടപ്പെടുമോ ? നമ്മുടെ ബന്ധങ്ങളും ബന്ധുക്കളും ഏതെങ്കിലും വിധത്തില്‍ മാറുമോ, അല്ലെങ്കില്‍ ഉപദ്രവമാകുമോ ? 

ഈ വിധം ചിന്തകള്‍ നമ്മുടെ മനസ്സില്‍ ഏതു സമയവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അസ്വസ്ഥമായ അനന്തര ഫലങ്ങളും നാം തന്നെ ചിന്തയില്‍ രൂപപ്പെടുത്തുന്നു. ഇങ്ങനെയാണ്  പേടി സംജാതമാകുന്നത്‌.

നമ്മുടെ ജീവിതത്തിലെ അവസ്ഥാന്തരങ്ങള്‍ നാം ചിന്തിക്കുന്നത്പോലെ ആയിരിക്കണമെന്നില്ല.   നേരെ മറിച്ച്‌ ആകില്ല എന്നു തന്നെ പറയാം. പക്ഷെ നാം ചിന്തിക്കുന്നതാണ്  നാം ആവുന്നത്‌. Cogito Ergo Sum - ഒരു പുതിയ അറിവല്ല. നാം പേടിക്കുന്നതും അത്‌ കൊണ്ട്തന്നെയാണ്. സംഭവിക്കാത്തതാണ് പലപ്പോഴും മനസ്സ്‌ സംഭവിച്ചതായി രൂപപ്പെടുത്തുന്നത്‌. 

അടിസ്ഥാനപരമായി നമ്മുടെ കണക്ക്കൂട്ടലുകള്‍ക്ക്‌ വളരെ പരിമിതിയുണ്ട്‌. അത്കൊണ്ട്‌ തന്നെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവും വളരെ പരിമിതമാണ്. ജീവിതത്തിന്ന്‌ ഗണിതശാസ്ത്രത്തിലെ പോലെ സമവാക്യങ്ങളില്ല; തന്ത്രങ്ങളില്ല. ഒരാള്‍ക്ക്‌ സംഭവിച്ചത്‌ അതേ സാഹചര്യത്തിലുള്ള മറ്റൊരാള്‍ക്ക്‌ സംഭവിക്കണമെന്നില്ല. 

ശാസ്ത്രവും സാങ്കേതികവിദ്യയും ഇന്ന്‌ എത്രത്തോളം വളര്‍ന്നിട്ടുണ്ട്‌ എന്നത്‌ നമ്മുടെ ഭാവനകള്‍ക്കും അപ്പുറമാണ്. എങ്കിലും ഇന്നും നമ്മുടെ ജീവിത പരിണാമങ്ങളേയും പ്രകൃതിയിലെ  മറ്റ്‌ സംഭവങ്ങളെയും നിയന്ത്രിക്കാന്‍ നമ്മുടെ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കഴിയുന്നുണ്ടോ ? ഉണ്ടെങ്കില്‍ തന്നെ അത്‌ വളരെ പരിമിതവും മറ്റ്‌ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയവും ആയിരിക്കും. നിത്യ സംഭവങ്ങളായ ഭീകര  പ്രകൃതിക്ഷോഭവും പ്രകൃതിയിലെ  തന്നെ മറ്റ്‌ നാശനഷ്ടങ്ങളും സാമൂഹിക അസ്വാസ്ഥ്യങ്ങളും ഉദാഹരണമായി എടുക്കാവുന്നതാണ്. 

ഇവിടെ  പ്രസക്തമാവുന്നത്‌, ഇത്രയും പുരോഗതിയും നിയന്ത്രണകഴിവും ഉണ്ടായിട്ടും നാം പേടിക്കുന്നു, സ്വയം അസ്വസ്ഥരാവുന്നു. 

 സ്വല്‍പം പുറകിലോട്ട്‌ പോവുകയാണെങ്കില്‍ , ഒരു നിരുപാധിക അന്വേഷണം നടത്തുകയാണെങ്കില്‍ , നമ്മുടെ പൂര്‍വികര്‍ നമ്മുടെയത്ര പേടിച്ചിരുന്നില്ല എന്ന്‌ മനസ്സിലാക്കാം. നമ്മുടെ പേടിയുടെ ഹേതുക്കളായി വരുന്നതെന്തും ക്ഷണികവും ലൌകികവും ദ്രവ്യാധിഷ്ടിതവും ആണ്. അത്തരം സൌകര്യങ്ങളോടുള്ള അമിതമായ സ്നേഹവും അവ ആര്‍ജ്ജിക്കുവാനുള്ള ഇഛയുമാണ്  മറ്റൊരു വിധത്തില്‍ നമ്മെ പേടിയിലെത്തിക്കുന്നത്‌. 

ഈ അമിതേഛ കുറക്കാനായി ദൈവസ്നേഹ (വിശ്വാസം) വും ദൈവഭയവും നമുക്ക്  കൂട്ടാം. 


7 comments:

 1. അകാരണമായ ഒരു ഭയം ഇന്ന് ഏതാണ്ട് എല്ലാവരെയും ചൂഴ്ന്നു നില്‍ക്കുന്നു എന്നത് അത്യം തന്നെയാണ്. ഇത് ഒരു തരം ഫോബിയ ആണ്. നമ്മുടെ പൂര്‍വികര്‍ക്ക് വളരെ ചെറിയ ഒരു കര്‍മ്മ മണ്ഡലമാണ് ഉണ്ടായിരുന്നത്. അന്ന് ലോകം ഇത്ര ചെറുതും ആയിരുന്നില്ല. അത് കൊണ്ട് പേടി തോന്നേണ്ട അവസ്ഥകളും കുറവായിരുന്നു. ഇന്ന് അങ്ങനെ ആണോ? എങ്ങോട്ടും പേടിയോടെ നോക്കേണ്ട അവസ്ഥ അല്ലെ? പോസ്റ്റ്‌ നന്നായി. ആശംസകള്‍.

  ReplyDelete
 2. എന്തൊക്കെയോ വിലപിടിപ്പുള്ളത് കൈവശമുണ്ടെന്നും അതാരെല്ലാമോ എടുത്തുകൊണ്ട് പോകുമെന്നും കൈവശമുള്ളത് തികയാതെ വന്ന് തീർന്ന് പോകുമെന്നും അതുകൊണ്ട് കൂടുതൽ കൂടുതൽ കൂട്ടിവെയ്ക്കണമെന്നും തനിയ്ക്കൊഴിച്ച് ബാക്കിയാർക്കും എന്തു വന്നാലും കുഴപ്പമില്ലെന്നും.......ഇങ്ങനെ ചിന്തിച്ചും പേടിച്ചും ഇരിയ്ക്കുമ്പോൾ ചത്ത് പോകുന്നും പാവം!

  പോസ്റ്റ് ഇഷ്ടമായി.

  ReplyDelete
 3. :)

  വ്യത്യസ്ത വിഷയം.
  ഹ് മം.. നന്നായി.

  ReplyDelete
 4. പുതുമയുള്ള വിഷയവും പോസ്റ്റും, വായിച്ച് പഠിക്കുകയാണ്.

  ReplyDelete
 5. Shanavas, Echumu, nisha, mini വളരെ നന്ദിയുണ്ട്‌, സഗൌരവം സഹ്രുദയം അഭിപ്റായം എഴുതിയതിന്ന്

  ReplyDelete
 6. അതെ എല്ലായിടത്തെയും സംഭവങ്ങള്‍ കാണുമ്പോള്‍ മനം ഒന്ന് പിടയാറുണ്ട്
  നല്ല ചിന്തനം സര്‍ ,വരട്ടെ നല്ല പോസ്റ്റുകള്‍ ഇനിയും ആശംസകള്‍

  ReplyDelete
 7. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text