"ശകലപ്പാടി " - കല്യാണത്തിനു ശേഷം എനിക്ക് കിട്ടിയ ഓമനപ്പേരാണ്. പ്രണയവും ശൃംഗാരവും സമ്മിശ്രമാക്കി കൊഞ്ചിക്കുഴഞ്ഞുള്ള പ്രേമഭാജനത്തിന്റെ സ്വകാര്യ വിളിയായി ധരിക്കരുത്.
ആദ്യമൊക്കെ കേൾക്കുമ്പോൾ അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും, തുറന്ന മനസ്സും വിശാലമായ സ്നേഹവും ഗാഢമായ സാഹോദര്യ ബന്ധവും നിഷ്ക്കളങ്കമായ വാത്സല്യവും നിറഞ്ഞ ആ വിളി പിന്നീട് എന്റെ ഹൃദയത്തിൽ ആഗീകരണം ചെയ്യപ്പെടുകയും ഇഷ്ടപ്പെടുകയുമായിരുന്നു.
മണ്ണാർക്കാടിന്റെ തമിഴ് പശ്ചാത്തലത്തിൽ അർത്ഥവത്തായ ഈ ഓമനപ്പേര് എനിക്ക് സമ്മാനിച്ച മന്നയത്ത് യൂസുഫ്ക്ക എനിക്ക്, ഭാര്യാസഹോദരീ ഭർത്താവ് മാത്രമായിരുന്നില്ല. പ്രായ വ്യത്യാസം മറന്ന നല്ലൊരു സുഹൃത്തും വഴികാട്ടിയും രക്ഷാധികാരിയും ഉപദേശകനും, എന്തിനേറെ, വീട്ടിലെ കാരണവരുമായിരുന്നു. അതെ, ഭാര്യാപിതാവി (സ്വാതന്ത്ര്യ സമര പോരാളിയായി താമ്രപത്രം വാങ്ങിയ എടയൂർ വി.കെ.മുഹമ്മദ്) ന്റെ മരണശേഷം എല്ലാം കൊണ്ടും ഭാര്യവീട്ടിൽ എല്ലാവരും അംഗീകരിച്ച കാരണവർ. തികഞ്ഞ ഉത്തരവാദിത്വത്തോടെ തീരുമാനങ്ങളെടുക്കുവാനും കാര്യങ്ങൾ ഉചിതമായ വിധത്തിൽ കൈകാര്യം ചെയ്യുവാനുമുള്ള അസാമാന്യ പാടവമായിരുന്നു ഈ അംഗീകാരത്തിന്റെ അടിസ്ഥാനം.
പെരുന്നാൾ ദിവസം നമസ്കാരത്തിന് അര മണിക്കൂർ മുമ്പ് പള്ളിയിലിരുന്ന് തക്ബീർ ധ്വനികൾ ആവർത്തിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ മൊബൈലിൽ പ്രത്യക്ഷപ്പെട്ട സന്ദേശം, ആ വിളി ഇനി കേൾക്കില്ലെന്ന് മാത്രമല്ല സൂചിപ്പിച്ചത്, സ്നേഹ സാഹോദര്യത്തിന്റെ ഒരു വലിയ സാമ്രാജ്യം തന്നെ ഇല്ലാതായി എന്ന് കൂടെയാണ്.
സാമൂഹ്യ പ്രവർത്തനങ്ങളുടെയും സ്വകാര്യ സംരംഭങ്ങളുടെയും തെരക്കിനിടയിൽ, മകന്റെ അകാല വിയോഗം അദ്ദേഹത്തിന് ഏൽപിച്ച ഷോക്ക് ആലോചിക്കുമ്പോൾ, പള്ളിയിൽ എനിക്കനുഭവപ്പെട്ട ഷോക്ക് നിസ്സാരമാണെങ്കിലും ഹൃദയത്തിന്റെ അടിത്തട്ടിൽ ഒരു വിറയൽ ഇപ്പോഴുമുണ്ട്. ഈ കുറിപ്പ് അതിനൊരു സാന്ത്വനമാകട്ടെ. കൂടെ, കൊതിച്ചു പോകുന്നു, ഇനിയും ആ വിളി കേൾക്കാൻ, വെറുതെ ....
മനസ്സില്‍ തട്ടുന്ന കുറിപ്പ്..ചില വിയോഗങ്ങള്‍ എന്ന് വിടവായിത്തന്നെ നിലനില്‍ക്കും.
ReplyDeleteവളരെയധികം നന്ദി , മുഹമ്മദ്.
Delete