ഹോട്ടലിലെ വൈവിധ്യവും വിഭവ സമൃദ്ധവുമായ ഉപചാര പ്രാതലിന് ശേഷം മുറി ഒഴിഞ്ഞ് പെട്ടികൾ ഹോട്ടലിൽ തന്നെ വെച്ച് ഞങ്ങൾ ബക് ഷിനെ കാത്ത് ലോഞ്ചിലിരുന്നു. സമയം 10 മണിയായിട്ടും കാണാതായപ്പോൾ തലേ ദിവസം കുറിച്ചു തന്ന ഫോൺ നമ്പറിൽ വിളിച്ചു നോക്കി. വേറെ ആരോ ഫോണെടുത്തെങ്കിലും വ്യക്തമായ മറുപടിയൊന്നും കിട്ടിയില്ല. ഫോൺ കൈയ്യിൽ കൊണ്ടു നടക്കാറില്ലെന്നു ബക് ഷ് തന്നെ പറഞ്ഞിരുന്നത് അപ്പോൾ ഓർത്തു. സമയം നഷ്ടപ്പെടുത്താതെ വേറെ വണ്ടി വിളിക്കാനായി ഞങ്ങൾ റോഡിലേക്കിറങ്ങി നിന്നു. ഒരു ഓട്ടോക്ക് കൈകാണിച്ചെങ്കിലും നിർത്താതെ പോയി. പിന്നാലെ വന്ന ഓട്ടോ മുന്നിൽ നിർത്തിയതും ബക് ഷ് ചാടിയിറങ്ങിയതും ഒന്നിച്ചായിരുന്നു. ഓഫീസർ ലീവിലാണെങ്കിലും ഡ്രൈവർ രാവിലെ ഓഫീസിൽ ഹാജർ രേഖപ്പെടുത്തേണ്ടതു നിർബന്ധമായതിനാൽ അവിടെ പോയി വരികയാണ് ബക് ഷ്. പിന്നെ കുറെ ക്ഷമാപണവും.
ഞങ്ങൾ കേറിയ ഉടനെ ഓട്ടോ പുറപ്പെട്ടു. ഹോസ്പെറ്റിൽ നിന്ന് 13 കിലോമീറ്ററുണ്ട് ഹംപിയിലേക്ക്. എങ്കിലും വളരെ വിശാലമായി കിടക്കുന്ന ഈ പ്രദേശത്തേക്കുള്ള ഒരു ഏകദേശ ദൂരമാണിത്. വഴിയിൽ നേരിയ വെയിലും തണുത്ത ഇളം കാറ്റുമായി അന്തരീക്ഷം വളരെ സുഖകരമായിരുന്നു. മഴക്കാറും ഇല്ലാതെയല്ല. ഇടക്കൊരു ചെറിയ മഴയും ആസ്വദിച്ചു.
ഹോസ്പെറ്റ് വിട്ട് കുറച്ചു സഞ്ചരിക്കുമ്പോഴേക്കും പുരാതനങ്ങളായ ക്ഷേത്രങ്ങളും സ്തൂപങ്ങളും മറ്റ് ചരിത്ര സ്മാരകങ്ങളും അവശിഷ്ടങ്ങളും കണ്ട് തുടങ്ങിയിരുന്നു. ഒരു പ്രത്യേക ഭൂപ്രകൃതിയാണ് ഇവിടങ്ങളിൽ കാണാൻ കഴിഞ്ഞത്. പൊതുവെ പച്ചപിടിച്ച സ്ഥലം. വലിയ മരങ്ങൾ കുറവാണെങ്കിലും തെങ്ങുകൾ കാണാനുണ്ട്. ചെറുതും വലുതുമായ കുന്നുകൾ, എല്ലാം വലിയ പാറക്കെട്ടുകളും ഉരുളൻ കല്ലുകൾ നിറഞ്ഞതും. വലിയ ഉരുളൻ പാറക്കല്ലുകൾ ചില പ്രത്യേക അനുപാതങ്ങളിലും സങ്കലനങ്ങളിലുമായി ഉയരങ്ങളിൽ അടുക്കി വെച്ചതായി തോന്നും ചില പാറക്കൂട്ടങ്ങൾ കണ്ടാൽ. സമതലങ്ങളും പാറക്കല്ലുകൾ നിറഞ്ഞത് തന്നെ. പച്ചക്കറി തോട്ടങ്ങളും കരിമ്പു കൃഷിയും അങ്ങിങ്ങായി കാണാനുണ്ട്. ആടുവളർത്തൽ ഇവിടെ വലിയ വ്യവസായമാണെന്ന് തോന്നുന്നു. ചെങ്കുത്തായ കുന്നുകൾ കേറിയിറങ്ങുന്ന ഇടയന്മാർ കൂടെയില്ലാത്ത ആട്ടിൻ പറ്റങ്ങളെ എങ്ങും കാണാം.
 |
Queens' Bath |
 |
Saraswathi Temple |
ഇടക്ക് കമലാപൂർ എന്നറിയപ്പെടുന്ന ഒരു ചെറിയ പട്ടണമുണ്ട്. ഇവിടെയാണ് ആർക്കിയോളജിക്കൽ മ്യൂസിയം ഉള്ളത്. വെളളിയാഴ്ച ഒഴിവ് ദിനം ആയതിനാൽ സന്ദർശിക്കാൻ കഴിഞ്ഞില്ല. ടൂറിസം വകുപ്പിന്റെതായി ഇവിടെയുള്ള ഹോട്ടലിൽ നിന്നാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിച്ചത്. ഹോസ് പെറ്റിൽ നിന്ന് ദിവസവും രാവിലെ 9.30ന് പുറപ്പെട്ട് വഴിയിലും ഹംപിയിലുമുള്ള പ്രധാന കേന്ദ്രങ്ങളും വൈകുന്നേരം തുംഗഭദ്ര ഡാമും സന്ദർശിച്ച് 7 മണിക്ക് ഹോസ്പെറ്റിൽ തിരിച്ചെത്തുന്ന ടൂറിസം വകുപ്പിന്റെ ബസ്സും അവിടെയെത്തിയിരുന്നു. 350 രൂപയാണ് അതിൽ ഒരാളുടെ ചാർജ് എന്ന് നെറ്റിൽ കണ്ടിരുന്നു. ഞങ്ങളുടെ സമയ ക്രമീകരണത്തിന് ഈ ബസ്സ് യോജിച്ചതായിരുന്നില്ല.
കഴിയുന്നതും കൂടുതൽ ഇടങ്ങൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഭക്ഷണശേഷം വിശ്രമമൊന്നുമില്ലാതെ യാത്ര തുടർന്നു. എവിടെയും ചില ക്ഷേത്രങ്ങളും സ്തൂപങ്ങളും അത് പോലെയുള്ള അനുബന്ധ കെട്ടിടങ്ങളും അല്ലെങ്കിൽ അവശിഷ്ടങ്ങൾ, തറകൾ മുതലായവയും കാണാനുണ്ട്. ചില കുന്നുകളുടെ ഉച്ചിയിലാണ് ക്ഷേത്രങ്ങൾ. അടുക്കുകളോ വ്യക്തമായ പടികളോ ഇല്ലാതെ പാറക്കെട്ടുകളും ഇടുക്കുകളും താണ്ടി വേണം മുകളിലെത്താൻ.
പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏറെ പ്രശസ്ഥമായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായ വിജയ നഗരത്തിന്റെ നഷ്ട ശിഷ്ടാവശിഷ്ഠങ്ങളാണ് ഇന്നു എണ്ണമറ്റ പ്രദർശന ഇടങ്ങളുള്ള ഒരു തുറന്ന പുരാവസ്തു ശേഖരമായ ഹംപിയിൽ കാണുന്നത് മുഴുവനും. അപ്പോൾ അന്നത്തെ നഗരം എങ്ങനെയിരുന്നുവെന്ന് ഭാവനയിൽ പോലും കാണാൻ കഴിയുന്നില്ല. ഏകദേശം അഞ്ച് ലക്ഷം താമസക്കാർ ഉണ്ടായിരുന്നു അന്നിവിടെ. പ്രകൃത്യായും മറ്റു പല വിധേനയും നശിപ്പിക്കപ്പെടുകയോ ഭൂമിക്കടിയിൽ അകപ്പെടുകയോ ആയിരുന്ന ഒരു മഹാ ചരിത്ര സംസ്കാരത്തിന്റെ ബാക്കിപത്രമായ ഹംപിയുടെ ഇന്നത്തെ ജനസംഖ്യ മൂവായിരത്തിന് താഴെയാണ്. ഇപ്പോഴും ഉൽഖനനം നടക്കുന്നുണ്ട് ഇവിടെ.
 |
Entrance to Underground Temple |
 |
Underground Temple |
ഹോസ്പെറ്റിൽ നിന്ന് യാത്ര തിരിച്ചത് മുതൽ ഞങ്ങൾക്ക് സന്ദർശിക്കാൻ കഴിഞ്ഞ മുഴുവൻ ഇടങ്ങൾക്കും നീണ്ട ചരിത്രങ്ങളും മറ്റു കഥകളൂം വിവരിക്കാനുണ്ട്. ഗണേഷ വിഗ്രഹം, കൃഷ്ണക്ഷേത്രം, ബദാവിലിംഗ, വിരുപക്ഷ ക്ഷേത്രം, സഹോദര ശിലകൾ, ഭൂഗർഭ ക്ഷേത്രം, മിൻറ് ഹൗസ്, ലോട്ടസ് മഹൽ, രാമക്ഷേത്രം, രാജകൊട്ടാരം, രാജ്ഞി സ്നാനം, പുരന്ദര മണ്ഡപം, കൽത്തൂണുകൾ മുതലായവ അവയിൽ ചിലതു മാത്രം. പല സ്ഥലങ്ങളിലും ചൂണ്ടുപലകകളും വിവരണ കുറിപ്പുകളും സ്ഥാപിച്ചത് സന്ദർശകർക്ക് ഉപയോഗപ്പെടുന്നുണ്ട്.
 |
King Palace Basement |
ഹംപിയുടെ ഒരു ഭാഗം തുംഗഭദ്ര നദിയാണ്. ഒരിടത്ത് നദിയിലേക്കിറങ്ങാനായി നീളത്തിലുള്ള പടവുകളും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും പണിതിട്ടുണ്ട്. നദിയുടെ ഭാഗത്ത് തന്നെയായി സാധാരണ നിത്യോപയോഗ സാധനങ്ങൾ മാത്രമുള്ള ചെറിയ കടകളുള്ള ഒരു നാടൻ ബാസാർ - ഇവിടെയും വിരുപക്ഷ ക്ഷേത്ര പരിസരത്തും മാത്രമെ തദ്ദേശീയരെ കണ്ടുള്ളൂ.
 |
Inside Hazararama Temple
|
 |
Chandikeshwar Temple |
 |
Krishna Temple |
ഹംപിയുടെ ഭാഗമായി തന്നെ മറ്റൊരു ദിശയിൽ കുറച്ചകലെയായി വിത്തല ക്ഷേത്ര സമുച്ചയം സ്ഥിതി ചെയ്യുന്നു. വലിയ ഒരു പ്രദേശം തന്നെയാണിത്. അതിർത്തി വരെ മാത്രമേ വാഹനങ്ങൾക്ക് അനുമതിയുള്ളൂ. ഒരു കിലോമീറ്റർ ഉള്ളിലായുള്ള ക്ഷേത്ര പരിസരത്ത് എത്താൻ ബാറ്ററിയിൽ പ്രവർത്തിക്കുന്ന പ്രത്യേക കാറുകൾ ഉണ്ട്. 20 രൂപയാണ് ഇരു ഭാഗത്തേക്കുമായി ടിക്കറ്റ് നിരക്ക്.
തിരക്കില്ലാതിരുന്നതിനാൽ ഉടനെ കാറിൽ കയറിയിരുന്നു. ടാർ ചെയ്യാത്ത ചെമ്മണ്ണ് റോഡിൽ കൂടെ, നടന്നുപോകുന്ന സ്പീഡിലാണ് യാത്ര. വിത്തല ക്ഷേത്രത്തിലേക്ക് കടക്കാൻ വേറെ തന്നെ ടിക്കറ്റെടുക്കണം. ഇതിനുള്ളിലാണ് പ്രശസ്ഥമായ ശിലാ രഥം (Stone Chariot) ഉളളത്. ക്ഷേത്രത്തിന്റെ ശിൽപ കല വളരെ അതിശയിപ്പിക്കുന്നതാണ്. സംഗീതത്തിലെ സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന കൽത്തൂണുകൾ ഇതിന്റെ ഭാഗമാണ്. നിർഭാഗ്യവശാൽ ക്ഷേത്രത്തിൽ ജീർണ്ണോദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ സംഗീതം ആസ്വദിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. വിത്തല ക്ഷേത്രം കൂടാതെ വേറെയും ക്ഷേത്രങ്ങളും കെട്ടിടങ്ങളും ഉണ്ട് ഇതിനുള്ളിൽ.
 |
Virupaksha Temple |
 |
Thunga Bhadra River at Hampi |
വഴിയിൽ ഒരു ചെറിയ പള്ളിയിൽ നമസ്കാരം നിർവഹിച്ചതിനു ശേഷം ഒരു നാടൻ ചായക്കടയിൽ കയറി. 20-25 മില്ലിയെ കാണൂ ഇവിടെ ഒരു ചായ. വലിയ ഗ്ലാസ്സിൽ ഡബിൾ ആവശ്യപ്പെട്ടതിനാൽ 50 മില്ലിയോളം കിട്ടി. നല്ല കട്ടിയുള്ള ചായ. റോഡിൽ രണ്ട് ജോലിക്കാർ കുഴിയെടുക്കുന്നുണ്ടായിരുന്നു. ഇവിടെ ദിവസക്കൂലി 300 രൂപയാണത്രെ. കേരളത്തിൽ 700 മുതൽ 800 വരെയാണെന്ന് ഞാൻ പറഞ്ഞപ്പോൾ നമ്മുടെ അവസ്ഥ അറിയുന്ന ബക് ഷിന് അതൊരു അത്ഭുതമായി തോന്നിയില്ല.
ഹോട്ടലിൽ നിന്ന് പെട്ടികളുമെടുത്ത് ഞങ്ങൾ ഹോസ്പെറ്റ് ബസ് സ്റ്റേഷന് മുമ്പിൽ ഇറങ്ങിയപ്പോൾ സമയം അഞ്ചിനടുത്തിരുന്നു. ബക് ഷിന് ഞങ്ങളെ ഏറെ ഇഷ്ടമായെന്നും ആദ്യമായാണ് ഇത്രയും നല്ല യാത്രക്കാരെ കണ്ടുമുട്ടുന്നതെന്നും വളരെ ഉപചാരപൂർവം അറിയിച്ചപ്പോൾ ഞങ്ങളും വികാരഭരിതരായി. ചാർജ് പറയാൻ മടിച്ചതിനാൽ ഞങ്ങൾക്ക് ഉചിതമെന്ന് തോന്നിയ സംഖ്യ കൊടുത്തു യാത്ര പറഞ്ഞു. അര മണിക്കുർ വൈകിയാണ് ബീജാപൂരിലേക്കുള്ള ഞങ്ങളുടെ ബസ്സ് പുറപ്പെട്ടത്. അതിനിടെ ബക് ഷ് പരിസരത്ത് തന്നെ തങ്ങി നിൽപ്പുണ്ടായിരുന്നു.
 |
ബക് ഷ് അബ്ദുൽ ഗഫൂറിന്റെ കൂടെ |
തുംഗഭദ്ര ഡാമിന്റെ താഴെ നദിക്ക് കുറുകെയുള്ള പാലം കടന്നു പോകുമ്പോൾ ബസ്സിൽ നിന്നുള്ള ഡാമിന്റെ കാഴ്ച ഏറെ മനോഹരമാണ്, പ്രത്യേകിച്ച് അസ്തമയ സമയത്ത്. ഈ നാഷണൽ ഹൈവേ (50) യിൽ കൂടെയുള്ള ബസ്സ് യാത്ര വളരെ സുഖപ്രദമായിരുന്നു. പണം നൽകാതെ ബുക്ക് ചെയ്തിരുന്ന ബീജാപൂരിലെ ഹോട്ടലിലേക്ക് വിളിച്ചു താമസ സൗകര്യം ഉറപ്പിക്കുവാൻ മറന്നില്ല. മഴ തുടങ്ങിയിരുന്നു. ഇടക്ക് അൽമാട്ടി എന്ന സ്ഥലത്ത് നിർത്തി ഭക്ഷണം കഴിച്ചു രാത്രി പത്തര മണിക്ക് ഞങ്ങൾ ബീജാപൂർ ബസ് സ്റ്റേഷനിൽ ഇറങ്ങി.
മഴ നിന്നിരുന്നുവെങ്കിലും ബസ് സ്റ്റേഷനും പുറത്ത് റോഡുകളും ചെളിയും വെള്ളവും കെട്ടിക്കിടന്ന് ആകെ വൃത്തി ഹീനമായിരുന്നു. അൽപം അകലെയുള്ള പേൾ ഹോട്ടലിലേക്ക് ഓട്ടോയിലാണ് പോയത്. വലിയ സ്റ്റാർ ഹോട്ടലല്ലെങ്കിലും തരക്കേടില്ല. സ്റ്റാർ ഹോട്ടലുകളിൽ സാധാരണ ലഭിക്കാത്ത 24 മണിക്കുർ താമസ സൗകര്യം ഉള്ളതിനാലാണ് ഇവിടെ ബുക്ക് ചെയ്തത്. അടുത്ത ദിവസം രാത്രി വരെ ഇവിടെ തങ്ങാനുള്ളതാണ്.
ഇനിയൊന്നുറങ്ങട്ടെ !
( ..... തുടരും)
ചിത്രങ്ങളും വിവരണവും അതിമനോഹരം!
ReplyDeleteആശംസകള്