Ads 468x60px

Tuesday, January 10, 2012

അബൂദബിയിലെക്ക് ഒരു ടിക്കെറ്റ്‌


രാവിലെ 5.30ന് പുറപ്പെടുന്ന അബൂദബി ഫ്ലൈറ്റില്‍ പോകാനായി മൂന്ന് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതാണ് ഞാനും മകന്‍ ഗസലും. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഗസല്‍ അവധി കഴിഞ്ഞു തിരിച്ചു പോകുന്നത് അബൂദബി വഴി ആയതിനാല്‍ ദുബൈ പോകാന്‍ സമയമായിരുന്ന ഞാന്‍ അവന്‍റെ ഫ്ലൈറ്റില്‍ തന്നെ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്യാന്‍ തീരുമാനിക്കുകയും യാത്ര ഒന്നിച്ചാക്കുകയുമായിരുന്നു.


അര്‍ദ്ധരാത്രി ആയതിനാല്‍ ഡ്രൈവറെ മാത്രമേ കൂടെ കൂട്ടിയുള്ളൂ. കാറില്‍ കേറുന്നതിന് മുമ്പായി, എന്നും ചെയ്യാറുള്ളത് പോലെയും യാത്ര പോകുന്ന മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നത് പോലെയും, പാസ്പോര്‍ട്ടും ടിക്കെറ്റും പരിശോധിക്കാന്‍ മറന്നിരുന്നില്ല. ഹാന്‍ഡ്‌ബാഗിലാണ് പാസ്പോര്‍ട്ടും അതിനുള്ളിലായി ചെക്ക്ബുക്ക്‌ കവര്‍ മാതിരിയുള്ള ലെതര്‍ ഫോള്‍ഡറില്‍ മൂന്നായി മടക്കിയ യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തിയ പേപ്പര്‍  ടിക്കെറ്റും വെച്ചിരിക്കുന്നത്. യാത്രയില്‍ വേണ്ട രേഖകള്‍ മാത്രം സൂക്ഷിക്കുന്ന ഈ ഫോള്‍ഡര്‍ ഏറെ കാലമായി കൂടെയുണ്ട്. 


റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ (ഹെഡ്‌ലൈറ്റ്‌ കുറക്കാതെ മുന്നില്‍ നിന്നും, ഹെഡ്‌ലൈറ്റ്‌ കൂട്ടിയും കുറച്ചും പിന്നില്‍ നിന്നും വന്നിരുന്ന ചെറുവാഹനങ്ങള്‍ അലോസരപ്പെടുത്തിയെങ്കിലും) ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടികളിറക്കി ഉന്തുവണ്ടിയില്‍ വെച്ച ഡ്രൈവറോട് പുറത്ത്‌ റോഡില്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത് ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. 


പുറത്തെ വലിയ ആള്‍ക്കൂട്ടവും നീണ്ട ക്യൂവും കണ്ടപ്പോള്‍ ഒന്ന് സംശയിച്ചു, ഇവിടെ ബെവരേജ്‌ കോര്‍പറേഷന്റെ ഷോപ്പ് തുടങ്ങിയോ? വീട്ടിലുള്ള മുഴുവന്‍ പേര്‍ക്കും  കുപ്പികള്‍ വാങ്ങി കൊണ്ടുപോകാനാണോ ആളുകള്‍ പെട്ടിയുമായി ക്യു നില്‍ക്കുന്നത്‌? 'DEPARTURE' എന്നെഴുതിയ ബോര്‍ഡും അതിനു താഴെ വാതിലിനടുത്ത് നിന്ന് കടലാസുകള്‍ പരിശോധിച്ചു യാത്രക്കാരെ മാത്രം ഉള്ളിലേക്ക് കടത്തി വിടുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും കണ്ടപ്പോള്‍ സംശയം നീങ്ങി. ഞങ്ങളും ക്യൂവില്‍ സ്ഥാനം പിടിച്ചു. 


ക്യൂ വേഗത്തില്‍ നീങ്ങിയിരുന്നു. ഉന്തുവണ്ടി തള്ളി എന്‍റെ മുന്നില്‍ നിന്നിരുന്ന ഗസല്‍ പരിശോധന കഴിഞ്ഞു അകത്തു കടന്നു. എന്‍റെ പാസ്പോര്‍ട്ടും ഫോള്‍ഡറില്‍ നിന്നെടുത്ത കടലാസും നിവര്‍ത്തി നോക്കിയ ഉദ്യോഗസ്ഥന്‍ ചോദിച്ചു: "ടിക്കെറ്റ്‌ കിതര്‍ ഹെ ?" 
അയാളുടെ കൈയില്‍ കിട്ടിയത്‌ വേറെ വല്ല കടലാസായിരിക്കാം, ഞാന്‍ ഫോള്‍ഡര്‍ തന്നെ ചൂണ്ടി. എന്‍റെ മുഖത്ത് തുറിച്ചുനോക്കി അയാള്‍ പാസ്പോര്‍ട്ടും ഫോള്‍ഡറും തിരിച്ചു തന്നു. 


അതിലുണ്ടായിരുന്ന കടലാസ്സ്‌ ഒരു പഴയ വിസ കോപ്പിയാണെന്ന് മനസ്സിലായി. ടിക്കെറ്റ്‌ എവിടെ? ഫോള്‍ഡറില്‍ നിന്ന് താഴെ വീണോ? നിലത്ത് ഒരു കടലാസ്സ്‌ കഷണം പോലുമില്ല. എന്‍റെ പകച്ചിലും ബേജാറും കണ്ട ഗസല്‍ ലഗേജുമായി പുറത്തേക്കു വന്നു. ഞങ്ങള്‍ മാറിനിന്നു രണ്ടുപേരുടെയും ഹാന്‍ഡ്‌ബാഗുകള്‍ അരിച്ചു പെറുക്കിയെങ്കിലും ടിക്കെറ്റിന്റെ അംശം പോലും കണ്ടില്ല. 


വീട്ടിലെ മേശവലിപ്പില്‍ പതിവായി സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ ആരെങ്കിലും എടുത്ത് നോക്കിയപ്പോള്‍ ടിക്കെറ്റ്‌ മാറിക്കിടന്നോ? എന്തും എടുത്തിടത്ത് തന്നെ തിരിച്ചു വെക്കാന്‍ ഞാന്‍ എല്ലാവരോടും നിര്‍ദ്ദേശിക്കുമെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ഒരു പക്ഷെ ടിക്കെറ്റ്‌ വലിപ്പില്‍  കിടപ്പുണ്ടായിരിക്കും. വീട്ടില്‍ വിളിച്ചു വലിപ്പ് പരിശോധിപ്പിച്ച്  ടിക്കെറ്റ്‌ കിട്ടിയാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ അവിടെ ആളില്ല. ഡ്രൈവര്‍ പോയി തിരിച്ചുവരാന്‍ ഇനി സമയവും ഇല്ല. ആകെ ഞാന്‍ അസ്വസ്ഥനായെങ്കിലും സമയബന്ധിതമായി ദുബായില്‍ എത്തേണ്ട തിടുക്കം ഇല്ലാത്തതിനാല്‍ യാത്ര മുടങ്ങുന്നതില്‍ വിഷമമില്ല. ഏറിയാല്‍ ടിക്കെറ്റിന്റെ പണം നഷ്പെടുമെന്നെയുള്ളൂ. സംശയിച്ചു നില്‍കുമ്പോള്‍ വരാന്തയുടെ ഒരു ഭാഗത്തായി ഞങ്ങളുടെ ഫ്ലൈറ്റിന്റെ ഓഫീസ് തുറന്നിരിക്കുന്നത് കണ്ടു. അവിടെ നിന്ന് ടിക്കെറ്റിന്റെ കോപ്പിയെടുക്കാന്‍ കഴിയുമല്ലോ, ഞങ്ങള്‍ അങ്ങോട്ട് നടന്നു. 


എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍സ്‌ കൌണ്ടര്‍ കാണുമ്പോള്‍ മനസ്സില്‍ സംശയവും പേടിയുമാണ് എന്നും. കാരണമുണ്ട്. ഒരിക്കല്‍ ദോഹയില്‍ നിന്ന് കുടുംബവുമായി വരുന്ന വഴി രാത്രി ബോംബെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി.  മംഗലാപുരം ഫ്ലൈറ്റ്‌...  രാവിലെയാണ്. ഹോട്ടലിലേക്ക്‌ പോകാനായി ബസ്സ്‌ കാത്തുനിന്നത് എയര്‍പോര്‍ടിലെ എയര്‍ലൈന്‍സ് കൌണ്ടറിന്റെ മുമ്പിലാണ്. സ്വന്തക്കാരനായ ട്രാവല്‍ എജെന്റ്റ്‌ ഓ.കെ. ചെയ്തു തന്ന കയ്യിലിരുന്ന സഹകരണ ബാങ്കിന്‍റെ ചെക്ക് ബുക്ക്‌ പോലെയുള്ള ടിക്കെറ്റുകള്‍  ഒരു മനസ്സമാധാനത്തിനായി കൌണ്ടറില്‍ കാണിക്കാന്‍ തോന്നി. അവിടെയിരുന്ന ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടറില്‍ നോക്കി പുറത്ത്‌ ഒപ്പിട്ടു  തിരിച്ചു നല്‍കി. ഒപ്പം, ഒരു വയസ്സ് പ്രായമുള്ള ഗസലിനെ ഒക്കത്ത് വെച്ച് നില്‍ക്കുന്ന ഭാര്യയെയും ഉന്തുവണ്ടി പിടിച്ചു നില്‍ക്കുന്ന എന്നെയും  നോക്കി ഒരു മന്ദഹാസവും. 


രാവിലെ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തി, തിരക്കില്‍ വളരെ സാഹസപ്പെട്ടു ചെക്ക്‌ ഇന്‍ കൌണ്ടറില്‍ എത്തിയ ഞങ്ങളെ വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന് പറഞ്ഞു തിരിച്ചു വിട്ടപ്പോള്‍ അന്തം വിട്ടുപോയി.  എത്ര തന്നെ കേണു പറഞ്ഞിട്ടും കമ്പ്യൂട്ടറില്‍ നോക്കാന്‍ പോലും അവിടെയിരുന്നവര്‍ തയാറായില്ല; പകരം ഒപ്പിന് മുകളിലായി എഴുതിയ W59 കാണിച്ചു തന്നു. ഓ.കെ. ടിക്കെറ്റുകള്‍ എന്തെങ്കിലും കാരണം പറഞ്ഞു തിരിച്ചുവിട്ട്, പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ തോന്നിയ കാശു വാങ്ങി സീറ്റ്‌ കൊടുക്കുന്ന ലോബിയും അണികളും എയര്‍പോര്‍ട്ടിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വിവരം കേട്ടിരുന്നു. ബോംബെയില്‍ സാമാന്യ പരിചയം ഇല്ലാതിരുന്ന ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. 


ഞങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ ഒരു യാത്രക്കാരന്‍ എയര്‍ലൈന്‍സിന്‍റെ അവിടത്തെ ബുക്കിംഗ് ഓഫീസ്‌ കാണിച്ചു  അവിടെ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. കൌണ്ടറില്‍ ഇരുന്നയാള്‍ വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന് ആവര്‍ത്തിക്കുകയല്ലാതെ എന്‍റെ വാക്കുകള്‍ ഒന്നും ചെവി കൊണ്ടതെയില്ല. നിസ്സഹായതയാല്‍ സ്തബ്ധനായ എന്‍റെ കാലുകള്‍ , ഏതോ ഉള്‍പ്രേരണയാല്‍ എന്നോണം, കൌണ്ടറിലെ വിലക്കിനെ മറികടത്തി എന്നെ ഓഫീസിനകത്തെക്ക് നയിച്ചു.   എന്‍റെ പ്രശ്നം ശ്രവിച്ച മാനേജര്‍ കമ്പ്യൂടര്‍ നോക്കി ഓ.കെ. ആണെന്ന് ടിക്കെറ്റില്‍ എഴുതി സീല്‍ വെച്ച് തന്നു. ഹൃദയം കൊണ്ടും വാക്കുകള്‍ കൊണ്ടും നന്ദി പറഞ്ഞു  ഞങ്ങള്‍ ചെക്ക് ഇന്‍ കൌണ്ടറിലേക്ക് കുതിച്ചു. 


പറിച്ചു മാറ്റാന്‍ വയ്യാത്ത വിധം മനസ്സില്‍ വേരൂന്നിയ ആ ബോംബേ അനുഭവം ഓര്‍ത്തു കൊണ്ടാണ് കൌണ്ടറിനു അടുത്തെത്തിയത്. പാസ്പോര്‍ട്ട് കാണിച്ചു കാര്യങ്ങള്‍ വിശദമായി അറിയിച്ചപ്പോള്‍ അവിടെയിരുന്ന സഹൃദയനായ ഉദ്യോഗസ്ഥന്‍ കമ്പ്യൂടരില്‍ കുറെ ശ്രമിച്ചതിനു ശേഷം പേര് കാണാനില്ലെന്ന് അറിയിച്ചു. യാത്രാതീയതി വീണ്ടും ഉറപ്പുവരുത്തി, ഒന്ന് കൂടെ സൂക്ഷ്മമായി നോക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്ത തീയതി ഏതാണെന്ന് അദ്ദേഹം ചോദിച്ചു. ഞാനും ഗസലും പരസ്പരം നോക്കുകയല്ലാതെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. തീയതി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോളാണ് ബുക്ക്‌ ചെയ്തിരുന്നില്ല എന്ന കാര്യം ഓര്‍മ്മ വന്നത്, ഞങ്ങള്‍ രണ്ടുപേര്‍ക്കും.        


അനുബന്ധം: രണ്ടുമൂന്നു ദിവസം പനിച്ചു കിടന്നതിനിടയില്‍ അനുഭവിച്ച ഒരു സ്വപ്നം. ക്ഷീണിതാവസ്ഥയില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ വിസ്മയം ആയിട്ടുണ്ട്‌..            

85 comments:

  1. രണ്ടുമൂന്നു ദിവസം പനിച്ചു കിടന്നതിനിടയില്‍ അനുഭവിച്ച സ്വപ്നം പങ്കു വെക്കുകയാണ്. ക്ഷീണിതാവസ്ഥയില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ വിസ്മയം ആയിട്ടുണ്ട്‌..

    ReplyDelete
  2. "തീയതി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോളാണ് ബുക്ക്‌ ചെയ്തിരുന്നില്ല എന്ന കാര്യം ഓര്‍മ്മ വന്നത്, ഞങ്ങള്‍ രണ്ടുപേര്‍ക്കും". ബുക്ക്‌ ചെയ്യാതെയും പോകാം അല്ലെ ,.ആശംസകള്‍

    ReplyDelete
  3. ടിക്കറ്റിനു ഒരു കഥ പറയാനുണ്ടല്ലേ

    ReplyDelete
  4. ആശംസകൾ...
    നല്ലയാത്രകൾ ഉണ്ടാവട്ടെ...

    ReplyDelete
  5. വെറുതേ ഒരു സ്വപ്നം,, പേടിപ്പിച്ചു കളഞ്ഞല്ലൊ,,

    ReplyDelete
  6. കുട മറന്നു കളഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവിനോട് ഭാര്യ ചോദിച്ചു.
    “കൊട കയ്യിലില്ലെന്ന കാര്യം എപ്ലാ നിങ്ങളോര്‍ത്തത്..?”
    “കൊറേ മുന്‍പ് ഒരു മഴപെയ്തില്ലാര്‍ന്നോ..?
    അതുകഴിഞ്ഞ് കൊട ചുരുക്കാമെന്നു വച്ചു നോക്കുമ്പം..കയ്യിലില്ലന്നേ..!!”

    ഇവിടെ,താങ്കള്‍ ടിക്കറ്റെടുത്തില്ല എന്നെങ്കിലും ഓര്‍ത്തല്ലോ..! അതുതന്നെ ഭാഗ്യം..!

    ആശംസകളോടെ..പുലരി

    ReplyDelete
  7. പോയത്തരം അല്ലാണ്ട് എന്താ പറയാ...

    ReplyDelete
  8. നല്ല സ്വപ്നങ്ങള്‍ ഇനിയും കാണട്ടെ മാഷെ :)

    ReplyDelete
  9. ചിലപ്പൊ നമ്മള്‍ സ്വപ്നം കണ്ട് കഴിഞ്ഞാല്‍ സത്യമാണോ എന്ന് കരുതി പകച്ചു നില്‍ക്കും
    തിരിച്ചും അവാം
    ആശംസകള്‍

    ReplyDelete
  10. യാഥാര്‍ത്യബോധത്തോടെ അവതരിപ്പിച്ചു.സ്വപ്‌നങ്ങള്‍ ഇങ്ങിനെയാണ്,കണ്ടുകൊണ്ടിരിക്കുമ്പോള്‍ സ്വപ്നമാണെന്ന് തോന്നുകയേയില്ല!

    ReplyDelete
  11. അപ്പോ ഇങ്ങനെ വേണം സ്വപ്നം കാണാൻ....കേമമായിട്ടുണ്ട്.

    എനിയ്ക്ക് പനി പിടിയ്ക്കട്ടെ, എന്നിട്ട് വേണം കിടുക്കൻ ഒരു സ്വപ്നം കാണാൻ.....

    നന്നായിട്ടെഴുതി, അഭിനന്ദനങ്ങൾ.

    ReplyDelete
  12. അനുബന്ധം കണ്ടില്ലെങ്കില്‍ കുഴങ്ങിയേനെ അഹമെദ് ജി ....
    അവസാനം വരെ ഇങ്ങള്‍ ഞമ്മളെ ബെജാറാക്കി എന്ന് പറഞ്ഞാല്‍ അത് തെറ്റാവില്ല ..
    സ്വപ്‌നങ്ങള്‍ ഇങ്ങനെയും ....

    ReplyDelete
  13. ശ്രീ.വേണുഗോപാല്‍ പറഞ്ഞത് ശരിതന്നെ.
    ഞാനും ധരിച്ചു കുഴങ്ങിപോയീന്ന്.
    അനുബന്ധം വായിച്ചപ്പോഴാണ്
    സമാധാനമായത്.ഇതിനു സമാനമായ
    അങ്കലാപ്പുകള്‍ ഗള്‍ഫ് യാത്രയില്‍ ഞാനും
    അനുഭവിക്കുകയുണ്ടായിട്ടുണ്ട്.
    നന്നായിട്ടുണ്ട് രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  14. ചില കാര്യങ്ങള്‍ നിസ്സാരം എന്ന് കരുതി സമീപിക്കുമ്പോള്‍ സ്വപനമല്ലാതെ തന്നെ ഇങ്ങിനെ സംഭവിക്കാറുണ്ട്. നേരത്തെ നടന്ന സംഭവം സാധാരണ എല്ലാ രംഗങ്ങളില്‍ നിന്നും അനുഭവപ്പെടാറുണ്ട്. അവര്‍ക്ക്‌ മറ്റുള്ളവരുടെ പ്രയാസങ്ങളോ പ്രശ്നങ്ങളോ ഒന്നും കാര്യമല്ല. എങ്ങിനെയും എന്തെങ്കിലും ഉണ്ടാക്കണം എന്ന് മാത്രമായിരിക്കും.

    ReplyDelete
  15. വണ്ടിയിൽ കേറുന്നതിനു മുൻപ് ടിക്കറ്റ് പരിശോധനയുള്ളതു നന്നായി. ട്രെയിനിലെപ്പോലെ വണ്ടി വിട്ടു കഴിഞ്ഞാണു നോക്കിയിരുന്നതെങ്കിൽ എന്തു ചെയ്തേനേം...
    എന്തായാലും സ്വപ്നം കാണുന്നതു നല്ലതു തന്നെ.l

    ReplyDelete
  16. ടെന്‍ഷനടിപ്പിച്ച് ചിരിപ്പിച്ചു...
    അവസാനം എത്തിയപ്പോഴാ ഒരു ആശ്വാസം ആയത്.. :)

    ReplyDelete
  17. അപ്പോ പനി പിടിച്ചു കിടന്നാലും ഒരു പോസ്റ്റിനുള്ള വക സ്വപ്ന രൂപത്തിലെങ്കിലും വരുമല്ലെ?.ഇനിയും ധാരാളം സ്വപ്നങ്ങള്‍ കാണാന്‍ കഴിയട്ടെ!.

    ReplyDelete
  18. ഇത് കൊള്ളാലോ. എന്തായാലും തീവണ്ടിയാപ്പീസില്‍ ചെന്നു കേറാഞ്ഞത് നന്നായി.
    (സ്വപ്നമായതുകൊണ്ട് ദുബായിക്ക് തീവണ്ടിയും ആകാലോ)

    ReplyDelete
  19. ഈ സ്വപ്നം വേണ്ടായിരുന്നു!!!

    ReplyDelete
  20. സ്വപ്നം ആണെങ്കിലും ഒത്തിരി
    ഓര്കേണ്ട കാര്യങ്ങള്‍ ഉണ്ട് മാഷെ
    ഇതില്‍......
    ഇനി പനി പിടിക്കുമ്പോള്‍ ഒന്ന് കൂടി
    എഴുതിയാല്‍ കുറെ കാര്യങ്ങള്‍ കൂടി
    പഠിക്കാം...

    എന്നാലും label സ്വപ്നം എന്ന് കൊടുക്കണം കേട്ടോ..വേറെ ഒന്നിനും പറ്റില്ല...
    പുതു വത്സര ആശംസകള്‍...

    ReplyDelete
  21. ഓ... മനുഷ്യനെ വലക്കുന്ന സ്വപ്നം... പേടിപ്പിച്ചു കളഞ്ഞല്ലോ മാഷേ....



    പ്രഭാന്‍ ചേട്ടന്റെ കമ്മന്റ് സൂപ്പര്‍...

    ReplyDelete
  22. സ്വപ്നമല്ലേ, പോട്ടെ സാരമില്ല.

    ReplyDelete
  23. അഹമദ് സാര്‍,

    ഈ സ്വപ്നം ഭംഗിയായി വിവരിച്ചു. ഇതേ സ്വപ്നം ആവര്‍ത്തിച്ചു കാണാറുള്ള എനിക്ക് കൂടുതല്‍ അനുഭവിക്കാന്‍ കഴിഞ്ഞു.
    പത്തൊന്‍പതു വയസ്സില്‍, ഒരു മത്സരപ്പരീക്ഷയില്‍ ജയിച്ചു ഇന്റര്‍വ്യൂവിനു ടിക്കറ്റ്‌ എടുക്കാന്‍ മറന്നു ഡല്‍ഹിക്ക് യാത്ര ചെയ്യാനാകാതെ പ്ലാട്ഫോര്‍മില്‍ അകന്നു പോയ തീവണ്ടിയുടെ "X" എന്നെഴുതിയ അവസാനത്തെ ബോഗിയെ ഉരുണ്ടുകൂടിയ കണ്ണീര്‍ മായ്ച്ചു. പിന്നെ ട്രെയിനിലും ഫ്ലൈട്ടിലും വീട്ടില്‍ വച്ച് മറന്ന ടിക്കറ്റും, ബുക്ക് ചെയ്യാത്ത ടിക്കറ്റുമായി വേട്ടയാടുന്നു.

    സ്വപ്നത്തിലെ അവസാന നിമിഷത്തിലെ നിസ്സഹായതയും വേദനയും പിരിമുറുക്കവും മാറാന്‍ ഉണര്‍ന്നു കഴിഞ്ഞാലും ഉടന്‍ ആകില്ല, അല്ലെ. എനിക്ക് അങ്ങനെയാണ്, സാറിനോ?

    ReplyDelete
  24. ചില സ്വപ്നങ്ങൾ യാഥാർത്ഥ്യങ്ങൾ അയിരുന്നെങ്കിൽ എന്ന് നാം ആഗ്രഹിക്കാറുണ്ട്..അതുപോലെ തന്നെ കയ്പേറിയ ചില യാഥാർത്ഥ്യങ്ങൾ, വെറും സ്വപ്നങ്ങൾ ആയിരുന്നെങ്കിൽ എന്നും..ഒരു സ്വപ്നവും, ചില യാഥാർത്ഥ്യങ്ങളും ഒന്നിച്ചുചേർത്ത് അവതരിപ്പിച്ച പോസ്റ്റ് നമ്മൾ പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും തുറന്നു കാണിക്കുന്നുണ്ട്...ആശംസകൾ.

    ReplyDelete
  25. ഇനി പനി പിടിക്കാതിരിക്കട്ടെ.അല്ലേല്‍ ഇനിം സ്വപ്നം കാണും ഞങ്ങള്‍ക്കു പണിയാകും

    ReplyDelete
  26. താങ്കള്‍ കാര്യങ്ങള്‍ വിശദമായി പ്ലാന്‍ ചെയ്യുന്ന ആളായത് കൊണ്ടാവും സ്വപ്നവും ഇത്ര വിശദമായിത്തന്നെ കണ്ടത്‌. ഈ സ്വപ്നം കാരണം ഇനി ഒരിക്കലും ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാന്‍ മറന്നു പോവില്ല എന്ന് സമാധാനിക്കാം.

    ReplyDelete
  27. വെറുതെ ഒരു സ്വപ്നം...
    എങ്കിലും നന്നായെഴുതി.

    ReplyDelete
  28. സ്വപ്നം കണ്ടതിന് ടാക്സ് കൊടുത്തോ ???

    ReplyDelete
  29. nalla swapnam! panichu kidakkumpol ingane katina swapnangal undaakum.

    ReplyDelete
  30. Ormmappeduthalukalkku....!!

    Manoharam, Ashamsakal...!!!

    ReplyDelete
  31. സ്വപ്നം കണ്ടത് വെറുതെ ആയില്ല. നല്ലൊരു പോസ്റ്റിനുള്ള വകുപ്പായല്ലോ..ആശംസകള്‍..

    ReplyDelete
  32. സ്വപ്നങ്ങള്‍ ഇനിയും ധാരാളം കാണാനാവട്ടെ.

    ReplyDelete
  33. കൊള്ളാം നല്ല എഴുത്ത്‌. എപ്പോഴും മറ്റുള്ളവരുടെ കുറ്റങ്ങള്‍ നിരത്തി വരുന്ന പോസ്റ്റുകള്‍ക്കിടയില്‍ കണ്ണാടി നോക്കുന്ന ഈ പോസ്റ്റ്‌ വ്യത്യസ്തമായി

    ReplyDelete
  34. സ്വപ്നമായിരുന്നോ..:)

    ReplyDelete
  35. Good narration and very realistic dream.

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. ഒടുവില്‍ സംഗതി എഴുതിയതിനാല്‍ സമാധാനമായി.
    ഇത് പോലൊരനുഭവം ഞങ്ങള്‍ക്കുമുണ്ടായിട്ടുണ്ട്.സ്വപ്നമല്ല.
    ഭര്‍ത്താവ് ലീവ് കഴിഞ്ഞു തിരിച്ചു പോവുകയാണ്.പതിവ് പോലെ ടിക്കറ്റ്‌ ,പാസ്പോര്‍ട്ട് ഒക്കെ എടുത്തോന്ന് ചോദിച്ചപ്പോള്‍ മൂപ്പര്‍ ബ്രീഫ് കേസ് തുറന്നു രണ്ടും കാണിച്ചു തന്നു.
    എയര്‍ പോര്‍ട്ടില്‍ എത്തിയ വിവരമറിയാന്‍ കാത്തിരുന്ന എനിക്കതാ വരുന്നു മൂപ്പരുടെ പുലി പോലത്തെ ഫോണ്‍..
    നീ എനിക്കാരുടെ പാസ്പോര്‍ട്ട് ആണ്‌ തന്നത് എന്നും ചോദിച്ച്..
    ഞാന്‍ പറഞ്ഞു നിങ്ങള്‍ എന്നെ ഏല്‍പ്പിച്ചത് തന്നെ എന്ന്.അപ്പോഴാണ്‌ പറയുന്നത് അത് മോള്‍ടെ ആയിരുന്നത്രെ!! മോള്‍ടെ പാസ്പോര്‍ട്ടിന്റെ കോപ്പി എടുത്തതിനു ശേഷം അദ്ദേഹം എന്നെ തിരിച്ചേല്‍പ്പിച്ചതായിരുന്നു,ഇതൊന്നും അറിയാത്ത ഞാന്‍ മൂപ്പര്‍ പോകാനടുത്തതായതിനാല്‍ അത് മൂപ്പരുടെ തന്നെ എന്ന് കണക്കാക്കി.പാസ്പോര്‍ട്ട് ന് ചോദിച്ചപ്പോള്‍ ഉടനെ എടുത്തു കൊടുക്കുകയും ചെയ്തു.തരിച്ചു വന്നു പിറ്റേന്ന് നെടുമ്പാശ്ശേരി വഴി പോയി.
    അതിന്‌ ശേഷം ഞങ്ങളുടെ ബന്ധുക്കള്‍ എന്നെ കണ്ടാല്‍ "മാപ്ലന്റെ പോക്ക് മുടക്കാന്‍ പാസ്പോര്‍ട്ട് മാറ്റിക്കൊടുത്തവള്‍" എന്നും പറഞ്ഞു കളിയാക്കുമായിരുന്നു.

    ReplyDelete
  38. സ്വപനം കാണാന്‍ ബുക്ക്‌ ചെയ്യണോ ? അതും ഓക്കേ അല്ലെന്നു പറയരുത് പ്ലീസ്‌ ..:)

    ReplyDelete
  39. ....അതിന്‌ ശേഷം ഞങ്ങളുടെ ബന്ധുക്കള്‍ എന്നെ കണ്ടാല്‍ "മാപ്ലന്റെ പോക്ക് മുടക്കാന്‍ പാസ്പോര്‍ട്ട് മാറ്റിക്കൊടുത്തവള്‍" എന്നും പറഞ്ഞു കളിയാക്കുമായിരുന്നു. ...
    അപ്പോ അഹ്മദിന്റെ പോസ്റ്റു കൊണ്ട് ഇതൊക്കെ അറിയാന്‍ കഴിഞ്ഞു!.

    ReplyDelete
  40. നല്ല സ്വപ്നം ..എന്നാലും ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ പോയി കളഞ്ഞല്ലോ അഹമെദ് ഇക്കാ ...

    ReplyDelete
  41. അഹ്മെദ് സാഹിബിന്റെ ഓര്‍മ്മശക്തിയെ അഭിനന്ദിക്കുന്നു..

    ReplyDelete
  42. നല്ല സ്വപ്നം.....സസ്നേഹം

    ReplyDelete
  43. സ്വപ്നം പലപ്പോഴും ഫലിക്കുന്നതായി തോന്നിയിട്ടുണ്ട്...ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇത് നേരത്തെ എന്നോ സ്വപനത്തില്‍ കണ്ടപോലെയും തോന്നിയിട്ടുണ്ട്.
    ചില സ്വപ്‌നങ്ങള്‍ നമ്മെ കൂടുതല്‍ കരുതലുകല്‍ക്കായി ദൈവമായി കാണിക്കുന്നതാനെങ്കിലോ ?

    നനായി പറഞ്ഞു..ആശംസകള്‍

    ReplyDelete
  44. സ്വപനങ്ങള്‍ നല്ലതുണ്ടാവട്ടെ
    എന്ന് ആശംസിക്കുന്നു
    എന്നാല്‍ എല്ലാം നല്ലതായാല്‍ ഇതുപോലെ അനുഭകുറുപ്പുണ്ടാവില്ലല്ലോ ഹ ഹ ഹ

    ReplyDelete
  45. good writing. this sorts happens in everybody's life. good.

    ReplyDelete
  46. തുടക്കം മുതലേ സ്വപ്നമാണോ അതോ.....
    സുറുമയിലെ സ്ഥിരം പോസ്റ്റുകളുടെ "ഒരിതില്ല"... സുറുമയിട്ടതു ഇടാത്തതുമായ കണ്ണുകള്‍ തമ്മിലുള്ള വ്യത്യാസം.
    കഴിഞ്ഞാഴ്ച ഒരു സുഹ്റ്ത്ത് പറഞ്ഞു, കുടുംബവുമായി ഒന്ന് ഖത്തറില്‍ പോവാന്‍ യൂ ഏ ഈ ബോറ്ഡര്‍ വരേ വണ്ടിയോടിച്ച് പോയപ്പോഴാണ് സൗദി വഴി പോകാനുള്ള വിസ കിട്ടില്ല എന്ന്. ഇറങ്ങിയതല്ലേ എന്നും കരുതി നേരെ എയര്‍പോര്‍ട്ടിലേക്ക് വെച്ച് പിടിച്ച്. വഴിക്ക് ഫോണ്‍ വിളിച്ച് പറഞ്ഞ് കുട്ട്യള്‍ക്കും കെട്ട്യോള്‍ക്കുമടക്കം അഞ്ച് ടിക്കറ്റും ശരിയാക്കി. ചെക്ക് ഇന്‍ കൗണ്‍റ്ററില്‍ എത്തിയപ്പോഴാണറിയുന്നത് കുട്ടികളിലൊരാളുടെ വിസ തീര്‍ന്നിട്ട് മാസമൊന്‍ കഴിഞ്ഞിരിക്കുന്നു. ഠൊ.. യാത്ര അവിടെ തീര്‍ന്നു!!

    ReplyDelete
  47. swapnangalkku chiraku mulachappol...
    nannayitto aasamsakal

    ReplyDelete
  48. ഇത് പോലൊരു അനുഭവം എനിക്കും മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഉണ്ടായിരുന്നു കൂട്ടുകാരന്‍ റഷീദിന്റെ ടിക്കറ്റ് വീണു പോയി പിന്നീട് വേസ്റ്റ് ബക്കറ്റില്‍ നിന്നാണ് കിട്ടിയത്‌ (എയര്‍പോര്‍ട്ടില്‍ വല്ലതും വീണു പോയാല്‍ വേസ്റ്റ് ബക്കറ്റിലും നോക്കണമെന്നു അന്ന് മനസ്സിലായി )

    നന്നായി എഴുതി ഭാവുകങ്ങള്‍

    ReplyDelete
  49. സ്വപ്നം ആണെങ്കിലും ശെരിക്കും യാതാര്‍ത്ഥ്യം പോലെ ..തന്നെ തോന്നി .
    വളരെ നല്ല എഴുത്ത് .ആശംസകള്‍ ................

    ReplyDelete
  50. അപ്പോ ഇനി യാത്രക്കൊരുങ്ങുബോള്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ മറക്കണ്ടാ ട്ടോ :)

    ReplyDelete
  51. ഇങ്ങിനെയുള്ള സ്വപ്നം കണ്ടു ഉണരുമ്പോൾ നല്ല രസമാണ്.

    ReplyDelete
  52. നന്നായി .ഒരുവയസ്സുള്ള ഗസലും ..മുതിര്‍ന്ന ഗസലും .
    തിരക്കും മറവിയും ബപ്പയ്ക്കും മോനും ഒരുപോലെ
    താങ്കള്‍ എല്ലാം നന്നായി പറയുന്നു

    ReplyDelete
  53. വായിച്ചു ..ഇഷ്ട്ടായി ട്ടോ
    ആശംസകൾ...

    ReplyDelete
  54. ഈ സ്വപ്നം പഴയതാവാനാണ് സാധ്യത ..ഇപ്പോള്‍ "ഇ" ടിക്കറ്റ് ആയതു കാരണം വലിയ പ്രശ്നമില്ലല്ലോ .സ്വപനത്തില്‍ ചോദ്യമില്ലല്ലോ ല്ലേ ..അസുഖം മാറാന്‍ പ്രാര്‍ത്ഥനയോടെ ....

    ReplyDelete
  55. സ്വപ്നങ്ങള്‍...സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ എന്നാണ് കവി പാടിയത്. പക്ഷേ ഈ സ്വപ്നം...

    ReplyDelete
  56. സ്വപ്നം നന്നായി ബ്ലോഗിലേക്ക് പകര്‍ത്തി ഇക്കാ ....

    ആശംസകള്‍...

    ReplyDelete
  57. നന്നായി.....ചിരിപ്പിക്കുന്ന സ്വപ്നം..........

    ReplyDelete
  58. നല്ല സ്വപ്നം! സ്വപ്നമായാല്‍ ഇങ്ങനെ വേണം! :-)

    ReplyDelete
  59. വെറും ഒരു കിന്നരി കിനാവ് അല്ലേ ഭായ്
    എന്തായാലും നല്ലൊരു ദിവാസ്വപ്നമായിട്ടുണ്ട് കേട്ടൊ ഭായ്

    ReplyDelete
  60. ഒറ്റയിരുപ്പിനു വായിച്ചു ......പ്രവാസിയല്ലെങ്കിലും നമ്മളോഴികെ എല്ലാവരും പ്രവാസികളായ ഒരു ജീവിത പരിസരക്കാരനായ എനിക്ക് കഥയുടെ അവസാനമാണ് ആശ്വാസമായത് .......

    ReplyDelete
  61. ആഹ്..!
    സ്വപ്നം!!
    ഹോ..!!

    നന്നായി എഴുതീ.. :)

    ReplyDelete
  62. ഈ സ്വപ്ന വിവരണം വായിക്കുകയും താല്‍പര്യപൂര്‍വം അഭിപ്രായം എഴുതുകയും ചെയ്ത മാന്യ സ്നേഹിതര്‍ക്കു എന്‍റെ നന്ദി അറിയിക്കുന്നു.

    ReplyDelete
  63. സ്വപ്നമായിരുന്നോ ശ്ശോ പേടിപ്പിച്ച് കളഞ്ഞല്ലോ..

    ReplyDelete
  64. sambhavikkavunna kaaryam.. valare akamskshayode vaayichu........

    ReplyDelete
  65. ഇത്രയും ഭാവനാപൂര്‍ണ്ണമായ സ്വപ്നങ്ങള്‍ കാട്ടിത്തരണേ ദൈവമേ എന്നാണെന്റെ പ്രാര്‍ത്ഥന... :)
    രസകരമായ എഴുത്ത്...
    ആസ്വദിച്ചു...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  66. സ്വപ്നമായത് നന്നായി..

    ReplyDelete
  67. ഹൊ, പേടിപ്പിച്ചല്ലോ ഇക്കാ, ഈ സ്വപ്നത്തിനിത്തിരി കൂടുന്നുണ്ട്... രസകരമായെഴുതി..!!

    ReplyDelete
  68. swapnam poleyulla jeevithathil swapnathinte reality nallatha

    ReplyDelete
  69. ഞ്ഞ് മേലാക്ക ഞമ്മള് സ്വപ്നം കാണൂലാ..... അമ്മാതിരി പണ്യല്ലേ കിട്ട്യേത്... നന്നായി എല്ലാം ചിരിപ്പിച്ചു. ആശംസകൾ.

    ReplyDelete
  70. കാണുകയാണെങ്കില്‍ ഇങ്ങനെ സ്വപ്നം കാണണം.

    ReplyDelete
  71. Good dream. Take care of changing Dubai and Abu Dhabi together.

    ReplyDelete
  72. താങ്കള്‍ക്ക് ഇനി പനി പിടിക്കാണ്ടിരിക്കാന്‍ മമ്പറത്തെ തങ്ങള്‍ക്ക് നാലു വെടി നേര്‍ച്ച ന്റെ വക..

    ReplyDelete
  73. This comment has been removed by the author.

    ReplyDelete
  74. ഒറ്റയിരുപ്പിനുവായിച്ചു .നല്ലൊരുദിവാസ്വപ്നമായിട്ടുണ്ട് .എന്നാലും ടിക്കറ്റില്ലാതെ യാത്ര ചെയ്യാന്‍ കയിഞ്ഞല്ലോ

    ReplyDelete
  75. This is absolutely hilarious. I loved the genuine build-up. Have to read your other posts too. Ente uppa chothikkunnathu pole..."Ningal chanthakku poyathaano?"

    ReplyDelete
  76. എന്താ പറയേണ്ടത്... എന്തായി, എന്തായി എന്നിങ്ങനെ ടെന്‍ഷനടിച്ച് വായിച്ച ഞാനപ്പോളാരായി...
    എന്തായാലും കൊളളാം..

    ReplyDelete
  77. ഒരു പോസ്റ്റ്‌ പോന്നോട്ടെ ..... ഉടന്‍
    ആശംസകള്‍

    ReplyDelete
  78. अच्छी पोस्ट .........

    ReplyDelete
  79. Very useful touch story. thanks.

    ഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in, tollfree: 1800 1804 566 , helpline ; 1800 11 4000 for more like this news visit below some useful informative blogs for readers:

    Kerala Land
    Incredible Keralam
    Health Kerala
    Malabar Islam
    Kerala Islam
    Earn Money
    Kerala Motors
    Home Kerala
    Agriculture Kerala
    Janangalum Sarkarum

    ReplyDelete
  80. ethupolulla abadhangal nammude nithya jeevithathil orupadu undakunnundu
    valare nalla anubhavam

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text