Ads 468x60px

Saturday, May 28, 2011

"അയ്യോ... , എനിക്ക് പേടിയാവുന്നു....."


വാച്ച്‌ നോക്കിയപ്പോളാണ് മനസ്സിലായത്‌ പതിവിലും നേരത്തെയാണ് ഉണര്‍ന്നതെന്ന്. അലാറം അടിച്ചിരുന്നില്ല. നേരത്തെയാണെങ്കിലും ഉറക്കില്‍നിന്ന് പൂര്‍ണമായി വിരമിച്ചിരുന്നു. എങ്ങനെ ഉണര്‍ന്നു എന്നറിയില്ല, ഇടക്ക്‌ കാണാറുള്ള പ്രഭാത സ്വപ്നങ്ങളൊന്നും കണ്ടതായി ഓര്‍മ്മയില്ല. മനസ്സ്‌ നിറയെ എന്തൊക്കെയോ ഉണ്ട്‌. അസ്വസ്ഥത ഉണ്ടാക്കുന്ന പേടി തോന്നിക്കുന്ന സുഖപ്രദങ്ങളല്ലാത്ത ധാരാളം കാര്യങ്ങള്‍ . എന്തിനാണ്  പേടിച്ചത്‌ ? മനസ്സിന്ന് പലതും പറയാനുണ്ട്‌, ഒന്നും വ്യക്തവും   സുദൃഢവും   അല്ലെങ്കിലും. അവിടെ അങ്ങനെ സംഭവിക്കുന്നു, ഇവിടെ ഇങ്ങനെ സംഭവിക്കുന്നു............., അവര്‍ അത്‌ പറയുന്നു, ഇവര്‍ ഇത്‌ പറയുന്നു......... നീളുന്ന വിവരണങ്ങള്‍ . വാസ്തവമോ അവാസ്തവമോ ആയ എന്തൊക്കെയോ കാര്യങ്ങള്‍ , ആരൊക്കെയോ ആളുകള്‍, മനസ്സില്‍ പേടിയുടെ ശാന്തമാകാത്ത അലകള്‍ രൂപപ്പെടുത്തുകയാണ്‍. 

ഞാന്‍ മാത്രമല്ല, പൊതുവെ എല്ലാവരും പേടിയോടെയാണ്  ദിനങ്ങള്‍ തള്ളിനീക്കുന്നത്‌. ഒരു പക്ഷെ എല്ലാ നിമിഷവും നമ്മുടെ കൂടെയുള്ള വികാരവും പേടി തന്നെയായിരിക്കും. അസ്വസ്ഥതയാണ്  പേടി ജനിപ്പിക്കുന്നത്‌. പേടിക്കാന്‍ നമുക്ക്‌ തക്കതായ കാരണങ്ങള്‍ വേണമെന്നില്ല. നാമറിയാതെ നമ്മുടെ മനസ്സില്‍ ക്ഷണിക്കാതെ വലിഞ്ഞുകേറി വരുന്ന അതിഥിയാണ്  പേടി. എല്ലാ സ്വാതന്ത്ര്യത്തോടും കൂടെ ആതിഥേയനെ ഒരു  വശത്താക്കുന്ന അതിഥി. 

ജീവിതത്തില്‍ കഴിഞ്ഞുപോയ സുഖകരങ്ങളല്ലാത്ത കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്നോ അല്ലെങ്കില്‍ അതിന്റെ  മറ്റെന്തെങ്കിലും പരിണിത ഫലങ്ങള്‍ ഇനിയും ഉണ്ടാകുമെന്നോ   ചിന്തിച്ച്‌  നാം വ്യാകുലപ്പെടുന്നു. അതുമല്ലെങ്കില്‍ നേരത്തെ ശരിയാക്കിയ കാര്യങ്ങള്‍ ഇനി തെറ്റായി പരിണമിക്കുമോ എന്നാകാം നമ്മുടെ ചിന്ത. അറിഞ്ഞും അറിയാതെയും ചെയ്തതും ചെയ്തുപോയതുമായ  തെറ്റുകളെകുറിച്ച്‌   ചിന്തിച്ച്‌ നാം അസ്വസ്ഥരാകുന്നു.


ചെയ്യേണ്ടതൊക്കെ ചെയ്യുന്നുണ്ടോ, ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ശരിയായ വിധത്തിലാണോ ചെയ്യുന്നത്‌, നമ്മുടെ വ്യാപാരങ്ങളും ഇടപാടുകളും ലാഭകരമായാണോ നടക്കുന്നത്‌, അല്ലെങ്കില്‍ നമ്മുടെ സമ്പര്‍ക്കങ്ങള്‍ നല്ലതാണോ എന്നു നാം സംശയിക്കുന്നു. 

ഇപ്പോള്‍ നാം ചെയ്യുന്നതും ചെയ്തുകഴിഞ്ഞതുമായ കാര്യങ്ങള്‍ ഭാവിയില്‍ നമുക്ക്‌ വിനയാകുമോ ? ഇപ്പോഴത്തെ സമ്പര്‍ക്കങ്ങള്‍ പിന്നീട്‌ നമുക്ക്‌ കുഴപ്പങ്ങള്‍ ഉണ്ടാക്കുമോ ? നാം സമ്പാദിച്ചതും സമ്പാദിച്ചുകൊണ്ടിരിക്കുന്നതുമായ സമ്പത്തുകളും മറ്റ്‌ മൂല്യങ്ങളും നമുക്ക്‌ നഷ്ടപ്പെടുമോ ? നമ്മുടെ ബന്ധങ്ങളും ബന്ധുക്കളും ഏതെങ്കിലും വിധത്തില്‍ മാറുമോ, അല്ലെങ്കില്‍ ഉപദ്രവമാകുമോ ? 

ഈ വിധം ചിന്തകള്‍ നമ്മുടെ മനസ്സില്‍ ഏതു സമയവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അസ്വസ്ഥമായ അനന്തര ഫലങ്ങളും നാം തന്നെ ചിന്തയില്‍ രൂപപ്പെടുത്തുന്നു. ഇങ്ങനെയാണ്  പേടി സംജാതമാകുന്നത്‌.

നമ്മുടെ ജീവിതത്തിലെ അവസ്ഥാന്തരങ്ങള്‍ നാം ചിന്തിക്കുന്നത്പോലെ ആയിരിക്കണമെന്നില്ല.   നേരെ മറിച്ച്‌ ആകില്ല എന്നു തന്നെ പറയാം. പക്ഷെ നാം ചിന്തിക്കുന്നതാണ്  നാം ആവുന്നത്‌. Cogito Ergo Sum - ഒരു പുതിയ അറിവല്ല. നാം പേടിക്കുന്നതും അത്‌ കൊണ്ട്തന്നെയാണ്. സംഭവിക്കാത്തതാണ് പലപ്പോഴും മനസ്സ്‌ സംഭവിച്ചതായി രൂപപ്പെടുത്തുന്നത്‌. 

അടിസ്ഥാനപരമായി നമ്മുടെ കണക്ക്കൂട്ടലുകള്‍ക്ക്‌ വളരെ പരിമിതിയുണ്ട്‌. അത്കൊണ്ട്‌ തന്നെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ നിയന്ത്രിക്കാനുള്ള നമ്മുടെ കഴിവും വളരെ പരിമിതമാണ്. ജീവിതത്തിന്ന്‌ ഗണിതശാസ്ത്രത്തിലെ പോലെ സമവാക്യങ്ങളില്ല; തന്ത്രങ്ങളില്ല. ഒരാള്‍ക്ക്‌ സംഭവിച്ചത്‌ അതേ സാഹചര്യത്തിലുള്ള മറ്റൊരാള്‍ക്ക്‌ സംഭവിക്കണമെന്നില്ല. 

ശാസ്ത്രവും സാങ്കേതികവിദ്യയും ഇന്ന്‌ എത്രത്തോളം വളര്‍ന്നിട്ടുണ്ട്‌ എന്നത്‌ നമ്മുടെ ഭാവനകള്‍ക്കും അപ്പുറമാണ്. എങ്കിലും ഇന്നും നമ്മുടെ ജീവിത പരിണാമങ്ങളേയും പ്രകൃതിയിലെ  മറ്റ്‌ സംഭവങ്ങളെയും നിയന്ത്രിക്കാന്‍ നമ്മുടെ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കഴിയുന്നുണ്ടോ ? ഉണ്ടെങ്കില്‍ തന്നെ അത്‌ വളരെ പരിമിതവും മറ്റ്‌ നിയന്ത്രണങ്ങള്‍ക്ക്‌ വിധേയവും ആയിരിക്കും. നിത്യ സംഭവങ്ങളായ ഭീകര  പ്രകൃതിക്ഷോഭവും പ്രകൃതിയിലെ  തന്നെ മറ്റ്‌ നാശനഷ്ടങ്ങളും സാമൂഹിക അസ്വാസ്ഥ്യങ്ങളും ഉദാഹരണമായി എടുക്കാവുന്നതാണ്. 

ഇവിടെ  പ്രസക്തമാവുന്നത്‌, ഇത്രയും പുരോഗതിയും നിയന്ത്രണകഴിവും ഉണ്ടായിട്ടും നാം പേടിക്കുന്നു, സ്വയം അസ്വസ്ഥരാവുന്നു. 

 സ്വല്‍പം പുറകിലോട്ട്‌ പോവുകയാണെങ്കില്‍ , ഒരു നിരുപാധിക അന്വേഷണം നടത്തുകയാണെങ്കില്‍ , നമ്മുടെ പൂര്‍വികര്‍ നമ്മുടെയത്ര പേടിച്ചിരുന്നില്ല എന്ന്‌ മനസ്സിലാക്കാം. നമ്മുടെ പേടിയുടെ ഹേതുക്കളായി വരുന്നതെന്തും ക്ഷണികവും ലൌകികവും ദ്രവ്യാധിഷ്ടിതവും ആണ്. അത്തരം സൌകര്യങ്ങളോടുള്ള അമിതമായ സ്നേഹവും അവ ആര്‍ജ്ജിക്കുവാനുള്ള ഇഛയുമാണ്  മറ്റൊരു വിധത്തില്‍ നമ്മെ പേടിയിലെത്തിക്കുന്നത്‌. 

ഈ അമിതേഛ കുറക്കാനായി ദൈവസ്നേഹ (വിശ്വാസം) വും ദൈവഭയവും നമുക്ക്  കൂട്ടാം. 


Tuesday, May 17, 2011

ഒരു ട്വീറ്റ്‌.......



ഈയിടെ ട്വിറ്ററില്‍ ഒരു ട്വീറ്റ്‌ കണ്ടു. ഇംഗ്ളീഷ്‌ അക്ഷരത്തിലുള്ള മലയാള വാക്കുകള്‍ കണ്ടപ്പോള്‍ മലയാളിയുടേതാണെന്ന്‌ മനസ്സിലായി, പേര്‍ അത്രത്തോളം മലയാളമല്ലെങ്കിലും. 


ലൈംഗികവും  ആഭാസകരവുമാണ്     ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ .  അദ്ദേഹത്തിന്റെ  മുമ്പുള്ള ട്വീറ്റുകളിലേക്ക്‌ നോക്കിയപ്പോള്‍ മിക്കതും സമാന ശൈലിയില്‍ തന്നെ ആണെന്ന്‌ മനസ്സിലായി. 


ആഭാസനും കുടിയനും ആണെന്നൊക്കെ സ്വയം പരിചയപ്പെടുത്തിയ ട്വീറ്റ്കര്‍ത്താവിന്റെ  പൂര്‍ണ്ണ പടവും ദര്‍ശനത്തിനായി ഉണ്ട്‌. മനോരോഗി എന്ന്‌ കൂടെ ചേര്‍ത്തിരുന്നെങ്കില്‍ സമ്പൂര്‍ണ്ണമാകുമായിരുന്നു എന്ന്‌ തോന്നി. 


റെയില്‍വെസ്റ്റേഷനുകളിലെയും ബസ്‌  സ്റ്റാന്‍റുകളിലേയും  വിശ്രമമുറികളിലും ട്രയിനിലും പൊതു സ്ഥലങ്ങളിലുമുള്ള കക്കൂസുകളിലും കാണുന്ന നീണ്ട ചുമര്‍ കുറിപ്പുകളും ചിത്രങ്ങളും ഇതിനോടനുബന്ധിച്ച്‌ ഓര്‍മ്മ വരുന്നുണ്ട്‌. 


അഭ്യസ്ഥവിദ്യരില്‍ ഇന്ത്യയില്‍ എന്നല്ല, ഒരു പക്ഷെ,  ലോകജനതയില്‍ തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണല്ലൊ നമ്മള്‍ മലയാളികള്‍ .   നമ്മള്‍ ആര്‍ജ്ജിച്ച അമിത വിദ്യയുടെ ബഹിര്‍സ്ഫുരണമാണോ മുകളില്‍ പരാമര്‍ശിച്ച വിവിധ കുറിപ്പുകള്‍ക്ക്‌ കാരണമാകുന്നത്‌ ? ഗള്‍ഫിലായിരുന്നപ്പോള്‍ ചില അത്യാധുനികങ്ങളും സുന്ദരങ്ങളുമായ മാളുകളിലെ കക്കൂസുകളില്‍ പോലും ഇത്തരം മലയാളകുറിപ്പുകള്‍ കണ്ടപ്പോള്‍ ഞെട്ടിയിട്ടുണ്ട്‌. 


മലയാളികളെ മുഴുവനുമായി മലബാരികള്‍ എന്ന്‌ വിദേശികളും മല്ലൂസ്‌ എന്ന്‌ ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനക്കാരും പരക്കെ നാമകരണം ചെയ്യുന്നത്‌ എന്തോ കാരണത്താല്‍ അഭ്യസ്ഥവിദ്യരായ നമുക്ക്‌ ഇഷ്ടപ്പെടാറില്ലല്ലൊ. ഒരു തരം അവജ്ഞ അവരുടെ പ്രയോഗത്തില്‍ ഇല്ലാതെയുമല്ല. പക്ഷെ നമുക്ക്‌ അതെങ്ങനെ മാറ്റിയെടുക്കാന്‍ കഴിയും. 

Friday, May 6, 2011

" പേപ്പര്‍ "......... " പേപ്പര്‍ ".


റെയില്‍വേസ്റ്റേഷനില്‍ എത്തിയത്‌ വളരെ നേരത്തെയാണ്. പുറത്തെ കടയില്‍ അധികൃതമായി ടിക്കറ്റ്‌ ലഭ്യമായതിനാല്‍ അതിനായി ക്യു നില്‍ക്കേണ്ടി വന്നില്ല. സ്റ്റേഷനില്‍ ടിക്കറ്റ്‌ കൌണ്ടറിനുമുമ്പില്‍ നാലു നീണ്ട വരികളിലായി ആളുകള്‍ നില്‍ക്കുന്നുണ്ട്‌. മാറുന്ന വ്യവസ്ഥകള്‍ അംഗീ കരിക്കപ്പെടാന്‍ സമയമെടുക്കുന്നുണ്ടായിരിക്കാം. 

വണ്ടി വരാന്‍ ഇനിയും അര മണിക്കൂര്‍ കൂടിയുണ്ട്‌. നേരത്തെ എഴുന്നേറ്റ്‌ പ്രഭാതകൃത്യങ്ങള്‍ക്ക്‌ ശേഷം  ധ്രുതിയില്‍ പോന്നതാണ്. അതിനിടക്ക്‌ പത്രമൊന്ന്‌ ഓടിച്ചു നോക്കിയിരുന്നു . പതിവു പോലെ എഴുന്നേറ്റ ഉടനെ കമ്പ്യൂട്ടറില്‍ ഇ-പേപ്പര്‍ നോക്കി താല്‍പര്യമുള്ള വാര്‍ത്തകള്‍ വിശദമായി വായിച്ചിട്ടുമുണ്ട്‌. രാത്രി ടീവിയില്‍ പല ചാനലുകളിലായി കണ്ട കാഴ്ചകളുടെയും വാര്‍ത്തകളുടെയും ആവര്‍ത്തനങ്ങളില്‍ കൂടുതലായി പ്രത്യേകിച്ച്‌ ഒന്നും ഉണ്ടായിരുന്നില്ല. 

സ്റ്റേഷനില്‍ വില്‍പനക്കായി തറയില്‍ അടുക്കിവെച്ചിരിക്കുന്ന വിവിധ പത്രങ്ങളുടെ നിരകള്‍ തന്നെ ധാരാളമുണ്ട്‌. രാഷ്ട്രീയത്തില്‍ വലിയ താല്‍പര്യമില്ലാത്തതിനാല്‍ ഇനിയും ഒരു പത്രം വാങ്ങി വായിക്കാനുള്ള മനസ്ഥിതിയില്ല. എന്നാലും നിരത്തിയിട്ടിരിക്കുന്ന എല്ലാ പത്രങ്ങളിലേയും മുന്‍പേജിലെ മുഖ്യ വാര്‍ത്തകളില്‍ കൂടെ ഒന്നു കണ്ണോടിച്ചു. കൂടാതെ വില്‍പനക്കാര്‍ ചില രസികന്‍ വാര്‍ത്തകള്‍ വിളിച്ചുപറയുകയും ചെയ്യുന്നു. 

ഒരു ചായ കുടിക്കാനുള്ള സമയമുണ്ട്‌. ചായയും ഇടക്ക്‌ നല്ലൊരു ഹോബി തന്നെ. പ്ളാറ്റ്ഫോമില്‍ കൂടെ നടന്ന്‌ ലഘു ഭക്ഷണശാലയില്‍  കയറി. ഒരു മേശക്കടുത്ത്‌ കസേരയില്‍ ഇരുന്ന്‌ ചായ ഓര്‍ഡര്‍ ചെയ്തു. അടുത്ത കസേരയില്‍ മടക്കി ചുരുളാക്കിയ ഒരു പത്രമിരിക്കുന്നു. മുമ്പ്‌ ചായ കുടിച്ചുപോയ ആള്‍ ഉപേക്ഷിച്ചുപോയതായിരിക്കും. ചുരുള്‍ നിവര്‍ത്താന്‍ താല്‍പര്യം തോന്നിയില്ല. 

ചായ കുടിച്ചു പുറത്തിറങ്ങിയപ്പോഴേക്കും വണ്ടിയുടെ വരവ്‌ അറിയിച്ചുകൊണ്ടുള്ള  അറിയിപ്പ്‌ വന്നു. അല്‍പം കഴിഞ്ഞ്‌ സൈറന്‍ പോലേയുള്ള ശബ്ദത്തോടെ വണ്ടി വന്നു നിന്നു. അവധി ദിവസമായതിനാല്‍ വലിയ തിരക്കില്ല. ബുദ്ധിമുട്ടൊന്നും കൂടാതെ തന്നെ അകത്തു കടന്നു, ഒരു സീറ്റിലിരുന്നു. പകല്‍ സമയവണ്ടിയായതിനാല്‍ ഇരിക്കാനുള്ള കുഷ്യന്‍ സീറ്റുകളാണ്    മുഴുവന്‍. ഒരു വിധത്തില്‍ പറഞ്ഞാല്‍ വളരേയധികം സുഖപ്രദം. സീറ്റുകളൊക്കെ വേഗം നിറഞ്ഞു.  കുറച്ചുപേര്‍   നില്‍ക്കാനും തുടങ്ങി. വണ്ടി   യാത്രയായി .     

യാത്രയിലും  അതുപോലേയുള്ള മറ്റു സന്ദര്‍ഭങ്ങളിലും കൂടെ കൊണ്ടുനടക്കാറുള്ള ഇ-ബുക്ക്‌ റീഡര്‍  തുറന്നു. നേരത്തെ വായിച്ചു നിര്‍ത്തിയ പേജ്‌ തന്നെ പ്രത്യക്ഷപ്പെട്ടു. ഒരു സാധാരണ പുസ്തകം തുറന്നു വായിക്കുന്ന മാതിരി വായന തുടങ്ങി. ഇടക്ക്‌ ഇ-പേപ്പറും ഇതില്‍ തന്നേയാണ്  വായിക്കുന്നത്‌. മുവായിരത്തില്‍ അധികം പുസ്തകം ഉള്‍ക്കൊള്ളിക്കാവുന്ന ഇതില്‍ ഏകദേശം നൂറോളം പുസ്തകങ്ങള്‍ ഉണ്ട്‌ ഇപ്പോള്‍. വായിച്ചുകഴിഞ്ഞ ചിലതൊക്കെ ഒഴിവാക്കിയതാണ്. 

വണ്ടി രണ്ട്‌ മൂന്ന് സ്റ്റേഷനുകള്‍ പിന്നിട്ടു. എല്ലാ സ്റ്റേഷനുകളിലും ചായയുടേയും പലഹാരത്തിന്റെയും മറ്റ്‌ വില്‍പന സാധനങ്ങളുടേയും ചുമടുമേന്തി വില്‍പനക്കാര്‍ വിളിച്ചുകൂവി നടക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ വിവിധ പത്രങ്ങളും. ചിലര്‍  വണ്ടിക്കകത്തും നടന്ന് വില്‍പന നടത്തുകയാണ്. തിരക്കിനിടയിലും അനായാസമായ അവരുടെ നീക്കം യാത്രക്കാര്‍ക്ക്‌ ശല്യമാകുന്നുണ്ട്‌. ആളുകള്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടെങ്കിലും പൊതുവെ തിരക്കില്ലാത്ത ദിവസമായതിനാല്‍ ചില സീറ്റുകള്‍ വിജനമായി തുടങ്ങി. 

അടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ മുമ്പിലിരുന്ന രണ്ട്‌ പേര്‍ എഴുന്നേറ്റുപോയി. സീറ്റില്‍ അവര്‍ വായിച്ചുകൊണ്ടിരുന്ന പത്രം  അലസമായി ഉപേക്ഷിച്ചിരുന്നു. എടുത്തുനോക്കാന്‍ തോന്നിയില്ല. അതവിടെ അങ്ങനെ കിടന്നു. 

എന്തോ കാരണത്താല്‍ വായിച്ചിരുന്ന പുസ്തകത്തില്‍ ശ്രദ്ധ കുറഞ്ഞുതുടങ്ങി. പേജുകളിലെ വരികള്‍ വായിക്കുന്നുണ്ടെങ്കിലും ആശയം മനസ്സിലേക്ക്‌ കടക്കുന്നില്ല. മനസ്സില്‍ മറ്റെന്തോ. താമസിയാതെ   ഒരു കുട്ടിയുടെ രൂപം  തെളിഞ്ഞു വന്നു. ബുക്ക്‌ റീഡര്‍ ഓഫാക്കി ജനലില്‍ കൂടെ പുറത്തേക്ക്‌ നോക്കിയിരുന്നു- ഓടി വന്നടുക്കുകയും  അകന്ന് മറഞ്ഞുപോകുകയും ചെയ്യുന്ന ദൃശ്യങ്ങള്‍. അവയില്‍ ചിലത്‌ മാത്രം  ഓര്‍മകളായി മനസ്സില്‍ നില്‍ക്കു മായിരിക്കും. 



              *             *             *            *            *            *

അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ പൊരിഞ്ഞ യുദ്ധം നടക്കുന്നു. ഗ്രാമത്തില്‍  മുഴുക്കെ രണ്ടു പേര്‍  കൂടുന്ന ഏതു പരിസരത്തും സംസാരം യുദ്ധം തന്നെ. പുതിയ പുതിയ യുദ്ധമുറകളേപറ്റിയും ഉപകരണങ്ങളേപറ്റിയും വിവരണങ്ങള്‍ കൈമാറുകയാണ്. സ്ക്കൂളുകളില്‍ താഴ്ന്ന ക്ളാസ്സ്‌ മുതല്‍ മുതിര്‍ന്ന  ക്ളാസ്സ്‌ വരെ വിദ്യാര്‍ത്ഥികള്‍ക്കും  അദ്ധ്യാപകര്‍ക്കും പഠന വിഷയങ്ങള്‍ക്കുപരിയായി യുദ്ധം തന്നേയാണ് മുഖ്യ വിഷയം. പാറ്റണ്‍ ടാങ്കും മാക്മോഹന്‍ രേഖയും ധാരാളം വേറേയും പുതുതായി കേട്ടുതുടങ്ങിയ വാക്കുകള്‍ . 

പരിമിതമായ പത്രങ്ങളും മാസികകളും നിറയെ യുദ്ധവാര്‍ത്തകളും ചിത്രങ്ങളും മാത്രം. മുന്‍കൂട്ടി ഏല്‍പിച്ച്‌ വെച്ചവര്‍ക്ക്‌ മാത്രം  ലഭ്യമായിരുന്ന പത്രങ്ങള്‍ വായിച്ചവര്‍  വായിക്കാത്തവര്‍ക്ക്‌ കൈമാറുന്നു. വിരലിലെണ്ണാവുന്ന വീടുകളില്‍ മാത്രമാണ് പത്രം കാണപ്പെടുന്നത്‌.       

ക്ളാസുകളില്‍ അദ്ധ്യയനവിഷയങ്ങള്‍ തുടങ്ങുന്നതിനുമുമ്പായി പത്രം  വായിച്ചു മുഖ്യ വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. വിദ്ധ്യാര്‍ത്ഥികള്‍ വാര്‍ത്തകള്‍ പഠിക്കുന്നു. ചിലര്‍ അധിക വായനക്കായി പുസ്തകങ്ങളില്‍ കുറിപ്പ്‌ എഴുതിവെക്കുന്നു. പത്രങ്ങളിലെ യുദ്ധവാര്‍ത്തകള്‍ ക്ളാസ്സുകളില്‍ ചോദ്യ വിഷയമാണ്. 

വളരെ പ്രാധാന്യമുള്ള ഒരു യുദ്ധവാര്‍ത്ത വന്ന ദിവസം. രാഷ്ട്രകാര്യങ്ങളും യുദ്ധവിവരങ്ങളും അടുത്ത്‌ വരുന്ന പരീക്ഷക്ക്‌ ചോദ്യങ്ങളാകുമെന്ന് ക്ളാസ്സ്‌ ടീച്ചര്‍  സൂചിപ്പിച്ചിരുന്നു.  വൈകുന്നേരം വീട്ടുസാധനങ്ങള്‍ വാങ്ങാനായി പോയതാണ് കുട്ടി. വളരെ ഭേദപ്പെട്ട നിലയില്‍ നടക്കുന്ന പലചരക്കുകടയുടെ മുമ്പില്‍ സംശയിച്ചു നിന്നു. പൌരപ്രധാനിയും ഏറെ ധനികനുമായ അവുള്ളഹാജി (പണപ്പയറ്റിനുള്ള  ക്ഷണ ക്കത്തുകളില്‍ അങ്ങനെയാണ് എഴുതുന്നത്‌.) യാണ് അതിന്റെ  ഉടമ. 

രണ്ടുവശങ്ങളിലും വലിപ്പുകളുള്ള ചെറിയ മേശക്കരികിലായി കുഷ്യനില്ലാത്ത സ്റ്റൂളില്‍ ഹാജി ഇരിക്കുന്നു. സാധനങ്ങള്‍ വാങ്ങാനായി വന്ന ഒന്നുരണ്ട്‌ പേര്‍  കടയിലുണ്ട്‌. ഒരാളുമായി അല്‍പം കര്‍കശമായി തന്നെ സംസാരിക്കുകയാണ് ഹാജി. വില പേശുകയായിരിക്കും. 


ആളൊഴിഞ്ഞപ്പോള്‍ കുട്ടി കടയിലേക്ക്‌ കയറി, ഹാജിയുടെ മേശക്കരികില്‍ നിന്നു. മേശപ്പുറത്ത്‌ ഒരു ഭാഗത്തായി മടക്കി വെച്ച നിലയില്‍ മുഷിഞ്ഞ അന്നത്തെ പത്രം കിടക്കുന്നു. അകന്ന ബന്ധുവാണെങ്കിലും അത്‌ മറച്ചുവെക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ഹാജി മുഖത്തോട്ട്‌ നോക്കി.  പത്രത്തിന്റെ വില  കൈയില്‍ കരുതിയിരുന്നത്  വെച്ചു   നീട്ടി കുട്ടി  പത്രം  ആവശ്യപ്പെട്ടു. നിസ്സംഗനായി ഹാജി ചോദിച്ചു: " എല്ലാന്നും ബന്ന് മാങ്ങുവോ ?" 

ഒരു തമാശ കേട്ട കുട്ടി ഒരു നിമിഷം, ഉമ്മ എവിടെ നിന്നോ തരപ്പെടുത്തി കൊടുത്ത കൈയിലിരിക്കുന്ന പതിനൊന്ന് പൈസയെകുറിച്ച്‌ ചിന്തിച്ചു. അടുത്ത ദിവസങ്ങളില്‍ അത്‌ തരപ്പെടില്ലല്ലൊ എന്ന് മനസ്സിലാക്കിയ കുട്ടി, കേട്ട തമാശചോദ്യത്തിന്ന് നിഷേധമറുപടി അത്യന്തം താഴ്മയോടെ അറിയിച്ചു. എങ്കില്‍ തരാന്‍ പറ്റില്ല എന്ന ഹാജിയുടെ ഉറച്ച പ്രസ്താവന വന്നതോടെ കുട്ടി കടയില്‍ നിന്നിറങ്ങി നടന്നു, പുറത്ത്‌ കാണിക്കാത്ത നിരാശയും അവജ്ഞയും മനസ്സില്‍ പേറി.

            *             *             *            *            *            *

ശ്രദ്ധയോടെ വണ്ടിയുടെ പടികളില്‍ കാല്‍ വെച്ചു സ്റ്റേഷനില്‍ ഇറങ്ങുമ്പോള്‍ ഓര്‍മ്മ വന്നു, ആറേഴ്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പത്രങ്ങളില്‍ അടിച്ചുവന്ന അബ്ദുള്ള ഹാജിയുടെ വിശദമായ മരണറിപ്പോര്‍ട്ടും ഫോട്ടോയും. 




 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text