Ads 468x60px

Monday, April 25, 2011

കുട്ടിനൊമ്പരം


വിഷു കഴിഞ്ഞു. പണ്ടെ കേള്‍ക്കാറുള്ളതു പോലെ വിഷു കഴിഞ്ഞു ഇരുളുകയാണു. അതായതു മഴയുടെ ആരംഭം. വിഷുവിനു തലേ ദിവസം തന്നെ മഴ തുടങ്ങി. ഒപ്പം കാലാവസ്ഥാനിരീക്ഷകരുടെ പ്രവചനവും: 'കാലാവസ്ഥ സാധാരണ പോലെ'. പഴഞ്ചൊല്ലില്‍ പതിരില്ല. 

രാവിലെ എന്തോ ആവശ്യത്തിന്നു റ്റൌണില്‍ എത്താനായി കുളിച്ചൊരുങ്ങി ഇറങ്ങിയതാണു. നടുഭാഗത്തു മാത്രം   ടാര്‍  ചെയ്ത റോഡില്‍കൂടെ നടന്നാല്‍ പെട്ടന്നു മെയിന്‍ റോഡില്‍   എത്താം. നേരത്തെ പെയ്ത മഴയില്‍ റോഡിനിരുവശത്തും നനഞ്ഞ മണ്ണും ഇടക്കിടെ തളം കെട്ടി നില്‍ക്കുന്ന ചെളിവെള്ളവും. ചെളിയിലും വെള്ളത്തിലും ചവിട്ടാതെ ശ്റദ്ധാപൂറ്‍വം മെല്ലെയാണു നടത്തം. പാന്റിന്റെ അടി ഭാഗം മടക്കിവെക്കാനും മറന്നില്ല. 

റോഡിനിരുവശത്തും അടുത്തടുത്തായി മാളികവീടുകള്‍ അണി നിരന്നു നില്‍ക്കുന്നു. വലുപ്പം കൊണ്ടും വാസ്തുകല  കൊണ്ടും ഒന്നിനൊന്നോടു കിടപിടിക്കുന്നവ. 


പെട്ടന്നാണതുണ്ടായതു - ഒരു വീടിന്റെ  ഗേറ്റിന്റെ  മുന്‍ വശത്തു നിന്നും ഒരു റബ്ബര്‍    പന്ത്  എന്റെ  മുന്നിലേ ചെളി വെള്ളത്തില്‍ വന്നു വീണു. ഒഴിഞ്ഞുമാറുന്നതിനു മുമ്പായി തന്നെ ഒന്നു രണ്ടു തുള്ളികള്‍ എന്റെ  ഷര്‍ട്ടില്‍ തെറിച്ചുവീണിരുന്നു. പെട്ടന്നു തന്നെ കൈ കൊണ്ടു തുടച്ചെങ്കിലും നേരിയ നീല നിറത്തിലുള്ള ഷര്‍ട്ടില്‍ ഇളം ചുവപ്പുനിറത്തില്‍ വന്‍കരകള്‍ രൂപപ്പെട്ടിരുന്നു. സമയമില്ലെങ്കിലും തിരിച്ചു വീട്ടിലേക്കു നടന്നാലോ എന്നലോചിച്ച നിമിഷമാണു ഗേറ്റിനുമുമ്പില്‍ ഭയചകിതനായി സ്തംഭിച്ചു നില്‍ക്കുന്ന കുട്ടി ശ്റദ്ധയില്‍ പെട്ടതു.   


ഏഴെട്ടു വയസ്സു പ്റായം തോന്നിക്കുന്നൊരു സുന്ദരകുട്ടന്‍. കൂടുതല്‍ മുഷിഞ്ഞിട്ടില്ലാത്ത ഇറക്കമുള്ള ട്റൌസറും റ്റീഷര്‍ട്ടും  ആണു വേഷം. അടുത്തു ചെന്നു തോളില്‍ തട്ടിയപ്പോള്‍ അവന്‍ വീണ്ടുമൊന്നു വിറച്ചു. സാരമില്ല എന്നു പറഞ്ഞു മുന്നോട്ടു നടന്നു. രണ്ടുമൂന്നടി നടന്നു തിരിഞ്ഞു നോക്കിയപ്പോള്‍ , അവന്‍ പന്തുമെടുത്തു ഗേറ്റിനടുത്തേക്കു നടക്കുന്നതു കണ്ടു - എന്റെ  ഓര്‍മ്മച്ചെപ്പിന്റെ അടിയിലേക്ക്  മറ്റൊരു പന്തുമെറിഞ്ഞുകൊണ്ടു.

      *      *      *      *      *      *       *       *      *      *      *      *      *

സ്ക്കൂള്‍ വിട്ടു നെരത്തെ വീട്ടിലെത്തിയതാണു കുട്ടി. മൂന്നാം ക്ളാസ്സ്‌ ടീച്ചര്‍ അവധിയായതിനാല്‍ മുഴുവന്‍ സമയവും ക്ളാസ്സുണ്ടായില്ല. അടുത്തിരിക്കാറുള്ള കൂട്ടുകാരന്‍ കാണിച്ചും വിവരിച്ചും കൊടുത്ത  വിദ്യയാണു അന്നത്തെ ഏറ്റവും വലിയ പാഠം.


ഉമ്മ അടുക്കളയിലാണു. പുസ്തകങ്ങള്‍ വരാന്തയിലെ ബെഞ്ചില്‍ തന്നെ വെച്ച്‌ അകത്തു പോയി, അലമാരയില്‍ നേരത്തെ കണ്ടിരുന്ന റബ്ബറിന്റെ  അടപ്പുള്ള ചെറിയ കുപ്പി തെരഞ്ഞെടുത്തു. ദിവസങ്ങള്‍ക്കു മുമ്പ്‌ ഉമ്മ ശക്തിയായി പനിച്ചു കിടന്നപ്പോള്‍ ഡോക്ടര്‍   വീട്ടില്‍ വന്ന് സൂചി അടിച്ച കുപ്പിയാണത്‌. ഡോക്ടര്‍ കുപ്പി കുലുക്കി റബ്ബറിന്റെ  അടപ്പില്‍ കൂടെ സൂചി കടത്തി പാല്‍ മാതിരിയുള്ള വെള്ളംവലിച്ചെടുക്കുന്നത്‌ കണ്ടിട്ടുണ്ട്‌. വരാന്തയിലെ ബെഞ്ചില്‍ വന്നിരുന്നു കൂട്ടുകാരന്‍ സമ്മാനിച്ച വയറിന്റെ കഷണം പോക്കറ്റില്‍ നിന്നു പുറത്തെടുത്തു. മുടി പോലേയുള്ള ചെമ്പു കമ്പികള്‍ കടിച്ചു വലിച്ചെടുത്ത  വയറിന്റെ  കഷണമാണത്‌. ഒരു ഈര്‍ക്കിലിന്റെ  സഹായത്തോടെ വയറ്‍ കുപ്പിയുടെ അടപ്പില്‍ തിരുകി കയറ്റി. അടപ്പിട്ടാല്‍ കുപ്പിയുടെ അടിഭാഗത്ത്‌ മുട്ടിനില്‍ക്കാവുന്നത്റ നീളം ശരിപ്പെടുത്തി. അടപ്പിട്ടപ്പോഴേക്കും ഉമ്മ അടുക്കളയില്‍ നിന്ന് വിളിച്ചു.      


ഉടുത്തിരിക്കുന്ന മുണ്ടിന്റെ  അടിയിലെ ട്റൌസറിന്റെ  പോക്കറ്റില്‍ കുപ്പി നിക്ഷേപിച്ച്‌ അടുക്കളയിലേക്കു നടന്നു. അടുക്കളയില്‍ നിലത്ത്‌ വെച്ച പീഠത്തിനുമുമ്പില്‍ ചോറും മീന്‍കറിയും റെഡിയാണു. ചോറു തിന്നുന്നതിനിടയില്‍ ഉമ്മ പറഞ്ഞു: രാവിലെ പുറത്തുപോയ ഉപ്പ അങ്ങാടിയില്‍ എത്തിയിട്ടുണ്ടാകും, നേരത്തെ അങ്ങാടിയില്‍ പോകണം. 


സാധാരണ വൈകുന്നേരം സ്ക്കൂള്‍ വിട്ട്‌ വന്നതിനുശേഷമാണു അതാതു ദിവസം വീട്ടിലേക്കാവശ്യമുള്ള ഭക്ഷണസാമഗ്രികളും മറ്റും വാങ്ങാനായി അങ്ങാടിയില്‍ പോകുന്നത്‌. തുടങ്ങിവെച്ച വിദ്യ പൂറ്‍ണമാക്കാന്‍ കഴിയാത്തതിലുള്ള വിമ്മിഷ്ഠം പുറത്ത്‌ കാണിക്കാതെ  ചോര്‍ തിന്നെണീറ്റു. ഉമ്മ പറഞ്ഞുകൊടുത്ത ഐറ്റംസ്‌ മനസ്സില്‍ പലവട്ടം ഉരുവിട്ടു, മറക്കാതിരിക്കാന്‍.


വീട്ടിന്റെ  പിന്നില്‍ ഇറയില്‍ കൊളുത്തിവെച്ച തെങ്ങോല കൊണ്ടുണ്ടാക്കിയ ചെറിയ മീന്‍കൊട്ടയുമെടുത്ത്‌ കുട്ടി അങ്ങാടി യിലേക്കു നടന്നു, അല്ല ഓടി. പത്തു പന്ത്റണ്ടു മിനിട്ടെ എടുത്തുള്ളൂ അങ്ങാടിയിലെത്താന്‍. അങ്ങാടിയിലി റങ്ങുന്നതിനുമുമ്പായി, നടന്നു വന്ന വീതിയുള്ള വഴിയുടെ ഇടതു വശത്തുള്ള മുസ്ളിം ഹോട്ടലിലാണു ഉപ്പ എന്നും ഇരിക്കാറുള്ളത്‌. അതിന്റെ  ഉടമസ്ഥനു മായി ഉപ്പ  നല്ല ചങ്ങാത്തമാണു. വലിയ ഹ്ര്‍ദയവും വലിയ ശരീരവുമുള്ള അദ്ദേഹത്തിനു കുട്ടിയേയും വലിയ കാര്യമാണു. 


ഹോട്ടലിന്റെ  ഉള്ളില്‍ കയറാതെ പുറത്തെ വീതി കുറഞ്ഞ കടയുടെ പൂറ്‍ണ്ണ നീളത്തിലുള്ള വരാന്തയില്‍നിന്നു തന്നെ ഉപ്പ ഹോട്ടലിലില്ലെന്ന് മനസ്സിലായി. വരാന്തയുടെ ഒരറ്റത്ത്‌ ഭക്ഷണം കഴിക്കുന്നവര്‍ക്ക്  (ഇടക്ക്‌ വഴിയേ പോകുന്നവര്‍ക്കും ) കൈ കഴുകുവാനുള്ള വെള്ളം ഒരു വലിയ സിമന്റു  വീപ്പയില്‍ വെച്ചിട്ടുണ്ട്‌. അതിനടുത്തായി തന്നെ ഭിത്തിയില്‍ തറച്ച ആണിയില്‍ കെട്ടിയ നേരിയ കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന അലൂമിനിയത്തിന്റെ  മഗ്ഗും. 


വെള്ളം കണ്ടപ്പോ ളാണ് ട്രൌസറിന്റെ  പോക്കറ്റിലിരിക്കുന്ന വിദ്യയേപ്പറ്റി കുട്ടിക്ക്‌ ഓര്‍മ്മ വന്നത്‌. പോക്കറ്റില്‍നിന്ന്‌ കുപ്പി പുറത്തെടുത്ത്‌ അടപ്പ്‌ തുറന്ന്‌ മഗ്ഗില്‍ വെള്ളമെടുത്ത്‌ അ തില്‍ നിറച്ചു. കുപ്പി യില്‍ തന്നെ ശ്രദ്ധിച്ച്‌ റോഡിലിറങ്ങി.


കൂട്ടുകാരന്‍ കാണിച്ചുതന്ന പോലെ നിറയെ വെള്ളമുള്ള കുപ്പിയുടെ അടിഭാഗത്ത്‌ തള്ളവിരല്‍ വെച്ച്‌ ചൂണ്ടുവിരലിന്റെയും നടുവിരലിന്റെയും ഇടയില്‍ വയര്‍ വരത്തക്കവിധം റബ്ബര്‍ അടപ്പു വെച്ചു ഒന്നമര്‍ത്തി. വെള്ളം വയറില്‍കൂടെ പുറത്തേക്കു ചീറ്റി. 


ചീറ്റിയ വെള്ളത്തിന്റെ  ദിശയിലേക്കു ആഹ്ളാദത്തോടെ നോക്കി യപ്പോളാണു മുന്നില്‍ നടന്നിരുന്ന ആളെ കണ്ടത്‌. വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ചിരുന്ന അയാള്‍ അടുത്തായി സ്കൂളില്‍നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞുപോയ പ്രധാന അദ്ധ്യാപകനെ ഓര്‍മ്മിപ്പിച്ചു. തിരിഞ്ഞുനിന്ന അയാള്‍ "എന്താടാ" എന്നു ചോദിക്കാതെ തന്നെ, കുട്ടി അയാളുടെ കത്തിജ്വലിച്ച മുഖം വായിച്ചു. കയ്യിലിരുന്ന കുപ്പി കാണിച്ചുകൊടുത്തു.


ഇടത്തെ ചെവിയില്‍ ഒരു ഇടിമുഴക്കവും കവിളില്‍ എന്തോ വന്നു വീണതും മാത്രമെ കുട്ടി അറിഞ്ഞുള്ളൂ, കുറച്ചു നേരത്തേക്ക്‌. പരിസരം തിരിച്ചുകിട്ടിയപ്പോള്‍ മുന്നില്‍ അയാളില്ല. സമാധാനിച്ചു. പൂട്ടിക്കിടന്ന അടുത്ത കടയുടെ വരാന്തയില്‍ കൂട്ടം കൂടിയിരുന്ന്‌ വെടിപറച്ചിലില്‍ മുഴുകിയിരുന്ന തീയത്തിപ്പെണ്ണുങ്ങള്‍ ഒന്നിച്ച്‌ "അയ്യോ" വിളിക്കുന്നത്‌ കേട്ടെങ്കിലും അത്‌ ഗൌനിക്കാതെ കുട്ടി അങ്ങാടിയിലിറങ്ങി മാറാത്ത ഭീതിയോടെ നടന്നു. കുപ്പി വിരലുകള്‍ കൊണ്ട്‌ കയ്യില്‍ ഒളിപ്പിച്ച്‌ പിടിച്ചു.


പള്ളിയിലേക്കുള്ള ഇടുങ്ങിയ വഴി കണ്ടപ്പോള്‍ അറിയാതെ അതിലേക്കു തിരിഞ്ഞു. കയ്യിലുണ്ടായിരുന്ന മീങ്കൊട്ട പുറത്ത്‌ വെച്ച്‌ ഉള്ളിലേക്കു നടന്നു. ചുറ്റും ധാരാളം പടികളുള്ള പള്ളിക്കുളത്തില്‍ ഇറങ്ങാവുന്നിടത്തോളം ഇറങ്ങി. ചുറ്റും നോക്കി. വുളു എടുക്കുന്നവരും കാല്‍ കഴുകുന്നവരും തന്നെ ശ്രദ്ധിക്കുന്നില്ല എന്ന്‌ മനസ്സിലായി. കൈ വെള്ളത്തില്‍ താഴ്ത്തി കുപ്പി താഴേക്കെറിഞ്ഞു. അത്‌ അപ്രത്യക്ഷമാകുന്നത്‌ കണ്ടപ്പോള്‍ ആശ്വാസമായി. മുഖം കഴുകി, പടി കയറി ഷര്‍ട്ടുകൊണ്ട്‌ മുഖം തുടച്ച്‌ കൊട്ടയെടുത്ത്‌ പുറത്തേക്ക്‌ നടന്നു. ഒന്നും സംഭവിക്കാത്ത ഭാവത്തിലായിരുന്നു കുട്ടി. 

ഹോട്ടലിന്റെ  വഴിലേക്കു തിരിയുന്നിടത്ത്‌ ആളുകള്‍ കൂടി നില്‍ക്കുന്നു. എല്ലാവരും കുട്ടിയേയാണു നോക്കുന്നത്‌. കൂട്ടത്തില്‍ കുട്ടിയുടെ ഉപ്പയുമുണ്ട്‌. പലരും പലതും പറയുന്നു. ആരേയോ അന്വേഷിക്കുന്നു. പലയിടത്തും അന്വേഷിച്ച വിവരങ്ങള്‍ അറിയിക്കുന്നു. പെണ്ണുങ്ങള്‍ ഉണ്ടാക്കിയ വിനയാണു എല്ലാമെന്ന്‌ മനസ്സിലാക്കിയ കുട്ടി മിണ്ടാതെ നിന്നു. ചോദ്യങ്ങള്‍ക്കൊക്കെ ഒരുവിധം എന്തൊക്കെയൊ ഒപ്പിച്ചു മറുപടി പറഞ്ഞു. എല്ലാമൊന്നു ശാന്തമായപ്പോള്‍ സാധാരണ പോലെ അടുക്കള സാധനങ്ങളുമായി ഉപ്പയൊന്നിച്ച്‌ വീട്ടിലേക്ക്‌ തിരിച്ചു. അവിടേയും കുറെ ചോദ്യങ്ങളുണ്ടായി. 


അന്ന്‌ നേരത്തെ കിടന്നെങ്കിലും ഉറക്കം വരാതെ ചിന്തകളില്‍ മുഴുകിയ കുട്ടി പുറത്തെ സംസാരം കേട്ടു. "രണ്ട്‌ മിനിട്ട്‌ വൈകിപ്പോയതാ. അയാള്‍ നടന്നുകൊണ്ട്‌ പോകില്ലായിരുന്നു". 


2 comments:

  1. നന്നായി അവതരണം.സ്വന്തം കുട്ടിക്കാലം ഓര്‍മ്മവന്നു.ആശംസകള്‍.

    ReplyDelete
  2. Dear Shanavas,
    Thank u very much

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text