Ads 468x60px

Friday, June 24, 2011

പുസ്തകം മരിക്കുമോ ?പേനയും കടലാസും ഉപയോഗത്തില്‍ വന്നതോടെ, എഴുത്തുകാര്‍ എന്തെങ്കിലും എഴുതാനായി തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യം അവരത് കടലാസ്സില്‍ കുത്തിക്കുറിക്കുന്നു. പിന്നെ അത് ധാരാളം പ്രാവശ്യം വായിച്ചു മാറ്റതിരുത്തലുകള്‍ നടത്തുന്നു. ഇങ്ങനെ മാറ്റതിരുത്തലുകള്‍ നടത്തി ചിലപ്പോള്‍ മാറ്റി എഴുതി അന്തിമ കൈയെഴുത്തു പതിപ്പ് ഏതെങ്കിലും അച്ചടി സ്ഥാപനങ്ങളില്‍ ഏല്‍പിക്കുന്നു. അവിടെ അവര്‍ അത് അച്ചടിക്കാനായി അച്ചുകള്‍ നിരത്തുന്നു. പേജുകളായി പ്രാഥമിക അച്ചടിക്കുശേഷം അച്ചടിപ്പിശകും മറ്റ് വൈകല്യങ്ങളും തിരുത്തുന്നു. വീണ്ടും പേജുകളായി അച്ചടിച്ച്‌ പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നു. വില്‍പനക്കായി കടകളിലെത്തിക്കുന്നു. ഇപ്രകാരം കടകളിലെത്തിയ ശേഷം വായനക്കാരന്‍ വാങ്ങി വായിക്കുന്നു.  

ഒരു ഗ്രന്ഥകാരന്‍ എഴുതി തുടങ്ങുന്ന നിമിഷം മുതല്‍ വായനക്കാരന്‍ വായിക്കുന്നത് വരെയുള്ള പ്രക്രിയകള്‍ ഇങ്ങനെ ധാരാളമായിരുന്നു. ഈ പ്രക്രിയകളുടെ നീണ്ട പട്ടിക പൂര്‍ത്തീകരിക്കുവാന്‍ ആവശ്യമായ സമയം ചില്ലറയായിരുന്നില്ല. ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടി വന്നു.

പുസ്തക പ്രസിദ്ധീകരണത്തിന്‍റെ മണ്ഡലത്തിലും കമ്പ്യൂട്ടര്‍ വന്നതോടെ സ്ഥിതിഗതികള്‍ വളരെയധികം മാറി. 1984 ല്‍ ആപ്പിള്‍ കമ്പ്യൂട്ടര്‍ DTP (Desk Top Publishing) യുടെ ഉല്‍ഭവം കുറിച്ചതോടെയാണ് ഈ മാറ്റം തുടങ്ങിയത്.

കൈയെഴുത്തു പതിപ്പ് അച്ചടിച്ച്‌ പുസ്തകമാക്കുന്ന ജോലിയിലായിരുന്നു ആദ്യ വര്‍ഷങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, എഴുത്തുകാരന്‍റെ മനസ്സില്‍ എഴുതാനുള്ള ആശയം  ജനിച്ച നിമിഷം മുതല്‍ കമ്പ്യൂട്ടറിലാണ് കാര്യങ്ങളൊക്കെ നടത്തുന്നത്. എഴുതുന്നതിനു പകരം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയാണ് പുതിയ രീതി. ഇന്ന് ടൈപ്പ് ചെയ്യേണ്ട ആവശ്യവും ഇല്ലാതായിരിക്കുന്നു. കമ്പ്യൂട്ടറിന്‍റെ മുമ്പിലിരുന്ന് പറഞ്ഞാല്‍ മതി, കേട്ടെഴുത്ത് മാതിരി കമ്പ്യൂട്ടര്‍ ചെയ്തു കൊള്ളും. അവിടെ നിന്ന് തന്നെ നേരിട്ട് അച്ചടിയിലേക്ക് പോകുന്നു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകം പുറത്തിറങ്ങുന്നു. 

തീര്‍ന്നില്ല, ഇന്ന് വായനക്കാരന്നു കടലാസ്സ്‌ താളുകളിലല്ലാതെ കമ്പ്യൂട്ടറില്‍ തന്നെ പുസ്തകം വായിക്കാനുള്ള സൗകര്യം ആയപ്പോള്‍ ഈ "കുറഞ്ഞ ദിവസങ്ങളും" ഇല്ലാതായി. അതായത്‌, എഴുത്തുകാരന്‍ എഴുതാന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ നിമിഷ ങ്ങള്‍ക്കകം വായനക്കാരന്നു പുസ്തകം വായിക്കാവുന്ന അവസ്ഥ ആണിപ്പോള്‍. അതിലും ഉപരിയായി കമ്പ്യൂട്ടര്‍ തന്നെ പുസ്തകം വായിച്ചു കേള്‍പ്പിക്കുന്ന സൌകര്യവുമുണ്ട്. 

കൈയിലോ കീശയിലോ കൊണ്ടുനടക്കാവുന്ന, പുസ്തകവായനക്ക് ഉപയോഗിക്കാവുന്ന മൊബൈല്‍ഫോണ്‍, Ipad, Kindle പോലെയുള്ള ഇ-ബുക്ക്‌ റീഡര്‍ (മുമ്പ്‌ ഒരു പോസ്റ്റില്‍ സൂചിപ്പിച്ച പോലെ ഒരെണ്ണം ഞാനും ഉപയോഗിക്കുന്നുണ്ട്. പത്രങ്ങളും ഇടക്ക് പുസ്തകങ്ങളും ഇതില്‍ വായിക്കുന്നതും വായന കേള്‍ക്കുന്നതും എന്‍റെയും ഒരു ശീലമായി വരുന്നു. മൂവായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളിക്കാവുന്ന ഇത് കൈയില്‍ കൊണ്ടുനടക്കാവുന്ന ഒരു ലൈബ്രറി ആണെന്ന് പറയാം.) തുടങ്ങിയവ ഇന്ന് ധാരാളം പ്രചാരത്തിലുണ്ട്. 
Kindle Book Reader

കടലാസ്സ് താളുകളുള്ള പുസ്തകങ്ങള്‍ക്ക് പകരമായി, കമ്പ്യൂട്ടറും മറ്റ് ചെറിയ ഉപകരണങ്ങളും ഉപയോഗിച്ച് പുസ്തകം വായിക്കുന്നവരുടെ എണ്ണം വളരെ വേഗതയില്‍ കൂടുകയാണ്. ഈയിടെ അമേരിക്കയില്‍ നിന്ന് വന്ന ചില വാര്‍ത്തകള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. പുസ്തക വ്യാപാരത്തിലെ വമ്പന്‍മാരായ Borders അമേരിക്കയിലും പുറത്തുമായി ഇരുനൂറോളം കടകള്‍ പൂട്ടിക്കഴിഞ്ഞു. മറ്റൊരു വാര്‍ത്ത, അവിടെ തന്നെ Ipad കള്‍ സ്റ്റോക്കെത്തിയാല്‍ നിമിഷങ്ങള്‍ക്കകം വിറ്റുതീരുന്നു. പലപ്പോഴും അന്വേഷിച്ചു എത്തുന്നവര്‍ക്ക് കിട്ടാത്ത അവസ്ഥയാണിപ്പോള്‍. അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂരിഭാഗം ജനങ്ങളും കൈയിലേന്തി നടക്കാവുന്ന ഉപകരണങ്ങളില്‍ ആയിരിക്കും വായനയെന്നാണ് പ്രവചനമത്രേ.

പ്രകൃത്യാ, നാം കൂടുതല്‍  എളുപ്പവും സൗകര്യപ്രദവുമായ കാര്യങ്ങള്‍ തേടുന്നവരാണ്. പുസ്തകത്തിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. പണ്ട്, മേശപ്പുറത്ത് കുപ്പിയില്‍ നിറച്ചുവെച്ച മഷിയില്‍ പേന മുക്കിയായിരുന്നു എഴുതിയത്. ഫൌണ്ടന്‍ പേന വന്നപ്പോള്‍ നാമതിലേക്ക് തിരിഞ്ഞു, Ballpoint പേന വന്നപ്പോള്‍ അതായി എഴുത്തിന്. പിന്നെ എഴുത്തില്‍നിന്നു ടൈപിംഗിലെക്കും വന്നു. ഇപ്പോള്‍ അതും വിട്ട് പറഞ്ഞുകൊടുക്കലായി.

ഇഷ്ടമല്ലെങ്കിലും കാലത്തിന്‍റെ ഈ മാറ്റം അംഗീകരിക്കാതെയും അനുസരിക്കാതെയും ഇരിക്കാന്‍ നമുക്ക് വയ്യ. എഴുത്ത്, പുസ്തകം, അച്ചടി തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ പുനര്‍ നിര്‍വചിക്കേണ്ട സമയം ആയിരിക്കുന്നു.


(കടലാസ്സ്)പുസ്തക വായനയും അതിലുള്ള താല്‍പര്യവും കുറഞ്ഞു കുറഞ്ഞു പുസ്തകം തന്നെ തീരെയില്ലാതായിത്തീരുമോ ? ഈ ഭയം  നമ്മെ അലട്ടുന്നില്ലേ ? കാരണം, സൗകര്യവും വേഗതയും  എത്ര തന്നെ കൂടിയാലും കടലാസ്സ് താളുകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് അതില്‍നിന്ന് കിട്ടുന്ന ഗ്രാഹ്യതയും ആസ്വാദനവും വേറെ ഒന്നിലും കിട്ടില്ല. അതിനാല്‍ തന്നെ പുസ്തകപ്രേമികളും പുസ്തകവും എന്നും നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാന്‍ വകയുണ്ടോ ? 

ഈ കുറിപ്പ്‌ ഒരു തുറന്ന ചര്‍ച്ചയാക്കാന്‍ വായനക്കാരനെ സദയം ക്ഷണിക്കുന്നു.    

49 comments:

 1. സൗകര്യവും വേഗതയും എത്ര തന്നെ കൂടിയാലും കടലാസ്സ് താളുകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് അതില്‍നിന്ന് കിട്ടുന്ന ഗ്രാഹ്യതയും ആസ്വാദനവും വേറെ ഒന്നിലും കിട്ടില്ല. അതിനാല്‍ തന്നെ പുസ്തകപ്രേമികളും പുസ്തകവും എന്നും നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാന്‍ വകയുണ്ടോ ?
  ഉണ്ട്.
  ഉണ്ടാവണം.
  ഉണ്ടാവും..  പ്രസക്തമായ പോസ്റ്റ്.

  ReplyDelete
 2. ഇല്ല പുസ്തകം മരിക്കില്ല.
  ഏതൊക്കെ എളുപ്പവഴികള്‍ ഉണ്ടെന്നാലും സാധാരണ ജനങ്ങളുടെ വായനശീലത്തിനു കടലാസ് തന്നെ അടിസ്ഥാനം.

  ReplyDelete
 3. കടലാസില്‍ അച്ചടിച്ച പുസ്തകങ്ങളുടെ വായന ഇല്ലാതായിപ്പോകുമോ എന്നുള്ള ഭയം ആദ്യമൊക്കെ എന്നെയും അലട്ടിയിരുന്നു. ഒരു പക്ഷെ , താളിയോലയില്‍ എഴുത്താണി കൊണ്ട് എഴുതിയത് വായിച്ച് ശീലിച്ചവര്‍ക്ക് കടലാസില്‍ അച്ചടി കണ്ടുപിടിച്ചപ്പോള്‍ ഇതേ ഭയം അന്നും അനുഭവപ്പെട്ടിരിക്കാം. ഈ ഭയം അസ്ഥാനത്താണെന്നാണ് ഇപ്പോള്‍ എന്റെ അഭിപ്രായം. മുന്‍പത്തേക്കാളും അധികം ഞാനിന്ന് കമ്പ്യൂട്ടറിലൂടെ വായിക്കുന്നു. ഇ-വായന എന്നത് നമ്മുടെ മുന്‍പില്‍ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നു തരുന്നു. ലൈബ്രറികളുടെ ലൈബ്രറിയായി ഇ-ലൈബ്രറികളാണ് ഇനി വരാന്‍ പോകുന്നത്. മാത്രമല്ല ലോകത്തിലെ ഏത് ഭാഷയില്‍ എഴുതപ്പെട്ട ഇ-കൃതികളും സ്വന്തം മാതൃഭാഷയില്‍ വായിക്കാനുള്ള സൌകര്യവും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ലോകഭാഷകള്‍ തമിഴ്, തെലുഗ്,കന്നഡ എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഈ ഭാഷകള്‍ ഇതര ലോകഭാഷകളിലേക്കും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്തു തരുന്നുണ്ട്. താമസിയാതെ മലയാളവും ഈ പട്ടികയില്‍ ഇടം പിടിക്കും. പുസ്തകങ്ങളുടെ അച്ചടിയ്ക്ക് ധാരാളം വിഭവങ്ങളും അവ സൂക്ഷിക്കാന്‍ അനേകം സ്പെയിസും വ്യയം ചെയ്യേണ്ടി വരുന്നു. ഇനിയും അതൊന്നും താങ്ങാന്‍ ലോകത്തിന് കഴിയാതെ വരും. ചുരുക്കത്തില്‍ , ലോകം പേപ്പര്‍‌ലെസ്സ് യുഗത്തിലേക്ക് മുന്നേറുകയാണ്. ഇതില്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. താങ്കള്‍ പറഞ്ഞപോലെ എളുപ്പവും സൌകര്യവും തേടി പോവുക എന്നത് തന്നെയാണ് മനുഷ്യപ്രകൃതം. അതില്‍ തെറ്റൊന്നുമില്ലല്ലൊ.

  ആശംസകളോടെ,

  ReplyDelete
 4. പുസ്തകം ??
  മരിക്കാനൊ?
  ഒരിക്കലുമില്ല....

  ReplyDelete
 5. കടലാസില്‍ അച്ചടിച്ച പുസ്തകങ്ങളുടെ വായന ഇല്ലാതായിപ്പോകുമോ എന്നുള്ള ഭയം ആദ്യമൊക്കെ എന്നെയും അലട്ടിയിരുന്നു. ഒരു പക്ഷെ , താളിയോലയില്‍ എഴുത്താണി കൊണ്ട് എഴുതിയത് വായിച്ച് ശീലിച്ചവര്‍ക്ക് കടലാസില്‍ അച്ചടി കണ്ടുപിടിച്ചപ്പോള്‍ ഇതേ ഭയം അന്നും അനുഭവപ്പെട്ടിരിക്കാം. ഈ ഭയം അസ്ഥാനത്താണെന്നാണ് ഇപ്പോള്‍ എന്റെ അഭിപ്രായം. മുന്‍പത്തേക്കാളും അധികം ഞാനിന്ന് കമ്പ്യൂട്ടറിലൂടെ വായിക്കുന്നു. ഇ-വായന എന്നത് നമ്മുടെ മുന്‍പില്‍ വായനയുടെ അനന്ത സാധ്യതകള്‍ തുറന്നു തരുന്നു. ലൈബ്രറികളുടെ ലൈബ്രറിയായി ഇ-ലൈബ്രറികളാണ് ഇനി വരാന്‍ പോകുന്നത്. മാത്രമല്ല ലോകത്തിലെ ഏത് ഭാഷയില്‍ എഴുതപ്പെട്ട ഇ-കൃതികളും സ്വന്തം മാതൃഭാഷയില്‍ വായിക്കാനുള്ള സൌകര്യവും വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ലോകഭാഷകള്‍ തമിഴ്, തെലുഗ്,കന്നഡ എന്നീ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഈ ഭാഷകള്‍ ഇതര ലോകഭാഷകളിലേക്കും ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്തു തരുന്നുണ്ട്. താമസിയാതെ മലയാളവും ഈ പട്ടികയില്‍ ഇടം പിടിക്കും. പുസ്തകങ്ങളുടെ അച്ചടിയ്ക്ക് ധാരാളം വിഭവങ്ങളും അവ സൂക്ഷിക്കാന്‍ അനേകം സ്പെയിസും വ്യയം ചെയ്യേണ്ടി വരുന്നു. ഇനിയും അതൊന്നും താങ്ങാന്‍ ലോകത്തിന് കഴിയാതെ വരും. ചുരുക്കത്തില്‍ , ലോകം പേപ്പര്‍‌ലെസ്സ് യുഗത്തിലേക്ക് മുന്നേറുകയാണ്. ഇതില്‍ ഭയപ്പെട്ടിട്ട് കാര്യമില്ല. താങ്കള്‍ പറഞ്ഞപോലെ എളുപ്പവും സൌകര്യവും തേടി പോവുക എന്നത് തന്നെയാണ് മനുഷ്യപ്രകൃതം. അതില്‍ തെറ്റൊന്നുമില്ലല്ലൊ.

  ആശംസകളോടെ,

  ReplyDelete
 6. അവസാനഭാഗത്തില്‍ പറഞ്ഞപോലെ പുസ്തകത്തില്‍ നിന്നും വായനക്ക് ലഭിക്കുന്നൊരു ആസ്വാദനം മറ്റൊന്നില്‍ നിന്നും കിട്ടാറില്ലെന്നുള്ളത് ഒരു വാസ്തവം തന്നെ. പക്ഷേ അതിന്‍‍റെ ലഭ്യതകുറവും, സമയമില്ലായ്മയുമൊക്കെയുള്ളവര്‍ക്ക് ആധുനികവായനാ ശീലങ്ങളില്‍ ഒതുങ്ങേണ്ടി വരുന്നു. ഇന്ന് മിക്കയിടത്തും പ്രചരിപ്പിക്കുന്ന ഒരു കാര്യമാണ്‍ ‘കടലാസിന്‍‍റെ ദുരുപയോഗം കുറച്ച്, പ്രകൃതിയെ(വൃക്ഷങ്ങളെ) സം‍രക്ഷിക്കുക” എന്നത്. അത്തരുണത്തില്‍ ഈ മാറ്റത്തെ പോസറ്റീവായും എടുക്കാം എന്ന് തോന്നുന്നു.

  ചര്‍ച്ചകള്‍ നടക്കട്ടെ!

  ReplyDelete
 7. നല്ല ലേഖനം..
  പണ്ട് എഴുത്തുണ്ടാകുന്നതിന് മുമ്പ് വാമൊഴിയിലൂടെ മനുഷ്യൻ അറിവുകൾ കൈമാറി...
  പിന്നീട് താളിയോലയും,എഴുത്താണിയും,മഷിയും,കടലാസ്സുമൊക്കെ പുരോഗതിക്കനുസരിച്ച് അവന്റെ അറിവ് പകരുവാൻ അവനുപയോഗപ്പെടുത്തി....
  ഇപ്പോൾ ഡിജിറ്റൽ യുഗത്തിലേക്കുള്ള പ്രയാണത്തിനിടയിൽ ,ഇ-മൊഴികൾ ...
  ആ സ്ഥാനങ്ങൾ ഏറ്റെടുത്തു എന്നുമാത്രം..
  അതുകൊണ്ട് ഏടുകൾ പാടെ ഇല്ലാതാകുന്ന പുത്തൻ വായനയാണ് ശാസ്ത്രം മുന്നിൽ കാണുന്നത് കേട്ടൊ ഭായ്

  പിന്നെ ഈ സംഗതികളെ കുറിച്ചുതന്നെയായിരുന്നു എന്റെ പുതിയപോസ്റ്റ് ‘വെറും വായനാ വിവരങ്ങങ്ങൾ‘

  ReplyDelete
 8. കടലാസ്സ് താളുകള്‍ വായിച്ചു ശീലിച്ചവര്‍ക്ക് അതില്‍നിന്ന് കിട്ടുന്ന ഗ്രാഹ്യതയും ആസ്വാദനവും വേറെ ഒന്നിലും കിട്ടില്ല. അതിനാല്‍ തന്നെ പുസ്തകപ്രേമികളും പുസ്തകവും എന്നും നിലനില്‍ക്കുമെന്ന് നമുക്ക് പ്രത്യാശിക്കാന്‍ വകയുണ്ട്.... കാലികമായ പോസ്റ്റിന് എന്റെ ഭാവുകങ്ങൾ

  ReplyDelete
 9. വായനയുടെ വിവിധ സാധ്യതകള്‍ ഉപയോഗിച്ച് കൊണ്ട് അറിവും സാഹിത്യ പ്രചാരണവും അഭംഗുരം നടക്കുന്നുണ്ട് ...വഴികള്‍ മാറുന്നു എന്നെ ഉള്ളൂ ..വായന മാറുന്നില്ല ..മാറുകയുമില്ല ..

  ReplyDelete
 10. കടലാസ്സിലൂടെയുള്ള വായന ഭാവിയില്‍ നഷ്ടമായാലും വായന മരിക്കില്ല ...ഭാവിയില്‍ പേപ്പറിന്റെ ഉത്പാദനം തന്നെ നിന്നു പോയ്യേക്കാം. മരങ്ങളുടെ എണ്ണം പോലും ക്രമാതീതമായികുറയുകയാണല്ലോ....

  ReplyDelete
 11. പുസ്തകം വായിക്കുന്ന സുഖം എനിക്കൊരിക്കലും കമ്പ്യൂട്ടറില്‍ കിട്ടിയിട്ടില്ല.
  പുറത്തു മഴപെയ്യുമ്പോള്‍ വരാന്തയിലെ ചാരു കസേരയിലിരുന്ന് ഇഷ്ട്ടപ്പെട്ട പുസ്തകത്തില്‍ ഊളിയിട്ടിറങ്ങുമ്പോഴുള്ള സുഖം കമ്പ്യൂട്ടര്‍ സ്ക്രീനില്‍ കിട്ടുമോ?

  ReplyDelete
 12. സുഹൃത്തേം
  ബ്ലോഗ് എഴുത്തും ബ്ലോഗ് വായനയും ഞാന്‍ ആസ്വദിക്കുന്നു എന്നത് സത്യം. പക്ഷെ പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ ചെന്നെത്തുന്നത് എന്റെ സ്വന്തം മുറിയിലാണെന്ന ഒരു തോന്നലൂണ്ട്.. പുസ്തകങ്ങള്‍ ഒരിക്കലും മരിക്കില്ല..

  ReplyDelete
 13. കടലാസിലെ വായന നമ്മുടെ ഈ തലമുറയോടെ നില്‍ക്കുമെന്നാണെനിക്കു തോന്നുന്നത്. നാടോടുമ്പോള്‍ നടുവേ ഓടുക തന്നെ, അല്ലാതെ പറ്റില്ല.പറഞ്ഞു കൊടുത്തു ടൈപു ചെയ്യുന്ന പോലെ പുസ്തകം വായിച്ചു കേള്‍ക്കലും ഉണ്ടാവും. ഈ ഹൈ ടെക്കു യുഗത്തില്‍ അത്രയേ പറ്റൂ. അതിനു തന്നെ സമയം കിട്ടില്ല. പഴയ കാലത്തെപ്പറ്റി നമുക്ക് ഓര്‍ത്തിരിക്കാം!

  ReplyDelete
 14. ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. കാലത്തിന്നനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാവും. താളിയോലയില്‍ ഗ്രന്ത്ഹങ്ങള്‍ക്ക് പകരം കടലാസ്സ് പുസ്തകങ്ങള്‍ വന്നില്ലേ. അതേപോലെ ഇലക്ട്രോണിക്ക് ബുക്ക് റീഡര്‍ ഭാവിയില്‍ വ്യാപകമായേക്കാം. എന്തായാലും വായന ഇല്ലാതാവില്ല.

  ReplyDelete
 15. നമ്മുടെ ജീവിതക്രമങ്ങള്‍ക്കു കാലാനുസ്രുതമായി വന്നിട്ടുള്ള മാറ്റങ്ങള്‍ പോലെ, ഏടുകളിലും വായനയിലും വന്ന വ്യത്യാസം ചില്ലറയല്ല എന്നത് അംഗീകരിക്കാതെ തരമില്ല.അതിനെ ഒരു ന്യൂനതയായി കാണേണ്ട കാര്യവുമില്ല.ആശയങ്ങള്‍ അതിവേഗം കൈമാറ്റം ചെയ്യപ്പെടുന്നു എന്നു മാത്രമല്ല അതുമൂലമുണ്ടാവുന്ന സമയലാഭവും ദ്രവ്യ ലാഭവും ചെറുതുമല്ലല്ലോ..!
  കാലത്തിനനുസരിച്ച് കോലം മാറട്ടെ. എങ്കിലും വായന മരിക്കില്ലെന്ന് നമുക്കാശ്വസിക്കാം..!

  വാല്‍ക്കഷണം: പണ്ട് ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് കത്തെഴുതി ചോദിച്ച ചോദ്യത്തിന്, അതിന്റെ മറുപടി തിരിച്ചയക്കുന്ന കത്തില്‍ നിന്നു വായിച്ചറിയാന്‍ ഒരുമാസത്തിലേറെ കാത്തിരിക്കേണ്ടിവന്നിട്ടില്ലേ നമുക്ക്..? ഇപ്പോഴോ..?
  നല്ലതിനെ നമുക്കു സ്വാഗതം ചെയ്യാം..!!

  ഗൌരവമുള്ള ഈ ചിന്തക്ക്
  ഒത്തിരിയാശംസകള്‍...!!

  ReplyDelete
 16. വിഷയത്തില്‍ പുതുമയില്ല. ഒരു പാടോരുപാട് ചര്‍ച്ചക്ക് വിധേയമാക്കപ്പെട്ടത്‌ തന്നെയാണിത്. വിഷയത്തിനു എന്നും പ്രസക്തിയുണ്ട് താനും...
  കടലാസിനു ഒരു ബദല്‍ എന്ന നിലക്ക് ഇത്തരം ആധുനികത പ്രോല്സാഹിപ്പിക്കപ്പെടെണ്ടത് തന്നെയാണ്. കോടിക്കണക്കിനു മരങ്ങളുടെയും കണക്കില്ലാത്ത ജലത്തിന്റെയും നാശത്തിനു കടലാസ് കാരണമാകുന്നുണ്ട്. പക്ഷെ ഒപ്പം തന്നെ പറയേണ്ടത് വായനാസുഖം ലഭിക്കുന്നത്, കടലാസിന്റെ ഗന്ധം ആസ്വദിച്ചുള്ള പുസ്തകവായന തന്നെ! പുതുരീതികള്‍ കണ്ണിനു ആയാസമുണ്ടാക്കുന്നു എന്നതും നേര്!
  വായന മരിക്കുന്നില്ല,അതിന്റെ രീതി എവ്വിധമായാലും......

  ReplyDelete
 17. ഇല്ല, പുസ്തകം മരിക്കില്ല.

  ReplyDelete
 18. പുസ്തക വായന നാം എന്നും പ്രോത്സാഹിപ്പിക്കുക തന്നെ വേണം.കുട്ടികള്‍ പുസ്തകം വായിച്ചു തന്നെ വളരട്ടെ.

  ReplyDelete
 19. ശീലങ്ങളിൽ നിന്ന് മാറാൻ മനുഷ്യൻ എന്നും വിമുഖത കാണിക്കാറുണ്ട്. പുതിയ ഏതാശയത്തേയും നമ്മൾ സൗകര്യാർത്ഥം സ്വാഗതം cheyyum.എങ്കിലും ഉള്ളിൽ പഴമയോടുള്ള വല്ലാത്ത ഒരു തരം സ്നേഹവും..അത് പ്രകൃത്യാ മനുഷ്യനിൽ നിക്ഷിപ്തമായ ഒന്നാണെന്ന് തോന്നുന്നു..ഇവിടെയും അത് തന്നെ ..ഒരു മാധ്യമത്തിൽ നിന്ന് വേറൊന്നിലേക്ക് പല കാരണങ്ങൾ കൊണ്ടും നാം എത്തി പെടുന്നു..എങ്കിലും പുസ്തക വായന ശീലിച്ച നമ്മുക്ക് അതിന്റെ സുഖം വേറിട്ടു തന്നെ നിൽകുകയും ചെയ്യുന്നു...പറഞ്ഞ കാര്യം സ്വഭാവുകവും ഈ വ്യഥ അനാവശ്യവും ..അല്ല്ലെ? എങ്കിലും....

  ReplyDelete
 20. DTP 1984 ആണ് വരുന്നത്... എന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി... ലളിതവും വിജ്ഞാനപ്രദവുംമായ ഈ ലേഖനം മികച്ച ഒന്നാണ്. അവസാന ഭാഗത്തില്‍ ചില ചര്‍ച്ചാ സാധ്യതയ്ക്ക് വേണ്ടി ചില അടിസ്ഥാനമില്ലാത്ത ചില ആശങ്കകളുടെ അതിഭാവുകത്വം ഒഴിച്ചു നിര്‍ത്തിയാല്‍... ലേഖനം വളരെ നന്ന്...

  ReplyDelete
 21. സാഹിബ്, വളരെ വിജ്ഞാന പ്രദമായ പോസ്റ്റ്‌. പിന്നെ, വായനയുടെയും കാഴ്ചയുടെയും എല്ലാ നൂതന മാധ്യമങ്ങളും ഉപയോഗിക്കുമ്പോഴും , അതിരാവിലെ പേപ്പര്‍ കയ്യില്‍ കിട്ടുമ്പോഴുള്ള ഒരു സുഖം ഉണ്ടല്ലോ.. അത് കിട്ടില്ലാ..അച്ചടി നിന്ന് പോകുന്ന ഒരു കാലം ഈ ജന്മ്മത്തില്‍ കാണേണ്ടി വരല്ലേ എന്ന് ആശിക്കുന്നു.

  ReplyDelete
 22. പുതിയ പുതിയ മാറ്റങ്ങള്‍ വായനാശീലം വളര്‍ത്തുന്നു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്‌. മാറ്റങ്ങള്‍ മാറുന്ന ജീവിതരീതിക്കനുസരിച്ച് മാറിക്കൊണ്ടിരിക്കും. അത് എല്ലാ രംഗത്തും അങ്ങിനെ തന്നെ. പുസ്തകം ഒരിക്കലും ഒഴിവാകുന്ന ഒരവസ്ഥ ഉണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്.

  ReplyDelete
 23. പുസ്തകം മരിക്കില്ല

  ReplyDelete
 24. പുസ്തകം മരിച്ചാലും വായന നിലനിൽക്കും.

  വായന എന്നതിലുപരി ആശയം മനസിലാക്കുക എന്നതിലേക്കാവും ഇനിയുള്ള ലോകത്തിന്റെ പോക്ക്‌
  വായിച്ചറിയാനുള്ള ഇപ്പോഴത്തെ രീതികൾ മാറി ബ്രൈനിൽ നേരിട്ട്‌ ഫീഡ്‌ ചെയ്യാവുന്നവ വരെ വന്നെക്കാം

  എന്തായാലും ആശയം ഗ്രഹിക്കുക എന്നത് നിലനിനില്‍ക്കാതെ വരില്ലല്ലോ..!!

  പുതകം മരിക്കട്ടെ.... കുറെ മരങ്ങള്‍ ജീവിക്കട്ടെ.

  ReplyDelete
 25. pusthakam vayikkumpol kittunna aa samthripthi mattonnilum kittilla. E library vannal namukku pusthakangal vayikkam. enal swanthamayi oru pusthakashaala allenkil vaayanayude oru lokam undakanamenkil pusthakangal undaye theeru.

  ReplyDelete
 26. ശരീരം നശിച്ചാലും ആത്മാവ് നശിക്കില്ലല്ലോ. പലരൂപത്തില്‍ പലഭാവത്തില്‍ അതു പുനര്‍ജനിച്ചു കൊണ്ടേയിരിക്കും..ഈ ബൂലോകം തന്നെ നോക്കിയാല്‍ മതിയല്ലൊ.വായന എഴുത്ത് ഒക്കെ എത്ര ഗംഭീരമായി നടക്കുന്നു.നമ്മള്‍ പുസ്ത്കങ്ങള്‍ വായിച്ചു ശീലിച്ചതു കൊണ്ട് അതിനോടൊരിഷ്ടം . എന്നാലും പുസ്തകം മരിക്കാതെ നമ്മുക്കു കഴിയുന്നത്ര ശ്രമിക്കാം.

  നല്ല ഒരു ബ്ലൊഗ്. ആദ്യമായിട്ടാണ് ഇവിടെ. ഇനിയും വരാം . പുതിയ പൊസ്റ്റ്സ് ഇടുമ്പോള്‍ അറിയിക്കണേ.

  ReplyDelete
 27. വായന എന്നും വായന തന്നെ,അത് എത്രകണ്ട് പരിഷ്ക്കാരവും പുരോഗമനവും വന്നാലും സുശക്തം ജീവിക്കും എന്നും വിശ്വസിക്കുന്ന ആൾക്കാരിൽ ഒരുവളാണ് ഈ ഞാനും.വിവരങ്ങൾ വായിക്കാനും ഒരു കാലത്ത് ഖത്തറിൽ ജീവിച്ചിരുന്ന, ഇന്ന് മസ്കറ്റിൽ ജീവിക്കുന്ന എനിക്ക് പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം

  ReplyDelete
 28. മാറ്റങ്ങള്‍ അനിവാര്യമാണ്. മാറുക തന്നെ ചെയ്യും.
  കമ്പ്യൂട്ടര്‍ എഴുത്തിലും വായനയിലും ഏറെ സഹായകവും
  ഗുണകരവുമായി മാറിയെണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

  മറ്റൊരു കാര്യം കടലാസിനെ കുറിച്ചാണ്.
  എത്രയോ മരങ്ങളാണ് അതിനുവേണ്ടി ഇല്ലാതാവുന്നത്.
  കടലാസ് പൂര്‍ണമായി ഇല്ലാതായാല്‍ രക്ഷപ്പെടുന്നതും
  ഈ മരങ്ങളാവും.
  കടലാസ് നാടുനീങ്ങട്ടെ
  എന്നാണ് ആഗ്രഹം.

  ReplyDelete
 29. അയ്യോ പുസ്തകം മരിച്ചോ!
  ഈയടുത്തുവരെ ICUവിലായിരുന്നു പുസ്തകവായന. ഇപ്പൊ മരിച്ചൂന്ന്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു.
  പാവം!

  (മാഷേ നല്ല ചിന്തക്ക് ആശംസകള്‍ )

  ReplyDelete
 30. pusthakam marikkilla............ pusthakam palaroopathilumakkum ennalum vayanayude sugam kadalasilannnn

  ReplyDelete
 31. പുസ്തകങ്ങൾ ഇഷ്ടം തന്നെയെനിക്കും . പ്രിയപ്പെട്ടവർ മരിക്കരുതെന്ന് ആ‍ശിക്കാം .പക്ഷേ , മരിക്കാതിരിക്കില്ലല്ലോ .അതൊരു സത്യമാണ് . കാലത്തിനനുസരിച്ച് ഓരോന്നും മാറി മാറി വന്നേക്കും . പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളുക , ഒപ്പം നടക്കുക .

  ReplyDelete
 32. പുസ്തകം മരിക്കുകയൊന്നുമില്ല
  കടലാസ്സില്‍ നോക്കി വായിക്കുന്ന പോലെ വായിക്കാനോക്കില്ലല്ലോ വേറെന്തും..
  അപ്പൊ എങ്ങനെ മരിക്കാന്‍..

  നല്ല എഴുത്ത്
  ഇഷ്ടായി.

  ReplyDelete
 33. പുസ്തകം മരിക്കട്ടെ... മരങ്ങള്‍ ജീവിക്കട്ടെ....

  ReplyDelete
 34. വായന മരിക്കുന്നുവോ എന്നായിരുന്നല്ലോ ചിന്ത. അതില്‍ നിന്നും പുസ്തകങ്ങള്‍ മരിക്കുന്നുവോ എന്നതിലേക്ക് മാറുന്നു. കാല ക്രമേണയുള്ള മാറ്റങ്ങള്‍ ഉള്കൊല്ലുവാന്‍ എന്തിനു മടിക്കണം. നല്ല രിയ്തിയില്‍ ആശയങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുവാനുള്ള സൌകര്യം കൂടി പരിഗണിക്കപ്പെടെണ്ടതല്ലേ. എഴുത്തിന്റെ കുലപതികള്‍ അടക്കി വാണിരുന്ന രംഗങ്ങളില്‍ പുതുതായി വരുന്നവര്‍ക്കും ഈ പറഞ്ഞ ഇ- book സംവിധാനങ്ങള്‍ ഉപകാര പ്രദമാകുന്നു. വളരെ പ്രസക്തമായ വിഷയം.. ആശിക്കാം നമുക്ക് വായന മരിക്കാതിരിക്കാന്‍..

  ReplyDelete
 35. This comment has been removed by a blog administrator.

  ReplyDelete
 36. ചര്‍ച്ചകള്‍ ആവശ്യമായ ഒരു കാര്യമാണ് പറഞ്ഞത്....
  പക്ഷെ പുസ്തകങ്ങളും വായനക്കാരും ഒരിക്കലും മരിക്കുന്നില്ല......
  കടലാസുതോണി ഓടിക്കുന്ന കുട്ടിയുടെ നിഷ്കളങ്കത നഷ്ടപ്പെട്ടേക്കാം പക്ഷെ നമ്മള്‍ കടലാസ്തോന്നി ഉണ്ടാക്കാന്‍ മറക്കില്ല.......
  വായന മരിക്കില്ല..........
  'ജീര്‍ണ്ണിച്ച ദേഹം ത്യജിച്ചു ദേഹി
  ധരിക്കുന്നു വേറെ ദേഹം.'
  മാറ്റങ്ങള്‍ അനിവാര്യം........മരങ്ങളെ സംരക്ഷിക്കാനുള്ള കടമയും പ്രധാനം....
  വായന മരിക്കാതെ ആശയങ്ങള്‍ പല രൂപത്തില്‍ പല ഭാവത്തില്‍ പൂത്തുലയട്ടെ......
  (പുസ്തകങ്ങളെ ഒരു പാട് സ്നേഹിക്കുന്ന ഒരു വായനക്കാരിയാണ് ഞാന്‍; അവയ്ക്ക് ദീര്‍ഘായുസ്സ് നേരുന്നു.)

  നല്ല ചിന്ത.......ആശംസകള്‍.....

  ReplyDelete
 37. ഈ ചര്‍ച്ചയില്‍ ഒരു പുതുമ ഉണ്ടെന്നു തോന്നുന്നില്ല
  എങ്കിലും ഇത് വരെ വായന മരിക്കുന്നു എന്ന ആശങ്ക ആയിരുന്നു വെങ്കില്‍ ഇന്ന് വായന മരിക്കുന്നില്ല എന്ന് ഉറപ്പായി
  പുസ്തകം ഇല്ലാതാകുന്നു എന്നത്തില്‍ നമ്മള്‍ ആശങ്ക പെടെണ്ടാതില്ല ഒരു മുറിയില്‍ നിറച്ചു വെക്കാവുന്ന പുസ്തക കൂട്ടത്തെ ഒരു പോകറ്റില്‍ ഒതുക്കാന്‍ കയിയുമ്പോ അതല്ലേ നല്ലത്

  ReplyDelete
 38. പുസ്തകം മരിക്കാതിരിക്കട്ടെ..

  ReplyDelete
 39. പുസ്തകത്തില്‍ വായിക്കുന്ന സുഖം മറ്റൊരു വായനക്കും എനിക്ക് ലഭിക്കുന്നില്ല.

  ReplyDelete
 40. എനിക്ക് തോന്നുന്നത് നമ്മുടെ തലമുറ കഴിഞ്ഞാല്‍ കടലാസ് വായന ഉണ്ടാകില്ല എന്നാണു. പണ്ടൊക്കെ ഞാന്‍ കടലാസില്‍ എഴുതി പിന്നെ ടൈപ് ചെയ്യാ‍റായിരുന്നു. ഇപ്പൊ നേരിട്ട് ലാപില്‍ ടൈപ് ചെയ്യുന്നു. സുഖം,സമയ ലാഭം. പക്ഷെ ഇപ്പോഴും എനിക്ക് കമ്പ്യൂട്ടറില്‍ വായന ഇഷ്റ്റല്ല. പുസ്തകം തന്നെ വേണം. പക്ഷെ എന്റെ മക്കളുടെയൊക്കെ വായന മൊബൈലിലും സിസ്റ്റത്തിലുമാണു. ഒരു മൊബൈലില്‍ തന്നെ പത്ത്മുന്നൂറ് ബുക്ക്സാണു അവര്‍ സ്റ്റോര്‍ ചെയ്യുന്നത്. എന്നിട്ട് രാവും പകലും ഇത് തന്നെ പണി. അവര്‍ക്കത് ശീലമായ്.

  ReplyDelete
 41. മാറ്റങ്ങളെ അംഗീകരിക്കാന്‍ മാറ്റങ്ങള്‍
  ആവശ്യം ആണ്‌ ...സൌകര്യങ്ങള്‍ കൂടുന്നു .
  പിന്നെ ആസ്വാദനം . .അതൊരു കാലഘടത്തിന്റെ രീതി ആണ്‌ ..ചിലത് നില നില്‍ക്കും ..ചിലത് പഴമയിലേക്കു തിരികെ പോവും ..


  പുസ്തകങ്ങള്‍ മരിക്കുമോ ?അധികം ചൂടും
  അധികം തണുപ്പും ഒക്കെ അടിച്ചാല്‍
  അടിച്ചു പോകുന്ന ഈ പുതിയ സാധനങ്ങള്‍ക്ക്
  മുന്നില്‍ കടലാസുകള്‍ മണ്മറഞ്ഞു
  പോകില്ല .ആ വായനാ സുഖവും ..!!

  ReplyDelete
 42. ഇല്ല പുസ്തകം മരിക്കില്ല.

  ReplyDelete
 43. വിഷയം കാലികപ്രസക്തിയുള്ളതു തന്നെ ...അതിനാല്‍ ചര്‍ച്ചയും പ്രാധാന്യം അര്‍ഹിക്കുന്നു ....എല്ലാ കമന്റുകളും ശ്രദ്ധിക്കുന്നു..ചര്‍ച്ച നടക്കട്ടെ...

  ReplyDelete
 44. താളിയോല മ്യൂസിയത്തിലേക്ക് യാത്രയായതുപോലെ കടലാസ് പുസ്തകങ്ങളും ഒരു ദിവസം അങ്ങോട്ടുതന്നെ യാത്രയാകും. വായന അപ്പോഴും തുടരും; മറ്റൊരു മാധ്യമത്തിലൂടെ....

  ReplyDelete
 45. ഓരോ കാലത്തിന് ഓരോ ശീലങ്ങളും,അവയുടെ പൂരണത്തിന് ഓരോ ഉപാധികളും! മാറ്റത്തിനു മാത്രമേ മാറ്റമുണ്ടാവുകയുള്ളൂ എന്ന് പറയാറില്ലേ? പുതിയ സങ്കേതങ്ങൾ തീർച്ചയായും കടലാസ് ഏർപ്പാടുകളെ ഓർമ്മയിലാക്കും എന്ന് ആർക്കും സംശയം വേണ്ട. ഏ.റ്റീ.എം, വോട്ടിങ്ങ് രീതി, എന്നിവ പുതുമ നഷ്ടപ്പെട്ട ചില ഉദാഹരണങ്ങൾ മാത്രം. പായ്‌വഞ്ചിയിൽ ആരെങ്കിലും പോകുമോ വിദേശത്തിപ്പോൾ?എഴുത്തോല തന്നാൽ ആർക്കെങ്കിലും പറ്റുമോ അതിൽ എഴുത്താണികൊണ്ടൊരു കുറിപ്പിടാൻ? മണ്ണും ഓലയും കൊണ്ട് വീടു വയ്ക്കാൻ എത്ര പേർ ധൈര്യം കാണിക്കും? അതുകൊണ്ട് ഒന്നു മാത്രം പറയാം-അവനവന്റെ ഇഷ്ടത്തിനകത്ത് ഭാവിയെ ഒതുക്കാതിരിക്കാം! ഭാവിയെ അതിന്റെ പാട്ടിനു വിടാം. എന്റെ ഇഷ്ടം,പുസ്തകങ്ങൾക്ക് പകരം മറ്റ് സുഖകരമായ മാധ്യമങ്ങൾ തന്നെയാണ്. കമ്പ്യൂട്ടറിലെ വായന കണ്ണടയില്ലാതെയാണ്!അക്ഷരങ്ങൾ ആവശ്യത്തിനു വലുതും ചെറുതുമാക്കാൻ പുസ്തകത്തിനാവില്ലല്ലോ. ഏതായാലും “കടലാസ്സ്” എന്നപേരിൽ ഒരു കഥ എഴുതാൻ ഈ പോസ്റ്റ് ഉപകരിച്ചു എന്ന കാര്യം കൃതജ്ഞതയോടെ അറിയിക്കട്ടെ. സർ, ആശംസകൾ.

  ReplyDelete
 46. എനിക്ക് പുസ്തകതാളിലെ മഷിമണം നുകര്‍ന്ന് വായന ആസ്വദിക്കുന്നതാണ് ഇഷ്ടം.. പക്ഷെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറാതെ തരമില്ലലോ.. ഞാനും ബ്ലോഗ്‌ വായനയ്ക്ക് കൂടുതലും മൊബൈല്‍ ആണ് ഉപയോഗിക്കാറുള്ളത്.. നമ്മുടെ സൌകര്യത്തിനു ദീര്‍ഘമായ കാത്തിരിപ്പിനിടയില്‍ കൈയില്‍ എപ്പോഴും ഉണ്ടാവുന്ന മൊബൈലില്‍ സേവ് ചെയ്ത പേജുകള്‍ വായിച്ചു കൊണ്ടിരിക്കുന്നത് ഇപ്പോള്‍ ശീലവുമായി..

  ഇപ്പോഴും മനസ്സിലെ ഒരു മോഹം ബാക്കി നില്‍ക്കുകയാണ്.. എന്റെ അക്ഷരങ്ങള്‍ക്ക് മേല്‍ അച്ചടി പുരളുന്ന നാളുകള്‍ക്ക് ഇനിയുമെത്ര ദൂരം.. അപ്പോഴേക്കും അച്ചടി സമ്പ്രദായങ്ങള്‍ മാറി മറിഞ്ഞാല്‍ ഈശ്വരാ.. നീയെന്റെ സ്വപ്നം സ്വപ്നമായി അവശേഷിപ്പിക്കുമോ..??

  ReplyDelete
 47. പുസ്തകം മരിച്ചാല്‍ ഒരു പ്രശ്നവുമില്ല. പകരം വേറെ എന്തെങ്കിലും വരും.
  വായിക്കുന്നതിനു പകരം കേള്‍ക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.
  അതുപോലെ അന്ധര്‍ പുസ്തകം വായിക്കുകയല്ല കേള്‍ക്കുകയല്ലെ.
  ഇതൊകെ ശീലത്തിന്റ് ഭാഗമാണ്‌. പുസ്തകം ഉണ്ടാക്കണമെങ്കില്‍
  എന്തുമാത്രം മരം വേണ്ടീ വരും.
  ശീലിച്ചതിന്റെ മേനിപറച്ചിലിനും മാറാനുള്ള കഴിവുകേടിനും അപ്പുറത്ത് പുസ്തകങ്ങളെ വാഴ്തുന്നതില്‍ കഴമ്പുള്ളതായി തോന്നുന്നില്ല.
  ഓരോ കാലത്തിനും അതിന്റേതായ രീതികളുണ്ട്. അത്രമാത്രം.

  ReplyDelete
 48. ഈ പോസ്റ്റ്‌ ധാരാളം സ്നേഹിതര്‍ വളരെ ഗൌരവത്തോടെയും താല്പര്യത്തോടെയും വായിച്ചു അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ അത്യധികം സന്തോഷിക്കുന്നു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞതാണ്‌ ഏറെ സംതൃപ്തി ഉണ്ടാക്കുന്നത്.
  പുസ്തകം എന്നും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന എന്നെ പോലെയുള്ള വ്യക്തികളാണ് കൂടുതലും. മുഖ്താര്‍, സീയെല്ലെസ്, മിനി, ചെറുത, ചന്തു, മേയ്ഫ്ലവര്‍, മനോരാജ്, അഞ്ജു,അരീകോടന്‍, അനശ്വര, ഷാനവാസ്‌, പട്ടെപാടം, ബിഗു, ജയരാജ്‌, ഉഷശ്രീ, ജാബിര്‍, ജീവി, വാല്യക്കാരന്‍, മീര, മോയിദീന്‍, എന്റെ ലോകം, സിദ്ദീക്ക്, അനുരാഗ്, തുടങ്ങിയവരുടെ കൂടെ അതിനായി ഞാനും പ്രാര്‍ത്ഥിക്കുന്നു.
  കടലാസിന്റെ ഉപയോഗം കുറച്ചു മരങ്ങളെ സംരക്ഷിക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഇസ്മൈല്‍, കൂതറ, ഒരില, പഥികന്‍, ഫൌസിയ എന്നിവരോട് എളിമയായി തിരിച്ചൊരു നിര്‍ദേശം, നമുക്ക് മരങ്ങളെ കൂടുതല്‍ നട്ടുവളര്‍ത്താം. അനാവശ്യമായി വെട്ടി മാറ്റാതിരിക്കാം.
  എന്ത് തന്നെ സംഭവിച്ചാലും വായന ഒരിക്കലും ഇല്ലാതാകില്ല, എന്ന രമേശ്‌, സങ്കല്‍പ്പങ്ങള്‍, പ്രഭാന്‍, സപ്ന, ജെഫു, കൊമ്പന്‍, ദിവരേട്ടന്‍, മുതലായവരുടെ അഭിപ്രായത്തോട് നൂറു ശതമാനം യോജിക്കുന്നു.
  സുകുമാരന്‍, മുരളി, മുഹമെട്കുട്ടി, കേരളദാസ്‌, മുല്ല, വിധു, സന്ദീപ്‌: കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍കൊള്ളാനുള്ള മനസ്ഥിതി സ്വാഗതാര്‍ഹമാണ്. അതൊരു അനിവാര്യതയും ആയിരിക്കും.
  സന്തോഷ്‌, കന്നൂക്കാരന്‍, ഫൈസല്‍, മൈദ്രീംസ്: സമയം കണ്ടെത്തിയതിനു പ്രത്യേകം നന്ദി.
  ഈ പോസ്റ്റ്‌ വായിക്കാനും പലവിധത്തിലും പ്രചോതനമാകാനും സഹകരിച്ച എല്ലാ സ്നേഹിതര്‍ക്കും ഒരിക്കല്‍ കൂടെ നന്ദി രേഖപ്പെടുത്തുന്നു.

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text