Ads 468x60px

Wednesday, August 10, 2016

വിജയനഗര സാമ്രാജ്യത്തിലൂടെ വിജയപൂരിലേക്ക് - 1

ഴിഞ്ഞ വർഷം ഷിമോഗ സന്ദർശിച്ചപ്പോഴാണ് പണ്ട് പ്രൈമറി ക്ലാസ്സിൽ പഠിച്ചിരുന്ന ഇന്ത്യയിലെ വൻകിട അണക്കെട്ടുകളിൽ ഒന്നായ തുംഗഭദ്ര കാണാനുള്ള ആഗ്രഹം മനസ്സിലുദിച്ചത്. ഷിമോഗയിൽ നിന്ന്, ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്ന ഹോസ്പെററിലേക്ക് നേരിട്ട് ബസ്സ് കണ്ടുവെങ്കിലും അന്നതിന് സൗകര്യപ്പെട്ടിരുന്നില്ല.

ഏറെ നാളുകളിലെ നെറ്റ് (മാത്രം) പരതലിന് ശേഷം ഹോസ്പെറ്റും അതിനടുത്ത് തന്നെയുള്ള പുരാതന സാംസ്കാരിക നഗരമായ ഹംപിയും സന്ദർശിക്കാനുള്ള യാത്രക്ക് ഒരു ഏകദേശ രൂപമുണ്ടാക്കി സ്നേഹിതനെ അറിയിച്ചപ്പോൾ കൂടെ വരാൻ വലിയ ആഗ്രഹം പ്രകടിപ്പിച്ചു. യാത്രയിൽ വെറുതെ സമയം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി, മുഴുവൻ യാത്രാ ടിക്കറ്റുകളും താമസ സൗകര്യങ്ങളും മുൻകൂട്ടി ബുക്ക് ചെയ്യുകയായി അടുത്ത പടി. അപ്പോഴാണ് ഒരു ദിവസം കൂടി നീട്ടിയാൽ മറ്റൊരു ചരിത്ര പ്രസിദ്ധ നഗരമായ ബീജാപൂർ കൂടെ യാത്രയിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന് മനസ്സിലായത്. അങ്ങനെ നാല് ദിവസങ്ങളിലായുള്ള ഒരു യാത്രക്ക് അന്തിമരൂപമായി.

ഇക്കഴിഞ്ഞ ജൂലായ് 20ന് രാത്രി ഏഴ് മണിക്ക് കോഴിക്കോട് നിന്ന് ഞാനും സ്നേഹിതൻ അബ്ദുൽ ഗഫൂറും നേത്രാവതി എക്സ്പ്രസിൽ യാത്ര തുടങ്ങി. റിസർവേഷൻ കമ്പാർട്ട്മെന്റ് തിങ്ങി നിറഞ്ഞിരുന്നു. അടുത്ത സ്റ്റേഷനുകളിൽ ഇറങ്ങാനുള്ള പതിവ് യാത്രക്കാരായിരുന്നു മിക്കപേരും. കണ്ണൂർ എത്തിയപ്പോഴേക്കും സ്ലീപ്പർ അനുസരിച്ചുള്ള ആളുകൾ മാത്രമായി വണ്ടിയിൽ. രാവിലെ 5.50 ന് മാർഗോവയിൽ ആണ് ഞങ്ങൾക്ക് ഇറങ്ങേണ്ടത്. അതിനാൽ മൊബൈലിൽ അഞ്ച് മണിക്ക് അലാറം സെറ്റ് ചെയ്ത് ഞങ്ങൾ കിടന്നു. 

നിശ്ചിത സമയത്ത് തന്നെ ഞങ്ങൾ മാർഗോവയിൽ ഇറങ്ങി. അത്യാവശ്യ പ്രഭാത കാര്യങ്ങളും നമസ്കാരവും ഇറങ്ങുന്നതിനു മുമ്പായി വണ്ടിയിൽ തന്നെ നടത്തിയിരുന്നു.  7.50 ന് ആണ് ഹോസ്പെറ്റ് പോകാനുള്ള ഹൗറ എക്സ്പ്രസ് ഇവിടെയെത്തുന്നത്. നേരിയ ചാറ്റൽ മഴയുണ്ട്.  വലിയ തിരക്കൊന്നുമില്ല, ഇപ്പോഴും ഒരു ഫ്രഞ്ച് മണമുള്ള ഈ സ്റ്റേഷനിൽ. ഒരു പാസഞ്ചർ വണ്ടി വന്നപ്പോഴാണ് സ്റ്റേഷനിൽ ഒരു അനക്കം അനുഭവപ്പെട്ടത്. പ്ലാറ്റ്ഫോമിലെ സ്റ്റാളിൽ നിന്ന് ചായയും പലഹാരവും കഴിച്ച് കുറച്ച് വിശ്രമിക്കുമ്പോഴേക്കും വൈകാതെ എത്തിയ വണ്ടിയിൽ ഞങ്ങൾ യാത്ര തുടർന്നു. മാർഗോവ വിട്ട് കുറച്ചു കഴിഞ്ഞതു മുതൽ വണ്ടി സഞ്ചരിക്കുന്നത് സാമാന്യം ഇടതിങ്ങിയ വനത്തിൽ കൂടെയാണ്. പുറത്ത് നോക്കിയിരിക്കാൻ ഏറെ കൗതുകകരം. മൂടൽമഞ്ഞും ഇടക്കിടെയുള്ള നേരിയ ചാറ്റൽ മഴയും. ആകാശം മേഘാവൃതമായതിനാൽ വെളിച്ചം കുറവായിരുന്നു. നെറ്റിൽ കണ്ടിരുന്ന അതേ കാലാവസ്ഥ. കാട്ടിൽ വളഞ്ഞുപുളഞ്ഞ താഴ്വാരങ്ങളിൽ കൂടെയുള്ള യാത്ര ഒരു വയനാടൻ അനുഭൂതിയുളവാക്കി. ഏകദേശം 11 മണി ആയി, വണ്ടി വനത്തിൽ നിന്ന് പുറത്ത് കടന്നപ്പോൾ. മഴ നിന്നെങ്കിലും നേരിയ വെയിലെ ഉണ്ടായിരുന്നുള്ളൂ തുടർന്നുള്ള യാത്രയിൽ മുഴുവൻ. ലോണ്ട, ഹുബ്ളി തുടങ്ങിയ സ്റ്റേഷനുകൾ പിന്നിട്ട് വണ്ടി ഉച്ചക്ക് ശേഷം 3 മണിക്ക് (അര മണിക്കൂർ ലേറ്റായി) ഹോസ്പ്പെറ്റ് സ്റ്റേഷനിൽ എത്തി. 


1520 ൽ വിജയനഗര രാജാവായ കൃഷ്ണദേവ രായയാണ് നാഗലപുര എന്ന പേരിൽ ഈ നഗരം സ്ഥാപിച്ചത്. പിന്നീടത് പുതിയ നഗരം എന്നർത്ഥം വരുന്ന ഹോസ പേട്ട് ആവുകയായിരുന്നു.

വലുതല്ലെങ്കിലും സാമാന്യം വൃത്തിയുള്ള സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ തലങ്ങും വിലങ്ങുമായി ഓട്ടോക്കാരുടെ ബഹളം. തല നിവർത്തി നേരെ നോക്കിയാൽ, ഏകദേശം 200 മീറ്റർ അകലെ കാണുന്ന വലിയ കെട്ടിടമാണ് ഞങ്ങൾ താമസത്തിന് ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടൽ എന്നറിയാമായിരുന്നിട്ടും ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ വെറും 70 രൂപയാണ് ചാർജ് ആവശ്യപ്പെട്ടത്. ഞങ്ങൾ ചിരിച്ചു കൊണ്ട് ബേഗുകൾ തൂക്കിയും റോഡിൽ കൂടെ ഉരുട്ടിയും ഹോട്ടലിലേക്ക് നടന്നു.

റോയൽ ഓർക്കിഡ് സെൻട്രൽ, ഹോസ്പെറ്റിലെ ഏറ്റവും വലിയ ഹോട്ടലാണെന്ന് തോന്നുന്നു. ഭംഗിയുള്ള ചുറ്റുപാടുകളും വാസ്തുശിൽപ ചാതുര്യവുമുള്ള കെട്ടിടം. വിശാലമായ ലോഞ്ച്. രാജകീയ സ്വീകരണം. ഒട്ടും വൈകാതെ എല്ലാ നൂതന സൗകര്യങ്ങളുമുള്ള മുറിയിലെത്തി. ശാരീരിക ആരോഗ്യ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കുന്ന സ്നേഹിതൻ സ്പാ യിൽ ഒരു ഫുൾ ബോഡി മാസേജ് തരപ്പെടുത്തി. കളിച്ചു വസ്ത്രം മാറി ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അഞ്ച് മണി കഴിഞ്ഞിരുന്നു. ഇനിയും വൈകാതെ ഇരുട്ടാകുന്നതിനു മുമ്പായി തുംഗഭദ്ര ഡാം കാണുകയെന്നതാണ് അടുത്ത പരിപാടി. 


ആദ്യം കണ്ട ഓട്ടോയിൽ ചാർജ് ചോദിച്ചു കയറി. ആറ് കിലോമീറ്റർ ദൂരെയുള്ള ഡാം സൈറ്റിൽ കൊണ്ടുപോയി വിടാൻ, 65 ന് മേൽ പ്രായമുള്ള വൃദ്ധനായ ഡ്രൈവർ ആവശ്യപ്പെട്ട നൂറ് രൂപ മിതമായിരുന്നു. അധികം ഓടിയില്ല, മഴ പെയ്യാൻ തുടങ്ങി. ഞങ്ങളുടെ മനസ്സിൽ നിരാശയും നിറഞ്ഞു..... സമയ പരിമിതമായ യാത്രയിൽ അണക്കെട്ട് നേരാംവണ്ണം കാണാൻ കഴിയാതെ തിരിക്കേണ്ടി വരുമോ ! ഞങ്ങളുടെ പ്രാർത്ഥന കൊണ്ടാകാം, മഴ അധികം നീണ്ടുനിന്നില്ല.

കുശലത്തിലേർപ്പെട്ട അല്ലാ ബക് ഷ് (ഡ്രൈവർ) സംസാരത്തിനിടെ ഞങ്ങളുമായി വളരെ അടുത്തു. ഹോസ്പെറ്റിൽ കട നടത്തിയിരുന്ന കണ്ണൂർ കാരൻ മുഹമ്മദുമായി തനിക്ക് ഏറെ കാലം ഉണ്ടായിരുന്ന ബന്ധവും വീട്ടിലെ കല്യാണത്തിന് സംബന്ധിക്കാൻ കണ്ണൂർ സന്ദർശിച്ചതും ഒക്കെ കുറഞ്ഞ സമയത്തിനുള്ളിൽ അയാൾ വിശദീകരിച്ചു പറഞ്ഞു. വാടകക്ക് നൽകുന്ന വാഹനം സ്വന്തമായുള്ള ബക് ഷ്  ഓട്ടോ ഓടിക്കുന്നത് സർക്കാർ ഓഫീസ് ഡ്രൈവർ ജോലിക്ക് ശേഷമുള്ള 'ടൈം പാസ് ' ആണത്രെ. നല്ല ജോലികളിലേർപ്പെട്ട അഭ്യസ്ഥ വിദ്യരായ മക്കളും ഉണ്ട്. കാരുണ്യ പ്രവർത്തനങ്ങളായി വർഷം തോറും പാവപ്പെട്ട പെൺകുട്ടികളുടെ കല്യാണം നടത്തി ക്കൊടുക്കുന്ന കാര്യം അയാൾ പറഞ്ഞത് സത്യമായിരിക്കട്ടെ എന്ന് ഞാൻ ഇപ്പോഴും കൊതിക്കുകയാണ്. 

ഡാമിന്റെ പ്രവേശന പരിസരത്ത് എത്തിയപ്പോൾ അവിടെ മഴയുടെ ലക്ഷണങ്ങളൊന്നും കണ്ടില്ല. നേരിയ വെയിലും ഉണ്ടായിരുന്നു. സന്തോഷമായി. വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഇറങ്ങുമ്പോൾ ഞങ്ങളെ തിരിച്ചു കൊണ്ടു പോകാനായി കാത്തിരിക്കാമെന്നു ബക് ഷ് പറഞ്ഞു. ട്രാൻസ്പോർട്ട് ബസ്സായിരുന്നു നേരത്തെ ഞങ്ങൾ തിരിച്ചു പോകാൻ ഉദ്ദേശിച്ചത്. കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലുമുള്ള കാത്തിരിപ്പിന് ഓട്ടോക്ക് നല്ലൊരു സംഖ്യയാകില്ലെയെന്ന് ഞങ്ങൾ സംശയിച്ചപ്പോൾ, ഇഷ്ടമുള്ളത് തന്നാൽ മതിയെന്നായി ബക് ഷ്. 'ടൈം പാസ് ' ആവർത്തിക്കാൻ മറന്നുമില്ല.

ഡാം പരിസരം തുടങ്ങുന്ന ഇവിടെ നിന്ന് ഉള്ളിലേക്ക് പോകാനായി പ്രത്യേക ബസ്സുകളാണ്. ഇരുപത് രൂപ വീതം ടിക്കറ്റ് എടുത്ത് അടുത്ത ബസ്സിനായി ഞങ്ങൾ കാത്തു നിന്നു. പത്ത് മിനുട്ടിനുള്ളിൽ ബസ്സ് വന്നു. പതിവ് പോലെ ബസ്സ് നിറഞ്ഞാണ് പുറപ്പെടുന്നത്. അധികം കാത്തിരിക്കേണ്ടി വന്നില്ല, ബസ്സ് നീങ്ങി. കുറച്ചു ഓടിയപ്പോൾ ദൂരെ അണക്കെട്ട് കാണാനായി. അതിന്റെ ഒരു വശത്തുള്ള കുന്നിന്റെ അടിവാരത്തിൽ കൂടി വളഞ്ഞും തിരിഞ്ഞും ബസ്സ് കുന്നിന്റെ മുകളിലേക്കാണ് പോകുന്നത്. ഏററവും മുകളിലാണ് ബസ്സ് നിർത്തിയത്. ഒരു ചെറിയ അമ്പലവും റിസോർട്ട് ഹോട്ടലും ഉണ്ടിവിടെ. പുറത്തിറങ്ങിയ ഞങ്ങൾ ഒരു വിസ്മയ ലോകത്തിലായിരുന്നു. കൈവരികൾ പണിത് സുരക്ഷിതമാക്കിയ നിലത്ത് ടൈൽ വിരിച്ച ഒരു വ്യൂ പോയിൻറാണിത്. ഇവിടെ നിന്ന് താഴേക്ക് നോക്കിയാൽ ഡാമും ഓളങ്ങൾ താളമിടുന്ന വിശാലമായ തടാകവും ഡാമിനു മുകളിലൂടെയുള്ള റോഡും പൂന്തോട്ടങ്ങളും എല്ലാറ്റിനും പിൻ ചുമരായി അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനും കണ്ണിന് കുളിർമ്മയായി കാണാം. ഡാമിൽ നിന്ന് പ്രത്യേകമായി പുറത്തേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലും വീതിയേറിയ തുംഗഭദ്ര നദിയും വളഞ്ഞു പുളഞ്ഞു ഹോസ്പെററിന്റെ ഹൃദയഭാഗങ്ങളിൽ ലയിക്കുന്നതും ഹോസ്പെറ്റ് പ്രദേശത്തിന്റെ മൊത്തമായ വിഹഗവീക്ഷണവും മറ്റൊരു ദൃശ്യം.


കുന്നിൻ മുകളിലെ റിസോർട്ട് ഹോട്ടൽ 

ഡാം - വ്യൂ പോയിൻറിൽ നിന്നുള്ള ദൃശ്യം

വ്യൂ പോയിന്റിൽ നിന്നുളള ഹോസ്പെറ്റ് ദൃശ്യം

നേരത്തെ അറിയിച്ചിരുന്ന സമയമായപ്പോൾ സന്ദർശകരേയും കേറ്റി ബസ്സ് തിരിച്ചിറങ്ങി. (അതേ ബസ്സിൽ തന്നെ കേറണമെന്ന നിബന്ധനയില്ല). വിശാലമായ ഒരു സമതലത്ത് ബസ്സ് വീണ്ടും നിർത്തി ,എല്ലാവരും പുറത്തിറങ്ങി. അവിടെ ഉണ്ടായിരുന്ന കുറെ പേർ കയറി ആ ബസ്സ് അപ്പോൾ തന്നെ താഴേക്ക് തിരിച്ചു. ഡാമിന്റെ മുകളിൽ കൂടെയുള്ള റോഡിന്റെ തലത്തിൽ തടാകത്തിന്റെ കരയിലാണ് ഞങ്ങൾ ഇപ്പോൾ ഉള്ളത്. ഈ റോഡിലേക്കുള്ള പ്രവേശന കവാടം പൂട്ടിയിരിക്കുകയാണ്. ഏതാനും അടികൾ മാത്രം താഴെയാണ് തടാകത്തിലെ ജലവിതാനം. ചില സെക്യൂരിറ്റി ഓഫീസുകൾ, പ്രാഥമിക സൗകര്യങ്ങൾ, കാന്റീൻ, സ്നാക്ക് ബാറുകൾ, പൂന്തോട്ടം, ഇരിപ്പിടങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്.കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം, അടുത്ത ബസ്സിന് കാത്ത് നിൽക്കാതെ ഞങ്ങൾ സ്റ്റെപ്പുകൾ ഇറങ്ങി നേരെ താഴെ ഡാമിനു താഴെയുള്ള വിശാലമായ ഉദ്യാനത്തിലെത്തി. ഇവിടെ പ്രവേശനത്തിന് പതിനഞ്ച് രൂപയാണ് ചാർജ്. ഇതിനുള്ളിൽ അരുവികൾ, മൃഗശാല, മാൻ സങ്കേതം, അക്വേരിയം, കാന്റീൻ  തുടങ്ങി പലതുമുണ്ട്. ഏഴര മണിക്ക് തുടങ്ങുന്ന മ്യൂസിക്ക് ഫൗണ്ടൻ കാണാനായി കൂടിയിരിക്കുകയാണ് സന്ദർശകർ അധികവും. ഏറെ ക്ഷീണിതരായ ഞങ്ങളും ഒരു ഭാഗത്തിരുന്നു. പലയിടത്തും കണ്ടതിൽ നിന്നും വ്യത്യസ്ഥമായി ഫൌണ്ടനിൽ ഒന്നുമുണ്ടായില്ലെങ്കിലും വിശ്രമമായിരുന്നു പ്രധാനം. 8 മണിക്ക് മ്യൂസിക്ക് കഴിയുന്നതിന് അൽപം മുമ്പായി പുറത്തിറങ്ങിയതിനാൽ തിരക്കൊഴിഞ്ഞ് അടുത്ത ബസ്സിൽ തിരിച്ച് പോരാൻ കഴിഞ്ഞു. 

കുന്നിന്റെ ഏറ്റവും മുകളിലായി വ്യൂ പോയിൻറ്പുറത്തെ വാഹന പാർക്കിലെത്തിയപ്പോൾ ബക് ഷ് ചിരിച്ചു കൊണ്ട് കാത്ത് നിൽപുണ്ട്. നല്ല വിഷപ്പുണ്ടായിരുന്നു. കാര്യം മനസ്സിലാക്കിയ ബക് ഷ് ടൗണിലെ പരിചയമുള്ള ഹോട്ടലിലേക്ക് കൊണ്ടു പോകാമെന്നായി. റോഡുകൾ മോശമാണെങ്കിലും തീരെ ചെറുതല്ല ഹോസ്പെറ്റ് ടൗൺ. ഉൾഭാഗം വാസ്തു കലാ ഭംഗിയിൽ നന്നായി അലങ്കരിച്ച ഒരു ഹോട്ടലിന്റെ മുകളിലിരുന്ന് രുചിയുള്ള ഭക്ഷണം കഴിക്കുന്നതിനിടയിൽ ഞങ്ങൾ അടുത്ത ദിവസത്തെ ഹംപി സന്ദർശനത്തെ പറ്റി ചർച്ച ചെയ്തു. ഒരു സ്വന്തം ആളായിക്കഴിഞ്ഞ ബക് ഷ് ഓട്ടോയിൽ  കൊണ്ടു പോയി ഹംപി മുഴുവൻ കാണിക്കാമെന്നു പറഞ്ഞു. ഞങ്ങൾക്കും സന്തോഷമായി. ബസ്സിനും മറ്റും പോയി സമയം നഷ്ടപ്പെടുത്തേണ്ടല്ലൊ. 

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന് മുമ്പിൽ ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ ഞാൻ കൈയ്യിൽ വെച്ച് കൊടുത്ത 250 രൂപ എണ്ണി നോക്കാതെ, രാവിലെ 10 മണിക്ക് മുമ്പായി യാത്രക്ക് തയാറായി നിൽക്കാൻ മാത്രം നിർദ്ദേശിച്ച് അയാൾ ഓടിച്ചു പോയി. 

( ....... തുടരും)

5 comments:

 1. യാത്രയില്‍ ചേരുന്നു... അടുത്ത ദിവസം ബക് ഷാ എത്തിയോ?

  ReplyDelete
 2. ഒന്നു ശ്വാസം വിടട്ടെ, പറയാം.

  ReplyDelete
 3. Waiting for the next part. :)

  ReplyDelete
 4. തുടരട്ടെ.വായിക്കാൻ തയ്യാർ!!

  ReplyDelete
 5. സുന്ദരമായ യാത്ര,ചാര്‍ജ്ജുകളും കുറവ്!
  ആശംസകള്‍

  ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text