Ads 468x60px

Tuesday, July 17, 2012

വിലയുടെ വില

ങ്ങളുടെ കാറിന്‍റെ പെട്രോള്‍ ചേമ്പറിന്റെ പുറത്തേക്ക് തുറക്കുന്ന ചെറിയ വാതില്‍ (Lid) ഈയിടെ നഷ്ടപ്പെട്ടിരുന്നു. പെട്രോള്‍ പമ്പിലെ ജോലിക്കാര്‍ പരിധിയിലും കൂടുതലായി വാതില്‍ പുറത്തേക്ക് തുറക്കാന്‍ ശ്രമിച്ചതിനാല്‍ അത് കുറെ കാലം പൊട്ടിനില്‍ക്കുകയും പിന്നീട് എന്നോ ഞങ്ങള്‍ അറിയാതെ വീണ് പോവുകയുമാണ് ഉണ്ടായത്. പെട്രോളും ടാങ്കിന്റെ അടപ്പ്‌ തന്നെയും മോഷണം പോവുന്നത് ഭയന്ന് വണ്ടി തുറന്ന സ്ഥലങ്ങളില്‍ പാര്‍ക്ക്‌ ചെയ്യാന്‍ മടിച്ചിരിക്കെ, സ്പയര്‍ പാര്‍ട്ട്‌ വാങ്ങിക്കാനായി കാറിന്‍റെ ഷോറൂമില്‍ ചെന്നപ്പോള്‍ സാധനം സ്റ്റൊക്കില്ലെന്നും ഡല്‍ഹിയില്‍ നിന്ന് വരുത്തി തരാമെന്നും ആയിരത്തി എണ്ണൂറു രൂപയാണ് വിലയെന്നും വില്‍പനക്കാരന്‍ പറഞ്ഞു. മാത്രമല്ല, കറുത്ത നിറത്തിലെ കിട്ടുള്ളൂ എന്നും വണ്ടിയുടെ നിറത്തിനു പെയിന്‍റ് ചെയ്യേണ്ടി വരുമെന്നും. എല്ലാം കൂടെ രണ്ടായിരത്തി ഇരുനൂറിനു മേലെ പ്രതീക്ഷിക്കാമെന്ന് കൂടെ കേട്ടപ്പോള്‍ എനിക്കുണ്ടായ അന്താളിപ്പ്‌ മറച്ചുവെച്ച്, മലപ്പുറം ഷോറൂമില്‍ കൂടെ അന്വേഷിക്കട്ടെയെന്നു അറിയിച്ച് തിരിച്ചു പോന്നു.

കേവലം പതിനാല് സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ഡിസ്കും ഒപ്പം ഒരു വിജാഗിരി സംവിധാനവും അടങ്ങിയ സ്പെയര്‍ പാര്ട്ടിന്റെ വില ഇതാണെങ്കില്‍ എന്‍റെ വണ്ടിയില്‍ നിന്നും അത്യാവശ്യമല്ലാത്ത കുറച്ച് പാര്‍ട്ടുകള്‍ അഴിച്ച് വില്‍ക്കുകയാണെങ്കില്‍ വേറൊരു പുതിയ വണ്ടി വാങ്ങാനുള്ള പണമാകുമല്ലോ എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍ .


സംഗതി ഇങ്ങനെയാണെങ്കിലും പ്രശ്നം പരിഹരിക്കണമല്ലോ. ഏറെ വൈകിയില്ല, എന്‍റെ DIY (do it yourself) പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ മനസ്സില്‍ മുഴുവന്‍ സമയവും ചിന്ത അത് തന്നെയായി. സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം,  വാതില്‍  സ്വയം നിര്‍മ്മിക്കാനുള്ള വഴികള്‍ ഓരോന്നായി മനസ്സില്‍ കണ്ടു. ഡിസ്കുമായി ബന്ധിപ്പിച്ച വിജാഗിരി വണ്ടിയില്‍ തന്നെ ഉള്ളതിനാല്‍ ഒരു ഡിസ്കും വിജാഗിരിയുമായി  യോജിപ്പിക്കാനുള്ള സംവിധാനവുമാണ്  വേണ്ടത്. കുറച്ച് ദിവസം മുമ്പ് അലമാരയുടെ ഫ്രെയിമിന് ( മറ്റൊരു DIY- താഴെ വിശദമാക്കാം) ഉപയോഗിച്ചു ബാക്കിയായ  അലൂമിനിയം കഷ്ണം ഓര്‍മ്മവന്നു. സംശയിച്ചു നില്‍ക്കാതെ കയ്യിലിരിപ്പുള്ള ആയുധങ്ങളുമായി പണി തുടങ്ങി. ഡിസ്ക് യോജിപ്പിക്കുവാനുള്ള സംവിധാനം ശരിയായി. 

ഇനി ഡിസ്ക്.  പ്ലാസ്റ്റിക്‌ മുതലായ ഖരമാലിന്യങ്ങളുടെ നിക്ഷേപം തപ്പിയെങ്കിലും ഉപകരിക്കാവുന്ന ഒന്നും കിട്ടിയില്ല. അപ്പോഴാണ് സുഹ്റയുടെ ചോദ്യം, അലൂമിനിയം പറ്റുമോയെന്ന്. അതിനു അലൂമിനിയം ഷീറ്റെവിടെ, ഞാന്‍ തിരിച്ചു ചോദിച്ചു. അതാ വരുന്നു, ഒരു പഴയ അലൂമിനിയം  പാത്രത്തിന്റെ മൂടിയുമായി അവള്‍ . കൊള്ളാം, ഒന്ന് ശ്രമിച്ചാലോ. അങ്ങനെ മൂടിയില്‍ നിന്ന് ആവശ്യമുള്ള വലുപ്പത്തില്‍ ഡിസ്ക് മുറിച്ചെടുത്തു. പിന്നെ ശരിയായ അളവില്‍ പാകപ്പെടുത്തല്‍ , മിനുസമാക്കല്‍ , വിജാഗിരിയുമായി യോജിപ്പിക്കല്‍ തുടങ്ങി എല്ലാ പണികളും ചെയ്യാന്‍ കുറച്ച് സമയം എടുത്തെങ്കിലും വലിയ കുഴപ്പമില്ലാത്ത ഒരു വാതില്‍ ഒപ്പിച്ചു. പെയിന്റിന് പകരം, അല്‍പം നിറവ്യത്യാസം ഉണ്ടെങ്കിലും കയ്യിലുണ്ടായിരുന്ന വിനൈല്‍ ഷീറ്റ് ഒട്ടിക്കുകയും ചെയ്തു.  വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍ ചുവരിലെ തുറന്ന അലമാരിയില്‍ സൂക്ഷിച്ചിരുന്ന കുറച്ച് പുസ്തകങ്ങള്‍ പൊടി പിടിച്ചു ചീത്തയാകാന്‍ തുടങ്ങിയപ്പോള്‍ തീരുമാനിച്ചതാണ്  അതിനൊരു ഫ്രെയിമും അതിനകത്ത്‌ നീക്കുന്ന ഗ്ലാസ്സ് പാനലുകളും ഇടുവിക്കാന്‍ . കഴിഞ്ഞ കൊല്ലം നോമ്പിന് ഏറെ മുമ്പാണ് (ഓര്‍ക്കാന്‍ ഒരു ഉപാശ്രയം ഉള്ളതിനാല്‍ തെറ്റാതെ പറയാം) ഞങ്ങളുടെ പതിവ് ആശാരിയായ കോയസ്സനെ അക്കാര്യം ഏല്‍പ്പിച്ചത്.  കോയസ്സന്‍ അളവുകള്‍ എടുത്തു പോയെങ്കിലും വീട്ടില്‍ തന്നെ അതിനു ശേഷം  വേറെ ചില്ലറ പണികള്‍ ചെയ്തെങ്കിലും കൊല്ലം ഒന്ന് കഴിഞ്ഞിട്ടും   അലമാരയുടെ പണി ബാക്കിയായി. ഇനിയും ഇക്കാര്യത്തിന്  അവനെ ആശ്രയിക്കേണ്ട എന്നു തോന്നിയപ്പോളാണ് സ്വയം അത് ചെയ്യാമെന്നായത്. ആവശ്യത്തിനുള്ള അലുമിനിയവും (മരത്തിനൊക്കെ എന്താ വില !) മറ്റു സാമഗ്രികളും ശേഖരിച്ച് പണി ചെയ്തു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദുബായില്‍ നിന്ന് കൊണ്ട് വന്നു വീട്ടില്‍ വെറുതെ വെച്ചിരുന്ന വിനൈല്‍ ഷീറ്റാണ് മരത്തിന്റെ കാഴ്ച്ചക്കായി അലൂമിനിയത്തിന് മുകളില്‍ ഒട്ടിച്ചത്. കണ്ടില്ലേ, എങ്ങനെയുണ്ട്  ?
ഒരു വിനോദമായും പരീക്ഷണമായും സൌകര്യത്തിനു വേണ്ടിയും വീട്ടിലെ (ഗൃഹോപകരണങ്ങള്‍ അടക്കം) സാധാരണ കേടുപാട് തീര്‍ക്കല്‍ ജോലികള്‍ പലതും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. ഞാന്‍ ചെയ്ത വയറിംഗ്, പ്ലമ്പിംഗ്, തുന്നല്‍ തുടങ്ങിയവ കൂടാതെ  എന്റെ വകയായി മേശ, ടൈല്‍സ് വിരിച്ച നിലം, സിമന്റ് പൂച്ചട്ടികള്‍ എന്നിങ്ങനെ പലതും വീട്ടില്‍  കാണാനുണ്ട്. ഇടക്ക് ഓഫീസിലേക്ക്‌ ആവശ്യമായി വന്നിരുന്ന അച്ചടിയും (സ്ക്രീന്‍ പ്രിന്റിംഗ്) ബൈന്റിംഗും വീട്ടില്‍ വെച്ച് ഞാന്‍ തന്നെ ചെയ്തിരുന്നു. 


വിദഗ്ദ്ധ തൊഴിലാളികളുടെ  സഹായമില്ലാതെ, സ്വന്തം വീട്ടിലോ പരിസരങ്ങളിലോ ആവശ്യമായി വരുന്ന, വീടിന്റെയോ ഉപകരണങ്ങളുടെയോ നിര്‍മ്മാണം, കേടുപാട്‌ തീര്‍ക്കല്‍ , മാറ്റത്തിരുത്തലുകള്‍ തുടങ്ങിയവയാണ്  DIY കൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ചെങ്കിലും സാങ്കേതിക വിജ്ഞാനവും അല്‍പം കൈമിടുക്കും സ്വയം ചെയ്യാനുള്ള താല്‍പര്യവും അനിവാര്യമാണ് ഈ പ്രവര്‍ത്തനത്തിന്. എത്ര നിസ്സാരവും എളുപ്പവും ആയാല്‍ പോലും എന്തും മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയും അത് നോക്കിയിരുന്ന് തെറ്റ് കണ്ടു പിടിക്കുകയും ചെയ്യുന്ന മുതലാളി മനോഭാവമുള്ളവര്‍ക്ക്‌ ഇത് ദഹിക്കില്ല. സാധാരണമായി, സാമാന്യ സ്കൂള്‍ കലാലയ വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും  ഇത്തരം സാങ്കേതിക വിജ്ഞാനം സ്വായത്തമായിട്ടുണ്ടാവില്ല. ഇത് മനസ്സിലാക്കിയിട്ടാവണം  ഇന്ന് DIYക്ക് പ്രത്യേകമായി  ഉതകുന്ന ധാരാളം പത്രമാസികകളും പുസ്തകങ്ങളും വെബ്സൈറ്റുകളും സന്നഗ്ദ്ധസംഘടനകളുടെ വന്‍കിട പദ്ധതികളും  നിലവിലുണ്ട്. എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന വിധത്തിലുള്ള ഇത്തരം പ്രസിദ്ധീകരണങ്ങളും സംഘടനകള്‍ നല്‍കുന്ന  പരിശീലനങ്ങളും  സര്‍വ്വ സാധാരണമായതോടെ DIY, കൂടുതല്‍ സങ്കീര്‍ണ്ണമായ ചെറുതും വലുതുമായ മിക്ക ജോലികളിലും  കാല്‍വെച്ചു തുടങ്ങിയിരിക്കുന്നു. 


ജോലിക്ക് ആളെ കിട്ടാതെ വിഷമിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളെ പഴിക്കുന്നതിനു പകരമായി DIY നമുക്ക്‌ പരീക്ഷിക്കാവുന്നതാണ്. തെങ്ങ് കയറ്റം പോലും. 


 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text