Ads 468x60px

Monday, August 17, 2015

മറ്റൊരു ആടുജീവിതം

ഏറെ വായിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും അമ്പതിൽ പരം പതിപ്പുകൾ ഇറങ്ങുകയും ഇംഗ്ലീഷുൾപ്പെടെ ഏതാനും മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത ബെന്യാമിന്റെ പ്രശസ്ഥ നോവലായ ആടുജീവിതം ,നജീബ് എന്ന യഥാർത്ഥ കഥാപാത്രത്തിന്റെ ജീവചരിത്രത്തിലെ ഒരു വലിയ ഏട് തന്നെയാണല്ലൊ. സാമ്പത്തികമായി പ്രയാസമേറിയ നിത്യജീവിതത്തിലെ ഏന്തിപ്പിടിക്കാൻ കഴിയാത്ത അറ്റങ്ങൾ കൂട്ടിയോജിപ്പിക്കാൻ ഒത്തു കിട്ടിയ ചരടുമായി , വലിയ പ്രതീക്ഷകളും വർണ്ണപകിട്ടുള്ള സ്വപ്നങ്ങളും മനസ്സിൽ നിറച്ച് സൗദി അറേബ്യയിൽ വിമാനമിറങ്ങിയ നജീബ് തടുക്കാനാവാത്ത വിധിയുടെ അഗാധഗർത്തത്തിൽ വീണത് ദൈവഹിതമോ പരീക്ഷണമോ ആണ്.ആടുകളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ മനുഷ്യമുഖവുമായി അവയ്ക്കുള്ള സാമ്യം കാണാമെന്ന് സ്ഥാപിക്കുന്ന പുസ്തകം ആടുകളുടെ കൂടെ, ആടുകളേക്കാൾ താഴ്ന്നതും കഷ്ടതയേറിയതുമായ വിധത്തിൽ ജീവിക്കേണ്ടി വന്ന നജീബിന്റെ ഏറെ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ് പറഞ്ഞു തരുന്നത്. ഇപ്പോഴിതാ തികച്ചും വ്യത്യസ്ഥമായ സാഹചര്യത്തിൽ , എങ്കിലും കുറച്ചൊക്കെ സമാനമായ ഒരുദ്യമത്തെ പറ്റി കേൾക്കുന്നു.

സയൻസിലും ടെക്നോളജിയിലും ഗവേഷണ തൽപരനായ തോമസ് വൈറ്റ്സ് ഇംഗ്ലണ്ടിൽ താമസിക്കുന്ന ഒരു  മനോസാങ്കൽപിക ഡിസൈനർ ആണ്. മനുഷ്യൻ ഭാവിയിൽ എങ്ങനെയൊക്കെ സ്വയം വളർച്ച പ്രാപിക്കുമെന്നതിനെ ആധാരമാക്കിയായിരുന്നു അദ്ദേഹത്തിന്റെ ഈയിടെയായി ചെയ്ത് കഴിഞ്ഞ ഗവേഷണം. എല്ലാവരും കാലാന്തരം ഒരേ പോലെ ആയിത്തീരാനല്ല ആഗ്രഹിക്കുന്നതെന്നും ചിലരെങ്കിലും മറ്റെന്തോ ആകണമെന്ന വ്യത്യസ്ഥ ചിന്ത വെച്ചുപുലർത്തുന്നവരാണ് എന്നുമാണ് വൈറ്റ് സിന്റെ പക്ഷം.

ആടുകളെപോലെ ജീവിക്കാൻ പറ്റുമോയെന്ന് നിരീക്ഷണം നടത്തുകയാണ് മുപ്പത്തിയഞ്ച് വയസ്സുകാരനായ വൈറ്റ്സ് ഇപ്പോൾ. കൈകാലുകളിൽ പ്രത്യേക സാമഗ്രികൾ ബന്ധിച്ചു നാല് കാലുകളിൽ നടക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. പുല്ല് എളുപ്പം ദഹിക്കാനായി, ആടുകളിലെ  പ്രഥമ ആമാശയങ്ങൾ പോലെയുള്ള ഒരു കൃത്രിമ ആമാശയം തയാറാക്കുന്ന കാര്യവും ആലോചനയിലുണ്ട്. ഒരു മൃഗ വിദഗ്ദ്ധനുമായി ചർച്ച ചെയ്യുകയും ആടുകളെ അറുക്കുന്നത് നിരീക്ഷിക്കുകയും ചെയ്ത ശേഷം സിറ്റസർലണ്ടിലെ ആൽപ്സ് ചരിവുകളിൽ മേയുന്ന ആടുകൾക്കിടയിൽ ഏതാനും ദിവസങ്ങൾ ജീവിക്കുകയും ചെയ്തപ്പോൾ ഒരുക്കങ്ങൾ പൂർത്തിയായി.

ഏകദേശം ഒരു കിലോമീറ്ററോളം ആടുകളുമൊത്ത് ഇഴഞ്ഞു നടന്ന തന്നെ ആടുകൾ കരിങ്കല്ല് നിറഞ്ഞ മലഞ്ചെരിവിൽ തനിച്ചാക്കി മേലോട്ട് കയറിപ്പോയതിൽ വൈറ്റ്സിന് പരിഭവം ഉണ്ട്. പക്ഷെ താമസിയാതെ കക്ഷിക്ക് ആടുകളുടെ കൂടെയെത്താൻ കഴിഞ്ഞിരുന്നു.  മലനിരകൾ ഇറങ്ങുന്നതായിരുന്നു അദ്ദേഹത്തിന് കൂടുതൽ ശ്റമകരം; വീഴുകയാണെങ്കിൽ കുത്തി നടക്കാനുള്ള സാമഗ്റികൾ ഘടിപ്പിച്ച കൈൾ കൊണ്ട് എവിടെയും എത്തിപ്പിടിക്കാൻ കഴിയുമായിരുന്നില്ല.

ഒരു മാനുഷ മൃഗമാവുക: സംഗതി എളൂപ്പമല്ലെ , എന്നായിരിക്കാം. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് , സാമാന്യവും സാമൂഹികവുമായ ഭീതിയോ നൈരാശ്യമോ അന്യമായ ഒരു ജന്തുവിനെ പോലെ ജീവിക്കുകയെന്നതിന്റെ പൊരുൾ കണ്ടെത്തുകയാണ് വൈറ്റ്സിന്റെ താൽപര്യം.

ആൽപ്സ് മലനിരകൾ കടക്കാനായി ഒരു ആട്ടിടയനെ കണ്ടെത്തിയെങ്കിലും കരിങ്കല്ലുകളിലൂടെയുള്ള യാത്ര അത്രക്ക് എളുപ്പമാണെന്ന് കരുതുന്നില്ല. കൈകാലുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഭാരമുള്ളതും വേദനിപ്പിക്കുന്നതുമായ സാമഗ്രികളുമായി മലകൾ കേറിയിറങ്ങാൻ ഏറെ പരിശീലിക്കേണ്ടിയിരിക്കുന്നു. മഴയും തണുപ്പും ആടുകളുമൊത്തുള്ള ജീവിതം ദുസ്സഹമാക്കുന്നു. തങ്ങളുടെ കൂടെ കഴിയാൻ ശ്റമിക്കുന്ന  "മൃഗത്തെ " ആടുകൾ അംഗീകരിക്കേണ്ടതുമുണ്ട്. ഒരിടക്ക് ആടുകൾ തീറ്റ നിർത്തി തന്നെ തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അവയുടെ കൂർത്ത കൊമ്പുകളെയോർത്ത് ഉള്ളിലൽപം ഭയം തോന്നാതിരുന്നുമില്ല.

തന്റെ പരിശ്രമങ്ങളുടെയും ആടുകളുമൊത്തുള്ള "വിശ്റമജീവിത" ത്തിൻെറയും ഒരു ഫോട്ടോ പ്രദർശനം അടുത്ത് തന്നെ വൈറ്റ്സ് ലണ്ടനിൽ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ഒരു പുസ്തകവും വൈകാതെ ഇറങ്ങൂം _ മറ്റൊരു ആടുജീവിതം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text