
പേനയും കടലാസും ഉപയോഗത്തില്‍ വന്നതോടെ, എഴുത്തുകാര്‍ എന്തെങ്കിലും എഴുതാനായി തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യം അവരത് കടലാസ്സില്‍ കുത്തിക്കുറിക്കുന്നു. പിന്നെ അത് ധാരാളം പ്രാവശ്യം വായിച്ചു മാറ്റതിരുത്തലുകള്‍ നടത്തുന്നു. ഇങ്ങനെ മാറ്റതിരുത്തലുകള്‍ നടത്തി ചിലപ്പോള്‍ മാറ്റി എഴുതി അന്തിമ കൈയെഴുത്തു പതിപ്പ് ഏതെങ്കിലും അച്ചടി സ്ഥാപനങ്ങളില്‍ ഏല്പിക്കുന്നു. അവിടെ അവര്‍ അത് അച്ചടിക്കാനായി അച്ചുകള്‍ നിരത്തുന്നു. പേജുകളായി പ്രാഥമിക അച്ചടിക്കുശേഷം അച്ചടിപ്പിശകും മറ്റ് വൈകല്യങ്ങളും തിരുത്തുന്നു. വീണ്ടും പേജുകളായി അച്ചടിച്ച് പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നു. വില്പനക്കായി കടകളിലെത്തിക്കുന്നു. ഇപ്രകാരം കടകളിലെത്തിയ ശേഷം വായനക്കാരന് വാങ്ങി വായിക്കുന്നു.
ഒരു ഗ്രന്ഥകാരന് എഴുതി തുടങ്ങുന്ന നിമിഷം മുതല്‍ വായനക്കാരന് വായിക്കുന്നത് വരെയുള്ള പ്രക്രിയകള്‍ ഇങ്ങനെ ധാരാളമായിരുന്നു. ഈ പ്രക്രിയകളുടെ നീണ്ട പട്ടിക പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ സമയം ചില്ലറയായിരുന്നില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു.
പുസ്തക പ്രസിദ്ധീകരണത്തിന്റെ മണ്ഡലത്തിലും കമ്പ്യൂട്ടര്‍ വന്നതോടെ സ്ഥിതിഗതികള്‍ വളരെയധികം മാറി. 1984 ല്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ DTP (Desk Top Publishing) യുടെ ഉല്‍ഭവം കുറിച്ചതോടെയാണ് ഈ മാറ്റം തുടങ്ങിയത്.
കൈയെഴുത്തു പതിപ്പ് അച്ചടിച്ച് പുസ്തകമാക്കുന്ന ജോലിയിലായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, എഴുത്തുകാരന്റെ മനസ്സില്‍ എഴുതാനുള്ള ആശയം ജനിച്ച നിമിഷം മുതല്‍ കമ്പ്യൂട്ടറിലാണ് കാര്യങ്ങളൊക്കെ നടത്തുന്നത്. എഴുതുന്നതിനു പകരം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയാണ് പുതിയ രീതി. ഇന്ന് ടൈപ്പ് ചെയ്യേണ്ട ആവശ്യവും ഇല്ലാതായിരിക്കുന്നു. കമ്പ്യൂട്ടറിന്റെ മുമ്പിലിരുന്ന് പറഞ്ഞാല്‍ മതി, കേട്ടെഴുത്ത് മാതിരി കമ്പ്യൂട്ടര്‍ ചെയ്തു കൊള്ളും. അവിടെ നിന്ന് തന്നെ നേരിട്ട് അച്ചടിയിലേക്ക് പോകുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുന്നു.
തീര്‍ന്നില്ല, ഇന്ന് വായനക്കാരന്നു കടലാസ്സ് താളുകളിലല്ലാതെ കമ്പ്യൂട്ടറില്‍ തന്നെ പുസ്തകം വായിക്കാനുള്ള സൗകര്യം ആയപ്പോള്‍ ഈ "കുറഞ്ഞ ദിവസങ്ങളും" ഇല്ലാതായി. അതായത്, എഴുത്തുകാരന് എഴുതാന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ നിമിഷ ങ്ങള്‍ക്കകം വായനക്കാരന്നു പുസ്തകം വായിക്കാവുന്ന അവസ്ഥ ആണിപ്പോള്‍. അതിലും ഉപരിയായി കമ്പ്യൂട്ടര്‍ തന്നെ പുസ്തകം വായിച്ചു കേള്‍പ്പിക്കുന്ന സൌകര്യവുമുണ്ട്.
കൈയിലോ കീശയിലോ കൊണ്ടുനടക്കാവുന്ന, പുസ്തകവായനക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ഫോണ്‍, Ipad, Kindle പോലെയുള്ള ഇ-ബുക്ക് റീഡര്‍ (മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ച പോലെ ഒരെണ്ണം ഞാനും ഉപയോഗിക്കുന്നുണ്ട്. പത്രങ്ങളും ഇടക്ക് പുസ്തകങ്ങളും ഇതില്‍ വായിക്കുന്നതും വായന കേള്‍ക്കുന്നതും എന്റെയും ഒരു ശീലമായി വരുന്നു. മൂവായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഇത് കൈയില്‍ കൊണ്ടുനടക്കാവുന്ന ഒരു ലൈബ്രറി ആണെന്ന് പറയാം.) തുടങ്ങിയവ ഇന്ന് ധാരാളം പ്രചാരത്തിലുണ്ട്.
![]() |
Kindle Book Reader |
കടലാസ്സ് താളുകളുള്ള പുസ്തകങ്ങള്‍ക്ക് പകരമായി, കമ്പ്യൂട്ടറും മറ്റ് ചെറിയ ഉപകരണങ്ങളും ഉപയോഗിച്ച് പുസ്തകം വായിക്കുന്നവരുടെ എണ്ണം വളരെ വേഗതയില്‍ കൂടുകയാണ്. ഈയിടെ അമേരിക്കയില്‍ നിന്ന് വന്ന ചില വാര്‍ത്തകള്‍ അതാണ് സൂചിപ്പിക്കുന്നത്. പുസ്തക വ്യാപാരത്തിലെ വമ്പന്മാരായ Borders അമേരിക്കയിലും പുറത്തുമായി ഇരുനൂറോളം കടകള്‍ പൂട്ടിക്കഴിഞ്ഞു. മറ്റൊരു വാര്‍ത്ത, അവിടെ തന്നെ Ipad കള്‍ സ്റ്റോക്കെത്തിയാല്‍ നിമിഷങ്ങള്‍ക്കകം വിറ്റുതീരുന്നു. പലപ്പോഴും അന്വേഷിച്ചു എത്തുന്നവര്‍ക്ക് കിട്ടാത്ത അവസ്ഥയാണിപ്പോള്‍. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം ജനങ്ങളും കൈയിലേന്തി നടക്കാവുന്ന ഉപകരണങ്ങളില്‍ ആയിരിക്കും വായനയെന്നാണ് പ്രവചനമത്രേ.
പ്രകൃത്യാ, നാം കൂടുതല്‍ എളുപ്പവും സൗകര്യപ്രദവുമായ കാര്യങ്ങള്‍ തേടുന്നവരാണ്. പുസ്തകത്തിന്റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. പണ്ട്, മേശപ്പുറത്ത് കുപ്പിയില്‍ നിറച്ചുവെച്ച മഷിയില്‍ പേന മുക്കിയായിരുന്നു എഴുതിയത്. ഫൌണ്ടന് പേന വന്നപ്പോള്‍ നാമതിലേക്ക് തിരിഞ്ഞു, Ballpoint പേന വന്നപ്പോള്‍ അതായി എഴുത്തിന്. പിന്നെ എഴുത്തില്‍നിന്നു ടൈപിംഗിലെക്കും വന്നു. ഇപ്പോള്‍ അതും വിട്ട് പറഞ്ഞുകൊടുക്കലായി.
ഇഷ്ടമല്ലെങ്കിലും കാലത്തിന്റെ ഈ മാറ്റം അംഗീകരിക്കാതെയും അനുസരിക്കാതെയും ഇരിക്കാന്‍ നമുക്ക് വയ്യ. എഴുത്ത്, പുസ്തകം, അച്ചടി തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയം ആയിരിക്കുന്നു.
(കടലാസ്സ്)പുസ്തക വായനയും അതിലുള്ള താല്പര്യവും കുറഞ്ഞു കുറഞ്ഞു പുസ്തകം തന്നെ തീരെയില്ലാതായിത്തീരുമോ ? ഈ ഭയം നമ്മെ അലട്ടുന്നില്ലേ ? കാരണം, സൗകര്യവും വേഗതയും എത്ര തന്നെ കൂടിയാലും കടലാസ്സ് താളുകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് അതില്‍നിന്ന് കിട്ടുന്ന ഗ്രാഹ്യതയും ആസ്വാദനവും വേറെ ഒന്നിലും കിട്ടില്ല. അതിനാല്‍ തന്നെ പുസ്തകപ്രേമികളും പുസ്തകവും എന്നും നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാന്‍ വകയുണ്ടോ ?
ഈ കുറിപ്പ് ഒരു തുറന്ന ചര്‍ച്ചയാക്കാന്‍ വായനക്കാരനെ സദയം ക്ഷണിക്കുന്നു.