Ads 468x60px

Monday, June 20, 2011

"ആലി നാപുരത്ത് പോയ പോലെ........"



ഇതൊരു പഴം പുരാണം ആണെന്ന് പറയാം. പ്രാദേശികമായി, ഞങ്ങളുടെ നാട്ടില്‍ പഴമക്കാര്‍ പറഞ്ഞുകൊണ്ടിരുന്ന ഒരു നാടന്‍ ശൈലി ("ആലി നാപുരത്ത് പോയ പോലെ")ക്ക് അടിസ്ഥാനമായ സംഭവം. (സംഭവമാണോ എന്ന് സംശയം ഇല്ലാതെയല്ല, എങ്കിലും സംഭവ്യമാണ്). വായനക്കാരില്‍, ഇത് കേട്ടവരും മനസ്സി ലാക്കിയവരും ധാരാളമുണ്ടായിരിക്കും. അല്ലാത്തവരെ ഉദ്ദേശിച്ചാണ് ഇപ്പോള്‍ ഇതിവിടെ കുറിക്കുന്നത്. പ്രത്യേകിച്ച്, യുവ സഹൃദയര്‍ക്കായി.

                              *                       *                        *                        

നാട്ടിലെ സമ്പന്നനും പൌരപ്രധാനിയും ആദരണീയനുമായ ഹാജിയാര്‍ മാളികയുടെ വരാന്തയില്‍, കാലുകള്‍ കേറ്റിവെക്കാവുന്ന വലിയ ചാരുകസേരയില്‍ കിടക്കുക(ഇരിക്കുക)യാണ്. അടുത്തുള്ള ചെറിയ മേശയില്‍ കുറെ പഴയ ആധാരകെട്ടുകള്‍ പരക്കെ കിടക്കുന്നു. അതില്‍ നിന്ന് ഓരോന്നെടുത്ത് വായിക്കാന്‍ ശ്രമിച്ചും പരിശോധിച്ചും ചിലതൊക്കെ മാറ്റിവെക്കുകയാണ്. കുറച്ചു മുമ്പ് കഴിച്ച രാത്രി ഭക്ഷണത്തിന്‍റെ ഏമ്പക്കത്തോടെ വായില്‍ ചവച്ചുകൊണ്ടിരിക്കുന്ന മുറുക്കിന്‍റെ ചുവന്ന നീര്, ഇടക്കിടെ കസേരക്കടുത്തായി നിലത്ത് വെച്ചിരിക്കുന്ന വലിയ പിത്തള കോളാമ്പിയില്‍ തുപ്പി കൊണ്ടിരുന്നു.

പെട്ടന്ന് എന്തോ ഓര്‍ത്തപോലെ, വായിലിരിക്കുന്ന മുറുക്കിന്‍റെ ചവച്ചരഞ്ഞ ചണ്ടി കയ്യിലെടുത്ത് കോളാമ്പിയിലിട്ട്  നന്നായി ഒന്ന് കാര്‍ക്കിച്ച് തുപ്പിയതിന് ശേഷം ഹാജിയാര്‍ നീട്ടിവിളിച്ചു, "ആലീ..."

വിളി പൂര്‍ണമാകുന്നതിനു മുമ്പ് തന്നെ വിശാലമായ മുറ്റത്തിന്‍റെ ഒരു ഭാഗത്ത്‌ ആലി പ്രത്യക്ഷനായി. ഹാജിയാരുടെ ഏറ്റവും വിശ്വസ്ഥനും തികഞ്ഞ അനുസരണയുള്ളവനും എല്ലാറ്റിനുമുപരി ഒരു ശുദ്ധപാവവുമായ കാര്യസ്ഥനാണ് ആലി. ഹാജിയാര്‍ മുഖത്ത് നോക്കിയപ്പോള്‍, ആലി വരാന്തയുടെ തിണ്ണയില്‍ കൂടെ നടന്ന് ഹാജിയാരുടെ അടുത്തായി മരത്തില്‍ കടഞ്ഞ വണ്ണമുള്ള തൂണ്‍ പിടിച്ചു നിന്നു.

"ഇഞ്ഞി രാബില നാപുരത്ത് പോണം." ഒരു മൂളലോടെ ഹാജിയാര്‍ പറഞ്ഞു നിര്‍ത്തിയതോടെ ആലി തിരിഞ്ഞു നടന്നു, മുറ്റത്ത്‌ കൂടെ മാളികയുടെ പിറകിലേക്ക്‌ പോയി.

പിന്നെയും കുറെ നേരം ഹാജിയാര്‍ ആധാരക്കെട്ടുകള്‍ പരിശോധിക്കുകയും ചിലത്മാറ്റി വെക്കുകയും ചെയ്തു. വൈകിയാണ് എല്ലാം ശരിപ്പെടുത്തി  കെട്ടുകള്‍ കൈയിലെടുത്ത് ഉറങ്ങാന്‍ പോയത്‌.

പിറ്റേ ദിവസം പതിവ്‌ പോലെ സുബ്ഹി(പ്രഭാതനമസ്കാരം)ക്ക് ശേഷം നന്നായി ഒന്നുറങ്ങി എണീറ്റ ഹാജിയാര്‍ പ്രഭാത ഭക്ഷണം കഴിഞ്ഞ് പുറത്ത്‌ കസേരയില്‍ കിടപ്പാ(ഇരിപ്പ്‌)യി. ചെറിയ ആധാരകെട്ട് മേശപുറത്ത്‌ വെച്ചിട്ടുണ്ടു; തലേ ദിവസം പരിശോധിച്ച് മാറ്റി വെച്ചവയാണ്.

"ആലീ" മുറ്റത്തേക്ക് നോക്കി ഹാജിയാര്‍ അതേ വിളി വിളിച്ചതും ആലി പ്രത്യക്ഷപ്പെട്ടതും തൂണിനടുത്ത് വന്നു നിന്നതും എല്ലാം തലേ ദിവസത്തെ ആവര്‍ത്തനങ്ങള്‍ ആയിരുന്നു. മേശപ്പുറത്തിരിക്കുന്ന കെട്ടിലേക്ക് ഒന്ന് നോക്കി ഹാജിയാര്‍ ചോദിച്ചു.
"ഇഞ്ഞി നാപുരത്ത് പോന്നില്ലേ?"

"ഞാമ്പോയി ബന്നതാ" വളരെ കൃതജ്ഞതാപൂര്‍വവും സംതൃപ്തവുമായ ആലിയുടെ മറുപടി കേട്ട് ഹാജിയാര്‍ ഒന്ന് പകച്ചു. ആലിയുടെ ആത്മാര്‍ത്ഥതയും ഉത്തമമായ അനുസരണവും കണ്ടിട്ടായിരിക്കുമോ ? 

                    *                *               *              *

അടിക്കുറിപ്പ്: നാപുരം - ഞങ്ങള്‍, എല്ലാം ലോപിച്ചു പറയാന്‍ ഇഷ്ട പ്പെട്ടിരുന്നതിനാല്‍ ഇത് നാദാപുരം തന്നെ ആയിരിക്കുമെന്നാണ് എന്‍റെ ധാരണ. അന്നും സാമാന്യം വലിയ അങ്ങാടിയും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉണ്ടായിരുന്ന അവിടേക്ക് ഞങ്ങളുടെ ഗ്രാമത്തില്‍ നിന്ന് ഏഴോളം കിലോമീറ്റര്‍ കാണും.


24 comments:

  1. ഈ കഥ എനിയ്ക്കറിയാം. ആളും സ്ഥലവും മാറുകയും ഭാഷ തമിഴാവുകയും ചെയ്യുമെന്ന് മാത്രം.

    ReplyDelete
  2. സംഭവിച്ചതോ, സംഭവ്യമായതോ ആയകാര്യങ്ങളാണ് ചൊല്ലു കളായി പരിണമിച്ചത്. അതില്‍ മിക്കവയും ഗുണപാoമുള്‍കൊള്ളത്തക്ക വിധത്തില്‍ സുതാര്യവുമായിരിക്കും.
    ഇതേആശയം വരുന്ന ഒരു ചൊല്ല് ഞങ്ങളുടെ നാട്ടില്‍ പറയും.
    “ അച്ഛന്‍ പറഞ്ഞൂ കൊച്ചിക്കു പോകാന്‍..
    ഏറ്റത്തിനങ്ങോട്ട്..ഇറക്കത്തിനിങ്ങോട്ട്..!”

    പുതിയ തലമുറകളിലേക്കും ഈ ‘ചൊല്ലു’കള്‍ കൈമാറപ്പെടണം.
    അത് ഉള്‍ക്കൊള്ളാന്‍ അവര്‍ക്കും കഴിയുമാറാവട്ടെ.

    ആശംസകള്‍..!!

    ReplyDelete
  3. കൂറ ബംഗാളത്തു പോയതു പോലെ എന്നു പറയാറുണ്ട്‌ ചിലേടങ്ങളിൽ..
    ...

    ReplyDelete
  4. ഒരുപാട് പ്രയോഗങ്ങള്‍ ഉണ്ട് ഇതുപോലെ... 'ആട് ചന്തക്ക് പോയ പോലെ'

    കൊറച്ചുംകൂടെ ഒന്ന് കൊഴുപ്പിച്ചാല് ഒരു മജ ഇങ്ങട്ട് കിട്ടീനി... ആശംസകള്‍

    ReplyDelete
  5. കഥയുടെ പഞ്ച് പാതിവഴിക്ക് വെച്ച് മനസ്സിലോടി, എങ്കിലും രസിച്ചു!!

    (കൂറ ബംഗാളത്തു പോയതു പോലെ എന്നു പറയാറുണ്ട്‌ ചിലേടങ്ങളിൽ..

    നമ്മടെ നാട്ടില്ണ്ട് ട്ടാ മാനവധ്വനീ ഈ പറച്ചില്‍, പക്ഷെ പിന്നിലെ കഥ എന്താണാവോ?!)

    ReplyDelete
  6. എച്ചുമു, മിക്കവര്‍ക്കും അറിയാവുന്ന ചൊല്ല് തന്നെയാ. ഒരു വിചിന്തനത്തിന് വേണ്ടി ഇപ്പോള്‍ ഇട്ടതാ.

    പ്രഭന്‍, നന്ദി. എനിക്കും കിട്ടി ഒരു പുതിയ ചൊല്ല്.

    മാനവ, ഷബീര്‍,നിശാ, കൂറയും ആടും പോയ പോലെയല്ല ആലി പോയത്‌. കേട്ടത് പാതി കേള്‍ക്കാത്തത്‌ പാതി എന്നവിധത്തിലുള്ള അന്തമായ അനുസരണത്തിന്റെ മൂര്ധന്യതയാണ് ആലിയുടെ പോക്കിലുല്ലത്.

    ReplyDelete
  7. പ്രീയ അഹമ്മദ്.... ഇവിടങ്ങളിൽ പറയുന്നത്’ കുട്ടി നാ കൊല്ലത്ത് പോയത് പൊലെ’ അല്ലെങ്കിൽ ‘ശങ്കരൻ തെക്കേടത്ത് പോയത് പോലെ’ എന്നാണ്.. താങ്കൾ എഴുതിയത് പോലെ...‘ആലിയുടെ മറുപടി കേട്ട് ഹാജിയാര്‍ ഒന്ന് പകച്ചു. ആലിയുടെ ആത്മാര്‍ത്ഥതയും ഉത്തമമായ അനുസരണവും കണ്ടിട്ടായിരിക്കുമോ?’ അതല്ലാ സംഗതി... "ഇഞ്ഞി രാബില നാപുരത്ത് പോണം." എന്ന് പറഞ്ഞ് ഹാജ്യാർക്ക് നാപുരത്ത് പോയി ചില കാര്യങ്ങൾ ആലിയെ കൊണ്ട് ചെയ്യിക്കണമായിരുന്ന്... അതു പിറ്റേന്ന് പറയാൻ കാർന്നോർ ബാക്കി വച്ചതായിരുന്നൂ.. എന്നാൽ മണ്ഡശിരോമണിയായ ആലി.. കാർന്നോർ പറഞ്ഞമാത്രറ്റ്യിൽ അങ്ങട് പോയ്യി ഇങ്ങട് വന്നൂ... ആവശ്യമില്ലാത്ത ഒരു യാത്രയും അവന്റെ വിവരമില്ലായ്മയും ഉദ്ദേശിച്ചാ...ഹാജിയാര്‍ പകച്ചിരുന്നത്...‘ശങ്കരൻ തെക്കേടത്ത് പോയത് പോലെ’....

    ReplyDelete
  8. ("ആലി നാപുരത്ത് പോയ പോലെ"). ..അപ്പോള്‍ ഇങ്ങനെയും പറയാം അല്ലെ ...പഴഞ്ജോല്ലില്‍ സോറി 'പോസ്റ്റില്‍ പതിരില്ല'
    ഇത് നാദാപുരം സ്ലാങ്ങില്‍ പറന്ഞ്ഞിരുന്നെന്കില്‍ ഒന്ന് കൂടി രസമാകുമായിര്‍ന്നു ..

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. oru pokku oru
    varavu alle?
    palathum ippo
    angane aanu ketto..

    ReplyDelete
  11. ചന്തുനായര്‍, താങ്കളുടെ അഭിപ്രായത്തിലെ വിവരണം തന്നെയാ ഞാനും എഴുതിയത്. ഒരു അതിശയോക്തിയാണ് അവസാനത്തെ ചോദ്യം. വിശകലനത്തിനു വളരെ നന്ദി.

    ReplyDelete
  12. ഇത് കഥ്യായിട്ടൊന്നും കേട്ടിട്ടില്ല. പക്ഷേ വീട്ടിന്ന് കിട്ടണ ചീത്തകളില്‍ ഇത് സ്ഥിരം പല്ലവി ആയിരുന്നു. പീടികേല്‍ പോയിട്ട് പലചരക്ക് വാങ്ങികൊണ്ട് വരണേല്‍ എന്തേലും പ്രശ്നങ്ങള്‍ ആവര്‍ത്തിച്ചാല്‍...

    “അങ്ങാടീല്‍ പോവാന്‍ പറഞ്ഞു. അവന്‍ പോയി പോന്നു. നിനക്കൊക്കെ ഇനി എന്നാഡാ വെവരം വെക്ക്യാന്ന്“ ;)

    ReplyDelete
  13. ‘കൂറ ബംഗാളത്ത് പോയപോലെ’
    ‘ആലി ബൊംബായിക്ക് പോയപോലെ’
    എന്നെല്ലാം പറയും.
    ഇതിൽ കൂറ= പാറ്റ(കോക്ക്രോച്ച്) (കണ്ണൂർ)
    ബംഗാളത്തേക്ക് പുറപ്പെട്ട ഒരാളുടെ പെട്ടിയിൽ വസ്ത്രങ്ങളുടെ അടിയിൽ ഒരു കൂറ ഒളിച്ചിരുന്നു. ആള് പെട്ടിസഹിതം ബംഗാളത്ത് പോയി തിരിച്ചുവരുന്നതു വരെ, കൂറ, വെളിയിൽ വരാതെ വെളിച്ചം കാണാതെ പെട്ടിയുടെ ഉള്ളിൽ ഒളിച്ചിരുന്നു.
    അതാണ് സംഭവം.

    ReplyDelete
  14. ആട് ചന്തയ്ക്കുപോയതും കൂറ കപ്പലില്‍ പോയതുമൊന്നും ആലി നാപുരത്ത് പോയപോലെ അല്ലല്ലോ
    കാര്യമെന്തെന്ന് അറിയാതുള്ള മണ്ടത്തരമാണ് ആലിയുടെത്.തിരുവായ്ക്ക് എതിര്‍വായില്ലാത്ത അനുസരണ .
    അത്തരം അനുസരണയുള്ള ഒരു ചെണ്ടക്കാരന്റെ കഥ കേട്ടിട്ടുണ്ട്.
    "വരാന്‍ പറഞ്ഞു .വന്നു
    ചെണ്ടേം തൂക്കി നിന്നു
    കൊട്ടാന്‍ പറഞ്ഞു
    ഡും ഡും രണ്ട്‌ കൊട്ടി".

    ReplyDelete
  15. ഫൈസല്‍,എന്റെ ലോകം,- അഭിപ്രായത്തിനു നന്ദി.

    ചെറുത്‌,- നന്ദിയുണ്ട്. ഇനിയും നല്ല അഭിപ്രായങ്ങള്‍ മേലിലുംഉണ്ടാവുമല്ലോ.

    മിനി,- ഇതങ്ങനെ പോയതല്ല.

    ലീല, - ഇത് തന്നെയാ ഞാനും ഉദ്ദേശിച്ചത്. "ഉത്തമമായ" അനുസരണം. നന്ദി.

    ReplyDelete
  16. ഞങ്ങളുടെ ഭാഗങ്ങളില്‍ പട്ടി ചന്തക്കു പോയപോലെ , അമാനത്ത് ചാവക്കാട് പോയപോലെ എന്നൊക്കെയാണ് അറിയപ്പെടുന്നത്.ഓരോഭാഗത്തു ഓരോ ശൈലി .

    ReplyDelete
  17. അനുസരണയുള്ള ആലി...

    ReplyDelete
  18. രസായി..
    ഈ പ്രയോഗം ഇവിടെയും സാധാരണമാണ്.

    ReplyDelete
  19. എന്നാലും ന്റെ ആലീ...

    ReplyDelete
  20. രസമായ വിവരണം. ഞങ്ങള്‍ പറയുന്നത് ,"പട്ടി ചന്തയ്ക്കു പോയത് പോലെ" എന്നാണ്. ആശംസകള്‍.

    ReplyDelete
  21. പട്ടി ചന്തയ്ക്ക് പോയത്‌ പോലെ
    എന്നാണു ഞങ്ങളും പറയുന്നത്.

    ReplyDelete
  22. ഇവിടങ്ങള്‍ “കൂറ കപ്പലില്‍ പോയതും“ “ആട് അങ്ങാടിയില്‍ പോയതുമാണ്” കേട്ടിട്ടുള്ളത്. എല്ലാം ഒന്നു തന്നെ!

    ReplyDelete

പോസ്റ്റ്‌ വായിച്ചിട്ട് എന്തു തോന്നി ? തുറന്നു പറയാം.

 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text