Ads 468x60px

Sunday, July 31, 2011

"കമെന്റു വേണോ, കമെന്റു ? "മലയാളം ബ്ലോഗര്‍മാരുടെ ഇടയില്‍ രഹസ്യമായും പരസ്യമായും ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്നത്തെ സംസാര വിഷയമാണ്‌ പോസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന കമന്‍റുകളുടെ എണ്ണം. ഇതിന്‍റെ പേരില്‍ സംഘട്ടനങ്ങളും ഉണ്ടായേക്കാം. പൊതുവേ ഒരു പോസ്റ്റ്‌ എഴുതുമ്പോള്‍ അനുഭവിക്കുന്ന അതെ നിര്‍വൃതി തന്നെയാണ് പോസ്റ്റിനു ലഭിക്കുന്ന കമെന്റുകള്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നത്. ബ്ലോഗ്‌ എഴുത്തുകാരന് സ്വയമൊരു വിലയിരുത്തല്‍ നടത്താനും കമെന്റുകള്‍ ഉപാധിയാവുമ്പോള്‍ അവയുടെ പ്രാധാന്യത ഏറെയാണ്. എങ്കിലും അനാരോഗ്യ പ്രവണത അംഗീകരിക്കാന്‍ പ്രയാസമുണ്ട്.ചൂണ്ടമുനയില്‍ ഇര കോര്‍ത്ത്‌ പുഴയിലേക്ക്‌ വലിച്ചെറിഞ്ഞ ശേഷം ചൂണ്ട നൂലിന്‍റെ മറ്റെ അറ്റം കൈവിരലില്‍ ചുറ്റിപ്പിടിച്ച് അക്ഷമനായി കരയില്‍ ഇരിക്കുന്ന വിനോദ മീന്‍പിടുത്തക്കാരന്‍റെ ചിത്രമാണ്‌ കമന്റുകളെ പറ്റി ആലോചിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ച നിമിഷം മുതല്‍ ബ്ലോഗ്‌ എഴുത്തുകാരനും ഇതേ മീന്‍പിടുത്തക്കാരന്‍റെ മാനസിക അവസ്ഥയിലാണ്. മല്‍സ്യം ഇരയില്‍ കൊത്തിയാല്‍ കരയിലിരിക്കുന്ന ആള്‍ക്ക് തനിയെ മനസ്സിലാകുമെങ്കിലും ഇടയ്ക്കിടെ നൂല്‍ വലിച്ചുനോക്കി സംശയം തീര്‍ക്കുന്നത് പോലെ, പോസ്റ്റ്‌ വായിച്ചു ആരെങ്കിലും കമെന്റിടുന്നത് email മുഖേന അറിയുമെങ്കിലും ഇടയ്ക്കിടെ സ്വന്തം പോസ്റ്റില്‍ കേറി കമെന്റുണ്ടോയെന്നു പരിശോധിക്കാന്‍ എഴുത്തുകാരന്‍ വ്യഗ്രത കാട്ടാറുണ്ട്. സാധാരണയായി വായനക്കാരുടെ 5% ത്തില്‍ താഴെയാണ് കമന്റുകള്‍ എഴുതുന്നവര്‍. ഈ സാഹചര്യത്തില്‍ പോസ്റ്റിനു ലഭിക്കുന്ന കമന്റുകളുടെ എണ്ണവും ഉള്ളടക്കമേന്മയും എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് നോക്കാം.

ഏറ്റവും പ്രഥമവും പ്രധാനവുമായത് നല്ല പോസ്റ്റ്‌ എഴുതുകയെന്നത് തന്നെയാണ്. ആശയങ്ങള്‍ പ്രകടിപ്പിക്കാനും ആര്‍ജ്ജിച്ച അറിവ് മറ്റുള്ളവരുമായി പങ്കിടാനും വിനോദസമയം എഴുത്തിലൂടെയും വായനയിലൂടെയും ആനന്ദകരമാക്കാനും നല്ല ബ്ലോഗ്‌പോസ്റ്റുകള്‍ ഉപകരിക്കപ്പെടുന്നു. ശരിയായ വിധത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ ശക്തി അപാരമാണ്. ഒരാളുടെ ജീവിതത്തെയും ചിന്താഗതിയെയും മാറ്റി മറിക്കാനും അയാളുടെ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കാനും അതിന് കഴിയും. ഇത്തരം പോസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന കമെന്റുകള്‍, പ്രസ്തുത ലക്ഷ്യവും ശക്തിയും തികച്ചും അര്‍ത്ഥവത്താക്കുന്നതിന്‍റെ അടയാളം കൂടിയാണ്. മാത്രമല്ല, എഴുത്തുകാരനും കമന്റുകാരനും മറ്റു വിധത്തില്‍ ഏറെ ഉപയോഗപ്രദമാവുകയും ചെയ്യും.

കമന്റ് എഴുതാനായി വായനക്കാരനോട് നേരിട്ടോ പോസ്റ്റില്‍  പരോക്ഷമായോ അനുബന്ധ കുറിപ്പ് മുഖേനയോ എഴുത്തുകാരന് ആവശ്യപ്പെടാം. പോസ്റ്റിന്‍റെ അവസാനം അത് സൂചിപ്പിച്ചുകൊണ്ട് വാചകം ചിലപ്പോള്‍ കാണാറുണ്ട്.

പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന, വായനക്കാര്‍ക്ക്‌ പൊതുവെ താല്‍പര്യമുള്ളതും കാലികപ്രസക്തവുമായ വിഷയങ്ങളും സംഭവങ്ങളും മുഴുവനാക്കാതെ അല്പം വായനക്കാരന്‍റെ ഭാവനക്കും യുക്തിക്കും വിട്ടുകൊടുക്കുകയാണെങ്കില്‍ പ്രസ്തുത ഭാവനകള്‍ കമന്റുകളായി തിരിച്ച് ലഭിക്കും. വിഷയത്തെ കുറിച്ച് വായനക്കാരനും അറിവുണ്ടായിരിക്കും. ഒരു പക്ഷെ എഴുത്തുകാരന് അറിയാത്തവ വായനക്കാരന്‍റെ കമന്റായി വരാന്‍ സാധ്യതയുണ്ട്. പോസ്റ്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ ഉത്തരം വായനക്കാരുടെ കമന്റുകളായി വരും.

വിഷയം തെരഞ്ഞെടുക്കുന്നതിലും കാര്യമുണ്ട്. രാഷ്ട്രീയം, ജീവിതം, മരണം, ഭയം, പരാജയം, അപകടം, facebook പോലെയുള്ള സാമൂഹികവലയങ്ങള്‍, blogging, നര്‍മ്മം എന്നിവ ധാരാളം കമന്റുകള്‍ നേടിത്തരും. മറ്റുള്ളവരെ പഴിച്ചുകൊണ്ട് എഴുതുന്ന പോസ്റ്റുകളും അങ്ങനെ തന്നെ.   ആഘോഷങ്ങള്‍, കല്യാണം, മരണവാര്‍ത്ത മുതലായവ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ക്കും എഴുത്തുകാരന് വ്യക്തിപരമായി താല്‍പര്യമുള്ള വിഷയം അടങ്ങിയ പോസ്റ്റുകള്‍ക്കും കമന്റുകള്‍ ധാരാളമാണ്. ജനങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്ന വസ്തുതകള്‍, ജീവിതശൈലിയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍, സ്ഥിതിവിവര കണക്കുകള്‍ എന്നിവ വിവരിക്കുന്ന പോസ്റ്റുകള്‍ ഏറെ പ്രതികരിക്കപ്പെടും.

ചെറിയ പോസ്റ്റുകളാണ് അക്ഷമരും തിരക്കുള്ളവരുമായ വായനക്കാര്‍ ഇഷ്ടപ്പെടുന്നത്. നീണ്ട പോസ്റ്റുകള്‍ ഇടയ്ക്കു വെച്ച് വായന നിര്‍ത്തി വീണ്ടും വരാമെന്നു കരുതുന്നവരും കാണും. പിന്നെ അത് നടക്കണമെന്നില്ല; കമന്റും നഷ്ടം.

സത്യാവസ്ഥക്ക് എതിരായോ പൊതുവെയുള്ള അഭിപ്രായത്തെ നിരസിച്ചോ പോസ്റ്റില്‍ എന്തെങ്കിലും സൂചിപ്പിക്കുകയാണെങ്കില്‍ അതിനുള്ള വായനക്കാരുടെ പ്രതികരണം ഏറെ ആയിരിക്കും. വായനക്കാര്‍ എന്നും എഴുത്തുകാരനെ പ്രതികൂലിക്കാനായിരിക്കും ഇഷ്ടപ്പെടുക. കമന്റുകളില്‍ കൂടെ അത് പ്രകടമാവുകയും ചര്‍ച്ചയും കൂടുതല്‍ കമന്റുകളും അനുബന്ധമായി ഉടലെടുക്കുകയും ചെയ്യും.

ആരെയെങ്കിലും (ബ്ലോഗറെയും ആവാം) പോസ്റ്റില്‍ കൂടെ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ സൂചിപ്പിക്കുകയോ ചെയ്താല്‍ കമന്റെഴുതി പിന്താങ്ങാന്‍ വായനക്കാരില്‍ അധികം പേരുണ്ടാവും.

കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം പോസ്റ്റുകള്‍ ഇടുന്നവര്‍ ഇടക്കൊരു വിശ്രമത്തിനു ശേഷമിടുന്ന പോസ്റ്റിനു കമെന്റിന്‍റെ പ്രവാഹം കാണാം. ഉത്കൃഷ്ടങ്ങളായ കുറച്ച് പോസ്റ്റുകളിറക്കി നല്ലൊരു വായനാസമൂഹത്തിന്‍റെ കമെന്റുകള്‍ സമ്പാദിക്കാം.

പൊതുവേ അറിയപ്പെടുന്നത് പോലെ മറ്റുള്ളവരുടെ പോസ്റ്റിനു കമെന്റിടുകയാണ് കമെന്റു ലഭിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. വിഷയത്തില്‍ കേന്ദ്രീകരിച്ചു വേണം കമെന്റുകള്‍. ഒരു പോസ്റ്റിനു വളരെ നീണ്ട കമെന്റു എഴുതുന്നതിനേക്കാള്‍ ഭേദം, ആധാരമായ പോസ്റ്റിനു വേണ്ടവിധത്തിലുള്ള സൂചന നല്‍കി പുതിയ ഒരു പോസ്റ്റ്‌ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. ഇത് വഴി രണ്ടു പോസ്റ്റുകള്‍ക്കും കൂടുതല്‍ കമെന്റുകള്‍ ലഭിക്കാനിടയുണ്ട്. ഇഷ്ടപ്പെടാത്ത വിധത്തിലോ പ്രകോപനപരമായോ ലഭിക്കുന്ന കമെന്റുകള്‍കളെ പരസ്യമായി തന്നെ പ്രതികരിക്കുകയും പ്രസിദ്ധീകരിക്കുകയും വേണം.   

കമെന്റുകള്‍ ഇടയ്ക്കിടെ (കഴിയുമെങ്കില്‍ ദിനേന) പരിശോധിച്ച് മറുപടി നല്‍കുകയും പോസ്റ്റില്‍ വേണമെങ്കില്‍ മാറ്റം വരുത്തുകയും ചെയ്യുകയാണെങ്കില്‍ വായനക്കാരന് എഴുത്തുകാരനെ പറ്റി മതിപ്പുണ്ടാവുന്നു. തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്കും കമെന്റുകള്‍ ഉറപ്പിക്കാം. മാത്രമല്ല, വായനക്കാര്‍ക്കിടയില്‍ പോസ്റ്റ്‌ സജീവമായിരിക്കും. 

എഴുത്തുകാരന്‍ വിനീതനാവുകയും  കമെന്റുകള്‍ക്ക് സ്നേഹപൂര്‍വ്വം മറുപടി നല്‍കുകയുമാണെങ്കില്‍ കൂടുതല്‍ കമെന്റുകള്‍ പ്രതീക്ഷിക്കാം. വായനക്കാരന്‍ ഒരു  "ഉപഭോക്താവ്" ആണല്ലോ.  എഴുത്തുകാരന്‍റെ പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കുന്ന കമെന്റുകള്‍ക്ക് സൗമ്യമായും കുറ്റസമ്മതത്തോടെയും പ്രതികരിക്കുകയാണെങ്കില്‍ തുടര്‍ന്നും കമെന്റിടാന്‍ വായനക്കാരന് ധൈര്യം കിട്ടുന്നതാണ്.

പോസ്റ്റില്‍ കമെന്റ്റ്‌ ഇടാനുള്ള പ്രക്രിയ ഏറ്റവും ലഘുവാക്കുക. അതിനുള്ള സ്ഥാനം പോസ്റ്റിന്‍റെ അവസാനമാകുന്നതാണ്  ഏറ്റവും നല്ലത്. ചില പോസ്റ്റില്‍ തുടക്കത്തില്‍ കാണാറുണ്ട്. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞ് മുകളിലേക്ക് വരാന്‍ വായനക്കാരന്‍ തുനിയില്ല, വേറെ ലിങ്കിലേക്ക് കടന്നുകാണും. വായനക്കാരന്‍റെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്നതും തിരിച്ചറിയല്‍ വാക്ക് വെക്കുന്നതും കമെന്റുകള്‍ കുറയാന്‍ കാരണമാകും. 

കമെന്റുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള വിലക്കുകളോ നിയന്ത്രണങ്ങളോ വെക്കുകയാണെങ്കില്‍ വായനക്കാര്‍ അതിന്‍റെ ഗൌരവം മനസ്സിലാക്കി കമെന്റുകള്‍ ഇടാന്‍ താല്‍പര്യമെടുക്കും. അനാവശ്യമായ കമെന്റുകള്‍ ഒഴിവായി കിട്ടുകയും ചെയ്യും.

കമെന്റിടുന്നവര്‍ എന്തെങ്കിലും പ്രതിഫലമോ പ്രത്യുപകാരമോ പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ നന്ദി സൂചകമായ ഒരു വാക്കായിരിക്കാം. അല്ലെങ്കില്‍ അവരുടെ പോസ്റ്റിലേക്കുള്ള ക്ഷണമായിരിക്കാം. അഭിലഷണീയം അല്ലെങ്കിലും കമെന്റുകള്‍ വാങ്ങാന്‍ കിട്ടുന്ന അവസ്ഥയും അതിനായി പ്രവര്‍ത്തിക്കുന്ന ചില "എജെന്‍സി"കളും വലയങ്ങളും ഉണ്ടെന്ന് തോന്നുന്നു. പകരം കമെന്റുകളും മറ്റു സേവനങ്ങളും സ്വീകാര്യം. ഇല്ലാത്ത വായനക്കാരുടെ പേരിലും കമെന്റുകള്‍ ലഭിക്കാം.

എന്തെങ്കിലും വ്യവസ്ഥകളോ കാലപരിധിയോ വെച്ച് കമെന്റ്റ്‌ പ്രക്രിയ നിര്‍ത്തുന്നതും കൂടുതല്‍ കമെന്റുകള്‍ സമ്പാദിക്കാനുള്ള ഉപാധിയാണ്. കടകളില്‍ നടത്തുന്ന ഏതാനും ദിവസങ്ങള്‍ മാത്രമുള്ള വിലക്കിഴിവ് ശ്രദ്ധിക്കാറില്ലേ ? 

കമെന്റുകള്‍ ഏറെ ലഭിക്കാനായി ഇനിയും ധാരാളം വഴികളും ആയുധങ്ങളും ഉണ്ടായിരിക്കാം. വായനക്കാര്‍ പങ്കിടുമെന്നു വിശ്വസിക്കുന്നു.  

86 comments:

 1. നല്ല നിരീക്ഷണമാണല്ലോ സാഹിബ് :)

  ReplyDelete
 2. ആദ്യ കമന്റ് എന്റെ വക ആവട്ടെ,,
  ഠോ‍ാ‍ാ‍ാ‍ാ,,,
  പിന്നെ ബൂലോകത്തിൽ ഏത് പോസ്റ്റ് ഇട്ടാലും ഏറ്റവും കുറവ് കമന്റ് ലഭിക്കുന്ന വ്യക്തി ഞാനാണ്.

  ReplyDelete
 3. നല്ല നിരീക്ഷണം... കമന്റുകൾ എല്ലാ അർത്ഥത്തിലും പ്രോൽസാഹനം തന്നെ. എന്നാൽ അതു മാത്രമായിരിക്കരുത് ഒരെഴുത്തു കാരന്റെ പ്രചോദനവും ഒരു രചനയുടെ അളവുകോലും..ഞാൻ വായിക്കുന്ന പല ബ്ലോഗുകൾക്കും (ഒത്തിരി ഇഷ്ടപ്പെട്ടതാണെങ്കിൽ കൂടി) സാധാരണഗതിയിൽ കമന്റ് എഴുതാറില്ല. എന്നൽ ഒരു സുഹൃത്തിന്റെ ബ്ലോഗ് കണ്ടാൽ കമന്റ് ഇടാൻ മടിക്കാറുമില്ല.രചനയുടെ സൗന്ദര്യത്തെക്കൾ വ്യക്തിപരമായ അടുപ്പമാണ്‌ കമന്റുകൾ നിർണ്ണയിക്കുന്നതെന്നല്ലേ ? അനുപമമായ രചനകൾ ഇതിനൊരപവാദമായിരിക്കാം..

  ReplyDelete
 4. ആഹ ...എനിക്കും കിട്ടി തേങ്ങ ഉടക്കാനുള്ള ഭാഗ്യം!!!

  കമന്റുകള്‍ എഴുതുന്നവന് ശക്തിയും പ്രചോദനവുമാണ്..
  അത് എഴുത്തുകാരന് കിട്ടുന്ന അന്ഗീകരമാണ്...
  വിമര്‍ശനങ്ങള്‍ എപ്പൊഴും നല്ല മനസോടെ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍ നല്ലത്..
  പോസ്റ്റ്‌ കൊള്ളാം ....!

  ReplyDelete
  Replies
  1. പിന്നെ പിന്നെ, നെല്ലിക്ക തേങ്ങയുടയ്ക്കുന്നതിനു മുമ്പെ ഇവിടെ “ഠോ” കേട്ടു. ഇനി വേണമെങ്കില്‍ ഒരു നെല്ലിക്കയെടുത്തിട്ടുടച്ചോളൂ.

   Delete
 5. പറഞ്ഞ പല കാര്യങ്ങളും സത്യം ആണേലും.. ഉള്ളത് പറയാമല്ലോ.. ചില പോസ്റ്റുകളില്‍ അത് നല്ലതായാലും ചീത്തയായാലും കമെന്റുകള്‍ കണ്ടില്ലെങ്കില്‍ ചിലപ്പോ കുഞ്ഞു വിഷമം തോന്നാറുണ്ട്. വായിക്കാറുള്ള ലേഖനങ്ങള്‍ക്കൊക്കെ എന്റെതായ ചിന്താക്കള്‍ കൂട്ടിച്ചേര്‍ത്തു മടങ്ങാന്‍ ഞാന്‍ മറക്കാറില്ല.

  ReplyDelete
 6. പോസ്റ്റ് വായിച്ചു, നിരീക്ഷണങ്ങൾ നന്നായിട്ടുണ്ട്..

  ReplyDelete
 7. എല്ലായിടത്തും ഈ കമന്റ് തന്നെ ആണല്ലേ വിഷയം.
  കിട്ടുന്നത് നല്ലത്
  അത് തുടര്‍ എഴുത്തുകളിലെ പാളിച്ചകള്‍ തിരുത്താനും കൂടുതല്‍ എഴുതാന്മുള്ള പ്രചോദനം ആവട്ടെ.
  കമന്റുകള്‍ എഴുത്തുകള്‍ക്കുള്ള വിഷയമോ അടിത്തറയോ ആകുന്നത് നല്ലതല്ലാ

  ReplyDelete
 8. കമന്റിനേ കുറിച്ചല്ലേ ,,നോ കമന്റ്സ്

  ReplyDelete
 9. മാഷെ കലക്കിയിതു. ചിലര്‍ക്ക് കിട്ടുന്ന കമന്റുകണ്ടിട്ട് അസൂയ തോന്നാറുണ്ട്. പിന്നെ സമാധാനിക്കും, അവരുടെ എഴുത്ത് നന്നായത് കൊണ്ടല്ലേ എന്ന്. അപ്പോള്‍ തോന്നും നമ്മുടെ എഴുതിനെന്താ കുറവെന്ന്. പക്ഷെ ചിലരുടെ പോസ്റ്റില്‍ കമന്റു കുറഞ്ഞുകാണുമ്പോള്‍ വിഷമം തോന്നും. അപ്പോള്‍ സമാധാനിക്കും അവരുടെ എഴുത്ത് മോശായത് കൊണ്ടല്ലേ എന്ന്. അപ്പോള്‍ തോന്നും നമ്മുടെ എഴുത്തൊക്കെ മോശാനല്ലോ എന്ന്.
  അങ്ങനെ ആകെ മൊത്തം കണ്ഫ്യൂഷ്യന്‍.

  ReplyDelete
  Replies
  1. ഈ പുലീനെ കണ്ടിട്ട് കൊറെക്കാലായീല്ലോ. നാട്ടിലൊക്കെ എറങ്ങണ പുലീന്റെ കൂട്ട് ആരേലും പിടിച്ചോണ്ട് പോയി വല്ല കാട്ടിലും തള്ളീതാണോ..?

   Delete
 10. കമന്റുകള്‍ കൂടുതല്‍ കിട്ടാനുള്ള ഏറ്റംനല്ല വഴി ഇത്തരം പോസ്റ്റുകള്‍ ഇടുകയാണ്

  ReplyDelete
 11. നന്നായിട്ടുണ്ട്....!!!!

  ReplyDelete
 12. കമന്റുകളില്‍ക്കൂടിയല്ലേ നമുക്ക് പോസ്റ്റിനെ വിലയിരുത്താന്‍ പറ്റൂ..
  പോസ്റ്റ്‌ നല്ലതാണെങ്കില്‍ വായനക്കാരന്‍ തിരിഞ്ഞും മറിഞ്ഞും നോക്കാതെ കമന്റിടും.
  ഞാനും കമന്റിന് വേണ്ടി ദാഹിച്ചു മോഹിച്ചു നടന്ന ഒരവസരമുണ്ടായിരുന്നു.
  ഇതാ പിടിച്ചോ ഈ മീനിനെക്കൂടി താങ്കളുടെ ചൂണ്ടയില്‍..
  റമദാന്‍ ആശംസകള്‍.

  ReplyDelete
 13. ബ്ലോഗുലകത്തെ കുറിച്ചുള്ള ഈ പോസ്റ്റ് ശ്രദ്ദേയം ചില കാര്യങ്ങളോട് ഭിന്നാ ഭിപ്രായം ഉണ്ട്

  ReplyDelete
 14. “...ദീപസ്തംഭം മഹാശ്ചര്യം....
  നമുക്കും കിട്ടണം..കമന്റ്സ്....!!!”

  ഹും..! വെറുതേയിരുന്നു നിരീക്ഷണവും പരീക്ഷണവും ഒക്കെ നടത്തുവാ അല്ലേ..?നന്നായി. അങ്ങനേയും ഒരു നല്ല പോസ്റ്റായല്ലോ..!
  ആശംസകള്‍.!

  ReplyDelete
 15. @നിശ: നന്ദി
  @മിനി: ഇനി കൂടുതല്‍ കമെന്റ്റ്‌ കിട്ടും, ഉറപ്പാ
  @പഥികന്‍: എഴുത്തിന്റെ ആധാരം ഒരിക്കലും കമെന്റ്റ്‌ അല്ല. പ്രചോദനവും ആത്മവിശ്വാസം ഉറപ്പിക്കലുമാണ് കമെന്റുകള്‍ മുഖേന നേടുന്നത്.
  കമെന്റുകള്‍ എഴുതുന്നത്‌ മോശം പരിപാടി അല്ല.
  @നെല്ലിക്ക: നന്നായി. നന്ദി അഭിപ്രായത്തിനു
  @മാഡ: വളരെ നല്ല ചിന്താഗതി
  @കണ്ണന്‍: നന്ദി സ്നേഹിതാ
  @കൂതറ: കമെന്റ്റ്‌ അല്ല ഇവിടെ വിഷയം. കമെന്റ്റ്‌ എങ്ങനെ ശേഖരിക്കാം എന്നതാണ്.
  @ഫൈസല്‍: സാരമില്ല, വായിച്ചല്ലോ
  @ഋതു: നന്ദി വായിച്ചതിനു
  @ബൂലോകപുലി: കമെന്റുകളുടെ എണ്ണം വെച്ച് പോസ്റ്റിനെ വിലയിരുത്തേണ്ട. നല്ലത് എഴുതിയാല്‍ മതി.
  ആത്മവിശ്വാസം ഉണ്ടല്ലോ.
  @അനോണിമസ്: പിടി കിട്ടി അല്ലെ?
  @പ്രവീണ്‍: നന്ദി

  ReplyDelete
 16. ഇങ്ങനേയും വേണം ചിന്തകൾ...എല്ലാ ഭാവുകങ്ങളും

  ReplyDelete
 17. കമന്റുകളോട് കൂടുതല്‍ താല്പര്യം കാണിക്കുന്നതിലും ഭേദം അത് ഡിസേബിള്‍ ചെയ്യുക. മനസ്സമാധാനത്തോടെ ബ്ളൊഗാം.

  ReplyDelete
 18. കമന്റിനെ പറ്റി ആദ്യ കമന്റെഴുതിയ മിനിറ്റീച്ചറുടെ കമന്റ് ,കമന്റർഹിക്കുന്നു. ഞാൻ ആദ്യമായി പരിചയപ്പെട്ട ചില ബ്ലോഗുകളിലൊന്നാണ്, അവരുടെ മിനിക്കഥകൾ എന്ന ബ്ലോഗ് . മിനിക്കഥകൾ എന്ന പേരിൽ അവരെഴുതുന്ന നെടു നീളൻ കഥകൾ കണ്ടപാതി വായന വേണ്ടെന്നു വയ്ക്കും. മിനി എഴുതുന്ന കഥകൾ എന്ന നിലയിൽ മിനിക്കഥകൾ എന്നു വിളിക്കാമെങ്കിലും, അവയൊന്നും സാധാരണ മിനിക്കഥകളല്ലാത്തതു കൊണ്ട് മിനിക്കഥകളെന്നു വിളിക്കാനാവില്ല തന്നെ. അവരുടെ പക്ഷത്ത് നിന്നു നോക്കുമ്പോൾ തെറ്റൊന്നുമില്ല. പക്ഷെ സമയമില്ലാത്തവർക്ക് അതൊരു വമ്പിച്ച പ്രശ്നമാണ്. എന്റെ പ്രൊഫൈലിൽ സമയക്കുറവിനെ പറ്റി രണ്ട് വാക്ക് കുറിക്കാനിട വന്നത്, ടീച്ചറുടെ ബ്ലോഗിലെ നീളൻ പോസ്റ്റുകൾ കണ്ടിട്ടാണ്. ഈ പോസ്റ്റിൽ ശ്രീ വി.പി ,ഇക്കാര്യം സൂചിപ്പിച്ചിട്ടുമുണ്ട്. ഏതായാലും കമന്റുകളൊരു വിഷയം തന്നെയാണ് എന്ന കാര്യത്തിൽ തർക്കത്തിനിടയില്ല എന്നു തോന്നുന്നു. (മിനിട്ടീച്ചറേ...... ദിവസവും പോസ്റ്റുകളിടുന്ന എന്നെ പോലെയുള്ള മിനിക്കഥാകാരന്മാർക്ക് മൊത്തം കിട്ടിയ കമന്റുകളെക്കാൾ കൂടുതൽ കമന്റുകൾ നിങ്ങളെ പോലുള്ളവർക്ക് ഓരോ പോസ്റ്റിനും കിട്ടുന്നുണ്ടല്ലോ? അപ്പോൾ ഇവിടെ പറഞ്ഞ കാര്യം ഒന്നുകിൽ പച്ചക്കള്ളം.....അല്ലെങ്കിൽ ഞാൻ വലിയ കമന്റ് പുള്ളർ ആണെന്ന പ്രഖ്യാപനം............ഏതായാലും സമ്മതിച്ചേ.........!ഒന്നുമില്ലെങ്കിലും നമ്മളെല്ലാം കണ്ണൂർക്കാരണല്ലൊ)

  ReplyDelete
 19. അഭിപ്രായപ്പെട്ടികളാണല്ലോ എഴുതുന്ന ആൾക്ക് കിട്ടുന്ന ഏറ്റവും നല്ല വളം അല്ലേ ..?
  നല്ല നിരീക്ഷണങ്ങളായിട്ടുണ്ട് കേട്ടൊ ഭായ്

  ReplyDelete
 20. കൊള്ളാം മാഷേ നന്നായിട്ടുണ്ട് എന്നാലും എനിക്കിതുവരെ ഒന്ന് പോലും കിട്ടിയിട്ടില്ല

  ReplyDelete
 21. ബൂലോകര്‍ക്ക് ചിന്തകള്‍ക്കുണ്ടോ പഞ്ഞം! സംഭവം കൊള്ളാം, പിന്നെ പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി മൂന്നാറീന്നു പോലും വരും എന്നല്ലേ ? നല്ലത് കാണാന്‍ ആളുണ്ടായിക്കോളും..അത്ര തന്നെ.

  ReplyDelete
 22. @മേഫ്ളവര്‍: കമന്റിനു നന്ദി.
  @കൊമ്പന്‍: ഭിന്നാഭിപ്രായം എഴുതാമായിരുന്നില്ലേ ?എനിക്ക് കുറച്ചു കൂടെ കമെന്റു കിട്ടുമായിരുന്നില്ലേ?
  @പ്രഭന്‍: മനസ്സിലാക്കിയതില്‍ സംതൃപ്തിയുണ്ട്.
  @ഡ്രീംസ്: സ്വപ്നം കാണുകയാണല്ലോ..........
  @ചന്തുനായര്‍: സന്തോഷായി.
  @അനോണിമസ്: സന്മനസ്സുള്ളവര്‍ക്ക് എവിടെയും സമാധാനം, ഉറപ്പാ.
  @വിധു: ഞാന്‍ ന്യൂട്രല്‍ ആണ്. ചില വസ്തുതകള്‍ മാത്രമാണ് പോസ്റ്റില്‍ പരാമര്‍ശിച്ചത്. വ്യക്തിപരമായി ആരെയും മനസ്സില്‍ കണ്ടിട്ടില്ല.
  @മുരളി: അഭിപ്രായം വളം തന്നെ. നല്ല ഫലം തരുന്നവയായിരിക്കണം. നന്ദി.
  @പ്രഭ: ഇനി ധാരാളം കിട്ടിക്കൊള്ളും, നോക്കിക്കോ.
  @സിദ്ദീക്ക്: ഈ വിശ്വാസം വളരെ നന്ന്. സത്യം പോലെ നല്ല കാര്യങ്ങളും അന്തിമമായി വിജയിക്കും. നന്ദി

  ReplyDelete
 23. മുന്പ് ഈ വിഷയത്തില്‍ ഞാന്‍ ഒരു കുരിപ്പോഴിതിയിരുന്നു വായിക്കുമല്ലോ
  http://kulimury.blogspot.com/2009/12/blog-post_30.html

  ReplyDelete
 24. നന്നായിരിക്കുന്നു അവലോകനം.. കമന്റിനു വേണ്ടി എഴുതുന്ന വങ്കന്മാര്‍ക്ക് ഒരു പാഠമാവട്ടെ..
  പക്ഷെ ഒരു സംശയം.. കമന്റിനു വേണ്ടി എങ്ങനെ നമ്മുടെ മനസ്സിനിണങ്ങാത്ത കാര്യങ്ങള്‍ എഴുതാനാവും.. എഴുത്തില്‍ നമ്മള്‍ കുറച്ചു ആത്മാര്‍ഥത കാണിക്കേണ്ടതല്ലേ..

  ReplyDelete
 25. ആദ്യമേ തന്നെ പറയട്ടെ, വളരെ സുദീര്‍ഘമായ ഒരു കമന്റ് താങ്കളുടെ ഈ പോസ്റ്റിനു വേണ്ടി ഞാന്‍ ടൈപു ചെയ്തു ക്ലിക്കിയപ്പോള്‍ ഒന്നും സംഭവിച്ചില്ല!. ഇത്തരം അനുഭവങ്ങളെപ്പറ്റിയും ഞാനതില്‍ സൂചിപ്പിച്ചിരുന്നു. ഇനി വീണ്ടും തുടങ്ങട്ടെ (ഇപ്പോള്‍ ഞാന്‍ ഇതൊരു നോട്ട് പാഡില്‍ സേവ് ചെയ്താണ് കമന്റാനൊരുങ്ങുന്നത്!).താങ്കള്‍ മുമ്പൊരിക്കല്‍ മെയിലിനു കിട്ടിയ മറുപടിയെപ്പറ്റി ഒരു പോസ്റ്റിട്ടു. ഇപ്പോഴിതാ വായനക്കാരന്റെ കമന്റുകളെപ്പറ്റി. നന്നായി. നമ്മുടെ മനസ്സിലുള്ളത് പരസ്പരം പങ്കുവെക്കാനുള്ള ഒരു വേദി കൂടിയാണല്ലോ ഇത്. ഒരു പോസ്റ്റ് വായിച്ച് ഒന്നും പറയാതെ തേങ്ങയുടക്കുന്നതിനോടും അതു പോലെ “ഠേ “ എന്ന് പൊട്ടിച്ച് മുഴുവന്‍ വായിക്കാന്‍ പിന്നീട് വരാം എന്നു പറയുന്നവരോടും എനിക്ക് യോജിക്കാന്‍ കഴിയില്ല. അതു പോലെ എന്തെങ്കിലും രണ്ടു വാക്ക് പറയാതെ വെറുതെ ഒരു “സ്മൈലി”യുമിട്ട് മുങ്ങുന്നവരോടും!. സ്ഥിരം സ്മൈലിയിടുന്ന ഒരു സുഹൃത്ത് ബൂലോകത്തുണ്ട്. ഇവിടെയും കാണാം അദ്ദേഹത്തെ!. വളരെ വിരളമായേ അദ്ദേഹം എന്തെങ്കിലും അഭിപ്രായം പറഞ്ഞു കണ്ടിട്ടുള്ളൂ. എന്നാലോ എല്ലായിടത്തും എത്താറുമുണ്ട് താനും. ഇനി മടി കൊണ്ടാണോ മിണ്ടാനുള്ള ലജ്ജ കൊണ്ടാണോ എന്നറിയില്ല. എല്ലാ കമന്റ് ബോക്സിന്റെ മുകളിലും നമ്മുടെ അഭിപ്രായം തുറന്നു പറയാനുള്ള സ്വതന്ത്ര്യം എല്ലാവരും അനുവദിച്ചു തരാറുണ്ട്. പക്ഷെ പലരും അതു ദുരുപയോഗപ്പെടുത്തിയും കാണാറുണ്ട്. ചിലപ്പോള്‍ പോസ്റ്റിനെപ്പറ്റി ഒന്നും മിണ്ടാതെ ആ വായനക്കാരന്റെ ബ്ലോഗിന്റെ ലിങ്ക് (പരസ്യം) മാത്രം കൊടുത്തു രക്ഷപ്പെടുന്നു. ചിലര്‍ ഒരു ബന്ധവുമില്ലാത്ത എന്തെങ്കിലും കോപി പേസ്റ്റ് ചെയ്തു തടി തപ്പുന്നു. ഇതൊക്കെ അരോചകമാണ്. അതു പോലെ പോസ്റ്റിടുന്ന ആളും ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. വേഡ് വെരിഫിക്കേഷനും കമന്റ് മോഡറേഷനും ഒഴിവാക്കുന്നതാവും നല്ലത്. കമന്റിട്ടാല്‍ വേഗം പബ്ലിഷ് ആവുന്ന രൂപത്തിലാവണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഒന്നിലധികം എന്ട്രികള്‍ വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അവ നീക്കം ചെയ്യാനും ബ്ലോഗുടമയും ശ്രദ്ധിക്കണം.Technical problems വരാറുണ്ട് (എനിക്കിപ്പോള്‍ പറ്റിയ പോലെ) അതിനു നിവൃത്തിയില്ല. ഞാനീയിടെയായി ഒന്നും പോസ്റ്റ് ചെയ്യാറില്ലെങ്കിലും വായിക്കുന്ന പോസ്റ്റുകളിലെല്ലാം എന്തെങ്കിലും കമന്റിടാറുണ്ട്. അതു പോലെ താല്പര്യമുള്ള പോസ്റ്റുകളില്‍ കമന്റ് ഫോളോ ചെയ്യാറുമുണ്ട്. എന്നാല്‍ പോസ്റ്റുമായി ബന്ധമില്ലാത്ത കമന്റ് ചവറുകള്‍ മെയിലില്‍ വരുമ്പോള്‍ ചെറിയൊരു വിഷമം തോന്നാറുമുണ്ട് (ഉദാഹരണത്തിനു ചിലരുടെ ബ്ലോഗ് പരസ്യങ്ങള്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും സൈറ്റിന്റെ പരസ്യം മുതലായവ). ഏതായാലും ചര്‍ച്ച തുടരട്ടെ. ആശംസകള്‍ നേര്‍ന്നു കൊണ്ട്.

  ReplyDelete
 26. @സാക്ഷ: "അപസ്മാരത്തിന്റെ പരിശീലനശാലകള്‍" വായിച്ചു. അതിലെ പരാമര്‍ശനങ്ങളോട് വളരെയധികം യോജിക്കുന്നു.
  നമ്മള്‍ മല്ലൂസ് എന്തിനും പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തും. എന്‍റെ "ഒരു ട്വീറ്റ്......" വായിച്ചിരുന്നോ ?
  അഭിപ്രായത്തിനു നന്ദി.
  @സന്ദീപ്‌: മനസ്സിന് ഇണങ്ങാത്തത് എഴുതേണ്ടതില്ല. അല്ലാതെ തന്നെ, വേണമെങ്കില്‍, അല്പം ഒരു വേറിട്ട ചിന്ത ആവാമല്ലോ.
  തുറന്നെഴുതിയതിനു നന്ദി.
  @മുഹമ്മദ്കുട്ടി: ബ്ലോഗ്ഗറിലെ ചില errors എനിക്കും അനുഭവം ആയുണ്ട്. കഴിഞ്ഞ ദിവസം എന്‍റെ സൈറ്റ്‌ തുറന്നപ്പോള്‍ " ഈ ബ്ലോഗ്‌ കാന്‍സല്‍ ചെയ്തിരിക്കുന്നു" എന്ന് കണ്ടു ഞാനൊന്ന് ഞെട്ടി. ഞാനും നോട്ട്പാഡ് ഉപയോഗിക്കുന്നത് ശീലമാക്കിയിട്ടുണ്ട്.
  വളരെ വിശദമായും കൂടുതല്‍ കാര്യങ്ങള്‍ ഉള്കൊള്ളിച്ചും കമെന്റ്റ്‌ എഴുതിയതിനു പ്രത്യേകം നന്ദി. വേര്‍ഡ് വെരിഫികേഷനും മോഡറേഷനും എടുത്തു പറഞ്ഞത് നന്നായി.

  ReplyDelete
 27. ഇവിടെ പറയാന്‍ വിട്ടുപോയ ചില കാര്യങ്ങള്‍ ഉണ്ട്.

  ഒന്ന് : എഴുത്തുകാരന്‍ മനസ്സിലോ മാനത്തോപോലും ചിന്തിക്കാത്ത അര്‍ത്ഥതലങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നത്‌ പലപ്പോഴും കമന്റിലൂടെയാണ്. പോസ്റ്റുമായി ചേര്‍ത്തുവായിക്കുമ്പോള്‍ പിന്നീട് വരുന്നവനും, ഹാ അത് ശരിയാണല്ലോ എന്ന് തോന്നും.

  രണ്ട് : ബ്ലോഗറില്‍ തന്നെ ഒന്നിലധികം ഐ.ഡി.ഉള്ള ചിലരുണ്ട്. അവരില്‍ ചിലരുടെ പ്രൊഫൈല്‍ ഓപ്പണ്‍ ആയിരിക്കില്ല. സ്വന്തം പോസ്റ്റില്‍ അവര്‍ മറ്റേ ഐ.ഡി.യില്‍ എത്തി കമന്റിടും. ചിലപ്പോള്‍ അബദ്ധവും കാണിക്കും. ഈയിടെയും ഒരാളുടെ ബ്ലോഗില്‍ ഇത്തരം കമന്റ് കണ്ടിരുന്നു.

  ReplyDelete
 28. @സോണി: വളരെ താല്പര്യപൂര്‍വം പോസ്റ്റ്‌ വായിച്ചു എന്ന് മനസ്സിലായി. അഭിപ്രായത്തിനു ഏറെ നന്ദി. സൂചിപ്പിച്ച രണ്ടു കാര്യങ്ങളും ഞാന്‍ പോസ്റ്റില്‍ വേറെ വിധത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. "വിഷയത്തെ കുറിച്ച് വായനക്കാരനും അറിവുണ്ടായിരിക്കും" എന്നും
  "ഇല്ലാത്ത വായനക്കാരുടെ പേരിലും കമെന്റുകള്‍ ലഭിക്കാം." എന്നും എഴുതിയത് മറ്റൊന്നുമല്ല.

  ReplyDelete
 29. അഹമദ് ഭായ്, പോസ്റ്റിലെ നിരീക്ഷണങ്ങള്‍ കാലിക പ്രസക്തം..പിന്നെ കമന്റുകള്‍ ചിലപ്പോള്‍ വിഷയത്തില്‍ നിന്നും തെന്നി വേറെ വഴിക്കൊക്കെ പോകുന്നത് കാണാം...വായനക്കാര്‍ പല തരക്കാര്‍ അല്ലെ?? അപ്പോള്‍ അത് കമന്റിലും പ്രതിഫലിക്കും...

  ReplyDelete
 30. അതുശരി.. അപ്പോൾ എല്ലാവരും കമന്റിനു വേണ്ടിയാണല്ലെ ഈ പെടാപ്പാട് പെടുന്നത്..........

  ReplyDelete
 31. നന്നായി കമന്റെഴുതുന്നവരോട് എനിക്ക് അസൂയയാണ്.

  ReplyDelete
 32. നിരീക്ഷണം കൊള്ളാം, പക്ഷെ ചില കാര്യങ്ങളില്‍ വിയോജിക്കുന്നു ... "കമെന്റിടുന്നവര്‍ എല്ലാവരും എന്തെങ്കിലും പ്രത്യുപകാരം പ്രതീക്ഷിക്കുന്നില്ല. അങ്ങനെ ഉള്ളവര്‍ ഉണ്ടാവാം, പക്ഷെ ഒരു പോസ്റ്റ്‌ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ തോന്നുന്നത് കമന്റ് ആയി ഇടുമ്പോള്‍ കിട്ടുന്ന മനസ്സമാധാനം ഒരു വലിയ കാര്യമാണ്. അത് ആ എഴുതിയ വിഷയത്തില്‍ ഉള്ള നമ്മുടെ യോജിപ്പോ വിയോജിപ്പോ എഴുത്തുകാരനെ അറിയിക്കാന്‍ വേണ്ടിയാണ്. അല്ലാതെ തിരിച്ചു കമന്റ് കിട്ടാന്‍ അല്ല, സ്വന്തം ബ്ലോഗ്‌ ഇല്ലാത്ത എത്രയോ പേര്‍ , ബ്ലോഗ്‌ ഉണ്ടെങ്കിലും അടുത്തകാലത്ത്‌ പുതിയ പോസ്റ്റുകള്‍ ഇടാത്ത എത്രയോ പേര്‍ കമന്റ് ചെയ്യുന്നു... അവരൊക്കെ എന്തെങ്കിലും തിരിച്ചു പ്രതീക്ഷിച്ചാണോ അഭിപ്രായം എഴുതുന്നത്‌ !! ഒരു പോസ്റ്റ്‌ ഇടുമ്പോള്‍ കമന്റുകളുടെ എണ്ണം മാത്രം ലക്‌ഷ്യം വയ്ക്കാതെ, അത് വായിക്കുന്നവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടണം എന്ന് കരുതി എഴുതൂ... അല്പ സമയത്തേക്കെങ്കിലും ചിരിക്കാനോ ചിന്തിക്കാനോ ഉള്ള എന്തെങ്കിലും... 'കൊള്ളാം' എന്നോ 'വായിച്ചു' എന്നോ ഒക്കെയുള്ള ഫോര്‍മല്‍ കമന്റ്സ് നൂറെണ്ണം കിട്ടുന്നതിനേക്കാള്‍ ആത്മാര്‍ഥതയുള്ള പത്തു കമന്റ് കിട്ടുമ്പോള്‍ അല്ലേ യഥാര്‍ത്ഥ സംതൃപ്തി ???

  ReplyDelete
 33. @ഷാനവാസ്‌: ഒരു പോസ്റ്റ്‌ വായിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നുളവാകുന്ന മാനസികമായ തുടിപ്പുകളാണ്, യോജിപ്പോ വിയോജിപ്പോ, അനുബന്ധമോ ആയ കമെന്റുകളായി രൂപപ്പെടേണ്ടത്. വിഷയത്തിനു പുറത്തുള്ള മറ്റുവല്ല കാര്യവുമാണെങ്കില്‍ നേരിട്ട് എഴുത്തുകാരനെ അറിയിക്കുന്നതല്ലേ ഭംഗി? കമെന്റിനു നന്ദി.
  @സിദ്സ്‌: എല്ലാവരും എന്ന് പറഞ്ഞോ? എല്ലാ കാര്യങ്ങള്‍ക്കും അപവാദം (exception) ഉണ്ട്. വളരെ നന്ദി.
  @കുമാരന്‍: അസൂയപ്പെടാതെ, എഴുതുകയാണ് വേണ്ടത്. കുറെ വായിക്കുകയും കമെന്റ്റ്‌ എഴുതുകയും ചെയ്യുമ്പോള്‍ പോസ്റ്റ്‌ എഴുതാനും അതൊരു ഉള്‍പ്രേരണ ആവും. നന്ദി.
  @ലിപി: വിഷയത്തില്‍ ഏറെ താല്‍പര്യപൂര്‍വ്വം എഴുതിയ കമെന്റിനു നന്ദി. എല്ലാവരും പ്രത്യുപകാരം പ്രതീക്ഷിക്കുന്നു എന്ന് ഉദ്ദേശിച്ചില്ല. ചിലര്‍ അങ്ങനെയും ഉണ്ടെന്നേ സൂചിപ്പിച്ചുള്ളൂ. ലിപിയുടെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.

  ReplyDelete
 34. അഹമ്മദ് സാര്‍, ഈ വഴി ആദ്യമാണ്. തുടക്കം പിഴച്ചില്ല. ഓരോ നിരീക്ഷണവും സത്യം. പിന്നെ കൂടുതല്‍ എന്തുപറയാന്‍. കമന്റുകള്‍ക്ക് വേണ്ടി മാത്രം ബ്ലോഗ് എഴുതുന്നവര്‍ക്ക് ഈ പോസ്റ്റ് ഒരു ചുട്ട മറുപടി ആകട്ടെ. അഭിനന്ദനങ്ങള്‍!!

  ReplyDelete
 35. പറഞ്ഞതില്‍ പലതിനോടും യോജിക്കുന്നു. കമന്റാണല്ലോ ബൂലോഗത്ത് അടുത്ത കാലത്ത് നടന്ന ഈ-തല്ലുകള്‍ക്ക് കാരണം. എന്റെ ആദ്യ പോസ്റ്റില്‍ തന്നെ അഭിപ്രായങ്ങള്‍ കിട്ടാനുള്ള നിഷ്കളങ്കമായ ആഗ്രഹം ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും പോസ്റ്റുകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതില്‍ മിടുക്ക് കാണിക്കാത്തതു കൊണ്ടാവാം, കമന്റ് ക്ഷാമം ഇപ്പോഴും ചെറുതായിട്ടുണ്ട്! നല്ല സ്രുഷ്ടികള്‍ എഴുതാനും പോസ്റ്റ് ചെയ്യാനും അഭിപ്രായങ്ങള്‍ വളമാവുന്നു എന്ന സത്യം നിലനില്‍ക്കെത്തന്നെ, കമന്റു കിട്ടുയില്ലെങ്കില്‍ ബ്ലോഗ് പൂട്ടി കാശിക്കു പോകുമെന്ന് പറയുന്നവരോട് എങ്ങിനെ യോജിക്കാന്‍!

  ReplyDelete
 36. @സ്വപ്നജാലകം: വളരെ നന്ദി.
  @ചീരമുളക്: അങ്ങനെ ബ്ലോഗ് പൂട്ടി കാശിക്കു പോകുമെന്ന് പറയുന്നവരോട് എത്രയും നേരത്തെ പോകാന്‍ നിര്‍ദ്ദേശിക്കയാണ് വേണ്ടത്. തുറന്ന അഭിപ്രായത്തിനു നന്ദി.

  ReplyDelete
 37. പോസ്റ്റ് നന്നായിരിക്കുന്നു. ആശംസകള്‍ !
  കമന്റുകളുടെ എണ്ണം വാസ്തവത്തില്‍ പോസ്റ്റിന്റെ ക്വാളിറ്റിയെയാണോ കാണിക്കുന്നത് എന്നത് സംശയം!
  എന്നാലും എന്റെ പോസ്റ്റില്‍ ഒന്ന് കമന്റൂന്നെ, പ്ലീസ്.(വായിച്ചില്ലെങ്കിലും)

  ReplyDelete
 38. കാത്തിരുന്നു കാത്തിരുന്നു മുഷിഞ്ഞാൽ അടുത്ത പോസ്റ്റ് എഴുതി വിണ്ടും കമന്റ്സിനായി കാത്തിരിക്കാം

  ReplyDelete
 39. കമന്റിനെ പറ്റി കഥയെയുതി മാഷ് കൊറേ കമന്റ് മാങ്ങി അല്ലെ....

  ReplyDelete
 40. വെറും കമന്റ് കിട്ടിയിട്ടെന്ത് കാര്യം? വിലപ്പെട്ട കമന്റുകൾ കിട്ടണ്ടേ?ഒന്നോ രണ്ടൊ വാക്കിൽ “നന്നായി”എന്നു മാത്രം പറയുന്നതിനേക്കാൾ വിലപ്പെട്ടതല്ലേ വിശദമായ ഒരു കമന്റ്? ‘ഹൊ! ഞാനും ഒരു കമന്റ് എഴുതി..എന്തെങ്കിലും എഴുതണ്ടേ?”

  ReplyDelete
 41. വാക്കുകള്‍തമ്മി,ലര്‍ത്ഥമെഴാത്തതാം
  ദീര്‍ഘവാചകം കോര്‍ത്തു ഞാന്‍ തീര്‍ ക്കുന്ന
  മ്ളേച്ഛ മാതൃക പോസ്റ്റു ചെയ്താലുടന്‍
  ആര്‍ത്തലച്ചുവ,ന്നെത്തും കമന്റുകള്‍.

  നിന്‍പുറം ഞാന്‍ ചൊറിയും കമന്റിനാല്‍
  എന്‍ പുറം നീചൊറിയേണമ ക്ഷണം
  ഇമ്പമാര്‍ന്നൊരീ,യാപ്തവാക്യത്തിനാല്‍
  തുമ്പമേശാതെ മേയുന്നു ബ്ളോഗര്‍മാര്‍.

  ReplyDelete
 42. കൊള്ളാട്ടോ. ഇഷ്ടംപോലെ കമന്റായല്ലോ

  ReplyDelete
 43. @റീനി: സംശയിക്കേണ്ട. കമെന്റിനു നന്ദി.
  @ജാബിര്‍: ആരും കാത്തിരുന്നു മുഷിഞ്ഞില്ലല്ലോ. നന്ദി.
  @അന്ത്രു: ഒരു കൈ നോക്കുന്നോ?
  @എഡിറ്റര്‍: നല്ല കമെന്റ്റ്‌. വിലപ്പെട്ടത് തന്നെ.
  @അശോകന്‍: കവിതയും അതിലെ ഉള്ളടക്കവും നന്നായി. ഏതാണ്ട് ഇതൊക്കെ ഞാനും എഴുതിയിട്ടുണ്ട്, മറ്റ് വാക്കുകളിലൂടെ. നന്ദി.

  ReplyDelete
 44. കിട്ടിയ കമന്റുകള്‍ മധുരതരം..
  കിട്ടാത്ത കമന്റുകള്‍ അതിമധുരതരം !!!

  ReplyDelete
 45. പോസ്റ്റ് വായിച്ചപ്പോഴാണ് ബ്ലോഗര്‍മാര്‍ക്കിടയില്‍ കമെന്റു വലിയ കാര്യമാണ് എന്ന് തോന്നിയത്. പക്ഷെ എനിക്കിപ്പോഴും അങ്ങനെ തോന്നുന്നില്ല. ...എന്താണെന്നറിയില്ല.......

  ReplyDelete
 46. ഈശ്വര എനിക്ക് പറയാനുള്ളത് സാഹിബ്‌ പറഞ്ഞു... സത്യം പറഞ്ഞാല്‍ ഓരോ കമന്റു കാണുമ്പോഴും എന്തൊരു സന്തോഷം ആണെന്നോ?? കമെന്റ് കിട്ടാത്തത് കൊണ്ട് ബ്ലോഗ്‌ കട പൂട്ടേണ്ട അവസ്ഥയാണ്‌ പലര്‍ക്കും .... സൂപ്പര്‍ പോസ്റ്റ്‌

  ReplyDelete
 47. @ഫൌസിയ: ഊം.................
  @പത്രക്കാരന്‍: വളരെ സന്തോഷകരമായ നിലപാട്.
  @അന്‍സാര്‍: കുറെ കമെന്റുകള്‍ എഴുതി വിടൂ, അപ്പോള്‍ മനസ്സിലാകും.
  @കലി: അങ്ങനെ ബ്ലോഗ്‌ കട പൂട്ടരുത്. എഴുതുന്നത്‌ തന്നെയാ ഏറ്റവും വലിയ ആനന്ദം. നന്ദി

  ReplyDelete
 48. വേറൊരു കാര്യം കൂടി ഉണ്ട്..ചിലരൊക്കെ , പോസ്റ്റിയത് മുഴുവന്‍ വായിച്ചു നോക്കാറ് പോലും ഇല്ല ...ആരെങ്കിലും കമ്മന്റിയത് നോക്കി ,അല്ലെങ്കില്‍ അതു തന്നെ കോപ്പി ചെയ്തു ഇടും...എന്തായാലും കമ്മന്റ് കമ്മന്റു തന്നെ അല്ലെ..?

  ReplyDelete
 49. !ഹഹ ഞാനും ഇത് പോലൊരു പൊസ്റ്റ് രണ്ടാഴ്ച മുന്‍പിട്ടതേയുള്ളായിരുന്നു..
  അതൊരു ആക്ഷേപഹാസ്യ കവിതയായിരുന്നു എന്നു മാത്രം..
  താങ്കള്‍ അത് ക്ണ്ടില്ലെങ്കില്‍ അങ്ങോട്ട് ക്ഷണിക്കുന്നു..!
  http://swanthamsuhruthu.blogspot.com/2011/07/blog-post.html
  എന്തായാലും നല്ല നിരീക്ഷണങ്ങള്‍..ആശംസകള്‍..!

  ReplyDelete
 50. തികച്ചും അനുകരണീയമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും..ഓരോ ബ്ലോഗര്‍ക്കും തന്‍റെ എഴുത്തിനോളം തന്നെ പ്രിയം കാണുമല്ലോ അതിനു കിട്ടുന്ന കമന്റുകള്‍ക്കും.. പ്രയോജനപ്പെടുത്താം,ഈ നിര്‍ദ്ദേശങ്ങള്‍

  ReplyDelete
 51. കമന്റിനെ പറ്റി പോസ്റ്റ്‌ എഴുതി കമന്റ് കാത്തിരിക്കുകയാണല്ലേ ഗള്ളാ ! ഇന്നാ പിടിച്ചോ!
  ഉപകാരപ്രദമായ പോസ്റ്റ്‌ ട്ടോ ഗെഡീ

  ReplyDelete
 52. @ഒടിയന്‍: ഇതും നടക്കുന്നുണ്ട്. എന്നാലും കമെന്റു കിട്ടുമല്ലോ.

  @സ്വന്തം: ഞാന്‍ വായിച്ചു. നേരത്തെ കണ്ടിരുന്നെങ്കില്‍ ഒരു പോയിന്റ്‌ കൂടെ ആകുമായിരുന്നു.
  @മുജീബ്‌: നന്ദി സ്നേഹിതാ
  @ആറങ്ങോട്ടുകര: നന്ദി
  @ജയരാജ്‌: നന്ദി
  @തൃശൂര്‍കാരന്‍: കണ്ടില്ലേ, പ്രായോഗികമായി തന്നെ. നന്ദി

  ReplyDelete
 53. നല്ല കമെന്റുകൾ എന്നും എഴുതുന്നവനു പ്രചോദനം നൽകുന്നതു തന്നെ.. പലപ്പോഴും പല നല്ല പോസ്റ്റുകൾക്കും വളരെ കുറച്ചു കമന്റുകൾ മാത്രമേ കിട്ടുകയുള്ളുവെങ്കിലും...
  ആശംസക്ല്

  ReplyDelete
 54. ഈ വല്യ വല്യ കാര്യങ്ങള്‍ക്കിടയില്‍ ഈ കടുകുമണിക്കെന്തു കാര്യം?

  ReplyDelete
 55. ഗമ്മന്റിനെ കുറിച്ചുള്ള പോസ്‌റ്റ്... സംഗതി കലക്കീണ്ട്‌ട്ടാ... നന്നായ്‌ണ്ട്.. നന്നായ്‌ണ്ട്.. നമ്മളെപോലെയുള്ള കഞ്ഞികള്‍ക്ക് ശ്ശോ.. കന്നികള്‍ക്ക് ഗമ്മന്റ് കിട്ടാനുള്ള സൂത്രങ്ങള് പറഞ്ഞ് തന്നതിനു നന്ദീണ്ട്‌ട്ടാ...

  ReplyDelete
 56. വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും......http://punnakaadan.blogspot.com/

  ReplyDelete
 57. @നസീഫ്: വളരെ നന്ദി.
  @നെന: കടുകുമണി വേഗം കുടമണിയാകട്ടെ.
  @മുസമ്മില്‍: വളരെ നന്ദി
  @പുന്നകാടന്‍: ഇത് പോളിടിക്സ് ആണ്, ഞാനില്ല.

  ReplyDelete
 58. ലേഖനം ഞാന്‍ വ്വയിച്ചു സമയം കിട്ടാത്തത് കൊണ്ടു നാളെ നാളെ എന്നു വയ്ക്കുകയായിരുന്നു,
  ഒരു സംശയം ചോദിക്കട്ടെ, നമ്മുടെ ബ്ലോഗില്‍ ഒരാള്‍ കമെന്റ് എഴുതിയാല്‍, എഴുതിയ ആളുടെ ഇമെയില്‍ നമുക്ക് എങ്ങനെ കിട്ടും, (അദ്ദേഹം ഇമെയില്‍ പ്രൊഫൈലില്‍ കൊടുത്തിട്ടില്ല എങ്കില്‍) മറുപടി മെയില്‍ യും വരും എന്നു പ്രതീക്ഷിക്കട്ടെ,

  സ്നേഹാശംസകള്‍

  ReplyDelete
 59. നന്നായിട്‌ുണ്ട്..കമന്റുകള്‍ ഇല്ലാതെ എന്ത് പോസ്റ്റ്..എന്തേ..പിന്നെ കമന്റുകള്‍ ആ ആള്‍ ഈ പോസ്റ്റ് വായിച്ചു എന്നും നമുക്ക് അറിയാന്‍ ഉപകരിക്കുന്നു എന്നും കൂടി ഉണ്ട എന്തേ

  ReplyDelete
 60. കമന്റ്‌ അതല്ലേ എല്ലാം !! ഫേസ് ബുക്ക്‌ വഴി ഞാന്‍ ഇത് മുന്‍പേ വായിച്ചിരുന്നു..ഇത്ര വലിയ ചര്‍ച്ച ആയതു കണ്ടിരുന്നില്ല..

  ReplyDelete
 61. @കന്നെകാടന്‍: ഇമെയില്‍ അയച്ചിട്ടുണ്ട്. നന്ദി.
  @ആചാര്യന്‍: ഒരു പോയിന്റ് കൂടെ ആയി. നന്ദി.
  @ദുബൈകാരന്‍: കമെന്റ്റ്‌ ഒരു വലിയ സംഭവം തന്നെയാ. നന്ദി.

  ReplyDelete
 62. കമന്റുസമ്പാദനയന്യിത്രത്തിനായി സമീപിക്കുക.

  കമന്റൊന്നുക്ക് .10 ക മാത്രം ചിലവ്...

  കമന്റാധിക്യമഠം,
  കലിംഗപുരം.

  ReplyDelete
 63. ഞാൻ ഇതാ കമന്റ് എഴുതിയിരിക്കുന്നു. എനിക്കിപ്പോൾ പ്രതിഫലം വേണം. ആക്കൌണ്ട് നമ്പരൊന്നുമില്ല. മണി ഓർഡർ മതി. അഡ്രസ്സ് അങ്ങോട്ട് അയക്ക്ട്ടെ? കൂടുതൽ കമന്റുകൾ ശേഖരിച്ച് ഇട്ടു തരണമെങ്കിൽ തുക കൂടുതൽ വേണം. അതും പ്രശംസാ കമന്റാണേങ്കിൽ തുക പിന്നെയും കൂടും. വിമർശന കമന്റുകൾക്ക് നേർ പകുതി ചാർജ് നൽകിയാൽ മതി. ഇത്രയുമായ സ്ഥിതിയ്ക്ക് അനോണിയായി വന്ന് കമന്റിടം കുളമാക്കേണ്ടെങ്കിൽ അതിന് ഇനി ഓരോ പോസ്റ്റ് ഇടുമ്പോഴും പണം അയച്ചുകൊണ്ടിരിക്കേണ്ടതാണ്.

  ഈ പോസ്റ്റ് എനിക്ക് ഇഷ്ടമായി. അഭിനന്ദനങ്ങൾ!

  ഈ വാചകങ്ങൾ ഞാൻ എടുത്തെഴുതുന്നു; “ചെറിയ പോസ്റ്റുകളാണ് അക്ഷമരും തിരക്കുള്ളവരുമായ വായനക്കാര്‍ ഇഷ്ടപ്പെടുന്നത്. നീണ്ട പോസ്റ്റുകള്‍ ഇടയ്ക്കു വെച്ച് വായന നിര്‍ത്തി വീണ്ടും വരാമെന്നു കരുതുന്നവരും കാണും. പിന്നെ അത് നടക്കണമെന്നില്ല; കമന്റും നഷ്ടം.“

  എന്റെ പോസ്റ്റുകൾ ആളുകളെ അക്ഷമപ്പെടുത്താറുണ്ട്; സത്യം! അത്ര നീളൻ കത്തികളാ! ഈ കമന്റുതന്നെ കണ്ടില്ലേ? ഇഷ്ടത്തോടെ നിർത്തുകയല്ല.......

  ReplyDelete
 64. @രഞ്ജിത്ത്: നല്ല ബിസിനസ്സ് തന്നെ. എനിക്ക് കമ്മീഷന്‍ തരണം. നന്ദി.
  @സജിം: പ്രതിഫലം കൊടുക്കാതെ കമന്റ് കിട്ടാതാകുമ്പോള്‍ എന്തായാലും ബന്ധപ്പെടാം. നന്ദി. പോസ്റ്റുകള്‍ ചെറുത്‌ തന്നെയാ നല്ലത്. കമെന്റുകള്‍ വലുതായാലും സാരമില്ല.

  ReplyDelete
 65. ഇതില്‍ പറഞ്ഞതില്‍ ഒരു സത്യമുണ്ട്.. വായിക്കുന്നതിന്റെ 5 % പോയിട്ട അര ശതമാനം പോലും കമന്റ്‌ ചെയ്യാറില്ല.. എന്റെ അനുഭവം അങ്ങനെ ആണ്..

  ReplyDelete
 66. @ശ്രീ പതാരം: അഞ്ചു ശതമാനം എന്നത് ആവറേജ് പറഞ്ഞതാ. അതിലും കുറവ്‌ തന്നെയാ കമെന്റ്റ്‌ എഴുതുന്നവര്‍. സന്ദര്‍ശിച്ചതിനു നന്ദി.

  ReplyDelete
 67. പോസ്റ്റ്‌ വായിച്ചിട്ടു കമ്മെന്റ് ഇടാതെ പോവാന്‍ തോന്നുന്നില്ല...അത്രയ്ക്ക് ഇഷ്ടായി...കൂടുതല്‍ ഉപകാരപ്രതം..

  ReplyDelete
 68. @നൂറുദ്ദീന്‍: അഭിപ്രായത്തിനു വളരെ നന്ദി.

  ReplyDelete
 69. നല്ല നിരീക്ഷങ്ങള്‍... ഞാന്‍ ഇതൊക്കെ ഒന്ന് പരീക്ഷിച്ചു നോക്കിയിട്ട് തന്നെ ബാക്കി കാര്യം.

  നന്ദി അഹമദ് സാഹിബ്!

  ReplyDelete
 70. അങ്ങനെ അഹമ്മദിക്കക്കും കിട്ടി കുറേകമന്റുകള്‍....ഹാ..ഹാഹ്ഹാ‍..:)

  ReplyDelete
 71. @മനാഫ്‌: നന്ദി. പരീക്ഷാഫലം അറിയിക്കുമോ?
  നന്ദി മേല്‍പ്പത്തൂരാന്‍, ഈ വഴി വന്നതിനും ഒരു കമെന്റ്റ്‌ കൂടെ നല്‍കിയതിനും.

  ReplyDelete
 72. ശരിക്കും ഞാനും ചെയ്യുന്ന കാര്യമാണ് താങ്കള്‍ പറഞ്ഞത്....പോസ്റ്റിറ്റിട് നൂറു പേര്‍ വന്നിട്ട് പോകുമ്പോള്‍ അഞ്ചോ ആറോ വായനക്കാര്‍ മാത്രമാണു അഭിപ്രായം എഴുതുന്നതു...നല്ല വിഷമം തോന്നും ....എന്റെ ബ്ലോഗ് അത്ര മഹത്തരമായിരികില്ല എങ്കിലും പോസ്റ്റ് എങ്ങനെ ഉണ്ടായിരുന്നു എന്നു പറയുന്നതിന് എന്താണ് ഇത്ര വിഷമം എന്നാണ് എനിക്കു മനസിലാകാത്തത്.. ഏത് ബ്ലോഗില്‍ പോയാലും നമ്മള്‍ കമെന്റ് എഴുതാറുണ്ട്.... ഇപ്പോ അത് ശീലമായി അതിനാല്‍ വിഷമമില്ല എങ്കിലും പ്രതീക്ഷിക്കാറുണ്ട്... പല ബ്ലോഗുകളും കണ്ടപ്പോള്‍ ഞാനും തുടങ്ങി ഒരെണ്ണം..... ഈ ജൂണില്‍ ഡൊമൈന്‍ റജിസ്റ്റര്‍ ചെയ്തു (ആളു കൂടിയത് കൊണ്ടല്ല ഒരു ആഗ്രഹം )..... ഇനിയും എഴുതും.... കൂടെ നിങ്ങളും ഉണ്ടായിരികുമെല്ലോ.....

  ReplyDelete
  Replies
  1. ആത്മാര്‍ത്ഥമായി അഭിപ്രായം എഴുതിയതിനു നന്ദി. എഴുതിക്കോളൂ, ഞാന്‍ കൂടെയുണ്ട്; ഒപ്പം ഏറെ വായനക്കാരും.

   Delete
 73. വളരെ വൈകിയാണ് വായിച്ചതു , ഇന്‍ഫര്‍മേഷന്‍ കൊള്ളാം. എന്തോകെ പറഞ്ഞാലും നല്ലതായാലും കുറ്റങ്ങള്‍ ആയാലും, കമന്റ്‌ ഇടണം എന്ന ചിന്താഗതി ആണ് എനിക്കുള്ളത്. അത് എല്ലാവര്ക്കും ആവേശം പകരും . വീണ്ടും എഴുതാനും കൂടുതല്‍ നന്നാക്കാനും.

  ReplyDelete
  Replies
  1. വളരെ നല്ല ചിന്താഗതി. ഇങ്ങോട്ട് പ്രതീക്ഷിക്കാതെ അങ്ങോട്ട്‌ നല്‍കുക. നന്ദി.

   Delete
 74. സംഭവം കൊള്ളാം ട്ടോ. നല്ല രസത്തില്‍ തന്നെ വായിച്ചു പോന്നു. ഇനിയും ഇത്തരം പോസ്റ്റുകള്‍ വരട്ടെ.

  ReplyDelete
  Replies
  1. പ്രോത്സാഹനത്തിനു വളരെ നന്ദി.

   Delete
 75. എന്റെ ബ്ലോഗില്‍ കമന്റ് ഇടാതെ ഇവിടെ കമന്റ് ഇടുന്ന പ്രശ്നമില്ല!!
  വെറുതെ പറഞ്ഞതാ ട്ടോ! നല്ല നിരീക്ഷണങ്ങള്‍-ഒരു കമന്ടാര്‍ഥി..

  ReplyDelete
  Replies
  1. വെറുതെ പറഞ്ഞതാണെങ്കിലും ഗൌരവത്തില്‍ തന്നെ കാണുന്നു. നന്ദി.

   Delete
 76. ലിപി +1

  വായിച്ചാല്‍ കമന്റ് ഇട്ടൂടെ എന്നൊക്കെ ചോദിക്കാം പലപ്പോഴും വിമര്‍ശനങ്ങള്‍ പലരും അപരാധമായി കാണും.പിന്നെ പോസ്ടിലെ വിഷയത്തെ പറ്റി പറയാതെ 'അവിടെ' അക്ഷരത്തെറ്റുണ്ട് ,'ഇവിടെ' വ്യാകരണത്തെറ്റുണ്ട് അല്ലെങ്കില്‍ ആ ഭാഗം 'ഇങ്ങനെ'യാക്കാമായിരുന്നു എന്ന് മാത്രം പറയുന്നതും കണ്ടിട്ടുണ്ട് .വിമര്‍ശനം/ചര്‍ച്ച പോസ്റ്റിലെ വിഷയവുമായി ബന്ധ്മുള്ളതാകണം,അക്ഷരതെറ്റുകളും മറ്റും ഒഴിവാക്കേണ്ടതാണ് പക്ഷേ അത് പോസ്റ്റ്‌ മുന്‍പോട്ടു വയ്ക്കുന്ന വിഷയത്തെ മറന്നുകൊണ്ടാകരുത്.മലയാളത്തെ ഉദ്ധരിക്കാന്‍ വേണ്ടിയല്ല ആരും ബ്ലോഗെഴുതുന്നത് എന്നത് മറക്കരുത് .
  പല ബ്ലോഗര്‍മാരും മുന്‍പ് പറഞ്ഞ ഒരു കാര്യം കമന്റുകള്‍ സത്യസന്ധമായി എഴുതിയാല്‍ മിക്കവാറും എഴുതിയ ആളിന്റെ ശത്രുവാകും എന്നത് കൊണ്ടാണ്; വായിച്ചു ,ആശംസകള്‍ എന്നൊക്കെ മാത്രം എഴുതിപ്പോകുന്നത് എന്നാണ് ,ബ്ലോഗര്‍ എന്നതിനേക്കാള്‍ പലര്‍ക്കും വ്യക്തി ബന്ധങ്ങളുള്ളത് കൊണ്ടാണ് ഇങ്ങനെ വരുന്നത് .

  പിന്നെ പോസ്റ്റിനു കമന്റ് വരാത്തത് : ആര്‍ക്കായാലും താന്‍ എഴുതുന്നത്‌ മികച്ചതാണ് എന്ന് തോന്നും പക്ഷെ അത് വായിക്കുന്നവര്‍ക്ക് കൂടി അങ്ങനെ തോന്നാത്തത് കൊണ്ടാണ് കമന്റ് കാണാത്തത്.പോസ്റ്റിന്റെ നിലവാരത്തേക്കാള്‍ പരിചയങ്ങളും ബന്ധങ്ങളുമാണ് പലപ്പോഴും കമന്റ് കൂട്ടുന്നത്‌
  ഇനിയുമെഴുതിയാല്‍ പോസ്ടിനെക്കാള്‍ വലുതാകും അതു കൊണ്ട് ബാക്കി പിന്നീട്

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text