Ads 468x60px

Thursday, August 25, 2016

വിജയനഗര സാമ്രാജ്യത്തിലൂടെ വിജയപൂരിലേക്ക് - 3

രാവിലെ നേരത്തെ തന്നെ ഹോട്ടലിൽ നിന്ന് പ്രാതലിനു ശേഷം ഞങ്ങൾ പുറത്തിറങ്ങി. വളരെ അടുത്തുള്ള ഗോൾ ഗുംബസ് നടന്നു പോയിക്കാണുക എന്നായിരുന്നു ഉദ്ദേശം. ഞങ്ങൾ സന്ദർശകരാണെന്ന് മനസ്സിലാക്കിയ ഒരു ഓട്ടോ ഡ്രൈവർ മുന്നിൽ വന്നു നിർത്തി മുഴുവൻ സ്ഥലങ്ങളും കൊണ്ടുപോയി കാണിക്കാമെന്നു പറഞ്ഞപ്പോൾ അതായിരിക്കും ഏറ്റവും ഉചിതമെന്ന് ഞങ്ങൾക്കും തോന്നി. മറ്റൊരു ബക് ഷ് ആകുമോയെന്ന് മോഹിച്ചു പോയി. 600 രൂപയാണ് ചാർജ് ആവശ്യപ്പെട്ടതെങ്കിലും 550 രൂപയിൽ ഞങ്ങളതങ്ങ് ഉറപ്പിച്ചു.

ബീജാപൂരിലെ ഏറ്റവും വലിയ ആകർഷണമായ ഗോൾ ഗുംബസ് അവസാനം സന്ദർശിക്കുന്നതായിരിക്കും കൂടുതൽ സൗകര്യപ്രദമെന്ന ബാദുഷായുടെ നിർദ്ദേശം ഞങ്ങൾ മാനിച്ചു ഓട്ടോ പുറപ്പെട്ടു. ഒരു പഴയ കൊട്ടാരത്തിന്റെ ചുറ്റുമതിലിനു പുറത്ത് ഗേറ്റിനടുത്താണ് ഓട്ടോ ആദ്യമായി നിർത്തിയത്. ജീർണിച്ച കൊട്ടാരത്തിന്റെ മരപ്പലകയിൽ കൊത്ത് പണികളോടെ തീർത്ത വലിയ വാതിൽ കടന്ന് ഞങ്ങൾ അകത്ത് കയറി. ഉള്ളിൽ കൽപടവുകളുള്ള ചതുരാകൃതിയിൽ ഒരു വലിയ കുളവും അതിന് സമീപത്തായി കേടുപാടുകൾ അധികം സംഭവിക്കാത്ത മറ്റൊരു കെട്ടിടവും. അസർ മഹൽ എന്നറിയപ്പെടുന്ന ഈ സുന്ദര കൊട്ടാരം പതിനേഴാം നൂറ്റാണ്ടിൽ മുഹമ്മദ് ആദൽ ഷാ പണിതതാണ്. തുടക്കത്തിൽ നീതിന്യായ കാര്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഈ കൊട്ടാരത്തിൽ പിന്നീട് പ്രവാചകന്റെ രണ്ട് താടിമുടികൾ സൂക്ഷിച്ചിരുന്നുവത്രെ.
 അസർ മഹൽ

അടുത്തതായി ഞങ്ങൾ സന്ദർശിച്ചത് ബാരാ കമാൻ ആണ്. ആദിൽ ഷാഹി രാജ വംശത്തിലെ അവസാന രാജാവായിരുന്ന അലി ആദിൽഷാ രണ്ടാമന്റെ ശവകുടീരമാണിത്. കല്ലറക്ക് ചുറ്റുമായി പന്ത്രണ്ട് കമാനങ്ങളോടെ പണി തുടങ്ങിയ ഈ സൗധം മുഴുമിപ്പിക്കാൻ കഴിയാതെ വരികയാണുണ്ടായത്.

 ബാരാ കമാൻ


പിന്നീട് ഞങ്ങൾ സന്ദർശിച്ച ഇടങ്ങളിൽ പ്രധാനപ്പെട്ടവയാണ് ബീജാപൂർ ഫോർട്ട്, പീരങ്കി, ഇബ്രാഹിം റോസ, ബീബി ദർഗ, ജമാ മസ്ജിദ്. രണ്ട് ശതാബ്ദങ്ങൾ കന്നഡയും അതിനു ചുറ്റുമുള്ള ചില പ്രദേശങ്ങളും വാണിരുന്ന ആദിൽഷാഹി ഭരണകൂടത്തിന്റെ സ്മാരകങ്ങളും സംസ്കാരങ്ങളും കൊണ്ട് ധന്യമായ ബീജാപൂർ ദക്ഷിണേന്ത്യയിലെ ആഗ്രയാണ്. ചരിത്ര സ്മാരകങ്ങളിൽ സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ് ബീജാപൂർ കോട്ട .
ബീജാപൂർ ഫോർട്ട്

ഇബ്രാഹിം ആദിൽഷാ രണ്ടാമൻ മാലിക് എ മൈദാനി (മൈതാനങ്ങളുടെ ചക്രവർത്തി) ലെ ഗോപുരമുകളിൽ സ്ഥാപിച്ച പീരങ്കി ഇന്ത്യയിലെ ഏറ്റവും വലുതാണ്. 55 ടൺ ഭാരമുണ്ട് ഇതിന്. യാതൊരു പോറലോ തുരുമ്പോ ഇല്ലാതെ ഇന്നും നിലകൊള്ളുന്ന ഈ പീരങ്കി അതിനു മുകളിൽ കാണുന്ന ലിഖിതങ്ങൾ അനുസരിച്ച് 1549 ൽ അഹമ്മദ് നഗറിൽ വാർത്തതാണെന്ന് മനസ്സിലാക്കാം.
അലി റൌസ എന്നും അറിയപ്പെടുന്ന ഇബ്രാഹിം റൗസ ഒരു വാസ്തുശിൽപ വിസ്മയമാണ്. ഇബ്രാഹിം ആദിൽഷായുടേയും രാജ്ഞി താജ് സുൽത്താനയുടേയും ശവകുടീരങ്ങൾക്ക് വേണ്ടിയായിരുന്നു ഇബ്രാഹിം റൌസ പണി തുടങ്ങിയതെങ്കിലും പിന്നീട് രാജാവിന്റെ രണ്ടു പുത്രന്മാരുടെയും മാതാവിന്റെയും ശവകുടീരങ്ങളും ഇതിനുള്ളിൽ ആക്കുകയായിരുന്നു. ഷാജഹാൻ ചക്രവർത്തിക്ക് താജ് മഹൽ പണിയാനുള്ള പ്രചോദനം കിട്ടിയത് ഇബ്രാഹിം റൗസയിൽ നിന്നാണെന്ന് കേൾക്കുന്നു.


 ഇബ്രാഹിം റോസബീജാപൂരിലെ ജുമാ മസ്ജിദ് വലുപ്പം കൊണ്ടും പഴക്കം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. പ്രധാന ഹാളിൽ ഒരു വരിയിൽ ഇരുന്നൂറ്റി അമ്പതോളം പേർക്ക് നമസ്കരിക്കാൻ വേണ്ടി അണി നിൽക്കാൻ കഴിയുമത്രെ. പ്രധാന പ്രവേശന കെട്ടിടത്തിന്റെയും പള്ളിയുടെയും ഇടയിലായി വലിയ കുളവും വളരെ വിശാലമായ പാർക്കും ധാരാളം പേർക്ക് ഒരേ സമയം വുളു ചെയ്യാനുള്ള സൗകര്യങ്ങളുമുണ്ട്.
ജുമാ മസ്ജിദിന്റെ പ്രധാന കവാടം
ജുമാ മസ്ജിദ്


ഏകദേശം 12 മണിയായി കാണും ഞങ്ങൾ ഹോട്ടലിനടുത്തുള്ള ഗോൾ ഗുംബസിൽ എത്തിയപ്പോൾ. ആദിൽ ശാഹി രാജവംശം അതിലെ മുഹമ്മദ് ആദിൽഷാ രാജാവിന്റെ ശവകുടീരമായി 1656 ൽ പണി പൂർത്തിയാക്കിയ കെട്ടിടമാണ് ഇന്ന് ഏറെ പ്രശസ്തമായ ദക്ഷിണേന്ത്യയിലെ താജ് എന്നറിയപ്പെടുന്ന ഗോൾ ഗുംബസ്. വലിയ താഴികക്കുടങ്ങളുള്ള രണ്ടു കെട്ടിടങ്ങളുണ്ട് ഇതിനുള്ളിൽ. അഫ്സൽ ഖാൻ രാജാവിന്റെയും പരിവാരങ്ങളുടേയും ശവകുടീരങ്ങൾ തന്നെയാണ് ഇവിടെയുള്ളത്. പടികൾ കയറി മുകളിലെക്ക് ഏഴ് നിലകളിലായി പുറത്ത് നടക്കാനുള്ള സൗകര്യമുണ്ട്. ഏററവും മുകളിൽ (തറയിൽ നിന്ന് ഏകദേശം 110 അടി ഉയരത്തിൽ) താഴികക്കുടത്തിന് ഉള്ളിലായി ഗാലറിയാണ്. ഇവിടെ നിന്ന് ഉണ്ടാക്കുന്ന ശബ്ദം ഏകദേശം 20 തവണ പ്രതിദ്ധ്വനിയായി തിരിച്ചു കേൾക്കാം. അത് ആസ്വദിക്കാനായി ആളുകൾ കൂടി നിന്ന് ശബ്ദമുണ്ടാക്കുന്ന കാഴ്ച രസാവഹമാണ്.
ഗോൾ ഗും ബസ്രണ്ട് മണിക്കൂറിലധികം വേണ്ടി വന്നു, മ്യൂസിയമടക്കം അവിടെ ചുറ്റിക്കാണാൻ. ഉച്ച ഭക്ഷണത്തിനു ശേഷം ഞങ്ങൾ ഹോട്ടലിൽ അൽപം വിശ്രമിച്ചു. 

രാത്രി 8 മണിക്കാണ് തിരിച്ചു പോരാനുള്ള ബസ്. ഇടക്കുള്ള സമയം ടൗൺ കാണാനായി ഞങ്ങൾ ഇറങ്ങി. പ്രധാനമായും ഒരു മെയിൻ റോഡാണ്. അത് തന്നെ പൊടിയും മാലിന്യങ്ങളും നിറഞ്ഞും ഇരുവശങ്ങളിൽ ചെളി കെട്ടിക്കിടന്നും വൃത്തിഹീനമായി കിടക്കുന്നു. മറ്റു റോഡുകൾ പൊട്ടി പൊളിഞ്ഞും നേരാംവണ്ണം ടാറിടാതെയും ചെളി നിറഞ്ഞിരിക്കുന്നു. എവിടെയും പന്നിക്കൂട്ടങ്ങൾ ചെളിയിൽ മേയുന്നത് കാണാനുണ്ട്. സൈക്കിൾ റിക്ഷയും കുതിരവണ്ടിയും അടക്കം വാഹനങ്ങളുടെ സാഹസങ്ങൾ.  വഴിയിലൊക്കെ നിർത്തി കൂടുതൽ പേരെ കേറ്റുന്ന ഓട്ടോറിക്ഷയും ഇവിടെ കാണാം. ഞങ്ങൾ അൽപം ദൂരെയുള്ള ഒരു ഷോപ്പിംഗ് മാളിൽ പോയെങ്കിലും കൗതുകകരമായി ഒന്നും കണ്ടില്ല.
നേരത്തെ തന്നെ ഹോട്ടൽ വിട്ട് ഞങ്ങൾ ബസ് സ്റ്റാൻറിൽ എത്തി. മംഗലാപുരത്തേക്കുള്ള ഞങ്ങളുടെ ബസ്സ് 8 മണിക്ക് തന്നെ പുറപ്പെട്ടു. വഴിയിൽ രാത്രി ഭക്ഷണത്തിന് ശേഷം  സുഖമായി ഉറങ്ങാൻ കഴിഞ്ഞു. രാവിലെ 8 മണിക്ക് മംഗലാപുരത്ത് എത്തിയപ്പോൾ ശക്തിയായ മഴയായിരുന്നു. പ്രാതലിനു ശേഷം ഞങ്ങൾ കങ്കനാടി സ്റ്റേഷനിൽ നിന്ന് 10 മണിയുടെ വണ്ടിയിൽ കോഴിക്കോടേക്ക് പോന്നു. 2 മണി അടുത്തിരുന്നു വീട്ടിലെത്തുമ്പോൾ.

ഇനി അടുത്ത യാത്രക്കുള്ള പദ്ധതി തയാറാക്കാനായി ഒന്ന് വിശ്രമിക്കട്ടെ !

5 comments:

 1. കാഴ്ചകള്‍ കണ്ടുകൊണ്ടിരുന്നപ്പോള്‍ യാത്ര കഴിഞ്ഞതായി അറിഞ്ഞില്ല!
  നല്ല വിവരണവും,മനോഹരമായ ഫോട്ടോകളും.....
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ നന്ദി, ഈ സൻമനസ്സിന്

   Delete
 2. മനോഹരമായ ചിത്രങ്ങൾ.

  വിവരണം അതിമനോഹരം.

  അുത്ത യാത്രയിൽ കൂടെക്കൂടാം.

  ReplyDelete
  Replies
  1. വളരെ നന്ദി, സുധീ.

   Delete
 3. നേര്‍ക്കാഴ്ച്ചകള്‍ക്കൊപ്പം ചില ചരിത്രപരമായ അറിവുകളും...ഹൃദ്യമായിരുന്നു.

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text