Ads 468x60px

Sunday, July 31, 2011

"കമെന്റു വേണോ, കമെന്റു ? "മലയാളം ബ്ലോഗര്‍മാരുടെ ഇടയില്‍ രഹസ്യമായും പരസ്യമായും ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്നത്തെ സംസാര വിഷയമാണ്‌ പോസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന കമന്‍റുകളുടെ എണ്ണം. ഇതിന്‍റെ പേരില്‍ സംഘട്ടനങ്ങളും ഉണ്ടായേക്കാം. പൊതുവേ ഒരു പോസ്റ്റ്‌ എഴുതുമ്പോള്‍ അനുഭവിക്കുന്ന അതെ നിര്‍വൃതി തന്നെയാണ് പോസ്റ്റിനു ലഭിക്കുന്ന കമെന്റുകള്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നത്. ബ്ലോഗ്‌ എഴുത്തുകാരന് സ്വയമൊരു വിലയിരുത്തല്‍ നടത്താനും കമെന്റുകള്‍ ഉപാധിയാവുമ്പോള്‍ അവയുടെ പ്രാധാന്യത ഏറെയാണ്. എങ്കിലും അനാരോഗ്യ പ്രവണത അംഗീകരിക്കാന്‍ പ്രയാസമുണ്ട്.ചൂണ്ടമുനയില്‍ ഇര കോര്‍ത്ത്‌ പുഴയിലേക്ക്‌ വലിച്ചെറിഞ്ഞ ശേഷം ചൂണ്ട നൂലിന്‍റെ മറ്റെ അറ്റം കൈവിരലില്‍ ചുറ്റിപ്പിടിച്ച് അക്ഷമനായി കരയില്‍ ഇരിക്കുന്ന വിനോദ മീന്‍പിടുത്തക്കാരന്‍റെ ചിത്രമാണ്‌ കമന്റുകളെ പറ്റി ആലോചിക്കുമ്പോള്‍ മനസ്സില്‍ തെളിയുന്നത്. ഒരു പോസ്റ്റ്‌ പ്രസിദ്ധീകരിച്ച നിമിഷം മുതല്‍ ബ്ലോഗ്‌ എഴുത്തുകാരനും ഇതേ മീന്‍പിടുത്തക്കാരന്‍റെ മാനസിക അവസ്ഥയിലാണ്. മല്‍സ്യം ഇരയില്‍ കൊത്തിയാല്‍ കരയിലിരിക്കുന്ന ആള്‍ക്ക് തനിയെ മനസ്സിലാകുമെങ്കിലും ഇടയ്ക്കിടെ നൂല്‍ വലിച്ചുനോക്കി സംശയം തീര്‍ക്കുന്നത് പോലെ, പോസ്റ്റ്‌ വായിച്ചു ആരെങ്കിലും കമെന്റിടുന്നത് email മുഖേന അറിയുമെങ്കിലും ഇടയ്ക്കിടെ സ്വന്തം പോസ്റ്റില്‍ കേറി കമെന്റുണ്ടോയെന്നു പരിശോധിക്കാന്‍ എഴുത്തുകാരന്‍ വ്യഗ്രത കാട്ടാറുണ്ട്. സാധാരണയായി വായനക്കാരുടെ 5% ത്തില്‍ താഴെയാണ് കമന്റുകള്‍ എഴുതുന്നവര്‍. ഈ സാഹചര്യത്തില്‍ പോസ്റ്റിനു ലഭിക്കുന്ന കമന്റുകളുടെ എണ്ണവും ഉള്ളടക്കമേന്മയും എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന് നോക്കാം.

ഏറ്റവും പ്രഥമവും പ്രധാനവുമായത് നല്ല പോസ്റ്റ്‌ എഴുതുകയെന്നത് തന്നെയാണ്. ആശയങ്ങള്‍ പ്രകടിപ്പിക്കാനും ആര്‍ജ്ജിച്ച അറിവ് മറ്റുള്ളവരുമായി പങ്കിടാനും വിനോദസമയം എഴുത്തിലൂടെയും വായനയിലൂടെയും ആനന്ദകരമാക്കാനും നല്ല ബ്ലോഗ്‌പോസ്റ്റുകള്‍ ഉപകരിക്കപ്പെടുന്നു. ശരിയായ വിധത്തില്‍ ഉപയോഗിക്കപ്പെടുന്ന വാക്കുകളുടെ ശക്തി അപാരമാണ്. ഒരാളുടെ ജീവിതത്തെയും ചിന്താഗതിയെയും മാറ്റി മറിക്കാനും അയാളുടെ സ്വപ്നങ്ങളെ സാക്ഷാല്‍കരിക്കാനും അതിന് കഴിയും. ഇത്തരം പോസ്റ്റുകള്‍ക്ക്‌ ലഭിക്കുന്ന കമെന്റുകള്‍, പ്രസ്തുത ലക്ഷ്യവും ശക്തിയും തികച്ചും അര്‍ത്ഥവത്താക്കുന്നതിന്‍റെ അടയാളം കൂടിയാണ്. മാത്രമല്ല, എഴുത്തുകാരനും കമന്റുകാരനും മറ്റു വിധത്തില്‍ ഏറെ ഉപയോഗപ്രദമാവുകയും ചെയ്യും.

കമന്റ് എഴുതാനായി വായനക്കാരനോട് നേരിട്ടോ പോസ്റ്റില്‍  പരോക്ഷമായോ അനുബന്ധ കുറിപ്പ് മുഖേനയോ എഴുത്തുകാരന് ആവശ്യപ്പെടാം. പോസ്റ്റിന്‍റെ അവസാനം അത് സൂചിപ്പിച്ചുകൊണ്ട് വാചകം ചിലപ്പോള്‍ കാണാറുണ്ട്.

പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്ന, വായനക്കാര്‍ക്ക്‌ പൊതുവെ താല്‍പര്യമുള്ളതും കാലികപ്രസക്തവുമായ വിഷയങ്ങളും സംഭവങ്ങളും മുഴുവനാക്കാതെ അല്പം വായനക്കാരന്‍റെ ഭാവനക്കും യുക്തിക്കും വിട്ടുകൊടുക്കുകയാണെങ്കില്‍ പ്രസ്തുത ഭാവനകള്‍ കമന്റുകളായി തിരിച്ച് ലഭിക്കും. വിഷയത്തെ കുറിച്ച് വായനക്കാരനും അറിവുണ്ടായിരിക്കും. ഒരു പക്ഷെ എഴുത്തുകാരന് അറിയാത്തവ വായനക്കാരന്‍റെ കമന്റായി വരാന്‍ സാധ്യതയുണ്ട്. പോസ്റ്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ ഉത്തരം വായനക്കാരുടെ കമന്റുകളായി വരും.

വിഷയം തെരഞ്ഞെടുക്കുന്നതിലും കാര്യമുണ്ട്. രാഷ്ട്രീയം, ജീവിതം, മരണം, ഭയം, പരാജയം, അപകടം, facebook പോലെയുള്ള സാമൂഹികവലയങ്ങള്‍, blogging, നര്‍മ്മം എന്നിവ ധാരാളം കമന്റുകള്‍ നേടിത്തരും. മറ്റുള്ളവരെ പഴിച്ചുകൊണ്ട് എഴുതുന്ന പോസ്റ്റുകളും അങ്ങനെ തന്നെ.   ആഘോഷങ്ങള്‍, കല്യാണം, മരണവാര്‍ത്ത മുതലായവ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ക്കും എഴുത്തുകാരന് വ്യക്തിപരമായി താല്‍പര്യമുള്ള വിഷയം അടങ്ങിയ പോസ്റ്റുകള്‍ക്കും കമന്റുകള്‍ ധാരാളമാണ്. ജനങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുന്ന വസ്തുതകള്‍, ജീവിതശൈലിയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍, സ്ഥിതിവിവര കണക്കുകള്‍ എന്നിവ വിവരിക്കുന്ന പോസ്റ്റുകള്‍ ഏറെ പ്രതികരിക്കപ്പെടും.

ചെറിയ പോസ്റ്റുകളാണ് അക്ഷമരും തിരക്കുള്ളവരുമായ വായനക്കാര്‍ ഇഷ്ടപ്പെടുന്നത്. നീണ്ട പോസ്റ്റുകള്‍ ഇടയ്ക്കു വെച്ച് വായന നിര്‍ത്തി വീണ്ടും വരാമെന്നു കരുതുന്നവരും കാണും. പിന്നെ അത് നടക്കണമെന്നില്ല; കമന്റും നഷ്ടം.

സത്യാവസ്ഥക്ക് എതിരായോ പൊതുവെയുള്ള അഭിപ്രായത്തെ നിരസിച്ചോ പോസ്റ്റില്‍ എന്തെങ്കിലും സൂചിപ്പിക്കുകയാണെങ്കില്‍ അതിനുള്ള വായനക്കാരുടെ പ്രതികരണം ഏറെ ആയിരിക്കും. വായനക്കാര്‍ എന്നും എഴുത്തുകാരനെ പ്രതികൂലിക്കാനായിരിക്കും ഇഷ്ടപ്പെടുക. കമന്റുകളില്‍ കൂടെ അത് പ്രകടമാവുകയും ചര്‍ച്ചയും കൂടുതല്‍ കമന്റുകളും അനുബന്ധമായി ഉടലെടുക്കുകയും ചെയ്യും.

ആരെയെങ്കിലും (ബ്ലോഗറെയും ആവാം) പോസ്റ്റില്‍ കൂടെ അഭിനന്ദിക്കുകയോ പ്രശംസിക്കുകയോ സൂചിപ്പിക്കുകയോ ചെയ്താല്‍ കമന്റെഴുതി പിന്താങ്ങാന്‍ വായനക്കാരില്‍ അധികം പേരുണ്ടാവും.

കുറഞ്ഞ സമയത്തിനുള്ളില്‍ ധാരാളം പോസ്റ്റുകള്‍ ഇടുന്നവര്‍ ഇടക്കൊരു വിശ്രമത്തിനു ശേഷമിടുന്ന പോസ്റ്റിനു കമെന്റിന്‍റെ പ്രവാഹം കാണാം. ഉത്കൃഷ്ടങ്ങളായ കുറച്ച് പോസ്റ്റുകളിറക്കി നല്ലൊരു വായനാസമൂഹത്തിന്‍റെ കമെന്റുകള്‍ സമ്പാദിക്കാം.

പൊതുവേ അറിയപ്പെടുന്നത് പോലെ മറ്റുള്ളവരുടെ പോസ്റ്റിനു കമെന്റിടുകയാണ് കമെന്റു ലഭിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. വിഷയത്തില്‍ കേന്ദ്രീകരിച്ചു വേണം കമെന്റുകള്‍. ഒരു പോസ്റ്റിനു വളരെ നീണ്ട കമെന്റു എഴുതുന്നതിനേക്കാള്‍ ഭേദം, ആധാരമായ പോസ്റ്റിനു വേണ്ടവിധത്തിലുള്ള സൂചന നല്‍കി പുതിയ ഒരു പോസ്റ്റ്‌ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. ഇത് വഴി രണ്ടു പോസ്റ്റുകള്‍ക്കും കൂടുതല്‍ കമെന്റുകള്‍ ലഭിക്കാനിടയുണ്ട്. ഇഷ്ടപ്പെടാത്ത വിധത്തിലോ പ്രകോപനപരമായോ ലഭിക്കുന്ന കമെന്റുകള്‍കളെ പരസ്യമായി തന്നെ പ്രതികരിക്കുകയും പ്രസിദ്ധീകരിക്കുകയും വേണം.   

കമെന്റുകള്‍ ഇടയ്ക്കിടെ (കഴിയുമെങ്കില്‍ ദിനേന) പരിശോധിച്ച് മറുപടി നല്‍കുകയും പോസ്റ്റില്‍ വേണമെങ്കില്‍ മാറ്റം വരുത്തുകയും ചെയ്യുകയാണെങ്കില്‍ വായനക്കാരന് എഴുത്തുകാരനെ പറ്റി മതിപ്പുണ്ടാവുന്നു. തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്കും കമെന്റുകള്‍ ഉറപ്പിക്കാം. മാത്രമല്ല, വായനക്കാര്‍ക്കിടയില്‍ പോസ്റ്റ്‌ സജീവമായിരിക്കും. 

എഴുത്തുകാരന്‍ വിനീതനാവുകയും  കമെന്റുകള്‍ക്ക് സ്നേഹപൂര്‍വ്വം മറുപടി നല്‍കുകയുമാണെങ്കില്‍ കൂടുതല്‍ കമെന്റുകള്‍ പ്രതീക്ഷിക്കാം. വായനക്കാരന്‍ ഒരു  "ഉപഭോക്താവ്" ആണല്ലോ.  എഴുത്തുകാരന്‍റെ പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കുന്ന കമെന്റുകള്‍ക്ക് സൗമ്യമായും കുറ്റസമ്മതത്തോടെയും പ്രതികരിക്കുകയാണെങ്കില്‍ തുടര്‍ന്നും കമെന്റിടാന്‍ വായനക്കാരന് ധൈര്യം കിട്ടുന്നതാണ്.

പോസ്റ്റില്‍ കമെന്റ്റ്‌ ഇടാനുള്ള പ്രക്രിയ ഏറ്റവും ലഘുവാക്കുക. അതിനുള്ള സ്ഥാനം പോസ്റ്റിന്‍റെ അവസാനമാകുന്നതാണ്  ഏറ്റവും നല്ലത്. ചില പോസ്റ്റില്‍ തുടക്കത്തില്‍ കാണാറുണ്ട്. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞ് മുകളിലേക്ക് വരാന്‍ വായനക്കാരന്‍ തുനിയില്ല, വേറെ ലിങ്കിലേക്ക് കടന്നുകാണും. വായനക്കാരന്‍റെ കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെടുന്നതും തിരിച്ചറിയല്‍ വാക്ക് വെക്കുന്നതും കമെന്റുകള്‍ കുറയാന്‍ കാരണമാകും. 

കമെന്റുകള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള വിലക്കുകളോ നിയന്ത്രണങ്ങളോ വെക്കുകയാണെങ്കില്‍ വായനക്കാര്‍ അതിന്‍റെ ഗൌരവം മനസ്സിലാക്കി കമെന്റുകള്‍ ഇടാന്‍ താല്‍പര്യമെടുക്കും. അനാവശ്യമായ കമെന്റുകള്‍ ഒഴിവായി കിട്ടുകയും ചെയ്യും.

കമെന്റിടുന്നവര്‍ എന്തെങ്കിലും പ്രതിഫലമോ പ്രത്യുപകാരമോ പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ്. ചിലപ്പോള്‍ നന്ദി സൂചകമായ ഒരു വാക്കായിരിക്കാം. അല്ലെങ്കില്‍ അവരുടെ പോസ്റ്റിലേക്കുള്ള ക്ഷണമായിരിക്കാം. അഭിലഷണീയം അല്ലെങ്കിലും കമെന്റുകള്‍ വാങ്ങാന്‍ കിട്ടുന്ന അവസ്ഥയും അതിനായി പ്രവര്‍ത്തിക്കുന്ന ചില "എജെന്‍സി"കളും വലയങ്ങളും ഉണ്ടെന്ന് തോന്നുന്നു. പകരം കമെന്റുകളും മറ്റു സേവനങ്ങളും സ്വീകാര്യം. ഇല്ലാത്ത വായനക്കാരുടെ പേരിലും കമെന്റുകള്‍ ലഭിക്കാം.

എന്തെങ്കിലും വ്യവസ്ഥകളോ കാലപരിധിയോ വെച്ച് കമെന്റ്റ്‌ പ്രക്രിയ നിര്‍ത്തുന്നതും കൂടുതല്‍ കമെന്റുകള്‍ സമ്പാദിക്കാനുള്ള ഉപാധിയാണ്. കടകളില്‍ നടത്തുന്ന ഏതാനും ദിവസങ്ങള്‍ മാത്രമുള്ള വിലക്കിഴിവ് ശ്രദ്ധിക്കാറില്ലേ ? 

കമെന്റുകള്‍ ഏറെ ലഭിക്കാനായി ഇനിയും ധാരാളം വഴികളും ആയുധങ്ങളും ഉണ്ടായിരിക്കാം. വായനക്കാര്‍ പങ്കിടുമെന്നു വിശ്വസിക്കുന്നു.  

Friday, July 15, 2011

മറുപടിയും ഒരനുഭവം

ബൂലോകത്ത് അനുഭവങ്ങളാണ് ഏറെ പ്രകാശിക്കുന്നത്. അനുഭവങ്ങളുടെ തലോടലുകളുള്ള കുറിപ്പുകളും കഥകളും സാഹിത്യപരമായി നല്ല സൃഷ്ടികളായിത്തീരാറുണ്ട്, പലപ്പോഴും. അനുഭവങ്ങള്‍ എന്നും യാഥാര്‍ത്ഥ്യങ്ങളാണ്. യാഥാര്‍ത്ഥ്യം ഒന്നേയുള്ളൂ. ഭാവന എത്രയുമാകാം, എങ്ങനെയുമാകാം- കാറ്റില്‍ പാറിക്കളിക്കുന്ന പട്ടം പോലെ. മാത്രമല്ല, യാഥാര്‍ത്ഥ്യം ഭാവനയെക്കാള്‍ വിചിത്രമാണ്. ജീവചരിത്രങ്ങളും ചരിത്രപരമായ സാഹിത്യ സൃഷ്ടികളും ഏറെ വയിക്കപ്പെടുന്നതിന്‍റെ ഒരു കാരണവും ഇത് തന്നെയാണ്. ഉല്‍കൃഷ്ടങ്ങളും ഏറെ ഹൃദ്യങ്ങളും ആയ "ആട്‌ജീവിത"വും (സ്വാനുഭവം അല്ലെങ്കിലും)  Anne Frank ന്‍റെ ഡയറിയും ചെറിയ ഉദാഹരണങ്ങള്‍ ആണ്.
ഇതിനു മുമ്പുള്ള എന്‍റെ പോസ്റ്റ്‌ ("പുസ്തകം മരിക്കുമോ ?") പ്രസിദ്ധീകരിച്ചപ്പോള്‍ അത് വായിക്കാന്‍ അപേക്ഷിച്ചുകൊണ്ട്, ഞാന്‍ കുറെ ബ്ലോഗര്‍ സ്നേഹിതര്‍ക്ക് (നേരില്‍ പരിചയമില്ലാത്തവര്‍ ആണ് കൂടുതലും) email സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. ചിലര്‍ email ആയി തന്നെ മറുപടികള്‍ അയക്കുകയും ധാരാളം പേര്‍ പോസ്റ്റില്‍ വിശദമായും ആത്മാര്‍ത്ഥമായും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ബ്ലോഗ്‌ സന്ദര്‍ശിച്ചവരുടെ എണ്ണത്തില്‍ നിന്നും, അഭിപ്രായം രേഖപ്പെടുത്താതെ വായിച്ചു പോയവര്‍ അതിലും എത്രയോ കൂടുതലാണെന്ന് മനസ്സിലായി.


email മറുപടികള്‍ മിക്കതും നന്ദി രേഖപ്പെടുത്തി ആയിരുന്നുവെങ്കിലും കൂട്ടത്തില്‍ വ്യത്യസ്ഥമായ ഒരെണ്ണം എന്നെ കൂടുതല്‍ ആകര്‍ഷിച്ചു. മറുപടി എഴുതിയ, നേരില്‍ പരിചയമില്ലാത്ത സ്നേഹിതന്‍റെ profile ഞാന്‍ ഒന്ന് കൂടെ പരിശോധിച്ചു, ബ്ലോഗര്‍ തന്നെയെന്ന് സ്ഥിരീകരിച്ചു. സംസ്കാരസമ്പന്നനെന്നു തോന്നിക്കുന്ന, സുന്ദരമായ മുഖമുള്ള ഫോട്ടോയും profile-ലുണ്ട്.   പരോക്ഷമായി കൂടുതല്‍ മനസ്സിലാക്കാനായി, അദ്ദേഹത്തിന്‍റെതായ രണ്ട് ബ്ലോഗുകളില്‍ ഞാന്‍ വീണ്ടും കയറി പോസ്റ്റുകള്‍ വായിച്ചു നോക്കി.


പോസ്റ്റുകള്‍ വായിക്കുക എന്നതാണ് എഴുതാന്‍ ശ്രമിക്കുന്ന ഏതൊരു ബ്ലോഗറും അത്യാവശ്യമായി ചെയ്യേണ്ട കാര്യമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏറെ വായിച്ചെങ്കിലെ കുറച്ചെങ്കിലും എഴുതാന്‍ പറ്റൂ. വായന വളരെ എളുപ്പവും ആണ്. പ്രശസ്ഥരായ ബ്ലോഗര്‍മാര്‍ പോലും ദിവസവും നീണ്ടൊരു സമയം ബ്ലോഗ്‌ വായനക്കായി നീക്കി വെക്കുന്നുണ്ട്. ബ്ലോഗുകളുടെ കൂട്ടത്തില്‍ ചപ്പും ചവറും കാണാതിരിക്കില്ല. കുറെ ചവറുകളുടെ ഇടയില്‍ പച്ചിലയും ഒളിഞ്ഞിരിപ്പുണ്ടാവും. ഏതു ചവറ് വായിച്ചാലും എന്തെങ്കിലും നമ്മുടെ മനസ്സില്‍ തങ്ങുമെന്നത് മറ്റൊരു വസ്തുതയാണ്. ഒന്നുമില്ലെങ്കില്‍ ബ്ലോഗ്‌ എഴുതിയ ആളിനെ പറ്റിയെങ്കിലും ഒരു സൂചന ലഭിക്കുമല്ലോ.


Profile-ല്‍ ഒതുങ്ങുന്ന വ്യക്തിത്വമല്ല നാം പലപ്പോഴും ബ്ലോഗറില്‍ കാണുന്നത്. ആത്മാര്‍ത്ഥമായി സ്വയം പരിചയപ്പെടുത്താന്‍ നമുക്ക് കഴിയില്ലല്ലൊ. നാം എപ്പോഴും മറ്റുള്ളവരുടെ മുമ്പിലും മുകളിലും നില്‍ക്കാനേ ആഗ്രഹിക്കുകയുള്ളൂ. മാത്രമല്ല എന്ത് ചെയ്യുന്നതും മറ്റുള്ളവരെ താരതമ്യപ്പെടുത്തിയായിരിക്കും. ഈ താരതമ്യപ്പെടുത്തല്‍ എല്ലാ കാര്യങ്ങളിലും ദൃശ്യമാണ്.


സംസാരിക്കുകയും മറ്റുവിധത്തില്‍ ഉപയോഗിക്കുകയും ചെയ്യുന്നവരുടെ സംഖ്യാവ്യത്യാസം മാറ്റി നിര്‍ത്തിയാല്‍ പ്രചാരത്തിലുള്ള എല്ലാ ഭാഷകളും ഒരേ പ്രാധാന്യവും മഹത്വവും അര്‍ഹിക്കുന്നു. സ്വന്തം ഭാഷ കൂടാതെ മറ്റു ഭാഷകള്‍ സ്വായത്തമാക്കുന്നത് നമ്മുടെ സാമൂഹികജീവിതം എളുപ്പമാക്കാനും വിജ്ഞാന സമ്പാദനത്തിനും ഉതകുന്നു. ആവശ്യമില്ലാതിടത്തു അന്യഭാഷ തെറ്റായി പ്രയോഗിക്കുന്നത് ഒരിക്കലും ഭൂഷണമല്ല. എല്ലാ ഭാഷകള്‍ക്കും പരിമിതിയുമുണ്ട്. ആശയ വിനിമയത്തിനായി നാം ഉപയോഗിക്കുന്ന ഭാഷയും അതിന്‍റെ ശൈലിയും വാക്കുകളും പ്രയോഗങ്ങളും എല്ലാം  നമ്മുടെ വ്യക്തിത്വത്തെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു. നാമറിയാതെ തന്നെ നമ്മെ നാം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇവ്വിധം. അതിനാല്‍ ഒരു മുന്‍കരുതല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നല്ലതാണെന്ന് തോന്നുന്നു.


ഇനി, മറുപടി എഴുതിയ സ്നേഹിതന്‍ ആരെന്ന് അറിയേണ്ടേ? അല്ലെങ്കില്‍ വേണ്ട. ഞാന്‍ കാരണമായി അദ്ദേഹം ചുളുവില്‍ പ്രശസ്തനാകുന്നത് എനിക്ക് സഹിക്കില്ല. ഞാനും മജ്ജയും മാംസവുമുള്ള വ്യക്തിയാണല്ലോ. അതിനാല്‍ തന്നെ എന്‍റെ രക്തത്തിലും അലിഞ്ഞുചേര്‍ന്ന അസൂയയുണ്ട്. അസൂയ അത്യാവശ്യവും കൂടിയാണ്. ഈ അസൂയ തന്നെയാണ് നമ്മെ ഉയര്‍ച്ചയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നത്. സമൂഹത്തിന്‍റെ ആരോഗ്യത്തിന് ഹാനികരമല്ലാത്ത വിധത്തില്‍ ആയിരിക്കട്ടെ അതെന്ന് മാത്രം.


ആശയദാരിദ്ര്യം ഏറെ അനുഭവിക്കുന്ന എനിക്ക് ഈ പോസ്റ്റ്‌ എഴുതാന്‍ സാഹചര്യം ഒരുക്കിയതിന്, ഇപ്പോള്‍ എന്‍റെ സ്നേഹിതനോടു എനിക്ക് വളരെയധികം കടപ്പാട് തോന്നുന്നു. ഒരു കാര്യം മറന്നുപോയി, (അല്ല, മറന്നതാണ്, ഇത്രയൊക്കെ എഴുതാന്‍ വേണ്ടി) സ്നേഹിതന്‍റെ മറുപടി എന്തായിരുന്നുവെന്ന് പറഞ്ഞില്ലല്ലോ. ഇനി മറക്കുന്നില്ല. കേട്ടോളൂ, വള്ളിപുള്ളി മാറ്റാതെ, "get the fuck off..never ever mail me such nonsense".

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text